'ആ മുറിയുടെ വാതില്‍ ഞാന്‍ ഇപ്പോഴും അടച്ചിട്ടില്ല...'; മധു അഭിമുഖം


ഭാനുപ്രകാശ്

മലയാളസിനിമയുടെ തലമുറകള്‍ താണ്ടിയ മഹാനടന്‍ പി. മാധവന്‍ നായര്‍ എന്ന മധു നവതിയിലേക്ക് കടക്കുകയാണ്. മാതൃഭൂമിക്കുവേണ്ടി ഭാനുപ്രകാശ് അദ്ദേഹവുമായി നടത്തിയ അഭിമുഖം

മധു

എണ്‍പത്തിയൊന്‍പത് വര്‍ഷത്തിന്റെ ജീവിതാനുഭവ നിറവിലാണ് താങ്കള്‍ എത്തിനില്‍ക്കുന്നത്. അഞ്ചരപ്പതിറ്റാണ്ടിന്റെ ചലച്ചിത്രപരിജ്ഞാനവും. നവതിയിലേക്ക് പ്രവേശിക്കുമ്പോള്‍ എന്താണ് തോന്നുന്നത്?

ആദ്യമായി നാടകം കണ്ടതുമുതല്‍ കലാരംഗത്ത് കുറെ സ്വപ്നങ്ങള്‍ ഞാന്‍ കണ്ടിരുന്നു. ചിലതൊക്കെ നേടണമെന്ന അതിയായ ആഗ്രഹം. എന്നില്‍ ഒരു നടനുണ്ടെന്ന് തിരിച്ചറിഞ്ഞതുമുതല്‍ ആ നടനെ പുറത്തുകൊണ്ടുവരാനായിരുന്നു ശ്രമം. നാടകത്തിലൂടെ ഞാനതിന് പരിശ്രമിച്ചു. വീട്ടുകാരുടെ എതിര്‍പ്പുകളെപ്പോലും അവഗണിച്ചുള്ള ഒരു യാത്രയായിരുന്നു പിന്നീട്. ആഴത്തിലുള്ള വായന അക്കാലത്തേ ഉണ്ടായിരുന്നു. നാടകം അക്കാദമിക്തലത്തില്‍ പഠിക്കാന്‍ കഴിഞ്ഞെങ്കിലും ആ മേഖലയില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്നേ സിനിമയിലേക്കുള്ള വിളിവന്നു. പിന്നെ സിനിമയായി ജീവിതം. സര്‍ഗാത്മകമായി ഞാനെന്തെല്ലാം ആഗ്രഹിച്ചോ അതെല്ലാം എന്നിലേക്ക് വന്നുചേര്‍ന്നു. അത്യാഗ്രഹങ്ങള്‍ ഒരിക്കലുമുണ്ടായിരുന്നില്ല. കഠിനമായ പരിശ്രമങ്ങളുണ്ടെങ്കില്‍ നേടാവുന്ന സ്വപ്നങ്ങള്‍ മാത്രമേ ഞാന്‍ കണ്ടിരുന്നുള്ളൂ. ആ സ്വപ്നങ്ങളിലേക്കെല്ലാം വളരെ നേരത്തേ ഞാന്‍ എത്തിച്ചേര്‍ന്നു. അര്‍ഹമായ പരിഗണന കിട്ടിയോ ഇല്ലയോ എന്നൊന്നും ഞാന്‍ ചിന്തിച്ചിട്ടില്ല. ഒട്ടും നിരാശയുമില്ല. ആഗ്രഹിച്ചതെല്ലാം നേടിയതു കൊണ്ടാണോ എന്നറിയില്ല, പുതുതായി ഒന്നുംചെയ്യാന്‍ താത്പര്യം തോന്നുന്നില്ല. പിന്നെ ശൂന്യതയുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍, സ്‌നേഹം മാത്രം തന്നിരുന്നവര്‍ ഏറെപ്പേരും ഓര്‍മയായി. വ്യക്തിജീവിതത്തില്‍ ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കാതെ പോയതില്‍ വിഷമമുണ്ടെന്നതൊഴിച്ചാല്‍ എന്തുകൊണ്ടും ഞാന്‍ സംതൃപ്തനാണ്. ഇതിനപ്പുറം മറ്റെന്ത് ചിന്തിക്കാനാണ്.

ജീവിതത്തിലൊരിക്കലും ജന്മദിനം ആഘോഷിക്കാതെപോയ ആളാണ് മധുസാര്‍ എന്ന് കേട്ടിട്ടുണ്ട്...?

പ്രായം എണ്‍പതായി, തൊണ്ണൂറായി എന്നൊക്കെ വിചാരിച്ച് ജീവിക്കുന്ന ഒരാളല്ല ഞാന്‍. അതുകൊണ്ടുതന്നെ പിറന്നാളിന് വലിയ പ്രാധാന്യമൊന്നും ഞാന്‍ കൊടുക്കാറുമില്ല. പിറന്നാള്‍ദിവസം വീട്ടില്‍ പായസംവെക്കുക എന്നത് പണ്ടേയുള്ള പതിവാണ്. എന്റെ കുട്ടിക്കാലത്ത് അമ്മയും അച്ഛനുമൊക്ക ക്ഷേത്രങ്ങളില്‍ പായസവും മറ്റു വഴിപാടുകളും കഴിച്ചിട്ടുണ്ടാവും. ഇപ്പോള്‍ എന്റെ മകള്‍ ഉമയും അതൊക്കെ ചെയ്യുന്നുണ്ട്. അതിനപ്പുറം ഞാനൊരിക്കലും പിറന്നാളാഘോഷിച്ചിട്ടില്ല. എങ്കിലും സുഹൃത്തുക്കളുടെ പിറന്നാളാഘോഷങ്ങളില്‍ പങ്കെടുക്കാറുണ്ട്. എം.ടി. വാസുദേവന്‍നായരുടെ പിറന്നാള്‍ ഒരിക്കലും മറന്നുപോവാറില്ല. ഹൃദയംകൊണ്ട് ഇത്രയേറെ അടുപ്പമുള്ള ഒരു എഴുത്തുകാരന്‍ എന്റെ ജീവിതത്തില്‍ വേറെയില്ല. ഞങ്ങള്‍ ജനിച്ചതും ഒരേ വര്‍ഷം തന്നെയാണ്. പ്രായംകൊണ്ട് രണ്ടുമാസം എന്നെക്കാള്‍ മൂത്തതാണ് എം.ടി. കോഴിക്കോട് പോകുമ്പോഴൊക്കെ എം.ടി.യെ കാണാതെ മടങ്ങാറുണ്ടായിരുന്നില്ല. ഇപ്പോ മൂന്നുവര്‍ഷത്തിലേറെയായി യാത്രകള്‍ ഇല്ല. കോവിഡിനുശേഷം ഞാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിയത് രണ്ടുതവണ വാക്‌സിന്‍ എടുക്കാന്‍വേണ്ടി മാത്രമാണ്.

മുടിയൊക്കെ നന്നായി ഡൈ ചെയ്തായിരുന്നല്ലോ വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. വാര്‍ധക്യം എന്ന അവസ്ഥയോട് പൊരുത്തപ്പെടാന്‍ പ്രയാസം തോന്നിയിരുന്നോ?

എന്റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കാന്‍ ഞാനൊരിക്കലും ഡൈ ചെയ്തിരുന്നില്ല. സിനിമയ്ക്ക് വേണ്ടിയായിരുന്നു അതെല്ലാം. കറുത്തമുടിയുള്ളവനെ വൃദ്ധനാക്കാന്‍ നാലു വരവരച്ചാല്‍ മതി. പക്ഷേ, വെളുത്തമുടിയുള്ളവനെ കറുത്തമുടിയുള്ളവനാക്കാന്‍ മുടി മുഴുവനും കറുപ്പിക്കേണ്ടിവരും. അഭിനയം നിര്‍ത്തിയതോടെ അതിന്റെ ആവശ്യം ഇല്ലാതെയായി. പിന്നെ, വാര്‍ധക്യത്തെ മനസ്സിലാക്കി ജീവിക്കാന്‍ ഒരു പ്രയാസവും തോന്നേണ്ട കാര്യമില്ല. നമ്മള്‍ എന്തെല്ലാം വാചകമടിച്ചാലും വ്യായാമം ചെയ്താലും മരുന്ന് കഴിച്ചാലും പ്രായമാകുമ്പോള്‍ ചെറുപ്പത്തിലേതുപോലെ ശരീരം വഴങ്ങിക്കിട്ടില്ല. ശക്തികുറയും ഓര്‍മശക്തിയും കുറഞ്ഞുതുടങ്ങും. മുപ്പതിലും നാല്‍പ്പതിലും ജീവിച്ചപോലെ തൊണ്ണൂറാംവയസ്സില്‍ ജീവിക്കണമെന്നുകരുതിയാല്‍ അതുനടക്കുന്ന കാര്യമല്ലല്ലോ. ആ അവസ്ഥയെ ശരിക്കും മനസ്സിലാക്കി ശ്രദ്ധയോടെ ജീവിക്കുന്ന ഒരാള്‍ക്ക് വാര്‍ധക്യത്തെ പേടിക്കേണ്ട കാര്യമില്ല.

''അഭിനയത്തോടുള്ള കൊതി എന്നെ വിട്ടുപോയിട്ട് കുറേനാളായി.'' -എന്നൊരിക്കല്‍ പറഞ്ഞിരുന്നു. സിനിമാഭിനയം ശരിക്കും മടുത്തിട്ടാണോ പിന്മാറിയത്?

ആഗ്രഹിച്ചതിനപ്പുറമുള്ള വലിയ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതുതന്നെ മഹാഭാഗ്യമായി കാണുന്നവനാണ് ഞാന്‍. മലയാളത്തിന്റെ തലയെടുപ്പുള്ള എഴുത്തുകാര്‍ സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു അതില്‍ പലതും. അതിനപ്പുറം വലിയൊരു വേഷം ഇനി എന്നെത്തേടി വരാനും പോകുന്നില്ല. അച്ഛന്‍, മുത്തച്ഛന്‍, അമ്മാവന്‍ വേഷങ്ങള്‍ കെട്ടിമടുത്തപ്പോള്‍ കുറച്ചു മാറിനില്‍ക്കണമെന്നു തോന്നി. ആ വിശ്രമജീവിതം എന്നെ കുറച്ചു മടിയനാക്കിയോ എന്നൊരു സംശയത്തോടൊപ്പം ഇന്നത്തെ സിനിമാരീതികളോട് പ്രത്യേക താത്പര്യം തോന്നാത്തതുകൊണ്ടാണോ എന്നും അറിയില്ല, അഭിനയത്തോട് എനിക്കിപ്പോള്‍ കൊതിയില്ല. കോവിഡിനുമുന്‍പ് മമ്മൂട്ടി വീട്ടില്‍ വന്നിരുന്നു. 'വണ്‍' എന്ന സിനിമയില്‍ ഒരൊറ്റ സീനില്‍ അദ്ദേഹമവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവായി വേഷമിടണം എന്ന് പറഞ്ഞു. മമ്മൂട്ടിയെപ്പോലെ വലിയൊരു കലാകാരന്റെ സ്‌നേഹം എങ്ങനെ നിരസിക്കാനാവും. എന്നെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ഞാന്‍ താമസിക്കുന്ന കണ്ണമ്മൂലയിലെ വീടിനടുത്തുള്ള മറ്റൊരു വീട്ടില്‍വെച്ചായിരുന്നു ഷൂട്ടിങ്. വൈകീട്ട് ആറുമണിക്കുചെന്ന് ഒന്‍പതുമണിയോടെ തീര്‍ത്തുപോന്നു. അതായിരുന്നു ഒടുവില്‍ അഭിനയിച്ച സിനിമ.

മധുസാറിന്റെ ഗംഭീര കഥാപാത്രങ്ങളിലൊന്നായിരുന്നു എം.ടി.യുടെ 'ഓളവും തീരവും' എന്ന ചിത്രത്തിലെ ബാപ്പുട്ടി. അമ്പതുവര്‍ഷങ്ങള്‍ക്കുശേഷം ആ സിനിമ പുനര്‍ജനിക്കുമ്പോള്‍ എന്തു തോന്നുന്നു?

വലിയ സന്തോഷമുള്ള കാര്യമാണത്. ഏത് ലെവലിലുള്ള കഥാപാത്രത്തെയും അനായാസേന അവതരിപ്പിക്കാന്‍ കഴിവുള്ള മോഹന്‍ലാല്‍ ബാപ്പുട്ടിയായി വരുന്നു എന്നതിലും ആഹ്ലാദമുണ്ട്. സിനിമയുടെ ഷൂട്ടിങ് തുടങ്ങുംമുന്‍പ് ലാല്‍ എന്നെ കാണാന്‍ വീട്ടില്‍ വന്നിരുന്നു. ചിത്രീകരണസ്ഥലത്ത് വരണമെന്നൊക്ക പറഞ്ഞെങ്കിലും എനിക്ക് പോവാന്‍ സാധിച്ചില്ല. പ്രിയദര്‍ശനെപ്പോലെ അസാമാന്യ പ്രതിഭയുള്ള ഒരു സംവിധായകന്‍ എന്തിനാണ് ഓളവുംതീരവും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ എടുക്കുന്നതെന്ന് മനസ്സിലാവുന്നില്ല. പി.എന്‍. മേനോന്റെ സംവിധാനത്തില്‍ ഞാനഭിനയിക്കുന്ന കാലത്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങളേയുള്ളൂ. പക്ഷേ, അന്നത്തെ പ്രകൃതിയും മനുഷ്യരുമൊന്നും കറുപ്പിലും വെളുപ്പിലുമുള്ളവരായിരുന്നില്ല. ഓളവും തീരവും പോലൊരു ചിത്രം റീട്ടേക്ക് ചെയ്യുമ്പോള്‍ കളറില്‍ത്തന്നെ എടുക്കണമായിരുന്നു. അന്‍പതുവര്‍ഷങ്ങള്‍ക്കുശേഷം ആ സിനിമകാണുന്ന പ്രേക്ഷകന് ഒരുമാറ്റം ഫീല്‍ ചെയ്യേണ്ടതായിരുന്നു.

മധു എന്ന അഭിനേതാവിനെ കാലം ഓര്‍മിക്കുന്നതും വിലയിരുത്തുന്നതും പകര്‍ന്നാടിയ മഹത്തായ കഥാപാത്രങ്ങളുടെ പേരിലായിരിക്കും. ഇതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

വായനയെ ഗൗരവപൂര്‍വം കണ്ടുതുടങ്ങിയ കാലംമുതലേ ഞാന്‍ വായിച്ചതെല്ലാം ഒരു നടന്റെ ഉള്‍ക്കാഴ്ചയോടെയായിരുന്നു. എന്റെ കോളേജ് പഠനകാലത്താണ് ഉറൂബിന്റെ 'ഉമ്മാച്ചു' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. മായനെ അന്നേ ഞാന്‍ മനസ്സില്‍ കൊണ്ടുനടന്നിട്ടുണ്ട്, ആ കഥാപാത്രമായി എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന ചിന്തയോടെ. സിനിമയിലെത്തുംമുന്നേ മലയാളത്തിലെ ഉത്തമകൃതികളെല്ലാം വായിക്കാന്‍ കഴിഞ്ഞിരുന്നു. പല കഥാപാത്രങ്ങളിലും ഞാനെന്നെത്തന്നെ കണ്ടു. സിനിമയിലെത്തിയപ്പോള്‍ ആഗ്രഹിച്ചപോലെത്തന്നെ തകഴി, ബഷീര്‍, എം.ടി., എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങി വലിയ എഴുത്തുകാരുടെ കൃതികളിലെ പ്രധാന കഥാപാത്രങ്ങള്‍ക്ക് സ്‌ക്രീനില്‍ ജീവന്‍നല്‍കാന്‍ കഴിഞ്ഞുവെന്നത് എന്നിലെ നടന് ലഭിച്ച വലിയ അംഗീകാരമായിട്ടാണ് ഞാന്‍ കാണുന്നത്. ഒരുപക്ഷേ, കാലം എന്നെ ഓര്‍ക്കുന്നത് ഞാന്‍ അവതരിപ്പിച്ച ഇത്തരം കഥാപാത്രങ്ങളുടെ പേരിലാണെങ്കില്‍ അതിനപ്പുറം വലിയൊരു ഭാഗ്യം വേറെ ലഭിക്കാനുണ്ടോ.

സിനിമയും സാഹിത്യവും ഇടകലര്‍ന്ന സൃഷ്ടിപരമായ ഒരു ജീവിതം നയിച്ചിട്ടും ആ ജീവിതത്തെക്കുറിച്ച് ഒറ്റപ്പേജില്‍പ്പോലും എഴുതിവെക്കാന്‍ തയ്യാറാകാത്തതിന്റെ കാരണം?

എത്ര ശ്രമിച്ചാലും നടക്കാത്ത കാര്യമാണ്. എന്തുകൊണ്ടാണ് ആത്മകഥയെഴുതാത്തത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. കുത്തിയിരുന്ന് എഴുതിയാല്‍ പത്തുപേജ്, അതിനപ്പുറം വരില്ല എന്റെ ജീവിതം. ജീവചരിത്രങ്ങളും ആത്മകഥകളും വായിക്കാന്‍ ഏറെ ഇഷ്ടമാണ്. പക്ഷേ, ജീവിതം പകര്‍ത്തിവെക്കാന്‍ എനിക്കാവില്ല. അങ്ങനെ ഗമ കാണിക്കാനുള്ള എന്തെങ്കിലും എന്റെ ജീവിതത്തിലുണ്ടെന്ന് എനിക്ക് തോന്നുന്നുമില്ല. എഴുത്തിന്റെ ഭാഗമായി ആരെങ്കിലും ചോദിക്കുമ്പോള്‍ മാത്രമാണ് ഞാനെന്തെങ്കിലും പറയാറുള്ളത്. കവിതയോ കഥയോ ഞാന്‍ എഴുതാറില്ല. ചിത്രം വരയ്ക്കാനോ പാട്ടുപാടാനോ എനിക്കറിയില്ല. അതുപോലെ ആത്മകഥ എഴുതാനും എനിക്കറിയില്ല.

''പരീക്കുട്ടിയുടെ കെയറോഫിലാണ് ഇപ്പോഴും ഞാന്‍ അറിയപ്പെടുന്നത്'' -എന്നൊരിക്കല്‍ പറഞ്ഞു. ആ വേഷത്തോട് ഇപ്പോഴും വല്ലാത്തൊരു ഇഷ്ടമുണ്ടല്ലേ...?

മറ്റെല്ലാ കഥാപാത്രങ്ങളെക്കാളും ഞാനോര്‍ക്കുന്നത് ചെമ്മീനിലെ പരീക്കുട്ടിയെയാണ്. എത്രയോ ചിത്രങ്ങളില്‍ ഞാന്‍ കാമുകനായി മരിക്കുന്നുണ്ട്. എന്നാല്‍, പഴയതും പുതിയതുമായ തലമുറ എന്നെ കാണുന്നത് പരീക്കുട്ടി എന്ന ദുരന്തകാമുകനായിട്ടാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ചെമ്മീന്‍ വായിച്ചത്. അന്നേ മനസ്സില്‍ കയറിക്കൂടിയതാണ് പരീക്കുട്ടി. നന്നായി പഠിച്ച് ഹോംവര്‍ക്ക് ചെയ്ത് അവതരിപ്പിച്ച പല വേഷങ്ങളും എന്റെ അഭിനയജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷേ, പരീക്കുട്ടിയെ മാത്രം ആളുകള്‍ ഇത്രമാത്രം ഓര്‍ത്തുവെക്കാന്‍ കാരണമെന്താണ്? പലവട്ടം ആലോചിച്ച് ഒടുവില്‍ ഞാനൊരു നിഗമനത്തിലെത്തി. പരീക്കുട്ടി സ്‌നേഹം മാത്രമാണ്. അയാള്‍ക്ക് സ്‌നേഹിക്കാന്‍ മാത്രമേ അറിയൂ. ഒരു വിരലുകൊണ്ടുപോലും കറുത്തമ്മയെ പരീക്കുട്ടി തൊട്ടുനോക്കുന്നില്ല. ആ സ്‌നേഹം പരിശുദ്ധമാണ്. നിഷ്‌കാമ കര്‍മം. ഇങ്ങനെയൊരു കാമുകനെ ഞാനും വേറെ കണ്ടിട്ടില്ല.

നടനായി നിറഞ്ഞുനില്‍ക്കുമ്പോഴും സംവിധായകനും നിര്‍മാതാവും തിരക്കഥാകൃത്തും സ്റ്റുഡിയോ ഉടമയുമൊക്കെയായിരുന്നു താങ്കള്‍. ഇതില്‍ ഏറെ ഇന്‍സ്പയര്‍ചെയ്ത വേഷം ഏതായിരുന്നു..?

നിര്‍മാതാവിന്റെ റോള്‍ തന്നെ. കാരണം നടന് സിനിമയുടെ ടോട്ടാലിറ്റിയെക്കുറിച്ച് അറിവുണ്ടാകണമെന്നില്ല. സംവിധായകനുപോലും. പക്ഷേ, ഒരു നിര്‍മാതാവ് സിനിമയുടെ എല്ലാ കാര്യങ്ങളും നന്നായി അറിഞ്ഞിരിക്കും. നിര്‍മാതാവ് എന്നുപറയുന്നത് സിനിമയ്ക്ക് വേണ്ടി പണംമുടക്കുന്ന ആള്‍ മാത്രമല്ല. അത് ഫൈനാന്‍സിയറാണ്. ടി.കെ. വാസുദേവനും ശോഭനാപരമേശ്വരന്‍നായരുമൊക്കെ വെറും നിര്‍മാതാക്കള്‍ മാത്രമായിരുന്നില്ല. അവരെല്ലാം സിനിമയെന്ന കലയെ എല്ലാ അര്‍ഥത്തിലും പഠിച്ചവര്‍ തന്നെയായിരുന്നു. പതിനഞ്ചോളം സിനിമകള്‍ ഞാന്‍ നിര്‍മിച്ചു. അതില്‍ കുട്ടികളുടെ ചിത്രവുമുണ്ടായിരുന്നു. ലാഭനഷ്ടക്കണക്കെടുപ്പ് ഞാന്‍ നടത്തിയില്ല. കാരണം സിനിമ എനിക്ക് നല്‍കിയ പണം സിനിമയ്ക്കുവേണ്ടിത്തന്നെ ഞാന്‍ വിനിയോഗിക്കുകയായിരുന്നു. നല്ലൊരു സബ്ജക്റ്റ് കിട്ടാത്തതുകൊണ്ടാണ് പിന്നീട് സിനിമകള്‍ നിര്‍മിക്കാതെ പോയത്. അങ്ങനെ പ്രചോദിപ്പിക്കുന്ന ഒരു സബ്ജക്ട് വരുകയാണെങ്കില്‍ ഒട്ടും വൈകാതെ സിനിമയെടുക്കാന്‍ ഞാന്‍ തയ്യാറുമാണ്.

രാഷ്ട്രീയപ്രവര്‍ത്തകനായ അച്ഛന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ എപ്പോഴെങ്കിലും ആഗ്രഹിച്ചിരുന്നോ?

രാഷ്ട്രീയം, സമരം, പാര്‍ട്ടിപ്രവര്‍ത്തനം. ഇതൊക്കെ കുട്ടിക്കാലത്തെ അച്ഛനിലൂടെ ഞാന്‍ കണ്ടറിഞ്ഞതാണ്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒരു രാത്രിയില്‍ അച്ഛനെ പോലീസ് അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്. അന്നെനിക്ക് ആറുവയസ്സാണ്. ഞാന്‍ സ്‌കൂളിലും കോളേജിലുമൊക്ക പഠിക്കുന്ന കാലത്തും അച്ഛന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമാണ്. രാഷ്ട്രീയപരമായി വിയോജിപ്പുള്ളവര്‍വരെ അച്ഛനെ കാണാന്‍ വീട്ടില്‍വരും. വ്യക്തിബന്ധങ്ങള്‍ക്ക് അച്ഛന്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. പക്ഷേ, അച്ഛന്റെ രാഷ്ട്രീയപാതകളിലൂടെ സഞ്ചരിക്കാനോ ഏതെങ്കിലും പാര്‍ട്ടിയുടെ കൊടിക്കീഴില്‍ നില്‍ക്കാനോ എനിക്ക് താത്പര്യമില്ലായിരുന്നു. കാരണം അത് എനിക്ക് ചേര്‍ന്ന പണിയല്ലെന്ന് ചെറുപ്പത്തിലേ ഞാന്‍ തിരിച്ചറിഞ്ഞിരുന്നു.

മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഒരിക്കല്‍ താങ്കള്‍ക്ക് ലഭിച്ചതോര്‍ക്കുന്നു. പക്ഷേ, കൃഷിക്കാരന്റെ റോളില്‍ പിന്നീടധികം കണ്ടില്ലല്ലോ?

ഗൗരീശപട്ടത്തുള്ള ഒരു കര്‍ഷകകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. കൃഷിയോടുള്ള താത്പര്യം രക്തത്തിലുണ്ട്. വയലുകളും തെങ്ങിന്‍തോപ്പുകളും നിറഞ്ഞതാണ് അന്നത്തെ ഗൗരീശപട്ടം. അമ്മൂമ്മയുടെ മേല്‍നോട്ടത്തിലാണ് കൃഷിയൊക്ക നടക്കുന്നത്. കൃഷിയിടങ്ങളിലേക്ക് എന്നെ കൊണ്ടുപോയിരുന്നതും അമ്മൂമ്മയാണ്. അന്നുമുതലേ ഞാന്‍ ഭൂമിയെ സ്‌നേഹിച്ചു തുടങ്ങിയിട്ടുണ്ടാവും. അന്നത്തെ കൃഷിസ്ഥലമെല്ലാം ഇന്ന് പൊന്നുംവിലയുള്ള പറമ്പുകളായി മാറി. ആ ഭാഗത്തൊക്കെ ആയിരത്തിലേറെ വീടുകളായി. പുളിയറക്കോണത്ത് സ്റ്റുഡിയോ നിര്‍മിക്കാന്‍ സ്ഥലം വാങ്ങിയപ്പോള്‍ത്തന്നെ അവിടെ കുറ്റിമുല്ലയും ഓര്‍ക്കിഡുമൊക്കെ െവച്ചുപിടിപ്പിച്ചു. സിനിമയുടെ തിരക്കിനിടയിലും കൃഷി എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. മൂന്നാംമൂടില്‍ അഞ്ചേക്കര്‍ സ്ഥലത്ത് തെങ്ങ്, കവുങ്ങ്, മാവ്, കപ്പ, വാഴ, കുറ്റിമുല്ല, ഓര്‍ക്കിഡ് തുടങ്ങി മിക്കവാറും എല്ലാ കൃഷികളുമുണ്ടായിരുന്നു.

വീടിന് പുറത്തേക്ക് പോകാത്ത താങ്കളുടെ ഒരുദിവസം എങ്ങനെയാണ് കടന്നുപോകുന്നത്?

സ്‌കൂള്‍പഠനകാലത്തേ ഏറെ വൈകി കിടക്കുന്ന സ്വഭാവമാണ് എന്റേത്. കോളേജിലെത്തിയപ്പോള്‍ ഉറങ്ങാന്‍ കിടക്കുന്ന സമയം പുലര്‍ച്ചെ അഞ്ചുമണിയായി. നാടകറിഹേഴ്സലും സിനിമകാണലുമൊക്ക കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ 12 മണി കഴിഞ്ഞിട്ടുണ്ടാകും. പിന്നെ ഏതെങ്കിലും നോവലിലൂടെ ചെറുകഥയിലൂടെ അതുമല്ലെങ്കില്‍ നാടകത്തിലൂടെ കടന്നുപോകും. വായിക്കുന്ന കൃതികളിലെ ഏതെങ്കിലും ഒരു കഥാപാത്രം ഞാനാണെന്ന് സങ്കല്പിച്ചുള്ള ആ വായനാനുഭവം മറക്കാനാവില്ല. പിന്നെയാണ് പാഠപുസ്തകങ്ങളിലേക്ക് കടക്കുന്നത്. അതുംകഴിഞ്ഞ് ഞാന്‍ കിടക്കാന്‍ നേരമാകുമ്പോഴേക്കും വീട്ടുകാര്‍ എഴുന്നേറ്റിട്ടുണ്ടാവും. ഒരുപക്ഷേ, ഇത് ജന്മനാലുള്ള എന്റെ തകരാറാവാം. വൈകി എഴുന്നേറ്റ്, ഏറെ വൈകി കിടക്കുന്ന ആ രീതി ഇപ്പോഴും മാറിയിട്ടില്ല. ഇപ്പോള്‍ വായനയും സിനിമകാണലുമൊക്കെയാണ് പ്രധാന പരിപാടി. ഞാനഭിനയിച്ച അറുപത് ശതമാനം സിനിമകളും മുഴുവനായി കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴാണ് പലതും വീണ്ടും കാണുന്നത്. ഈ പടങ്ങളിലെല്ലാം ഞാന്‍ അഭിനയിച്ചിരുന്നോ എന്നോര്‍ത്ത് അദ്ഭുതം തോന്നും.

വ്യക്തിജീവിതത്തില്‍ ആഗ്രഹിച്ച ഒരു കാര്യം സംഭവിക്കാതെപോയതില്‍ വിഷമമുണ്ടെന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ. അതെന്തായിരുന്നു ?

ജീവിതത്തില്‍ ഒപ്പമുണ്ടായിരുന്നവള്‍, ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞ് ഏറെ വൈകിയെത്തുമ്പോഴും എനിക്കായി കാത്തിരുന്നവള്‍, പെട്ടന്നൊരുനാള്‍ രോഗശയ്യയിലായി. പിന്നീട് ഞാന്‍ അധികം വീട് വിട്ടുനിന്നിട്ടില്ല. എത്ര വൈകിയാലും വീട്ടിലെത്തും. അവള്‍ കിടക്കുന്ന മുറിയിലെത്തി, ഉറങ്ങുകയാണെങ്കില്‍ വിളിക്കാറില്ല. പതിവുപോലെ വായനയും സിനിമകാണലുമായി എന്റെ രാത്രികള്‍ കടന്നുപോകും. എട്ടുവര്‍ഷം മുന്‍പ് അവള്‍ പോയി, എന്റെ തങ്കം. എന്റെ ആഗ്രഹവും പ്രാര്‍ഥനയും ഒന്നുമാത്രമായിരുന്നു. ഞാന്‍ മരിക്കുമ്പോള്‍ തങ്കം ജീവിച്ചിരിക്കണം. ആ ആഗ്രഹം മാത്രം എന്റെ ജീവിതത്തില്‍ നടന്നില്ല. വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്തില്‍ മകളും കുടുംബവുമുണ്ട്. അന്‍പതു വര്‍ഷങ്ങളിലേറെയായി താമസിക്കുന്ന ഈ വീട്ടില്‍ ഇപ്പോള്‍ ഞാന്‍മാത്രം. പക്ഷേ, ഞാനൊറ്റയ്ക്കല്ല. അവള്‍ ഇവിടെയൊക്കെയുണ്ട്. ആ മുറിയുടെ വാതില്‍ ഞാന്‍ ഇപ്പോഴും അടച്ചിട്ടില്ല.

Content Highlights: actor madhu interview, malayalam movies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented