മനോഹരമായി പാടുന്ന സുന്ദര വില്ലന്മാരുടെ കൂട്ടത്തിലായിരുന്നു ഉമ്മറിന്റെ മിക്ക കഥാപാത്രങ്ങളും.

പാട്ടുപാടാത്ത, പ്രണയിക്കാത്ത സി.ഐ.ഡിമാർ കുറവായിരുന്നു ഒരിക്കൽ മലയാളസിനിമയിൽ. മതിയാംവണ്ണം ഒന്ന് പ്രേമിച്ചു തീർന്നിട്ട് വേണ്ടേ കുറ്റാന്വേഷണത്തിന് സമയം കിട്ടാൻ ? പ്രതിനായക വേഷങ്ങളിലൂടെയാണ് ഖ്യാതിയെങ്കിലും സിനിമയിൽ ചിലപ്പോഴൊക്കെ കുറ്റാന്വേഷകനുമായിട്ടുണ്ട് കെ.പി. ഉമ്മർ. "പോസ്റ്റുമാനെ കാണാനില്ല" യിലെ സി.ഐ.ഡി മധു ഉദാഹരണം. പക്ഷേ സിനിമയുടെ രണ്ടാം പകുതിയിലേ ഉമ്മറിന്റെ കഥാപാത്രത്തിന്റെ യഥാർത്ഥ സ്വത്വം വെളിപ്പെടൂ. തെരുവിൽ ചിത്രം വരച്ചും ആടിപ്പാടിയും നടക്കുന്ന വട്ട് കൃഷ്ണൻ മാത്രമാണ് അതുവരെ അയാൾ. വേഷപ്രച്ഛന്നനായി നടക്കേ ഇടക്കൊരിക്കൽ ഗന്ധർവ നാദത്തിൽ പാടുന്നുമുണ്ട്. ചില്ലറപ്പാട്ടല്ല; ഒന്നാന്തരമൊരു ദാർശനിക ഗാനം. അഗാധമായ അർത്ഥ തലങ്ങളുള്ള ഒന്ന് :
"ഈശ്വരൻ ഹിന്ദുവല്ല, ഇസ്ലാമല്ല,
ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല..."
പാടി അഭിനയിച്ച പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്നു ചോദിച്ചപ്പോൾ ഉമ്മുക്ക പെട്ടെന്ന് ഓർത്തെടുത്തത് വയലാർ - ദേവരാജൻ കൂട്ടുകെട്ടിന്റെ ഈ ഗാനമാണ്. ഒപ്പം ഒന്നുകൂടി പറഞ്ഞു അദ്ദേഹം: "എന്റെ അഭിനയം കൊണ്ടല്ല, പാട്ടിന്റെ ഗുണം കൊണ്ടാണ് അതെനിക്ക് പ്രിയങ്കരമാകുന്നത്. എത്ര അർത്ഥ സമ്പുഷ്ടമാണ് വയലാറിന്റെ വരികൾ. സമൂഹത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരായ സ്വന്തം നിലപാട് നാലഞ്ചു വരികളിൽ ഒതുക്കിവെച്ചിരിക്കുകയാണ് അദ്ദേഹം."
പാട്ടിനൊത്ത് ചുണ്ടനക്കി അഭിനയിക്കുമ്പോൾ വരികൾ സൂക്ഷ്മമായി ശ്രദ്ധിക്കാൻ കഴിയണമെന്നില്ല. എങ്ങനേയും രംഗം ചിത്രീകരിച്ചു തീർക്കുക എന്നതാവും അപ്പോഴത്തെ ചിന്ത. "നല്ല പൊരിവെയിലത്ത് വലിയൊരു ജനക്കൂട്ടത്തെ സാക്ഷിയാക്കി നടുറോഡിൽ ചിത്രീകരിച്ച പാട്ടാണ് ഈശ്വരൻ ഹിന്ദുവല്ല. ആ സമയത്ത് വരികളുടെ അർത്ഥതലങ്ങളിലേക്ക് മനസ്സ് സഞ്ചരിച്ചിരുന്നില്ല. എന്നാൽ പിന്നീട് ആ പാട്ട് പൂർണ്ണമായി കേട്ടപ്പോൾ, അത്ഭുതം തോന്നി.... ഈ തലമുറയ്ക്ക് മാത്രമല്ല വരും തലമുറകൾക്കും ഉൾക്കൊള്ളാനുള്ള സന്ദേശം വളരെ ലളിതമായി ആ പാട്ടിന്റെ വരികളിൽ ഒതുക്കിവെച്ചിരിക്കുന്നു വയലാർ. എക്കാലവും പ്രസക്തമായ വീക്ഷണം."
"വെള്ളപൂശിയ ശവക്കല്ലറയിലെ
വെളിച്ചപ്പാടുകളേ - നിങ്ങൾ
അമ്പലങ്ങൾ തീർത്തു ആശ്രമങ്ങൾ തീർത്തു
ആയിരം പൊയ്മുഖങ്ങൾ തീർത്തു
ഈശ്വരന്നായിരം പൊയ്മുഖങ്ങൾ തീർത്തു.."
അടുത്ത വരികളിലെ ആശയം കുറച്ചുകൂടി തീക്ഷ്ണമാണ്: "കൃഷ്ണനെ ചതിച്ചു ബുദ്ധനെ ചതിച്ചു ക്രിസ്തുദേവനെ ചതിച്ചു, നബിയെ ചതിച്ചു മാർക്സിനെ ചതിച്ചു നല്ലവരെന്നു നടിച്ചു, നിങ്ങൾ നല്ലവരെന്നു നടിച്ചു.." തീർന്നില്ല: അവസാന ചരണം ഇങ്ങനെ:
"കാവി ചുറ്റിയ സന്ധ്യക്ക് പിന്നിലെ കറുത്ത വാവുകളേ,
നിങ്ങൾ ഭാരത വേദാന്തം അദ്വൈത വേദാന്തം
ഭഗവദ് ഗീത കൊണ്ടു മറച്ചു,
ഇത്രനാൾ ഭഗവദ് ഗീത കൊണ്ടു മറച്ചു.."
സംഗീതപ്രേമിയാണെങ്കിലും സിനിമാഭിനയം തുടങ്ങിയ കാലം തൊട്ടേ പാട്ടിനൊത്ത് ചുണ്ടനക്കേണ്ട സന്ദർഭം ഉണ്ടാകരുതേ എന്നായിരുന്നു ഉമ്മറിന്റെ പ്രാർത്ഥന. തനിക്കൊരിക്കലും ഇണങ്ങാത്ത ഇടപാടാണ് മരംചുറ്റി പ്രേമവും നായികക്ക് പിന്നാലെയുള്ള ഓട്ടവും എന്ന് വിശ്വസിച്ചു ഉമ്മർ. പറഞ്ഞിട്ടെന്തു കാര്യം? രണ്ടാമത്തെ പടമായ `ഉമ്മ' (1960) യിൽ തന്നെ പാടി അഭിനയിക്കേണ്ടി വന്നു അദ്ദേഹത്തിന്. കാമുകിക്ക് പിന്നാലെ രാജാപ്പാർട്ട് വേഷം കെട്ടി "എൻ കണ്ണിന്റെ കടവിലടുത്താൽ'' എന്ന് പാടി നടന്ന സുന്ദരനായ ഉമ്മറിനെ ഇഷ്ടപ്പെട്ടവർ ഏറെയുണ്ടായിരുന്നു അന്ന്. സ്നേഹജാൻ എന്ന തേനൊലിക്കുന്ന പേരിലാണ് ആ സിനിമയിൽ ഉമ്മർ അഭിനയിച്ചതെന്നത് മറ്റൊരു കൗതുകം. "പക്ഷേ പാട്ടുസീനുകൾ പിന്നീട് കണ്ടപ്പോൾ എനിക്കു തന്നെ ചിരിവന്നു. വരികൾക്കൊത്ത് ചുണ്ടനക്കുന്നതിന്റെ ടെൻഷൻ മുഖത്ത് ശരിക്കും കാണാം.'' -- ഉമ്മർ.
അതെന്തായാലും മലയാളത്തിലെ എക്കാലത്തെയും മികച്ച ചില പാട്ടുകളെങ്കിലും വെള്ളിത്തിരയിൽ അനശ്വരമാക്കിയത് ഈ സുന്ദരവില്ലനാണ് എന്നറിയുക: പാലാണ് തേനാണെൻ ഖൽബിലെ പൈങ്കിളിക്ക് (ഉമ്മ), എത്ര ചിരിച്ചാലും ചിരി തീരുമോ (കണ്ണൂർ ഡീലക്സ്), കിഴക്കേ മലയിലെ വെണ്ണിലാവൊരു (ലോറാ നീ എവിടെ), നീലനിശീഥിനി (സി ഐ ഡി നസീർ), മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു (കാറ്റു വിതച്ചവൻ), കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടു (അച്ഛനും ബാപ്പയും), മൊഞ്ചത്തിപ്പെണ്ണേ നിൻ ചുണ്ട് (മരം), ചൈത്രയാമിനീ ചന്ദ്രികയാലൊരു (ദൃക്സാക്ഷി), നടന്നാൽ നീയൊരു (തെറ്റ്), റസൂലേ നിൻ കനിവാലേ (സഞ്ചാരി)....
പാട്ടഭിനയം മാനക്കേടു വരുത്തിവെച്ച കഥയും ഒരിക്കൽ വിവരിച്ചു കേട്ടിട്ടുണ്ട് ഉമ്മർ. ചിത്രം "ദാഹം" (1965). ഷീലയാണ് പടത്തിൽ ഉമ്മറിന്റെ ജോഡി. ഇരുവരും ചേർന്ന് "ഏകാന്തകാമുകാ നിൻ വഴിത്താരയിൽ എകാകിനിയായ് വരുന്നൂ ഞാൻ'' (എ എം രാജ, സുശീല) എന്ന യുഗ്മഗാനം പാടി അഭിനയിക്കുന്നു. "അന്നത്തെ ഏതു ചെറുപ്പക്കാരനെയും പോലെ ഷീലയോട് ഉള്ളിൽ ചെറിയൊരു പ്രേമമുണ്ട്; ആരാധനയും. ഒരുമിച്ച് ഞങ്ങൾ ആദ്യമായി അഭിനയിക്കുകയാണ്. അതിനെ കുറിച്ച് ഓർത്തപ്പോഴേ ആധി കൂടി; പിരിമുറുക്കവും. ഷീല വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നതെങ്കിലും ഞാൻ ഒട്ടും നോർമൽ അല്ല. നട്ടുച്ചക്കാണ് ഷൂട്ടിംഗ്. പാട്ട് പകുതിയായപ്പോഴേക്കും വിയർത്ത് ഒരു പരുവമായിരുന്നു ഞാൻ. ടെൻഷൻ മൂത്ത് വിറക്കാൻ വരെ തുടങ്ങി. ഇടയ്ക്ക് വെച്ച് ചിത്രീകരണം നിർത്തേണ്ടി വന്നു. വസ്ത്രം മാറിയാണ് പിന്നീട് ഷൂട്ടിംഗ് തുടർന്നത്. നല്ല സുഖമില്ല എന്നേ ഷീലയോടും സംവിധായകനോടും പറഞ്ഞുള്ളൂ. സത്യം എന്തെന്ന് എനിക്കല്ലേ അറിയൂ.''
മനോഹരമായി പാടുന്ന സുന്ദര വില്ലന്മാരുടെ കൂട്ടത്തിലായിരുന്നു ഉമ്മറിന്റെ മിക്ക കഥാപാത്രങ്ങളും. "അന്നൊക്കെ പടത്തിന്റെ നല്ലൊരു ഭാഗവും നായകനോട് തോളുരുമ്മി നിൽക്കുന്നയാളായിരിക്കും വില്ലൻ. പ്രഥമദൃഷ്ട്യാ മാന്യൻ. അവസാന റീലിലാണ് സംഗതി താളം തെറ്റുക. ഒന്നുകിൽ വിശ്വാസ വഞ്ചന. ഇല്ലെങ്കിൽ ബലാൽസംഗം. അതോടെ വില്ലൻ ശരിക്കും വില്ലനാകുന്നു. സിനിമയുടെ ആദ്യ ഘട്ടത്തിൽ നായികയെ പ്രേമിക്കുകയും പ്രണയഗാനം പാടുകയും ഒക്കെ ചെയ്യും വില്ലൻ. അങ്ങനെയാണ് എനിക്കും സിനിമയിൽ കുറച്ചു നല്ല പാട്ടുകൾ പാടാൻ അവസരം ലഭിച്ചത്.'' -- ഉമ്മർ ഒരിക്കൽ പറഞ്ഞു.
Content Highlights: Legendary actor KP Ummer, widely remembered as Malayalam cinema's most handsome villain, fondly reminisced about performing timeless philosophical classics like Eeshwaran Hinduvalla and shared humorous, unfiltered anecdotes from his early song sequences on set.
Published: 15 Aug 2026, 09:56 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented