ആദ്യ കേൾവിയുടെ അതേ അനുഭൂതി പകർന്ന് ഇന്നും കാതോരത്തുണ്ട് സൂര്യതേജസ്സാർന്ന ആ നാദവും ആലാപനവും.

To advertise here,

"ശാരികേ ശാരികേ സിന്ധുഗംഗാ നദീ
തീരം വളർത്തിയ ഗന്ധർവ ഗായികേ
പാടുക നീയീ പുരുഷാന്തരത്തിലെ
ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികൾ..."

"വെറും പതിനഞ്ചു മിനിറ്റിനുള്ളിൽ വയലാർ എഴുതിത്തീർത്ത കവിതയാണത്." - മാധുരിയോടൊപ്പം "ശരശയ്യ" (1971) എന്ന ചിത്രത്തിന് വേണ്ടി ആ ഗാനത്തിന് ശബ്ദം പകർന്ന എം.ജി. രാധാകൃഷ്ണന്റെ വാക്കുകൾ. "ആയുഷ്കാലം മുഴുവൻ അഭിമാനത്തോടെ മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന പാട്ടായി അത് വളരുമെന്ന് പാടി റെക്കോർഡ് ചെയ്യുമ്പോൾ ചിന്തിച്ചിട്ടില്ല. ഓരോ പാട്ടിനും ഓരോ നിയോഗം."

രാധാകൃഷ്ണനിലെ ഗായകനെ യാദൃച്ഛികമായി തേടിവരികയായിരുന്നു വയലാർ - ദേവരാജൻ കൂട്ടുകെട്ടിന്റെ ആ ക്ലാസ്സിക് സൃഷ്ടി. "ഏതോ പാട്ടിന്റെ റെക്കോർഡിംഗ് കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു വണ്ടികയറാൻ ഒരുങ്ങുമ്പോഴാണ് ദേവരാജൻ മാസ്റ്റർ വിളിച്ചുപറയുന്നത്; പോകാൻ വരട്ടെ, നിനക്ക് ഒരു പാട്ട് പാടാൻ വെച്ചിട്ടുണ്ടെന്ന്. ‘ശരശയ്യ’യുടെ വർക്ക് മുഴുവൻ ഏതാണ്ട് പൂർത്തിയായിരുന്നു അപ്പോഴേക്കും. ആ ഘട്ടത്തിലാണ് അനശ്വരനായ സത്യൻ മാഷ് മരണത്തിന് കീഴടങ്ങുന്നത്. വയലാറിനേയും ദേവരാജൻ മാഷേയും സംവിധായകൻ തോപ്പിൽ ഭാസിയേയും ഒരുപോലെ വേദനിപ്പിച്ച വിയോഗം. മൂവരും ചേർന്ന് പെട്ടെന്നൊരു തീരുമാനമെടുക്കുന്നു, സത്യൻ മാഷിന് പ്രണാമമായി ഒരു കവിത കൂടി ‘ശരശയ്യ’യിൽ വേണം. പടം റിലീസാകാൻ അധികനാളില്ല. അതുകൊണ്ട് ഏത്രയും പെട്ടെന്ന് പാട്ട് തയ്യാറായേ പറ്റൂ.

വുഡ്ലാൻഡ്‌സ് ഹോട്ടലിലെ മുറിയിലിരുന്ന് ഏതാനും മിനിറ്റുകൾ കൊണ്ട് വയലാർ കവിതയെഴുതുന്നു. അതേ വേഗതയിൽ ദേവരാജൻ മാസ്റ്റർ അത് ചിട്ടപ്പെടുത്തുന്നു. തൊട്ടടുത്ത ദിവസം തന്നെ എം.ജി. രാധാകൃഷ്ണന്റെയും മാധുരിയുടെയും ശബ്ദത്തിൽ ഭരണി സ്റ്റുഡിയോയിൽ ആ ഗാനം റെക്കോർഡ് ചെയ്യപ്പെടുന്നു. ശീർഷകഗാനമായാണ് സിനിമയിൽ അതുപയോഗിക്കപ്പെട്ടത്.

സത്യൻ മാസ്റ്റർക്ക് പ്രണാമമായി ഒരു കവിത എന്ന് കേട്ടപ്പോൾ രാധാകൃഷ്ണന് പെട്ടെന്ന് ഓർമ്മ വന്നത് ആത്മസുഹൃത്ത് കൂടിയായ നടൻ പി.കെ. വിക്രമൻ നായരെ അനുസ്മരിച്ചുകൊണ്ട് മുൻപൊരിക്കൽ വയലാർ കുറിച്ച വരികളാണ്: "കൈയിൽ ഒരിന്ദ്രധനുസ്സുമായ്‌ കാറ്റത്ത് പെയ്യുവാൻ നിന്ന തുലാവർഷമേഘമേ കമ്രനക്ഷത്ര രജനിയിലിന്നലെ കണ്ടുവോ നീയെന്റെ രാജഹംസത്തിനെ" എന്ന വിഖ്യാത കവിത. എന്നാൽ, ഇത്തവണ തീർത്തും ദാർശനിക മാനങ്ങളുള്ള രചനയായിരുന്നു കവിയുടേത്. പ്രൗഢഗംഭീരമായ ഉപനിഷദ് മന്ത്രത്തിൽനിന്ന് തുടങ്ങുന്ന കവിത: "ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധത."

സിനിമയുടെ കഥാഗതിയുമായി ചേർന്നുനിൽക്കുന്ന വരികളായിരുന്നു പാട്ടിന്റേത് എന്നൊരു പ്രത്യേകത കൂടിയുണ്ട്: "മണ്ണോട് മണ്ണായ മോഹഭംഗങ്ങളെ ചെന്നു തൊഴുന്ന യുഗശ്‌മശാനങ്ങളിൽ, സത്യധർമ്മങ്ങൾ മുറിവേറ്റു വീഴുന്നു യുദ്ധപ്പറമ്പിലെ ഈ ശരശയ്യയിൽ.."

പ്രതീക്ഷാനിർഭരമായ ഒരു ആഹ്വാനത്തോടെയാണ് പാട്ടിന്റെ അവസാനം:

"വീണ്ടുമുണരട്ടെ ഈ സംക്രമോഷസ്സിൽ
വീണ്ടും കവചം ധരിക്കട്ടെ ഭാരതം
ഉണരട്ടെ ഭാരതം
വിശ്വപ്രകൃതിയെ കീഴടക്കാനുള്ള
വിപ്ലവം വീണ്ടും തുടരട്ടെ ഭാരതം "

തിരുവനന്തപുരം വെള്ളയമ്പലത്തിനടുത്തുള്ള വയലാർ പ്രതിമക്ക് മുന്നിലൂടെ കാറിൽ സഞ്ചരിക്കുമ്പോഴാണ് "ശരശയ്യ"യിലെ പാട്ടിന്റെ പിറവിക്കഥ രാധാകൃഷ്ണൻ ചേട്ടൻ പങ്കുവെച്ചത്. "ഈ പ്രതിമ കാണുമ്പോഴെല്ലാം എനിക്കോർമ്മ വരിക ഞാൻ പാടിയ വയലാറിന്റെ വരികളാണ്. ഭാവോജ്ജ്വലങ്ങളാം സൂര്യഗായത്രികൾ എന്നൊക്കെ വയലാറിനല്ലാതെ മറ്റാർക്കാണ് എഴുതാൻ കഴിയുക? അത്തരമൊരു പാട്ട് പാടാൻ അവസരം കിട്ടിയത് മഹാഭാഗ്യമായിത്തന്നെ കരുതുന്നു ഞാൻ...." വയലാറിന്റെ വേറെയും രചനകൾക്ക് ശബ്ദം പകർന്നിട്ടുണ്ട് രാധാകൃഷ്ണൻ: പല്ലനയാറിൻ തീരത്ത് (നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി), രാമായണത്തിലെ സീത (ഒതേനന്റെ മകൻ), മല്ലാക്ഷീ മണിമാറിൽ (കുമാരസംഭവം), വൈക്കത്തപ്പനും ശിവരാത്രി (മഴക്കാറ്)…

വയലാറിന് പിറകെ തോപ്പിൽ ഭാസിയും ദേവരാജൻ മാഷും എം.ജി. രാധാകൃഷ്ണനുമൊക്കെ ഓർമ്മയായി. ആൽത്തറ ജങ്ക്ഷനിൽ ദേവരാജൻ മാസ്റ്ററുടെ അർദ്ധകായ പ്രതിമ വന്നു. ഇപ്പോഴിതാ എം.ജി. രാധാകൃഷ്ണനെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ ഞായറാഴ്ച്ച മോഡൽ സ്കൂൾ ജങ്ക്ഷനടുത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്നു. എല്ലാം കാലം കാത്തുവെച്ച നിയോഗങ്ങൾ. രാധാകൃഷ്ണൻ ചേട്ടൻ തന്നെ ചിട്ടപ്പെടുത്തിയ കാവാലത്തിന്റെ വരികൾ അറിയാതെ മൂളുന്നു മനസ്സ്: "ഓർമ്മകൾ ഓർമ്മകൾ, ഓലോലം തകരുമീ തീരങ്ങളിൽ, ഒരിക്കലെങ്കിലും കണ്ട മുഖങ്ങൾ മറക്കാനെളുതാമോ....?"