
സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകളിലെ ജീവനക്കാർ, ഓൺലൈൻ ടാക്സി ഡ്രൈവർമാർ അടക്കമുള്ള ഗിഗ് തൊഴിലാളികൾ രാപ്പകലില്ലാതെയാണ് നഗരവീഥികളിൽ അധ്വാനിക്കുന്നത്. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ മഴയും വെയിലും വകവെക്കാതെ ഓടിനടക്കുന്ന ഇവർ, പലപ്പോഴും റോഡരികിലോ പെട്രോൾ പമ്പുകളിലോ നിലയുറപ്പിച്ചാണ് ആഹാരം കഴിച്ചിരുന്നത്. എന്നാൽ ഇനി അവർക്ക് സമാധാനത്തോടെ നടുനിർത്താനും വിശ്രമിക്കാനും ഒരിടമുണ്ട്, തൊഴിൽ വകുപ്പ് ആരംഭിച്ച ഗിഗോൺ (GigOn) വിശ്രമ കേന്ദ്രങ്ങൾ.
എയർകണ്ടീഷൻ ചെയ്ത മുറികളും ഡൈനിംഗ് ഏരിയയും
തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ച കേന്ദ്രത്തിൽ ഗിഗ് തൊഴിലാളികൾക്കായി അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്:
ഭക്ഷണവും വിശ്രമവും: കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒരേ സമയം 20 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഡൈനിങ് ടേബിളുകളും കസേരകളും ഒരുക്കിയിട്ടുണ്ട്.
വിനോദവും സുരക്ഷയും: ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ടിവി കണ്ട് വിശ്രമിക്കാനും സൗകര്യമുണ്ട്. സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രത്തിൽ പൂർണ്ണമായും സിസിടിവി നിരീക്ഷണവുമുണ്ട്.
ശുചിമുറിയും ചാർജിങ്ങും: ഒന്നാം നിലയ്ക്ക് പുറമെ രണ്ടാം നിലയിലും ശുചിമുറികൾ സജ്ജമാണ്. മൊബൈൽ ഫോൺ റീചാർജ് ചെയ്യാനുള്ള സ്വിച്ച് ബോർഡുകളും സൗജന്യ ഹൈ-സ്പീഡ് വൈഫൈയും ഇവിടെ ലഭ്യമാണ്.
പ്രവർത്തന സമയം: രാവിലെ 8:00 മണി മുതൽ രാത്രി 10:00 മണി വരെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. വൃത്തിയും പരിപാലനവും ഉറപ്പാക്കാൻ ശുചീകരണ ജീവനക്കാരനടക്കം നാല് ജീവനക്കാർ രണ്ട് ഷിഫ്റ്റുകളിലായി സേവനത്തിനുണ്ട്.
വനിതാ ജീവനക്കാർക്ക് വലിയ ആശ്വാസം; സാമ്പത്തിക ലാഭവും
ഹോട്ടലുകളിൽ കയറി ഭക്ഷണം കഴിക്കുന്നതിന് പകരം വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം കഴിക്കാൻ സൗകര്യം ലഭിക്കുന്നത് തൊഴിലാളികളുടെ പ്രതിദിന ചെലവ് കുറയ്ക്കാനും സാമ്പത്തിക ലാഭമുണ്ടാക്കാനും സഹായിക്കുന്നു. അതോടൊപ്പം, ലേറ്റ് നൈറ്റ് ഷിഫ്റ്റുകളിലും ലോങ് ട്രിപ്പുകളിലും ജോലി ചെയ്യുന്ന വനിതാ ഗിഗ് തൊഴിലാളികൾക്ക് കേന്ദ്രം നൽകുന്ന സുരക്ഷിതത്വവും ശുചിമുറി സൗകര്യങ്ങളും ആശ്വാസമേകും.
ചൂഷണങ്ങൾക്കെതിരെ നിയമനിർമ്മാണം: തൊഴിൽ വകുപ്പ്
കേരളത്തിൽ എല്ലാ ഇടങ്ങളിലും ഇത്തരം വെൽനസ് സെന്ററുകൾ നിർമ്മിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് സംസ്ഥാന തൊഴിൽ വകുപ്പ് വ്യക്തമാക്കുന്നു. നിലവിൽ തിരുവനന്തപുരത്ത് തുടങ്ങിയ പദ്ധതി എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കും തുടർന്ന് 14 ജില്ലകളിലേക്കും വ്യാപിപ്പിക്കും. അതോടൊപ്പം, ഗിഗ് മേഖലയിൽ നിലനിൽക്കുന്ന തൊഴിൽ ചൂഷണങ്ങൾ തടയുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി പ്രത്യേക നിയമനിർമ്മാണത്തിനുള്ള നടപടികൾ തൊഴിൽ വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
Content Highlights: GigOn is a dedicated rest center initiative by the Kerala Labor Department for gig workers like delivery executives and cab drivers
Published: 28 Sept 2026, 03:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented