സ്വർണ്ണയവനികയിലെ സ്വപ്നനാടകം: മാഷും അച്ഛനും പിറവി നൽകിയ സുവർണ ഗാനത്തിന്റെ ഓർമകൾ... പ്രസിഡൻസി കോളേജിൽ മലയാളം പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന അച്ഛൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എന്ന സാഹിത്യ പ്രതിഭയുടെ ജീവിതത്തിലേക്ക് സിനിമയുടെ വെളിച്ചം വീണത് യാദൃച്ഛികമായല്ലായിരുന്നു. മലയാളത്തിന്റെ മഹാനടൻ പ്രേംനസീർ എന്ന 'നസീർ അങ്കിളും' അച്ഛനും തമ്മിലുണ്ടായിരുന്ന ആത്മബന്ധത്തിന്റെ ആഴമായിരുന്നു ആ വഴിത്തിരിവ്. അച്ഛന്റെ സാഹിത്യപാടവവും കഴിവും അടുത്തറിഞ്ഞ നസീർ അങ്കിൾ, അദ്ദേഹത്തെയും കൂട്ടി നേരിട്ട് ദേവരാജൻ മാഷിന്റെ വീട്ടിലെത്തി,.

To advertise here,

നസീർ അങ്കിൾ അച്ഛനെ പരിചയപ്പെടുത്തൽ നടത്തി:

'മാഷെ ഇദ്ദേഹം ഇവിടെ പ്രസിഡൻസി കോളേജിൽ മലയാളം അധ്യാപകനാണ്. കൂടാതെ കവിയും കൂടിയാണ്. ഇന്നലെ നമ്മൾ സംസാരിച്ച ആ സിനിമയ്ക്ക് വേണ്ടി ഒരു ഗാനം ഇദ്ദേഹത്തെ കൊണ്ട് എഴുതിപ്പിച്ചാലോ?

മാഷ് ഒന്ന് മൂളി എന്നിട്ട് പറഞ്ഞു: പുതിയ ആൾ അല്ലേ. പോരാത്തതിന് ഇതൊരു എവർഷൈൻ

ചിത്രവും. എന്നാലും നസീർ നിങ്ങൾ പറഞ്ഞത് അല്ലെ അതും ഒരേ നാട്ടുകാരും.

ദേവരാജൻ മാഷ് ആ പാട്ടിന്റെ പശ്ചാത്തലവും സന്ദർഭവും വിശദീകരിച്ചു കൊടുത്തു. നസീർ അങ്കിൾ പറഞ്ഞു: 'ശരി മാഷെ.

രാമകൃഷ്ണൻ നായർ: ഒന്ന് ശ്രമിച്ചു നോക്കട്ടെ.

ശ്രമിച്ചാൽ പോരാ ട്ടോ,, എനിക്ക് രണ്ടു ദിവസത്തിനകം കൃത്യമായി കിട്ടണമെന്ന് നസീർ.

അങ്ങനെ അവിടെ നിന്നും യാത്ര പറഞ്ഞ് അവർ ചെന്നൈയിലെ കോടമ്പാക്കത്തുള്ള ലേഡി മാധവൻ നായർ കോളനിയിലെ നസീർ അങ്കിളിന്റെ വീട്ടിലെത്തി. സംസാരമെല്ലാം അച്ഛന്റെ പുതിയ രചനയെക്കുറിച്ചായിരുന്നു.

നസീർ അങ്കിൾ ആ സന്ദർഭം വിവരിച്ചുകൊടുത്തു. സുഖമില്ലാതെ കിടക്കുന്ന ഒരു കഥാപാത്രം

വയലിൻ വായിച്ചു കൊണ്ട്, പാടി അഭിനയിക്കുന്ന രംഗമാണ്. ആ പാട്ടാണ് രാമകൃഷ്ണൻ നായർ എഴുതേണ്ടത്. ഗാനരംഗത്ത് രവികുമാറാണ്. ഗാനത്തിൽ നസീർ അങ്കിളിനൊപ്പം വിധുബാലയും ബഹദൂറും ഒക്കെയുള്ള കഥാപാത്രങ്ങളും കടന്നുവരുന്നുണ്ട്.

നസീർ അങ്കിളിന്റെ വീട്ടിൽ അച്ഛനായി ഒരു പ്രത്യേക മുറിയുണ്ടായിരുന്നു. ഷൂട്ടിംഗിനായി അങ്കിൾ പോയപ്പോൾ, അച്ഛൻ നേരെ മുറിയിലേക്ക് പോയി.. അവിടെ ആ ഏകാന്തതയിൽ, അച്ഛന്റെ തൂലികത്തുമ്പിൽ നിന്നും ആ വരികൾ പിറന്നു.

'സ്വർണയവനികക്കുള്ളിലെ സ്വപ്ന നാടകം

വർണമോഹങ്ങൾ വാരി വിതറും

വാന പുഷ്പം ജീവിതം'

രണ്ടു ദിവസങ്ങൾ കൊണ്ടാണ് ആ മനോഹര ഗാനം പൂർത്തിയായത്. ഗാനം എഴുതിത്തീർന്നതും അച്ഛനും നസീർ അങ്കിളും കൂടി മാഷിന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അവിടെ മാഷിന്റെ ഭാര്യ ലീലാമണി ആന്റിയും ഉണ്ടായിരുന്നു. മാഷ് സ്‌നേഹത്തോടെ ലീലാമണി ആന്റിക്ക് അച്ഛനെ പരിചയപ്പെടുത്തിക്കൊടുത്തു.

'അതേ, ഈ രാമകൃഷ്ണൻ നായർ വെറും ഒരു കവിയല്ല കേട്ടോ. കോളേജ് അധ്യാപകൻ കൂടിയാണ്. അതിന്റെതായ ഗൗരവം അദ്ദേഹത്തിന്റെ രചനയിലുമുണ്ടാകും. ക്ലാസ്സ് റൂമിൽ കുട്ടികൾ പാഠങ്ങൾ തെറ്റിച്ചാൽ രാമകൃഷ്ണൻ നായർ ചെറുതായെങ്കിലും ഒന്ന് ദേഷ്യപ്പെടില്ലേ? അതുപോലെ ഇവിടെ ഈ ഗാനം എനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലും ഞാനും പറയും, കേട്ടോ, അതിൽ വിഷമം വരാൻ പാടില്ല.'

പെട്ടെന്ന് നസീർ അങ്കിൾ പുഞ്ചിരിയോടെ ഇടപെട്ടു:

'ഹേയ്, അങ്ങനെ അല്ല മാഷേ.

രാമകൃഷ്ണൻ നായർ എടുക്കുന്ന ക്ലാസ്സിൽ എല്ലാ കുട്ടികളും വളരെ ശ്രദ്ധയോടെയും അതിൽ ലയിച്ചുമാണ് ഇരിക്കുന്നത്. കുമാരസംഭവവും ശാകുന്തളവും നളനും ദമയന്തിയും ഒക്കെയല്ലേ അദ്ദേഹം പഠിപ്പിക്കുന്നത്. അതിൽ കുട്ടികൾ അങ്ങനെ മതി മറന്നുപോയിരിക്കും!'

അതിനുശേഷം, മാഷ് അച്ഛൻ എഴുതിയ ഗാനമുള്ള ഡയറി വാങ്ങി അതിന്റെ താളുകൾ ഓരോന്നായി മറിച്ചു നോക്കി. പിന്നീട്, അതിലെ വരികൾക്കനുസൃതമായി തന്റെ ഹാർമോണിയത്തിൽ വെറുതെ ഒരു ഈണം മീട്ടി നോക്കുകയായിരുന്നു...

അത് കഴിഞ്ഞിട്ട്, ശരി ഞാനൊന്നു നോക്കട്ടെ നോക്കീട്ട് തീരുമാനിക്കാം ഈ ഗാനം ആ ചിത്രത്തിന് വേണോ വേണ്ടയോ എന്ന്.

അങ്ങനെ മാഷിന്റെ വീട്ടിലെ സത്കാരവും സ്‌നേഹം നിറഞ്ഞ വർത്തമാനങ്ങളും കഴിഞ്ഞ്, അച്ഛനും നസീർ അങ്കിളും അങ്കിളിന്റെ വീട്ടിലേക്ക് മടങ്ങി. ഷൂട്ടിങ് തിരക്കുകളിലേക്ക് പോകും മുൻപ് അങ്കിൾ അച്ഛന്റെ ചുമലിൽ തട്ടി സ്‌നേഹത്തോടെ പറഞ്ഞു:

'രാമകൃഷ്ണൻ നായർ, സാരമില്ല! മാഷ് ഒന്ന് നോക്കട്ടെ; അല്ലെങ്കിൽ നമുക്ക് അദ്ദേഹത്തിന്റെ അടുത്ത പടം നോക്കാം. നിങ്ങൾ പോയി നാളത്തെ ക്ലാസിനുള്ള കാര്യങ്ങൾ നോക്കൂ, ഞാൻ ഷൂട്ട് കഴിഞ്ഞിട്ട് വരാം.'

വിധിച്ചിട്ടുള്ളത് അവരോർക്ക് തന്നെ കിട്ടും എന്ന ദൃഢമായ ആത്മവിശ്വാസത്തോടെ അച്ഛൻ അതിലൊന്നും കൂടുതൽ വിഷമിക്കാതെ തന്റെ മുറിയിലേക്ക് തന്നെ മടങ്ങി.

ഷൂട്ടിംഗ് കഴിഞ്ഞ് രാത്രിയിൽ തിരിച്ചെത്തിയ നസീർ അങ്കിളിനൊപ്പം അച്ഛൻ അത്താഴം കഴിച്ചു. അങ്കിളിന്റെ പ്രിയപത്‌നിയുടെ കൈപ്പുണ്യത്തിൽ ഒരുങ്ങിയ ആ സ്‌നേഹഭക്ഷണം ഏറെ ഹൃദ്യമായിരുന്നു. പ്രത്യേകിച്ചും ഭക്ഷണവേളകളിൽ സിനിമയും രാഷ്ട്രീയവുമൊന്നും ചർച്ച ചെയ്യാറില്ലാത്ത അങ്കിളിന്റെ ആ സ്വഭാവം അവിടെ ഒരു ശാന്തത തീർത്തിരുന്നു. നല്ലൊരു അത്താഴത്തിനുശേഷം അവർ വീടിന്റെ ഹാളിലിരുന്ന് നാട്ടുകാര്യങ്ങളും പഴയ പാട്ടുകളെക്കുറിച്ചുമൊക്കെ സംസാരിച്ചു. സംഗീതത്തെ ജീവശ്വാസമാക്കിയ അച്ഛൻ നന്നായി പാടുമായിരുന്നു. അവരിരുവർ മാത്രമുള്ള ആ ഏകാന്ത നിമിഷങ്ങളിൽ അച്ഛൻ പഴയ ഗാനങ്ങൾ മൂളും, കൂടെ നസീർ അങ്കിളും സ്‌നേഹത്തോടെ സ്വരം ചേർക്കും. ആ രാവിൽ വെണ്ണിലാവ് പോലും അവരുടെ സൗഹൃദത്തിന് സാക്ഷിയായി ഒപ്പമുണ്ടായിരുന്നു.

അടുത്ത ദിവസം അതിരാവിലെ അങ്കിൾ പതിവുപോലെ ഷൂട്ടിംഗിന് ഇറങ്ങി. കോളേജിലേക്ക് പോകും വഴി അച്ഛനെ കാറിലാണ് കൊണ്ടുവിട്ടിരുന്നത്. അങ്ങനെ ദിവസങ്ങൾ രണ്ടു കഴിഞ്ഞുപോയി.

ഒരു രാത്രിയിൽ, ഷൂട്ട് കഴിഞ്ഞ് ക്ഷീണിച്ചു മടങ്ങിയെത്തിയ അങ്കിളിനെ തേടി ഫോൺ കോൾ എത്തി. അത് ദേവരാജൻ മാഷായിരുന്നു!

'നസീർ, നിങ്ങളുടെ ആത്മാർഥ കൂട്ടുകാരൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ അടുത്തുണ്ടോ?'

'ഇല്ല മാഷെ, രാമകൃഷ്ണൻ നായർ അദ്ദേഹത്തിന്റെ മുറിയിലാണ്. ഏതോ മാഗസിനിൽ കൊടുക്കാനുള്ള ഒരു ലേഖനം എഴുതുകയാണ്.' എന്നാണ് പറഞ്ഞത്.

'എങ്കിൽ ഒരുർ കാര്യം ഞാൻ നസീറിനോട് പറയാം. ആ പ്രൊഫസർ എഴുതിത്തന്ന ഗാനം ഇല്ലേ? അത് വളരെ മനോഹരവും ആ സന്ദർഭത്തിന് ഏറെ അനുയോജ്യവുമാണ്! രാമകൃഷ്ണൻ നായർ നല്ലൊരു കവിയാണ് കേട്ടോ, അതിൽ യാതൊരു സംശയവുമില്ല.

പക്ഷേ, ഈ പറഞ്ഞതൊന്നും നസീർ രാമകൃഷ്ണനോട് പറയേണ്ടതില്ല. വേറെ ഒന്നും കൊണ്ടല്ല, നാളെയും നല്ല ഗാനങ്ങൾ ആ പ്രൊഫസർ ഇനിയും എഴുതേണ്ടതല്ലേ? ആദ്യ ഗാനം തന്നെ അത്യുജ്ജ്വലമാണെന്ന് പറഞ്ഞാൽ ചിലപ്പോൾ അഹങ്കാരം വരുവാൻ ഇടയായേക്കാം. നമ്മുടെയൊക്കെ അനുഭവങ്ങൾ അല്ലേ ഗുരു. ആ കൂട്ടുകാരൻ നല്ലൊരു കവി മാത്രമല്ല, അതീവ നിഷ്‌കളങ്കനായ ഒരു പാവം മനുഷ്യൻ കൂടിയാണ്... ഞാൻ എന്തായാലും ഇന്നലെ ഇന്ന് എന്ന ചിത്രത്തിന് വേണ്ടി ആ ഗാനത്തിന് ഈണം നൽകിയിട്ടുണ്ട്. നിങ്ങളിരുവരും കൂടി നാളെ സ്റ്റുഡിയോയിലേക്ക് വരിക, നമ്മുടെ യേശുവാണ് പാടുന്നത്!

ഫോൺ വെച്ച ഉടൻ നസീർ അങ്കിൾ ആ സന്തോഷവാർത്തയുമായി അച്ഛന്റെ മുറിയിലേക്ക് പോയി. മുഖത്ത് വിരിഞ്ഞ തിളക്കത്തോടെ അങ്കിൾ പറഞ്ഞു:

'രാമകൃഷ്ണൻ നായർ, നിങ്ങളുടെ ഗാനത്തിന് മാഷ് ഈണം നൽകിയിരിക്കുന്നു! അത് പാടുന്നത് സാക്ഷാൽ യേശുദാസാണ്! നിങ്ങളുടെ പേര് ഇനി വെള്ളിത്തിരയിൽ തിളങ്ങും. ആദ്യ ഗാനം തന്നെ അതാ പിറവിയെടുത്തിരിക്കുന്നു. എല്ലാം നിങ്ങളുടെ കഴിവും പിന്നെ ദൈവാനുഗ്രഹവുമാണ്. 'താൻ പാതി ദൈവം പാതി' എന്നല്ലേ? ഇനി സമാധാനമായി ഉറങ്ങിക്കൊള്ളൂ, നാളെ നമുക്ക് റെക്കോർഡിംഗ് സ്റ്റുഡിയോയിലേക്ക് പോകാം!'

മനസ്സ് നിറഞ്ഞ ആ സന്തോഷവാർത്ത അച്ഛൻ അപ്പോൾത്തന്നെ വീട്ടിലേക്ക്, അമ്മയെ വിളിച്ച് അറിയിക്കുകയായിരുന്നു..

മാഷിന്റെ തൊണ്ണൂറാം ജന്മദിനത്തിന് ഞാൻ ലീലാമണി ആന്റിയെ വിളിച്ചു. മാഷ് എപ്പോഴും പറയുന്ന ഒരു കാര്യം ആന്റി ഓർമിപ്പിച്ചു. മനുഷ്യനായാൽ അറിവ് വേണം അതാണ് മാഷിന്റെ തത്വം.