
അന്തരിച്ച നടൻ ബഹദൂർ എഴുതിയ കുറിപ്പാണിത്. സിനിമയിൽ ഹാസ്യരംഗങ്ങൾ അഭിനയിക്കുമ്പോഴും എത്രമാത്രം വേദനയോടെയും കഷ്ടപ്പാടുകളോടെയുമാണ് ഈ മനുഷ്യൻ ജീവിച്ചത് എന്ന് ഈ കുറിപ്പ് അനുഭവപ്പെടുത്തിത്തരും. ജീവിതത്തിന്റെ കടച്ചിൽ ഇതിലെ ഓരോ അക്ഷരത്തിലുമുണ്ട്...
ഞാൻ പാവമാണെന്നോ, നല്ലവനാണെന്നോ, ദിവ്യനാണെന്നോ, ദൈവപുത്രനാണെന്നോ സമർഥിക്കുന്നില്ല. ഞാൻ ഒരു മനുഷ്യപുത്രനാണെന്ന് തികച്ചും വിശ്വസിക്കുന്നു. മനുഷ്യരിൽ ഉണ്ടായേക്കാവുന്ന മൂല്യങ്ങളിൽ അധികഭാഗവും എന്നിൽ ഉണ്ടായിട്ടുണ്ട്. എന്റെ ഹൃദയത്തിൽ വെളിച്ചമായി കാണുന്ന ദൈവത്തെ അന്നും ഇന്നും എന്നും വിശ്വസിക്കുകയും പ്രാർഥിക്കുകയും ചെയ്യാറുണ്ട്. അത് ഹൃദയത്തിൽ തട്ടുന്ന വിധത്തിൽ ചെയ്തിട്ടുള്ളതുകൊണ്ടായിരിക്കാം ഞാൻ ആലോചിച്ചിട്ടുള്ള പലതും നടന്നിട്ടുള്ളത്.
ഏതെങ്കിലും ഒരുദിവസം മരിക്കുമല്ലോ, മരിക്കുന്നത് ഏതോ ഒരജ്ഞാതശക്തി നിർണയിക്കുന്ന രൂപത്തിലേ നടക്കൂ. മരിച്ചുകഴിഞ്ഞ് ശവശരീരം കുളിപ്പിച്ചുകിടത്തിയാൽ ആ ശരീരം കാണാൻ വരുന്ന ഏതെങ്കിലും ഒരുത്തനുണ്ടെങ്കിൽ അവർപോലും ഹൃദയത്തിൽ തട്ടി പറയരുതേ: ‘‘എന്നെ പറ്റിച്ചവനാണ് ഈ രക്ഷപ്പെട്ടവനെന്ന്.’’ ഇതാണെന്റെ ആദ്യ പ്രാർഥന. ഞാൻ വിശ്വസിക്കുന്ന ദൈവം എന്നെ ഒരു പരീക്ഷണവസ്തുവാക്കി മാറ്റിയതുകൊണ്ടാവണം ഞാനിത്രയും വേദന അനുഭവിക്കേണ്ടിവരുന്നത്.
‘മനസാ വാചാ കർമണാ’ ഞാനാരെയും വേദനിപ്പിച്ചിട്ടില്ല. ആരോടെങ്കിലും ക്ഷോഭിച്ച് സംസാരിച്ചിട്ടുണ്ടെങ്കിൽ ഞാൻ പശ്ചാത്തപിച്ചിട്ടുമുണ്ട്. ആരെന്ത് വേദനകൾ പറഞ്ഞാലും കഴിവിന്റെ പരമാവധി, എന്നെത്തന്നെ പണയം വെച്ച് സഹായിച്ചിട്ടുണ്ട്. ഞാൻ ക്ഷോഭിച്ചുസംസാരിച്ചവർതന്നെ എന്നോട് സഹായം ചോദിച്ചാൽ, എന്റെ എല്ലാ പ്രശ്നങ്ങളും മാറ്റിവെച്ച് അവരെ സഹായിച്ചിട്ടുണ്ട്. സഹായിച്ചിട്ടുണ്ടോ, അതിനുപകരം ഒന്നും പ്രതീക്ഷിച്ചില്ല. ഞാൻ സഹായിച്ചവരിൽനിന്ന് ഇന്നുവരെ ഒന്നും പ്രതീക്ഷിച്ചിട്ടുമില്ല. എന്റെ സഹായങ്ങൾക്ക് നന്ദി പറയേണ്ടവർ പലരുമുണ്ടെങ്കിലും പറഞ്ഞിട്ടുള്ളവർ ആരുമില്ല. അതെന്റെ ജാതകഫലമായിരിക്കാം. ഏകനായിരിക്കുമ്പോൾ ഇവയൊക്കെ ചിന്തിച്ചിട്ടുണ്ടെങ്കിലും അതും എന്റെ ജാതകത്തിന്റെ ഏടിൽ ഞാൻ ചേർക്കുന്നു.
രണ്ടുവർഷം മുൻപ് ഏകദേശം എട്ടുലക്ഷം രൂപയോളം കടമുണ്ടായിരുന്ന ഞാൻ എഴുനൂറ്റിമുപ്പതു ദിവസം രാപകലില്ലാതെ, എടുക്കുന്ന കഥാപാത്രങ്ങളുടെ വിവരം പോലുമില്ലാതെ, അത്യധ്വാനം ചെയ്ത് അഭിനയിച്ചതിന്റെ ഫലമായി ഏകദേശം രണ്ടരലക്ഷം രൂപയോളം കൊടുത്തുതീർത്തു.
ബാക്കിവരുന്ന അഞ്ചരലക്ഷം രൂപയുടെ ബാധ്യതകൾ തീർക്കാൻ ഞാനിപ്പോൾ പെടാപ്പാടുകൾ പെടുകയാണ്. പ്രതിമാസം നാല്പതിനായിരം രൂപ പലിശയിനത്തിൽ കൊടുത്തുകൊണ്ടിരുന്ന ഞാനിപ്പോൾ ഇരുപതിനായിരത്തിൽ എത്തിനിൽക്കുകയാണ്.
രാവിലെ ഏഴുമണി മുതൽ വെളുപ്പിന് രണ്ടുമണി വരെ രണ്ടും മൂന്നും ചിത്രങ്ങളിൽ അഭിനയിച്ചിട്ടും എന്റെ കടങ്ങൾ വർധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. കാറുവാടക, ഫോൺ വാടക, വീട്ടുവാടക, മാർവാഡി പലിശ, പെട്രോൾച്ചെലവ്, മറ്റു ചെലവുകൾക്കൊക്കെയായി, പതിനാറായിരം രൂപയാണ് ഒരു മാസം എന്റെ വീട്ടിലെ ചെലവ്. വാസ്തവത്തിൽ ഞാൻ ആലോചിച്ചുപോവുകയാണ്, എന്റെ വിധിയെക്കുറിച്ച്.
വെറും നൂറ്റമ്പതുരൂപ മാസം കിട്ടുമായിരുന്ന ആദ്യകാലത്ത് എത്ര സുഭിക്ഷമായി ഞാൻ ജീവിച്ചവനാണ്. പക്ഷേ, ഇപ്പോൾ ആയിരങ്ങൾ കിട്ടുമ്പോൾ ആ സംതൃപ്തിയില്ല. സുഖമില്ല. ഒരുകാര്യം മാത്രം വ്യത്യാസമുണ്ടായിട്ടുണ്ട്. നൂറ്റമ്പതുരൂപ കിട്ടുമ്പോൾ പത്തു രൂപ കടം ചോദിച്ചാൽ തരാത്ത ആളുകളോട് ഇന്ന് അയ്യായിരവും പതിനായിരവും ചോദിച്ചാൽ കിട്ടുമെന്ന നില വന്നിട്ടുണ്ട്. ഞാനിപ്പോൾ ആലോചിച്ചുപോകാറുണ്ട്, മാസത്തിൽ നാലും അഞ്ചും പടങ്ങൾ റിലീസ് ചെയ്യുന്നതിൽ മിക്കതിലും അഭിനയിക്കുന്ന നടൻ. ആയിരക്കണക്കിന് പ്രതിഫലം കിട്ടുന്ന നടൻ. ഒരു ദിവസമെങ്കിലും ഒരുരൂപ വീട്ടിൽ മിച്ചംവെക്കാൻ കഴിയുന്നില്ലല്ലോ എന്ന്.
രണ്ടര ഗ്രൗണ്ട് (12 സെന്റ്) സ്ഥലം മദ്രാസ് സിറ്റിയിൽ ഹൗസിങ് ബോർഡിന്റെ വക കിട്ടിയതിൽ ഇന്നും മൂവായിരം രൂപ കൊടുത്തുതീർക്കാനുണ്ട്. ഇത്രയെല്ലാം തകർച്ച ഉയർച്ചയിൽക്കൂടി വന്നതാണെങ്കിലും ഒരു സുപ്രഭാതത്തിൽ എന്നെ വിശ്വസിച്ചു തന്ന പണവും വിശ്വസിച്ച വ്യക്തിയുമാണ് കാരണം. അദ്ദേഹവും ഞാനും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ പടം എടുത്തതും വിതരണം തുടങ്ങിയതും. പണം തരുമ്പോൾ അദ്ദേഹം എന്നോടുപറഞ്ഞ വാചകം ഞാനോർക്കുന്നു: ‘‘ലാഭം കിട്ടിയാൽ മുഴുവൻ തനിക്കും നഷ്ടം വന്നാൽ പകുതി പകുതിയും.’’ ഞാൻ തകർന്ന്, തളർന്നപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞ വാചകവും ഞാനോർക്കുന്നു: ‘‘താൻ നന്നാകാൻ വേണ്ടിയാണ് സഹായിച്ചത്. താൻ നന്നായില്ല. മറ്റുള്ളവരെ സഹായിച്ചു. താൻ നന്നായതിനുശേഷം പോരായിരുന്നോ മറ്റുള്ളവരെ നന്നാക്കാൻ. ശരി. സംഭവിച്ചത് സംഭവിച്ചു. ഇനി താൻ നന്നാവാൻ ഞാനെന്തു ചെയ്യണം?’’ ഈ മനുഷ്യനെ ഞാൻ മനുഷ്യപുത്രനായിട്ടല്ല, ദൈവപുത്രനായി കണക്കാക്കുന്നു. ഇദ്ദേഹത്തിന്റെ കൈയിൽനിന്നും വാങ്ങിച്ചിട്ടുള്ളപോലെ ഇനിയും വാങ്ങിക്കാൻ മനസ്സ് അനുവദിക്കാത്തതുകൊണ്ടായിരിക്കാം, വീണ്ടും എന്റെ കൈ അങ്ങോട്ട് നീളാത്തത്. പക്ഷേ, അദ്ദേഹത്തിന്റെ പ്രേരണമൂലം ഞാൻ മൂന്നുചിത്രങ്ങൾ എടുക്കാൻ ആഗ്രഹിച്ചു. മൂന്നുചിത്രങ്ങൾ നിർമിച്ച് കടങ്ങൾ വീട്ടണം. എന്നെ അതിന് പ്രേരിപ്പിച്ചത് എന്റെ ശവശരീരത്തിന് കടമുണ്ടാകരുതെന്ന് കരുതിയാണുതാനും. മൂന്നു ചിത്രങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചുതീരുമാനിച്ചു. മൂന്നു കഥകൾ വേണം. രണ്ടെണ്ണം ഉറ്റസ്നേഹിതനും സഹപാഠിയുമായ ഡോക്ടർ ബാലകൃഷ്ണന്റെ ‘പൊയ്‌മുഖങ്ങൾ’ എന്ന കഥയും, മറ്റൊരു കഥയും; കഥാകൃത്തും ക്യാമറാമാനുമായ പ്രകാശിന്റെ ഒരു കഥയുമായിരുന്നു എന്റെ ഉദ്ദേശ്യം. മൂന്നു ചിത്രത്തിനുവേണ്ടി എന്റെ സിനിമാ കുടുംബത്തിലെ അംഗങ്ങളെ പങ്കെടുപ്പിക്കണമെന്നും ആശിച്ചു.
പക്ഷേ, ആശയുടെ പട്ടം ചരടുപൊട്ടി ആകാശത്തിലൂടെ പറന്നുനടക്കുന്നു. എന്നെ സഹായിച്ച, വീണ്ടും സഹായിക്കാമെന്ന് ഏറ്റ വ്യക്തി ഇന്ന് എന്നെ സഹായിക്കാൻ കഴിയാത്തത്ര പരുവക്കേടിലാണ്. എന്റെ വിധിയെ ഞാൻ പഴിച്ചിട്ടെന്തു കാര്യം. അംഗീകരിക്കുകതന്നെ.
ഞാനിത്രയും വ്യക്തമായും ശക്തമായും എഴുതിയതിന് കാരണമുണ്ട്. ക്യാമറയുടെ മുൻപിൽ ഇത്രയൊക്കെ വേദനകൾ തിന്നുകൊണ്ട് അഭിനയിച്ചിട്ടുള്ള എന്റെ മാനസികസംഘട്ടനങ്ങൾ എന്റെ ചിത്രങ്ങൾ കാണുമ്പോഴെങ്കിലും മനസ്സിലാക്കാൻ വേണ്ടിയാണ്. ഇന്നെന്റെ ഓരോ ദിവസവും കടന്നുപോകുന്നത് എങ്ങനെയെന്ന് എനിക്കുതന്നെ അറിയില്ല. പണം കൊടുക്കാനുള്ളവരുടെ ടെലിഫോണുകളും അഭിനയിക്കാൻ ഏറ്റിട്ടുള്ള സിനിമാ പ്രൊഡക്‌ഷൻ മാനേജർമാരുടെ വരവും ഡയറി നോക്കി അഡ്ജസ്റ്റ് ചെയ്ത് കോൾഷീറ്റ് കൊടുത്തവരുടെ പ്രശ്നങ്ങളും നേരം വെളുത്താൽ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ വെളുപ്പിനു കിടക്കുന്ന ഞാൻ, രാവിലെ ചാടി യെഴുന്നേറ്റ് ഫോൺ ചെയ്യുന്നവരെ സമാധാനിപ്പിച്ചും വരുന്നവരെ പിണക്കാതെ നിർത്തി, പല്ലുതേച്ചും തേയ്ക്കാതെയും ശരീരത്തിലെ അഴുക്കു കളഞ്ഞും കളയാതെയും കാറിൽ സ്റ്റുഡിയോയിൽ ചെല്ലുമ്പോൾ എന്നെ കാത്തിരിപ്പാവും ഏവരും.
ഷൂട്ടിങ്ങിന് സെറ്റിനുള്ളിൽ കയറിയാൽ ഏതു വേദനയും ഇലക്‌ട്രിക് സ്വിച്ചിട്ടപോലെ നിർത്താൻ എനിക്കു കഴിയുന്നു. ദുഃഖം ഉള്ളിൽപ്പേറി ഹാസ്യം അഭിനയിക്കുന്നു. സെറ്റിൽ കയറിയാൽ എല്ലാം മറക്കാൻ ദൈവം എനിക്കു നൽകുന്ന അനുഗ്രഹത്തിന് അദ്ദേഹത്തിനോട് ഏതു ഭാഷയിൽ നന്ദി പറയണമെന്ന് എനിക്കറിയില്ല.
അങ്ങനെ ജീവിതമാകുന്ന തോണി വാപ്പയെയും ഉമ്മയെയും ഏഴു സഹോദരിമാരെയും കയറ്റി മുൻപോട്ടു നീക്കാൻ ആഞ്ഞു തണ്ടു വലിക്കുന്ന ഞാൻ അമരം പിടിക്കാൻ വേണ്ടി കണ്ണടച്ചു വലിച്ചുകൊണ്ടിരുന്നു, കുറെ കഴിഞ്ഞ് കണ്ണു തുറന്നപ്പോൾ അമരത്തിരിക്കുന്ന ഏക സഹോദരൻ വലിക്കുന്നത് എതിരേയാണ്. ഞാനും സഹോദരനും ജീവിതത്തോണി വലിക്കുമെന്ന വിശ്വാസത്തോടെ എല്ലാവരും കണ്ണടച്ചു സുഷുപ്തിയിലാണ്. പക്ഷേ, സഹോദരൻ എതിരേയാണ് തുഴയുന്നതെന്നു വന്നാൽ? അവർ കണ്ണു തുറന്നു. അവരെ രക്ഷിക്കേണ്ട ആൺതരികൾ എതിരായി വലിക്കുന്നു. അപ്പോൾ മനസ്സിലായി മൂത്തമകന്, സഹോദരന് ബുദ്ധിഭ്രമമാണെന്ന്. നടുക്കടലിൽ എത്തിയപ്പോൾ ആദ്യമായി സുഹ്‌റ ആഴക്കടലിലേക്ക് ചാടി, പിന്നെ ഉമ്മ വിലയ്ക്കു വാങ്ങിയ ജമീല ചാടി, സഹികെട്ടപ്പോൾ വാപ്പാ ചാടി; റുക്കിയയും. ഗത്യന്തരമില്ലാതെ രക്ഷപ്പെടാൻ മാർഗമില്ലെന്നു വന്നപ്പോൾ ഉമ്മയും ചാടി. അങ്ങനെ പന്ത്രണ്ട് അംഗങ്ങളുമായി പുറപ്പെട്ട തോണി, ഇവരെല്ലാം ചാടിരക്ഷപ്പെട്ടപ്പോൾ ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിച്ച് കരപറ്റിക്കാൻ ശ്രമിച്ചു.
എതിരേ തുഴ വലിച്ച സഹോദരനെയും സഹോദരികളെയും ഞാൻ അങ്ങനെ ഓരോ കരകളിലടുപ്പിച്ചു. തോണിയും ഞാനും മാത്രം ബാക്കി. എന്നിട്ട് ജീവിതത്തിന്റെ ആശ്വാസത്തിനായി ജമീലയെ കല്യാണം കഴിച്ചു. മൂന്നു കുട്ടികളുണ്ടായി. രണ്ടാൺമക്കളും ഒരു പെൺകുട്ടിയും.
ജീവിതത്തോണി വലിക്കുന്നതിന് ജമീല സഹായിക്കുന്നുണ്ടെങ്കിലും ഈ തോണി ഇനി എവിടെ അടുക്കുമെന്നോ, പങ്കായക്കയർ എവിടെ പൊട്ടുമെന്നോ അറിഞ്ഞുകൂടാ. തുഴ ഒടിയുമ്പോൾ, കയർ അറ്റുവീഴുമ്പോൾ, തോണിയിൽ സുഷിരങ്ങൾ വീഴുമ്പോൾ നിൽക്കും. എല്ലാം നിൽക്കും. നിൽക്കുന്നിടംവരെ സർവശക്തിയും ഉപയോഗിച്ച് ഉദ്ദിഷ്ടസ്ഥാനത്ത് എത്താൻ വേണ്ടി ശ്രമിക്കും. അതു വിഫലമായാൽ ഞാനെന്ന ഞാൻ അവിടെ അസ്തമിക്കും. കടലിൽ മുങ്ങിമുങ്ങി... അസ്തമിക്കുന്ന സമയത്തും മരിക്കുന്ന സമയത്തും ഒരേയൊരു പ്രാർഥനയേ എനിക്കുള്ളൂ: ‘‘എന്റെ മയ്യത്തിന് കടം ഉണ്ടാകരുതേ.’’
(മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന ബഹദൂറിന്റെ ആത്മകഥയിൽനിന്ന്)
Content Highlights: actor Bahadoor shares his life, struggle, Cinema
Published: 02 Nov 2021, 07:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented