
മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിൽ വെള്ളിത്തിരയിൽ വിസ്മയങ്ങൾ തീർത്ത കുറച്ചു പ്രതിഭകളുടെ പേരിൽ മാത്രമല്ല അറിയപ്പെടുന്നത്, മറിച്ച് സ്‌ക്രീനിനുമപ്പുറം സാധാരണക്കാരുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന് കാരുണ്യത്തിന്റെ കൈത്താങ്ങായ മനുഷ്യരുടെ പേരിൽ കൂടിയാണ്. മലയാള സിനിമയുടെ സ്തംഭങ്ങളായ പ്രേംനസീറും മധുവും തമ്മിലുള്ള സൗഹൃദം മലയാള സിനിമ കണ്ട ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. ഔദ്യോഗിക പദവികളുടെയോ അകലങ്ങളുടെയോ ഔപചാരികതകളില്ലാതെ, പരസ്പരം 'മധു' എന്നും 'നസീർ' എന്നും മാത്രം വിളിച്ച ആ ഇതിഹാസങ്ങളുടെ കാലത്ത്, മലയാളത്തിന്റെ കാവ്യഭംഗി തുളുമ്പുന്ന വരികളിലൂടെ സിനിമയെയും സംഗീതത്തെയും ധന്യമാക്കിയ പ്രശസ്തനായ അച്ഛൻ ചിറയിൻകീഴ് രാമകൃഷ്ണൻ നായരും ആ കൂട്ടായ്മയിലെ സവിശേഷമായ സാന്നിധ്യമായിരുന്നു. സ്നേഹത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും വലിയ മാതൃകകൾ അവർ തങ്ങളുടെ ജീവിതം കൊണ്ട് എഴുതിച്ചേർക്കുകയായിരുന്നു.
ഇത് 1984-ന്റെ പശ്ചാത്തലമാണ്. അന്നത്തെ പ്രശസ്തമായ ചിത്രങ്ങളുടെ ലൊക്കേഷനുകളിൽ- അക്കാലത്തെ സജീവമായ ഷൂട്ടിങ് തിരക്കുകൾക്കിടയിൽ ആ പ്രതിഭകൾ ഒത്തുകൂടിയ ആ വൈകുന്നേരങ്ങളിൽ ക്യാമറയ്ക്ക് പിന്നിലിരുന്ന് അവർ സംസാരിച്ചിരുന്നത് സിനിമയുടെ ബിസിനസിനെക്കുറിച്ചോ താരപ്പൊലിമയെക്കുറിച്ചോ ആയിരുന്നില്ല; മറിച്ച് ജീവിതത്തിന്റെ യാഥാർഥ്യങ്ങളെക്കുറിച്ചും സാധാരണ മനുഷ്യരുടെ തീവ്രമായ വേദനകളെക്കുറിച്ചുമായിരുന്നു.
അന്നത്തെ ആ ചിത്രങ്ങളുടെ സെറ്റിൽ, കസേരകളിൽ അടുത്തടുത്തിരുന്ന് സിനിമയുടെയും സമൂഹത്തിന്റെയും വർത്തമാനങ്ങളിൽ മുഴുകുമ്പോൾ, അരികിൽ കവിതയുടെ വരികളും ഭാവങ്ങളും മനസ്സിൽ കുറിച്ചിട്ടുകൊണ്ട് ചിറയിൻകീഴ് രാമകൃഷ്ണൻ നായരുമുണ്ടായിരുന്നു. 'ആരംഭം', പടയോട്ടം തുടങ്ങി എൺപതുകളിൽ ഒട്ടനവധി ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ച് മലയാളികളെ വിസ്മയിപ്പിച്ചവരാണ് മധുവും നസീറും. സ്‌ക്രീനിൽ നായകന്മാരായി ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിക്കുമ്പോഴും, യഥാർഥ ജീവിതത്തിൽ സാധാരണക്കാരുടെ ഹൃദയമിടിപ്പ് അറിഞ്ഞവരായിരുന്നു അവർ.
നസീർ അങ്കിളിന്റെ മരണശേഷം അച്ഛൻ പിന്നെ പണ്ടത്തെ പോലെ വലിയ സന്തോഷവാനായിരുന്നില്ല. ആർ.സി.സിയിൽ കാൻസർ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന, അച്ഛന്റെ സുഹൃത്തും പ്രിയപ്പെട്ടവനുമായ മധു സാർ അച്ഛനെ വന്നു കണ്ടിരുന്ന രംഗം ഇപ്പോഴും എന്റെ മനസ്സിലുണ്ട്.
അച്ഛന്റെ അരികിലേക്ക് മധു സാർ കടന്നുവന്ന ആ നിമിഷം മലയാള സിനിമയുടെ തന്നെ വലിയൊരു സ്നേഹപ്രകടനമായിരുന്നു. അവിടെ യാതൊരുവിധ താരപ്പകിട്ടുമുണ്ടായിരുന്നില്ല. ഒരു കുടുംബത്തിലെ മൂത്ത കാരണവരെപ്പോലെ, സ്നേഹസമ്പന്നനായ ഒരു സുഹൃത്തിനെപ്പോലെയാണ് അദ്ദേഹം അച്ഛന്റെ അരികിൽ വന്നിരുന്നത്. ക്ഷീണിതനായ അച്ഛന്റെ കൈകളിൽ സ്നേഹത്തോടെ തൊട്ടുകൊണ്ട് മധു സാർ ചോദിച്ചു, 'എങ്ങനെയിരിക്കുന്നു സുഹൃത്തേ? നമുക്ക് ഇനിയും ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട്, ധൈര്യമായിരിക്കൂ...'
മധു സാറിന്റെ സ്നേഹസന്ദർശനം ഞങ്ങളുടെ കുടുംബത്തിന് വലിയ രീതിയിൽ മാനസിക കരുത്ത് പകർന്നു നൽകി. മൂന്നാലു തവണ മധു സാർ ആശ്വാസമായി അച്ഛനെ കാണാൻ. വന്നിരുന്നു. ആ വലിയ മനുഷ്യന്റെ ആത്മാർഥത ആരുടെയും കണ്ണുനനയിക്കുന്നതായിരുന്നു. അച്ഛനെ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് കൊണ്ടുവന്നതിന് ശേഷവും മധു സാർ കാണാൻ വന്നിരുന്നു. ജീവിതം വലിയൊരു പരീക്ഷയിലൂടെ കടന്നുപോയ നാളുകളിലാണ് എന്റെ വിവാഹം എത്തിയത്. കാൻസർ ബാധിച്ച് ആർ.സി.സിയിൽ കിടപ്പിലായ അച്ഛന് അപ്പോഴും കഠിനമായ ചികിത്സകൾ ഉണ്ടായിരുന്നു. എങ്കിലും മകളുടെ വിവാഹ ദിവസം അച്ഛന്റെ സാന്നിധ്യം നഷ്ടപ്പെടരുത് എന്ന ആഗ്രഹത്താൽ, കല്യാണം കാണാൻ വേണ്ടി മാത്രം കഷ്ടപ്പെട്ട് അച്ഛനെ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. രോഗശയ്യയിലും മകളുടെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിയ അച്ഛന്റെ സ്നേഹം എത്രമാത്രം കണ്ണീർനിറഞ്ഞതായിരുന്നു. അച്ഛന്റെ സാന്നിധ്യം വിവാഹത്തെ ഏതൊരു പെൺകുട്ടിയെയും പോലെ എന്നെയും ധന്യമാക്കി.
ആ സന്തോഷത്തിന്റെയും വേദനയുടെയും നാളുകളിൽ, ആ കുടുംബത്തിന്റെ വിശേഷങ്ങൾ അറിഞ്ഞ് മധു സാർ വീണ്ടും ആ പടി കയറിവന്നു. അച്ഛൻ കൂടെയുണ്ടായിരുന്ന ആ വിവാഹദിനത്തിന്റെയും തുടർന്ന് അച്ഛൻ ഈ ലോകത്തോട് വിടപറഞ്ഞ ആ കറുത്ത ദിവസത്തിന്റെയും അതിനുശേഷമുള്ള കല്യാണത്തിന്റെ പിറ്റേ ദിവസവുമെല്ലാം ആ സ്നേഹസ്പർശവുമായി മധു സാർ കൂടെയുണ്ടായിരുന്നു. ഒരു അടുത്ത ബന്ധുവിന്റെ വിയോഗം പോലെയാണ് അദ്ദേഹം ആ വേദനയെ ഏറ്റെടുത്തത്. ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്ക് കാലെടുത്തുവെച്ച ഞങ്ങളെ അനുഗ്രഹിക്കാനും കുടുംബത്തിന്റെ സങ്കടത്തിലും സന്തോഷത്തിലും ഒരേപോലെ പങ്കുചേരാനും എത്തിയ മധു സാറിന്റെ സാന്നിധ്യം വെറുമൊരു സന്ദർശനമായിരുന്നില്ല. മറിച്ച് തലമുറകൾ മറക്കാത്ത സ്നേഹത്തിന്റെ വലിയൊരു അടയാളപ്പെടുത്തലായിരുന്നു.
കുറച്ചു കാലങ്ങൾക്ക് ശേഷം എറണാകുളത്തുവെച്ച് മധു സാറിനെ വീണ്ടും കണ്ടു. അതൊരു ഹൃദയസ്പർശിയായ കൂടിക്കാഴ്ച ആയിരുന്നു. കാലം എത്രയോ കഴിഞ്ഞുപോയി. അച്ഛന്റെ വിയോഗത്തിന്റെ വേദനകളും ജീവിതത്തിന്റെ പല ഘട്ടങ്ങൾ കടന്നുപോയിക്കൊണ്ടിരുന്ന കാലത്ത് എറണാകുളത്ത് കേരള വിഷൻ ചാനലിന്റെ ഉദ്ഘാടനച്ചടങ്ങിന് ഞങ്ങളെയും ക്ഷണിച്ചിരുന്നു. ഉദ്ഘാടകൻ മധു സാർ ആയിരുന്നു. വലിയൊരു ജനക്കൂട്ടത്തിനിടയിൽനിന്ന്, 'സാറിന് എന്നെ ഓർമ്മയുണ്ടോ?' എന്ന് ചോദിച്ച ആ നിമിഷം... ആ മഹാനടൻ ഒന്ന് സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു: ഞാൻ നിന്നെ എങ്ങനെ മറക്കും? എന്റെ സ്‌കൂളിൽ ടീച്ചർ ആയിട്ടല്ലേ നീ ജോലി നോക്കിയിരുന്നത്... പിന്നെ ചിറയിൻകീഴ് രാമകൃഷ്ണൻ നായരുടെ മകൾ കൂടിയല്ലേ നീ!'.
അത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും എന്റെ കുടുംബത്തെയും ആ നാളുകളെയും അദ്ദേഹം അത്ര വ്യക്തമായി ഓർമ്മയിൽ സൂക്ഷിച്ചിരുന്നു എന്നത് എന്നെ സംബന്ധിച്ച് അത്ഭുതപ്പെടുത്തുന്നതായിരുന്നു. ചടങ്ങിനായി പടി കയറി മുകളിലേക്ക് പോകേണ്ടിയിരുന്ന ആ നിമിഷത്തിൽ, വാർധക്യത്തിന്റെ അവശതകൾ കാരണം നടക്കാൻ പ്രയാസമുണ്ടായിരുന്ന മധു സാർ എന്റെ കൈകളിൽ പിടിച്ചു. സ്നേഹത്തോടെ അദ്ദേഹം പറഞ്ഞു: 'നടക്കാൻ എനിക്ക് പ്രയാസമുണ്ട്, നീ ഒന്ന് എന്റെ കയ്യിൽ പിടിച്ചോളൂ...' ഒരു ആരാധികയും നടനും തമ്മിലുള്ള ബന്ധത്തിനപ്പുറം, ഒരുകാലത്ത് ആ കുടുംബത്തിന്റെ നോവറിഞ്ഞ, ഒപ്പമുണ്ടായിരുന്ന ഒരു കാരണവരുടെ വാത്സല്യമായിരുന്നു ആ സ്പർശം.
മലയാള സിനിമയുടെ സുവർണ കാലഘട്ടത്തെ അടയാളപ്പെടുത്തിയ മധു സാറും ചിറയിൻകീഴ് രാമകൃഷ്ണൻ നായരും വെള്ളിത്തിരയിൽ തീർത്ത കാവ്യങ്ങളെക്കാൾ എത്രയോ വലുതായിരുന്നു യഥാർഥ ജീവിതത്തിൽ അവർ പകർന്നുനൽകിയ മനുഷ്യസ്നേഹത്തിന്റെ മാതൃകകൾ! ആ ഓർമകൾ കാലം കഴിഞ്ഞാലും മായാതെ ആ കുടുംബത്തിന്റെ മനസ്സിൽ എന്നെന്നും ഒരു വിളക്കുമാടം പോലെ ജ്വലിച്ചുനിൽക്കും.
കാലത്തിന്റെ താളുകൾ മറയുമ്പോഴും, അറിവിന്റെയും സ്നേഹത്തിന്റെയും സുഗന്ധം പരത്തുന്ന പ്രിയപ്പെട്ട മധു സാറിന്. ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ! എഴുത്തുകളിലെയും ജീവിതത്തിലെയും ഈ വെളിച്ചം എന്നും മായാതെ നിൽക്കട്ടെ. എപ്പോഴും സാറിനെ വിളിച്ച് ആശംസകൾ നേരുമ്പോഴൊക്കെ ഞാൻ എന്തുകൊണ്ടോ അല്പം വൈകാറുണ്ടായിരുന്നു. അങ്ങനെ ഒരിക്കൽ, എന്നും പതിവെന്നോണം ഞാൻ വൈകി വിളിച്ചപ്പോൾ സാർ പറഞ്ഞത് ഞാൻ ഓർക്കുന്നു.
'നീ അല്ലെങ്കിലും എപ്പോഴും 'വൈകി വന്ന വസന്തം 'അല്ലേ?'
സാറിന്റെ ആ സ്നേഹമുള്ള ചോദ്യം ഇന്നും എന്റെ മനസ്സിലുണ്ട്.
Content Highlights: Highlights the deep personal friendship between veteran actor Madhu, Prem Nazir, and lyricist Chirayinkeezhu Ramakrishnan Nair. Details how actor Madhu visited Chirayinkeezhu Ramakrishnan Nair during his cancer treatment at RCC Trivandrum. Recalls Madhu's compassionate presence during Chirayinkeezhu Ramakrishnan Nair's daughter's marriage and his subsequent passing. Shares a touching encounter years later at an event in Ernakulam where Madhu instantly recognized the author. Extends heartfelt birthday wishes to actor Madhu while reminiscing about his warmth and human values.
Published: 23 Sept 2026, 04:20 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented