"ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ ആര്?'' -- കുഴക്കുന്ന ചോദ്യം. മറ്റേതെങ്കിലും പാട്ടെഴുത്തുകാരനായിരുന്നെങ്കിൽ ഉപായത്തിൽ ഒഴിഞ്ഞുമാറിയേനെ. പക്ഷേ, വയലാർ രാമവർമ്മ ഉള്ളിലുള്ളത് വെട്ടിത്തുറന്നു പറഞ്ഞു: "ദേവരാജൻ-- അല്ലാതാര്?''

To advertise here,

പഴയ മദിരാശിയിൽനിന്ന് 1960-കളുടെ അവസാനം പുറത്തിറങ്ങിയിരുന്ന 'അന്വേഷണം'' മാസികയിൽ അച്ചടിച്ചുവന്ന ആ മറുപടി ആവേശപൂർവം ഓർത്തെടുക്കേ ദേവരാജൻ മാസ്റ്ററുടെ മുഖത്ത് വിരിഞ്ഞ അപൂർവ മന്ദസ്മിതം മറന്നിട്ടില്ല. വയലാറിനെ കുറിച്ച് സംസാരിക്കുമ്പോൾ മാത്രമേ മാസ്റ്ററുടെ മുഖം അത്രയും പ്രകാശിച്ചു കണ്ടിട്ടുള്ളൂ.

"വിഷമിപ്പിക്കുന്ന ചോദ്യമായിരുന്നു വായനക്കാരന്റേത്''-- മാസ്റ്ററുടെ വാക്കുകൾ. "ഏതെങ്കിലും ഒരു സംഗീതസംവിധായകന്റെ പേര് മാത്രം എടുത്തുപറഞ്ഞാൽ മറ്റുള്ളവർ പ്രകോപിതരാകും. നിരുപദ്രവകരമായ ഒരുത്തരം നൽകി രക്ഷപ്പെടാനേ പ്രായോഗിക ബുദ്ധിയുള്ളവർ ശ്രമിക്കൂ. പക്ഷേ വയലാർ ആ വഴിയല്ല തിരഞ്ഞെടുത്തത്. ഉള്ളിലുള്ളത് അദ്ദേഹം തുറന്നുപറഞ്ഞു. ഒരു പക്ഷേ അദ്ദേഹത്തിന്റെ ശുദ്ധമനസ്സ് കൊണ്ടാകാം.''

സംഗീത ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു വയലാറിന്റെ ആ ഉത്തരം എന്ന് ദേവരാജൻ പറയുമ്പോൾ, മഹാനായ ഒരു കവിയുടെ ഓർമ്മകൾക്ക് മുന്നിൽ അദ്ദേഹത്തിന്റെ അക്ഷരങ്ങളെ സ്വരങ്ങളാൽ നൃത്തം ചെയ്യിച്ച സംഗീതകാരന്റെ പ്രണാമം കൂടിയാകുന്നു അത്. ഗാനരചയിതാവോ സംഗീത സംവിധായകനോ അതോ ഗായകനോ ആരാണ് പാട്ടിന്റെ യഥാർത്ഥ അവകാശി എന്ന തരത്തിലുള്ള അർത്ഥശൂന്യമായ ചർച്ചകൾ മാധ്യമങ്ങളിൽ നിറയുന്ന കാലമാണിതെന്ന് കൂടി ഓർക്കുക.

ആരായിരുന്നു ദേവരാജന് വയലാർ? സംഗീതജീവിതത്തെ കുറിച്ചുള്ള ആത്മകഥാംശമുള്ള കുറിപ്പുകളുടെ സ്വകാര്യ ശേഖരത്തിൽനിന്ന് മാസ്റ്റർ തന്നെ തിരഞ്ഞെടുത്തു സമ്മാനിച്ച ലേഖനത്തിൽ, ഒട്ടും വളച്ചുകെട്ടില്ലാതെ ആ ചോദ്യത്തിന് ഉത്തരം നൽകുന്നുണ്ട് അദ്ദേഹം:

"പാവം, പഞ്ചപാവം. ആരോടും വെറുപ്പോ വൈരാഗ്യമോ ഇല്ലാത്ത ഒരു സാധു മനുഷ്യൻ. നിർമാതാക്കളോട് കൃത്യമായ പ്രതിഫലം ചോദിച്ചുവാങ്ങാൻ പോലുമറിയില്ലായിരുന്നു അദ്ദേഹത്തിന്. അത്രയും പാവം. അമ്മയെ ദൈവത്തേക്കാൾ വലിയ വിഗ്രഹമായി കണ്ടു ആ മനുഷ്യൻ. അതുകൊണ്ടാണ് അമ്മേ അമ്മേ അവിടത്തെ മുൻപിൽ ഞാനാര് ദൈവമാര് എന്നെഴുതിയത്. ആ പാട്ടിന്റെ വരികളിൽ അമ്മയോടുള്ള വയലാറിന്റെ സ്നേഹം മുഴുവനുണ്ട്. മദ്യമായിരുന്നു അദ്ദേഹത്തിന്റെ ഒരേയൊരു ദൗർബല്യം.''

കവിതയിൽനിന്ന് ഗാനലോകത്തേക്കുള്ള വയലാറിന്റെ കൂടുമാറ്റമാണ് മലയാള സിനിമാ സംഗീതത്തിൽ ഒരു പുതുയുഗപ്പിറവിക്ക് നാന്ദി കുറിച്ചത് എന്ന കാര്യത്തിൽ സംശയമില്ല ദേവരാജന്. അത് ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു താനും. "പ്രതിഭകളുടെയെല്ലാം ജീവിതത്തിൽ സവിശേഷമായ ഒരു ഘട്ടമുണ്ടാകും. സ്വന്തം സർഗ്ഗശക്തി പൂർണ്ണത പ്രാപിച്ച്, പൂവായി, കായായി, ഫലമായി പന്തലിച്ചു നിൽക്കുന്ന ഒരു വസന്തകാലം. അപ്പോഴാണ് ഏറ്റവും നല്ല സൃഷ്ടികൾ പിറക്കുക. വയലാർ രാമവർമ്മ എന്ന കവി, കാവ്യരചനാ പ്രക്രിയ താൽക്കാലികമായി മാറ്റിവെച്ച് ചലച്ചിത്രഗാന രചനയിൽ പൂർണ്ണമായി മുഴുകാൻ തീരുമാനിക്കുന്നത് അങ്ങനെയൊരു കാലഘട്ടത്തിലാണ്. അദ്ദേഹത്തിൽനിന്ന് മലയാള കവിതക്ക് കിട്ടേണ്ടിയിരുന്ന അതുല്യ സർഗപ്രതിഭയത്രയും അതുവഴി ചലച്ചിത്ര ഗാനങ്ങൾക്ക് ലഭിച്ചു.'' -- ദേവരാജൻ എഴുതുന്നു.

"വയലാറിന്റെ ഒരു ഗാനമെങ്കിലും ആകാശവാണി പ്രക്ഷേപണം ചെയ്യാത്ത ദിവസങ്ങളില്ല. മൂളിപ്പാടാൻ അറിയുന്ന ഓരോ മലയാളിയുടെയും ചുണ്ടിൽ ആ പാട്ടുകളുണ്ടാകും. കവിതയോട് ആഭിമുഖ്യമുള്ള ഒട്ടുമുക്കാൽ മലയാളി ചെറുപ്പക്കാരും വയലാറിന്റെ രചനകൾ മനനം ചെയ്യുന്നു. എന്തുകൊണ്ട്? ആ കവിതകളിൽ തുടിക്കുന്ന മണ്ണിന്റെ മണമുണ്ട്, തിളയ്ക്കുന്ന മണ്ണിന്റെ ചൂടുണ്ട്, വിപ്ലവത്തിന്റെ വീര്യമുണ്ട്, വിശപ്പിന്റെ വേദനയുണ്ട്, മനുഷ്യത്വത്തിന്റെ മഹനീയതയുണ്ട്, അന്ധവിശ്വാസത്തിനെതിരായ പോരാട്ടമുണ്ട്, അസമത്വത്തിലുള്ള ആശങ്കയുണ്ട്, ശാസ്ത്രത്തിലുള്ള ഉറച്ച വിശ്വാസമുണ്ട്, മാറ്റത്തെ കുറിച്ചുള്ള ശുഭ പ്രതീക്ഷയുണ്ട്, നാളെയുടെ കാഹളമുണ്ട്, സർവോപരി കവിതയുടെ കൊടിയടയാളമുണ്ട്..... '' വികാരഭരിതമായ ഒരു വിലയിരുത്തൽ.

നൗഷാദിന് ശക്കീൽ ബദായുനി എന്ന പോലെ, മദൻമോഹന് രാജാ മെഹ്ദി അലി ഖാൻ എന്ന പോലെ, എം.എസ്. വിശ്വനാഥന് കവിഞ്ജർ കണ്ണദാസൻ എന്ന പോലെ തൊട്ടതെല്ലാം പൊന്നാക്കിയ ഒരു സംഗീത സഖ്യത്തിലെ `പ്രൊഫഷണൽ' പങ്കാളി മാത്രമായിരുന്നോ ദേവരാജന് വയലാർ രാമവർമ്മ? അല്ലെന്ന് പറയും, ഈ കൂട്ടുകെട്ടിന്റെ പ്രതിഭാവിലാസം സ്വന്തം ചിത്രങ്ങളിൽ സുലഭമായി പ്രയോജനപ്പെടുത്തിയിട്ടുള്ള വിഖ്യാത ചലച്ചിത്രകാരൻ കെ.എസ്. സേതുമാധവൻ.

"കേവലം ഔദ്യോഗിക ബന്ധത്തിനപ്പുറത്ത് സഹോദര നിർവിശേഷമായ സ്നേഹം പരസ്പരം നിലനിർത്തിയിരുന്നവരാണ് വയലാറും ദേവരാജനും. ചെന്നൈയിലെ വുഡ്ലാൻഡ്‌സ് ഹോട്ടലിൽ ഇരുന്ന് എന്റെ സിനിമകൾക്ക് അവർ പാട്ടുണ്ടാക്കുന്ന ചിത്രം മറക്കാനാവില്ല. കഥാസന്ദർഭം വിവരിച്ചു കേട്ട ശേഷം കമ്പോസിംഗിന് ഇരുന്നാൽ പിന്നെ അധികം ചർച്ചകളില്ല. തർക്കങ്ങളില്ല. പൊതുവെ നിശബ്ദമായിരിക്കും അന്തരീക്ഷം. താപസതുല്യമായ മൗനം. ഹാർമോണിയത്തിലല്ല മനസ്സിലാണ് ദേവരാജന്റെ സംഗീതം പിറവിയെടുക്കുന്നതെന്ന് തോന്നിയിട്ടുണ്ട്.''

വയലാർ എഴുതിക്കൊടുക്കുന്ന വരികളിൽ മാറ്റം വരുത്തേണ്ടി വരാറില്ല ദേവരാജന് എന്ന വസ്തുത കൂടി വെളിപ്പെടുത്തുന്നു സേതുമാധവൻ. "അപൂർവമായി ഏതെങ്കിലും വാക്ക് പാട്ടിന്റെ മീറ്ററിൽ ഒതുങ്ങാതെ വന്നാൽ തന്നെ അത് മാറ്റാനുള്ള പൂർണസ്വാതന്ത്ര്യം ദേവരാജന് വയലാർ അനുവദിച്ചിരുന്നു. ദൃഢതയാർന്ന പരസ്പര വിശ്വാസമായിരുന്നു അവരുടെ ശക്തി. സിനിമാലോകത്ത് അത്തരം സൗഹൃദങ്ങൾ അപൂർവമാണല്ലോ.''

കർശനമായ അച്ചടക്കത്തിനും അച്ചടക്കരാഹിത്യത്തിനും പേരുകേട്ട രണ്ടു മഹാപ്രതിഭകൾ. സ്വഭാവവിശേഷങ്ങളിലെ ഈ വൈരുധ്യം, പക്ഷേ അവരുടെ സൗഹൃദത്തെ തെല്ലും ബാധിച്ചില്ല എന്നതാണ് അത്ഭുതം. ദേവരാജൻ മാസ്റ്ററുടെ വാക്കുകൾ കേൾക്കുക: "കടുത്ത മദ്യപാനിയാണ് വയലാർ. ഞാനാകട്ടെ അങ്ങേയറ്റം മദ്യവിരോധി. സൗഹൃദങ്ങളും ആൾക്കൂട്ടങ്ങളും വയലാറിന് ദൗർബല്യങ്ങളായിരുന്നു. എനിക്കാണെങ്കിൽ ആൾത്തിരക്കിൽനിന്ന് അകന്നുനിന്നാണ് ശീലം. കാഴ്ചപ്പാടുകളിലും സമീപനങ്ങളിലും ഇത്രയും വൈരുധ്യം പുലർത്തിയിട്ടും എങ്ങനെ വർഷങ്ങളോളം ഞങ്ങൾ പൊരുത്തപ്പെട്ടു ജീവിച്ചു എന്ന് അത്ഭുതത്തോടെ ചോദിച്ചിട്ടുണ്ട് പലരും. പരസ്പരം തിരിച്ചറിഞ്ഞതുകൊണ്ട് എന്നാണ് എന്റെ ഉത്തരം. മദ്യപാനിയായ വയലാർ ഒരിക്കലും എന്റെ സംഗീതത്തിൽ ഇടപെട്ടിട്ടില്ല. മദ്യപിച്ച് ലക്കുകെട്ട് ഒരിക്കലും എനിക്ക് വേണ്ടി പാട്ടെഴുതിയിട്ടില്ല അദ്ദേഹം. മറിച്ചുള്ള അനുഭവകഥനങ്ങളെല്ലാം നുണയാണ്. മദ്യത്തിന്റെ കെട്ടുപാടുകളിൽനിന്ന് പുറത്തുവന്ന ശേഷമേ അദ്ദേഹം പാട്ടെഴുതാൻ ഇരിക്കൂ; പൂർണ്ണബോധത്തോടെ. അപ്പോഴേക്കും ആ മനുഷ്യൻ മറ്റൊരാളായി മാറിക്കഴിഞ്ഞിരിക്കും. ഗാനസൃഷ്ടിയുടെ നിമിഷങ്ങളിൽ എനിക്ക് ആവശ്യമായ ഏകാന്തത അദ്ദേഹം അനുവദിച്ചു തന്നിട്ടുമുണ്ട്. ''

വയലാറിന്റെ ഗാനങ്ങൾ അവയിൽ സമന്വയിച്ചിരിക്കുന്ന സംഗീതം കൊണ്ടല്ലേ ഇന്നും നിലനിൽക്കുന്നത്? പലരും ചോദിച്ചിട്ടുള്ള ചോദ്യമാണ്. ചലച്ചിത്ര ഗാനങ്ങളിൽ വരികളേക്കാൾ ഈണത്തിനല്ലേ പ്രാധാന്യം എന്നൊരു ധ്വനി കൂടി ഒളിഞ്ഞുകിടക്കുന്നുണ്ട് ആ ചോദ്യത്തിൽ. ദേവരാജന്റെ മറുപടി ഇങ്ങനെ: "ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ എന്നൊരു ചൊല്ലുണ്ട്. ദക്ഷിണാമൂർത്തി, കെ. രാഘവൻ, ബാബുരാജ്, ഞാൻ തുടങ്ങിയ അന്നത്തെ സംഗീത സംവിധായകർ എഴുതിക്കിട്ടിയ ഗാനങ്ങൾക്കാണ് ഈണം നൽകിയത്. എഴുതപ്പെട്ട സാഹിത്യം ഞങ്ങൾക്ക് ചുമരുകളായിരുന്നു. ഞങ്ങൾ അതിൽ സംഗീതവർണ്ണങ്ങൾ നിറച്ചു. ഇന്ന് ചുവരുകൾ ഈണങ്ങളാണ്. കാരണം, ഇന്നത്തെ സംഗീതസംവിധായകർ ആദ്യം ഈണമുണ്ടാക്കുന്നു. ആ ഈണത്തിന് അനുസരിച്ച് വാക്കുകൾ കൊണ്ട് ഗാനം ചമയ്ക്കുന്നു. അതുകൊണ്ടുതന്നെ ഗാനരചനയുടെ പ്രാധാന്യവും ഗൗരവവും അന്തസ്സും കുറഞ്ഞു. ഗാനങ്ങൾ പലതും ചേമ്പിലയിലെ വെള്ളം പോലെയായി. അങ്ങനെ വന്നപ്പോൾ പഴയ ഗാനങ്ങൾ രചനയിൽ അമൂല്യങ്ങളാണെന്നും അവയ്ക്ക് നൽകപ്പെട്ട ഈണങ്ങൾ സംഗീതമേന്മയിൽ അതുല്യങ്ങളാണെന്നും വന്നു. രചനയ്ക്കാണോ ഈണത്തിനാണോ ഇത്തരം ഗാനങ്ങളിൽ മുൻ‌തൂക്കം എന്ന് ചോദിച്ചാൽ രണ്ടും ഒരുപോലെ പ്രധാനം എന്നാണെന്റെ ഉത്തരം. ഒരു മനുഷ്യന് താദാത്മ്യം പ്രാപിക്കാൻ കഴിയുന്ന അവന്റെ ജീവിതത്തിലെ ഒരു ഭാവം അവന് ഓർക്കാൻ കഴിയുന്ന വാക്കുകളിൽ കാവ്യമനോഹരമായ ഗാനമായി ആവിഷ്കരിക്കപ്പെടുമ്പോൾ ആ ഭാവം പൂർണ്ണമാക്കുന്ന, അവന് ഉരുവിടാൻ കഴിയുന്ന ഈണം ഓരോ വാക്കുകളിലും ശ്രദ്ധിച്ചു നൽകിയാൽ മാത്രമേ അത് ഭാവഗാനമാകൂ.'' രചനയും സംഗീതവും ഒരുപോലെ അന്തസ്സും ആഭിജാത്യവും പുലർത്തിയാലേ ഈ ഇന്ദ്രജാലം യാഥാർഥ്യമാകൂ എന്ന് സൂചിപ്പിക്കുകയാണ് ദേവരാജൻ.

ആത്മമിത്രമായ വയലാറിന്റെ ധന്യജീവിതം ചരിത്രത്തിൽ വിലയം പ്രാപിക്കുന്നതിന് സാക്ഷ്യം വഹിച്ച രാഘവപ്പറമ്പിലെ പതിനായിരക്കണക്കിന് സാധാരണക്കാർക്കിടയിൽ ദേവരാജനും ഉണ്ടായിരുന്നു. "എനിക്ക് ഈണമിടാൻ വേണ്ടി വയലാർ എഴുതിത്തന്ന ഒരു പാട്ടിന്റെ വരികളാണ് അവിടെ ആ ആൾക്കൂട്ടത്തിനിടയിൽ നിന്നപ്പോൾ ഓർമവന്നത്: വസുന്ധരേ വസുന്ധരേ... മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ? ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ആ പാട്ടിൽ ഒന്നു കൂടി ചോദിക്കുന്നുണ്ട് വയലാർ: ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി എന്ന്. അതിനുള്ള ഉത്തരവും അദ്ദേഹം നൽകുന്നു- തന്റെ തന്നെ മറ്റൊരു പാട്ടിൽ: "അക്കരെ മരണത്തിൻ ഇരുൾ മുറിയിൽ അഴുക്കുവസ്ത്രങ്ങൾ മാറിവരും, മടങ്ങിവരും...'' വരും; വരാതിരിക്കില്ല -- പ്രിയഗാനരചയിതാവിനുള്ള ഹൃദയസ്പർശിയായ സ്മരണാഞ്ജലി ദേവരാജൻ അവസാനിപ്പിക്കുന്നത് പ്രതീക്ഷ നിറഞ്ഞ ഈ വാക്കുകളോടെയാണ്.

2006 മാർച്ച് 14-ന് ദേവരാജൻ മാസ്റ്റർ ഓർമ്മയായി. ഒപ്പം മന്ദ്രമധുരമായ ഒരു സംഗീത കാലവും.