ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഫ്ലുവൻസറും മോഡലുമായ നിധി തിവാരി മരിച്ചനിലയിൽ. ഞായറാഴ്ച വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി.

To advertise here,

ഫേസ്ബുക്കിൽ ഒമ്പത് ലക്ഷവും ഇൻസ്റ്റഗ്രാമിൽ ഏഴ് ലക്ഷവും  ഫോളോവേഴ്സ് ഉള്ള ഇൻഫ്ളുവൻസറായിരുന്നു നിധി തിവാരി. മധ്യപ്രദേശ് വിന്ധ്യ മേഖലയിൽ ഏറ്റവുംകൂടുതൽ ജനപ്രീതിയുള്ള ഇൻഫ്ലുവൻസർ ആയിരുന്നു അവർ. 2024-ൽ മിസ് പ്രറ്റി കിരീടവും ലഭിച്ചിരുന്നു. അഭിനയ രംഗത്തേക്ക് ചുവടുവെക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് സംഭവം.

ശനിയാഴ്ച രാത്രി നിധി തിവാരി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ മറുവശത്തുള്ളയാളുമായി തർക്കമുണ്ടായെന്നും ഇതാണ് മരണത്തിന് കാരണമെന്നും കുടുംബം ആരോപിച്ചു. ഫോണിൽ സംസാരിച്ചതിന് പിന്നാലെ അസ്വസ്ഥയായ നിധി തിവാരി മുറിയിൽ കയറി കതകടക്കുകയായിരുന്നു. പിന്നീട് നിധിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഡൽഹിയിലുള്ള യുവാവുമായാണ് നിധി തിവാരി ഫോണിൽ സംസാരിച്ചതെന്ന് മാതാവ് ലതാ തിവാരി പറയുന്നു. തർക്കത്തിന് പിന്നാലെ അതിവൈകാരികമായ ഒരു പോസ്റ്റും നിധി തിവാരി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

"എന്റെ സ്നേഹം ആരും പൂർണതയിലെത്തിച്ചില്ല, ഞാൻതന്നെ അത് ചെയ്തു. അവനവനെ തന്നെ സ്നേഹിക്കുക. നിങ്ങൾക്ക് വേണ്ടിയുള്ള തിരച്ചിൽ നിങ്ങളിൽതന്നെ നടത്തുക. എത്രകാലം നിങ്ങൾ നിങ്ങളെ മറ്റൊരാളിൽ തിരഞ്ഞുകൊണ്ടിരിക്കും”, എന്നായിരുന്നു നിധിയുടെ വാട്സാപ്പ് സ്റ്റാറ്റസ്.

ഇതിന് പിന്നാലെയായിരുന്നു മരണം. ഭക്ഷണം കഴിക്കാനായി കുടുംബം കതകിൽ തട്ടിവിളിച്ചിട്ടും കതക് തുറന്നില്ല. തുടർന്ന് എല്ലാവരും കിടന്നുറങ്ങി. ഞായറാഴ്ച രാവിലെയും കതക് തുറക്കാത്തതിനെത്തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കെട്ടിത്തൂങ്ങിയ നിലയിൽ നിധിയുടെ മൃതദേഹം കണ്ടെത്തിയത്.

അമ്മയ്ക്കും സഹോദരിക്കുമൊപ്പമായിരുന്നു നിധി താമസിച്ചിരുന്നത്. മൂത്ത സഹോദരി നേരത്തെ മരിച്ചിരുന്നു. പോലീസ് തുടർ നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് കുടുംബത്തിന് കൈമാറി. വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിനുശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും മോർവ പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെയോ ഹെൽപ്പ് ലൈൻ നമ്പറുകളിലോ സഹായം തേടുക. ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056.)