ഒക്ടോബര് 27- അനശ്വരഗായകനും കവിയുമായ വയലാര് ഓര്മയായിട്ട് 50 വര്ഷം തികയുന്നു. രാജീവ് പുലിയൂര് എഴുതിയ വയലാറിന്റെ ജീവചരിത്രമാണ് 'വയലാര് രാമവര്മ്മ: ഒരു കാവ്യജീവിതം'. നാല്പ്പത്തിയേഴു വര്ഷം മാത്രം ജീവിച്ച്, കൊതി തീരാതെ ഭൂമി വിട്ടുപോയ വയലാറെന്ന കവിയുടെ ഗന്ധര്വ്വജീവിതത്തെ കഥാഖ്യാനത്തോടു കിടപിടിക്കുന്ന രീതിയില് അവതരിപ്പിക്കുന്ന ജീവിതാഖ്യാനമാണിത്. വയലാറിന്റെ കാവ്യജീവിതം ബയോഫിക്ഷന് ശൈലിയില് അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്രജീവചരിത്രം. അതില് നിന്ന് ഒരു ഭാഗം വായിക്കാം.

'കേരളത്തിലെ അറിയപ്പെടുന്ന ഒരു നാടകനടനും ഗായകനുമായിരുന്നു അഗസ്റ്റിൻ ജോസഫ്. ആ പാരമ്പര്യം ഏറ്റെടുത്തുകൊണ്ടാണ് യേശുദാസ് എന്ന ഗായകൻ ഇവിടെ മുന്നോട്ടു വന്നിരിക്കുന്നത്. അഭിമാനകരമായ ഒരു പിന്തുടർച്ചയിലാണ് ഈ ചെറുപ്പക്കാരൻ. നമുക്ക് അതിൽ സന്തോഷിക്കാം; അഭിമാനിക്കാം. സംഗീതാലാപനത്തിൽ വൈകാരികഭാവങ്ങളുടെ പ്രത്യേകതകൾ കൊണ്ടാവും ഒരു ഗായകൻ ശ്രദ്ധിക്കപ്പെടാനിടവരിക. അപ്പോൾ അവിടെ അക്ഷരങ്ങൾക്കും വാക്കുകൾക്കും പരിക്കേൽക്കും. അക്ഷരങ്ങളും സാഹിത്യശുദ്ധിയും ഇല്ലാതെവരും. കാരണം, അവർ അർത്ഥത്തെക്കാളും ആശയത്തെക്കാളും പ്രാധാന്യം രാഗതാളങ്ങൾക്കും ശ്രുതിലയങ്ങൾക്കും ആയിരിക്കും കൊടുക്കുക. എന്നാൽ ഈ യുവഗായകൻ തികച്ചും വ്യത്യസ്തത പുലർത്തുന്നു. ഉച്ചാരണശുദ്ധിയും അതിലൂടെ മികച്ച ഒരു സാഹിത്യബോധവും കാത്തുസൂക്ഷിക്കുന്നു. കവിതയുടെ മണ്ണിലാണ് സംഗീതശിൽപ്പത്തെ പടുത്തുയർത്തിയിരിക്കുന്നത്. ആ മണ്ണിന്റെ കരുത്തിനെ ഉൾക്കൊണ്ടു പാടുന്ന ഈ ഗായകനെ നമുക്കു പിന്തുണയ്ക്കാം. നമ്മുടെ നാട്ടിലെ പാട്ടുകാരിൽ അധികവും പഴയകാല ഭാഗവതന്മാരെ കണ്ണടച്ച് അനുകരിക്കൽ മാത്രമാണു ചെയ്തിട്ടുള്ളത്. അവർ സംഗീതത്തിനു പ്രാധാന്യം നൽകുമ്പോൾ സാഹിത്യഭംഗിയിലും കാവ്യസൗന്ദര്യത്തിലും അപചയം നേരിടുന്നു. എന്നാൽ ഇവിടെ കേട്ട ഒരു പാട്ടിൽപ്പോലും ഒരു പോരായ്മ നമുക്കു കാണാനില്ല. ഇവിടെ, പാട്ടിലെ ആശയത്തിനനുസരിച്ചുള്ള ഒരു ഭാവപ്രകാശനം ഈ പാട്ടുകാരനിൽ നിറഞ്ഞുനിൽക്കുന്നതായി തോന്നി. സംഗീതരംഗത്തെ ഒരു വരദാനമാണ് ഈ നാദമാധുരി. ഈ ചെറുപ്പക്കാരൻ ഒരു മഹാഗായകനായി വളർന്നുവരുമെന്നതിൽ സംശയമില്ല. വളർന്നു വരട്ടെ എന്നു നമുക്ക് ആശംസിക്കാം, പ്രാർത്ഥിക്കാം.'
ചേർത്തല ടൗണിൽവെച്ചു നടന്ന ഗാനമേളയുടെ ഇടവേളയിൽ സംഘാടകരുടെ ക്ഷണം സ്വീകരിച്ച് അവിടെ പാട്ടുകാരനായി ഉണ്ടായിരുന്ന ഒരു അതുല്യകലാകാരനെ സദസ്സിന് രാമവർമ്മ പരിചയപ്പെടുത്തിക്കൊടുക്കുന്നതാണ് രംഗം.
ഗാനമേളയുടെ സംഘാടകർ മുഖ്യപ്രഭാഷണത്തിനായി ദിവസങ്ങൾക്കു മുമ്പേതന്നെ വയലാർ രാമവർമ്മയെ അറിയിച്ചിരുന്നു. നോട്ടീസിൽ പേരുവെച്ചു ക്ഷണപത്രം അച്ചടിച്ചു ചേർത്തലയിൽ എമ്പാടും വിതരണം നടത്തിയിരുന്നു.
പ്രോഗ്രാം കഴിഞ്ഞുള്ള ചായസത്കാരം നടക്കുകയായിരുന്നു. ആ ചായസത്കാരത്തിൽ വയലാറിനടുത്തേക്ക് യേശുദാസ് വന്നു.
'അടുത്ത സിനിമയിൽ പാടാനുള്ള ഒരവസരം തരണമെന്ന് കുഞ്ചാക്കോയോട് ഒന്നു പറയണം,' യേശുദാസ് പറഞ്ഞു.
നീണ്ടു മെലിഞ്ഞ ഒരു ആൾരൂപം. കണ്ണുകൾ സംഗീതത്തിന്റെ അനന്തസാഗരത്തെ ധ്യാനനിമീലിതമാക്കുവാൻ വെമ്പുന്നപോലെയുണ്ട്. ഇരുപത് ഇരുപത്തിയൊന്നു വയസ്സ് പ്രായം വരും ഈ ചെറുപ്പക്കാരന്.
യേശുദാസ് അന്ന് രണ്ടുമൂന്നു സിനിമകളിൽ മാത്രമായിരുന്നു പാടിയിട്ടുണ്ടായിരുന്നത്. എം.ബി. ശ്രീനിവാസിന്റെ കൂടെ ഒരു സിനിമയിൽ അടുത്തിടെ പാടിയിരുന്നു. അത് ശ്രദ്ധിക്കപ്പെട്ടെങ്കിലും പരക്കെ അറിയപ്പെട്ടുതുടങ്ങിയിരുന്നില്ല.
വയലാർ രാമവർമ്മ ഈ വിവരം കുഞ്ചാക്കോയോട് അവതരിപ്പിച്ചു. ഇന്റർവ്യൂവിനു വരാൻ പറഞ്ഞു. യേശുദാസ് ഇന്റർവ്യൂവിനു ചെന്നു. ദേവരാജനാണ് കുഞ്ചാക്കോയുടെ സമീപം ഇരിക്കുന്നത്. പല രാഗങ്ങളിലും പാട്ടുകൾ പാടാൻ ആവശ്യപ്പെട്ടു. യേശുദാസ് പാടി. ദേവരാജന് തൃപ്തിയായി. സിനിമയിൽ അവസരം തരാമെന്നു പറഞ്ഞ് വിട്ടയച്ചു. എന്നാൽ കുഞ്ചാക്കോയുടെ മനസ്സിൽ അന്ന് ഒരു ഗായകശബ്ദം മാത്രമേ പതിഞ്ഞുകിടന്നിട്ടുണ്ടായിരുന്നുള്ളൂ. അത് എ. എം. രാജയുടേതായിരുന്നു. സത്യനെ നായകനാക്കി ചിത്രീകരിക്കുന്ന എല്ലാ ഗാനരംഗങ്ങളിലും രാജതന്നെ വേണമെന്ന നിർബ്ബന്ധം കുഞ്ചാക്കോയ്ക്ക് ഉണ്ടായിരുന്നു. ഒരുവട്ടം യേശുദാസിനുവേണ്ടി ഭാര്യ എന്ന സിനിമയിൽ പാട്ടുകൾ കൊടുക്കാൻ വയലാറും ദേവരാജനും കുഞ്ചാക്കോയോട് നിർബ്ബന്ധിക്കേണ്ടതായി വന്നു.
നിർബ്ബന്ധത്തിനു വഴങ്ങി മൂന്നു പാട്ടുകൾ യേശുദാസിനു കൊടുത്തു. 'പഞ്ചാര പാലുമുട്ടായി,' 'ദയാപരനായ കർത്താവേ...' അതുകൂടാതെ ബൈബിൾ പശ്ചാത്തലമാക്കിയ വേറൊരു പാട്ടും ആയിരുന്നത്.
സത്യന്റെ ശബ്ദം ഇതിൽ എ.എം. രാജയുടെ ശബ്ദവുമായി ആസ്വാദകരുടെ മനസ്സിൽ ലയിച്ചുചേർന്നതിനാൽ ആ ശബ്ദവുമായി ബന്ധപ്പെടുത്തിയുള്ള ടോണിൽ ഈ പാട്ടുകൾ പാടണം എന്ന നിർബ്ബന്ധം കുഞ്ചാക്കോയ്ക്ക് ഉണ്ടായിരുന്നു.
1962ലെ ഡിസംബർ മാസം ക്രിസ്മസ് റിലീസ് ആയി പുറത്തിറക്കണം എന്നായിരുന്നു ഉദയായുടെ കണക്കുകൂട്ടൽ. അങ്ങനെത്തന്നെ സംഭവിച്ചു. യേശുദാസിന്റെ മൂന്നു പാട്ടുകൾ അതിൽ ശ്രദ്ധിക്കപ്പെട്ടെങ്കിലും ഏറ്റവും കൂടുതൽ തിളങ്ങിയത് രാജ പാടിയ 'പെരിയാറേ പെരിയാറെ പർവ്വതനിരയുടെ പനിനീരേ...' എന്നു തുടങ്ങുന്ന ഗാനമായിരുന്നു.
***
തലശ്ശേരിയുടെ ഈണങ്ങൾ കേട്ടുവളർന്ന ഒരു ബാല്യമായിരുന്നു സംഗീതസംവിധായകൻ കെ. രാഘവന്റേത്. നന്നേ ചെറുപ്പത്തിൽത്തന്നെ ആ പ്രദേശങ്ങളിൽനിന്നു കേട്ടുവളർന്ന സംഗീതത്തിൽ ഉള്ളു പിടഞ്ഞിട്ടുണ്ട്. ചെറുപ്പത്തിൽ നാടകാവതരണത്തിനുവേണ്ടി ചവിട്ടുഹാർമോണിയം വാടകയ്ക്കെടുത്ത് മൈലുകളോളം നടന്നു തളർന്നിട്ടുണ്ട്. തലശ്ശേരിയിൽ നിറഞ്ഞുനിൽക്കുന്ന കടലിന്റെ സംഗീതവും സൂഫിപാരമ്പര്യം അവശേഷിപ്പിച്ച ഖവാലി സംഗീതവും ചേർന്ന ഈണങ്ങൾ തുമ്പികളെപ്പോലെ മനസ്സിൽ വട്ടമിട്ടു പറന്നു. രാമവർമ്മയുടെ ആദ്യസംരംഭം കൂടപ്പിറപ്പിനു പാട്ടെഴുതാനിരുന്നപ്പോൾ ആ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന തലശ്ശേരിയുടെ പാട്ടുപാരമ്പര്യം മനസ്സിലായി. അതൊരു നാട്ടുപാരമ്പര്യത്തിന്റെകൂടെ തുടർച്ചയാണ്. നാടോടിയായ ലളിതഗാനങ്ങളും മാപ്പിളപ്പാട്ടുകളുടെ ചില അയവുള്ള ഈണങ്ങളും തമ്മിൽ ചേർത്തു. ഓരോ കടൽത്തിരമാലയും തീരങ്ങളിലേക്ക് അനുഭവങ്ങളെ പകരുന്നതുപോലെ ഓരോ നിറത്തെ, സൂക്ഷ്മമായ ലാവണ്യകണത്തെ മനസ്സിലേക്ക് നിറച്ചുവെച്ചു. കേട്ടാലും കാതിൽനിന്ന് വറ്റിപ്പോകാത്തതുപോലെ നമ്മളിൽ പിടിച്ചുനിന്നു.
റബേക്കയുടെ പാട്ടുകൾക്കായി വീണ്ടും ഇരുന്നപ്പോൾ ലളിതഗാനധാരയെ നവീകരിച്ചതിന്റെ ഊർജ്ജങ്ങളെ ചില നീട്ടലുകളിൽ അനുഭവപ്പെടുത്തിക്കളഞ്ഞു.
കിളിവാതിലിൽ മുട്ടിവിളിച്ചതു
കിളിയോ... കാറ്റോ...
എന്ന ഗാനം റെക്കോഡ് കഴിഞ്ഞു കേട്ടപ്പോൾ സംഗീതസംവിധാനം ചെയ്യാനിരുന്ന രാഘവനെപ്പറ്റി രാമവർമ്മ ഓർത്തു.
പ്രണയത്തിന്റെ ആത്മാവ് ഖവാലി സംഗീതത്തിന്റെ ഉള്ളിൽ വിലയം കൊണ്ടിരിക്കുന്നത് കെ. രാഘവന്റെ സംഗീതസംവിധാനത്തിൽ നിന്നറിയാം. രാമവർമ്മ വരികൾ എഴുതിക്കൊടുക്കുക മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതു കഴിഞ്ഞ് രാമവർമ്മയോട് ഒന്നു ചൊല്ലാനായി ആവശ്യപ്പെടും. എഴുത്തുകാരന്റെ ഉള്ളിലെ സംഗീതത്തെ കണ്ടുപിടിക്കാനാണ് അങ്ങനെ ചെയ്യുന്നത്. പിന്നെ വരികളിലേക്കു നോക്കി ഏകാന്തതയെ ഉരച്ചുരച്ച് ഒരു പാട്ടിന്റെ സംഗീതത്തെ കണ്ടുപിടിക്കും. അതിന്റെ നീല ജ്വാലാനാളങ്ങളൊക്കെ സൂക്ഷിച്ചുനോക്കും. സംസാരിക്കുന്നതുപോലെത്തന്നെ. സ്നേഹാർദ്രമായ ഒരു സംഭാഷണംപോലെ രാമവർമ്മയ്ക്കു തോന്നി.
***
1964 മാർച്ചു മാസത്തിൽ ഷൊർണൂരിൽ വെച്ച് യുവ കവിതാക്യാമ്പ് സംഘടിപ്പിച്ചത് കേരള സാഹിത്യ സമിതിയായിരുന്നു. എസ്.കെ. പൊറ്റെക്കാട്ടും എൻ.വി. കൃഷ്ണവാരിയരും കോഴിക്കോടു കേന്ദ്രമാക്കി കേരള സാഹിത്യസമിതിക്ക് രൂപംകൊടുത്തു. പുരോഗമന സാഹിത്യപ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളൊക്കെയും അറുപതുകളായപ്പോൾ നിശ്ശബ്ദമായി. ഇടതുപക്ഷാശയങ്ങൾക്ക് വിള്ളലുകളുണ്ടായി. എഴുത്തുകാർ വ്യത്യസ്ത ചേരികളിലായി മാറി ഒറ്റപ്പെടുന്ന അവസ്ഥ സംജാതമായി. ഇടതുപക്ഷാശയങ്ങൾക്ക് കൂടുതൽ കരുത്തു പ്രദാനം ചെയ്യുന്നതിനു വേണ്ടിയാണ് കേരള സാഹിത്യസമിതി കോഴിക്കോട്ട് ആരംഭിച്ചത്. എം.ആർ. ചന്ദ്രശേഖരനായിരുന്നു അതിന്റെ മുഖ്യകാര്യദർശി. നിരവധി എഴുത്തുകാർ അക്കാലത്ത് കേരള സാഹിത്യസമിതികളിൽ അംഗമായി. ഇടതുപക്ഷ അനുഭാവം പ്രകടിപ്പിക്കുന്ന പുതിയ ചെറുപ്പക്കാരെ സാഹിത്യപ്രവർത്തനത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്നതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നതിനു സമിതി മുൻകൈയെടുത്തു പ്രവർത്തിച്ചു.
അതിനായി അവർ പുതിയ എഴുത്തുകാർക്ക് കൂടുതൽ പ്രാധാന്യം കൊടുത്തു. അവരുടെ രചനകളെ മുഖ്യധാരയിൽ കൊണ്ടുവരുവാനും കൂടുതൽ പ്രോത്സാഹനങ്ങൾ കൊടുക്കുവാനും തീരുമാനിച്ചു. ഈയൊരു ആശയത്തെ മുൻനിർത്തി 1964 മേയ് മാസത്തിൽ അഖിലകേരളാടിസ്ഥാനത്തിൽ ഷൊർണൂരിൽവെച്ച് യുവകവികളുടെ ക്യാമ്പ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഷൊർണൂരിലെ കെ.വി. രാമൻ നായർ ഹൈസ്കൂളായിരുന്നു മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ ക്യാമ്പിനു തിരഞ്ഞെടുത്തത്. കവിതാക്യാമ്പിൽ പങ്കെടുക്കാൻ കേരളത്തിലുള്ള ചെറുപ്പക്കാരായ കവികളെ കണ്ടെത്തി. ക്യാമ്പിൽ ക്ലാസെടുക്കുന്നതിനും കാവ്യാനുഭവങ്ങൾ പങ്കിടുന്നതിനും അക്കാലത്തെ പ്രമുഖ കവികളെയും സാഹിത്യകാരന്മാരെയും പങ്കെടുപ്പിക്കുന്നതിൽ സാഹിത്യസമിതി ശ്രദ്ധിച്ചു. പി. കുഞ്ഞിരാമൻ നായർ, വൈലോപ്പിള്ളി, ഇടശ്ശേരി, ഒ.എൻ.വി., അക്കിത്തം, ഒളപ്പമണ്ണ, വയലാർ രാമവർമ്മ, ജി. കുമാരപിള്ള, ചെറുകാട്, മുണ്ടശ്ശേരി, എം.എസ്. മേനോൻ, തകഴി, എം.ടി., കെ.ടി. മുഹമ്മദ്, എൻ.പി. മുഹമ്മദ്, കെ.പി. ശങ്കരൻ, കെ.വി. രാമകൃഷ്ണൻ, കുഞ്ഞുണ്ണിമാഷ് തുടങ്ങി അക്കാലത്തെ നിരവധി എഴുത്തുകാർ ക്യാമ്പിന്റെ ഭാഗമായി പങ്കെടുത്തു. കുഞ്ഞുണ്ണിമാഷ് അക്കാലത്ത് എഴുതിത്തുടങ്ങിയിരുന്നില്ല. സിദ്ധാർത്ഥൻ പരുത്തിക്കാട്, പുറമണ്ണൂർ ടി. മുഹമ്മദ്, ചവറ കെ.എസ്. പിള്ള, മലയത്ത് അപ്പുണ്ണി, ധീരപാലൻ ചാളിപ്പാട്, ഇയ്യങ്കോട് ശ്രീധരൻ എന്നിങ്ങനെ ഇരുപതോളം ചെറുപ്പക്കാരെ ക്യാംമ്പംഗങ്ങളായി പങ്കെടുപ്പിച്ചു.
പുതിയ എഴുത്തുകാരെ സംബന്ധിച്ച് അന്നത്തെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുമായി സംവദിക്കാൻ കിട്ടിയ ഒരവസരം വളരെ പ്രധാനപ്പെട്ടതായിരുന്നു.
വൈലോപ്പിള്ളിയും ചെറുകാടും മുണ്ടശ്ശേരിയും വയലാറും കെ.ടി. മുഹമ്മദും തകഴിയും ഒക്കെ ചേരുന്ന ഒരു അരങ്ങ് കെ.വി.ആർ. നായർ ഹൈസ്കൂൾ ഗ്രൗണ്ടിൽ അന്നു നടന്നു. 1931-ൽ സ്ഥാപിച്ചതാണ് സ്കൂൾ. ഭാരതപ്പുഴ രണ്ടു കിലോമീറ്റർ അരികത്തുകൂടി ഒഴുകുന്നു.
രണ്ടാം ദിവസം ആയിരുന്നു വയലാറുമായുള്ള സംവാദം നടന്നത്. സംവാദം ആരംഭിക്കുന്നതിനു മുമ്പ് എം.ആർ. ബിയുടെ നിർദ്ദേശപ്രകാരം രാമവർമ്മയുടെ രണ്ടു കവിതകൾ നാടകാവിഷ്കാരമായും സംഗീതശിൽപ്പമായും അവതരിപ്പിച്ചു. വയലാർ വേദിയിൽ ഇരിക്കേത്തന്നെ ഈ അവതരണം നടന്നത് അന്നത്തെ ചെറുപ്പക്കാരായ എഴുത്തുകാർക്കിടയിൽ പ്രത്യേക അനുഭവമായി. അതിനുശേഷമായിരുന്നു കവിയുടെ പ്രഭാഷണം ആരംഭിച്ചത്. സ്വന്തം കവിതകളെ മുൻനിർത്തിയുള്ള രണ്ട് ആവിഷ്കാരങ്ങളും കണ്ടതിനുശേഷം തുടങ്ങിയ പ്രഭാഷണം മുൻ അവതരണങ്ങളെ അഭിനന്ദിച്ചുകൊണ്ടായിരുന്നു. കാവ്യാത്മകമായ സംഭാഷണമാണ് വയലാറിൽനിന്നു പ്രവഹിച്ചത്. കവിതയെഴുത്തുപോലെത്തന്നെ. അതിനെ ഗദ്യകവിത എന്നു വേണമെങ്കിൽ പറയാം. കവിതയ്ക്കു വേണ്ട എല്ലാ വൈകാരികഘടകങ്ങളും ആ വാക്കുകളിൽ അടുക്കിവെച്ചിട്ടുണ്ട്. ഭാവതീവ്രതകളെ നിറച്ചുവെച്ചുകൊണ്ട് കേൾവിക്കാരുടെ ഹൃദയത്തിലേക്ക് ആഴത്തിൽ സഞ്ചരിക്കുവാൻ ആ സംഭാഷണങ്ങൾക്ക് സാധിക്കുമായിരുന്നു.
***
കുട്ടനാട്ടിൽനിന്ന് ഒരു വലിയ വള്ളം കായലിനു മീതേക്കൂടി വലിച്ചടുപ്പിച്ച് കടലോരത്തേക്കെത്തിക്കുന്നതുപോലെയുള്ള ഒരു സ്വപ്നം പുലർകാലത്തു കണ്ടു. രാമവർമ്മ എണീറ്റപ്പോൾ സമയം നാലുമണി കഴിഞ്ഞു. ഇന്നലെ രാത്രി കിടക്കാൻ വൈകി. സലിൽ ദായുടെ ഈണങ്ങൾക്കൊപ്പമായിരുന്നു. സിഗററ്റ് വീണ്ടും വലിക്കാൻ തുടങ്ങി. ഈണങ്ങൾ കെട്ടുപിണഞ്ഞു കിടക്കുകയാണ്.
സ്വപ്നത്തെപ്പറ്റി ആലോചിച്ചുനോക്കി. ഒരമൂർത്തവിതാനം മാത്രമേ ഇപ്പോൾ അവിടെയുള്ളൂ. നീലാകാശത്തിനു താഴെ മണൽപ്പരപ്പ്. സൂക്ഷിച്ചുനോക്കിയപ്പോൾ അർത്തുങ്കൽ കടപ്പുറംപോലെ തോന്നി. ഇടയ്ക്ക് കുടുങ്ങിക്കിടക്കുന്ന ഒരു കായലിന്റെ വിരിമാറിൽ പറ്റിപ്പിടിച്ചു വളർന്ന് കെട്ടുപിണഞ്ഞു നിൽക്കുന്ന തെങ്ങുകൾ. പുരണ്ടിരിക്കുന്ന വെയിൽ. മീനുകളുമായി വരുന്ന വള്ളങ്ങളുടെ ഒരു നിര. പിന്നെ തലങ്ങും വിലങ്ങും വേറവേറെ നിരകൾ. വള്ളങ്ങൾ തമ്മിൽ ഇടകലർന്ന് അടുത്തടുത്തുവരുന്നു.
രാമവർമ്മ ഓർത്തെടുക്കുമ്പോൾ ഒന്നിനു പുറകെ ഒന്നായി ദൃശ്യങ്ങൾ പതുക്കെ ഇരുൾ മാഞ്ഞു തെളിയാൻ തുടങ്ങി. എന്നാൽ അപ്പോഴൊന്നും ആദ്യത്തെ കാഴ്ച വ്യക്തമാകാതെതന്നെ കിടക്കുന്നു. വലിയൊരു വള്ളം കുട്ടനാട്ടിൽനിന്നു തിരിച്ചത് ആകാശത്തുകൂടി ഒഴുകി കടലിൽ ചേരുന്നു. കടലിൽ എങ്ങനെയാണ് എത്തുക എന്നത് സ്വപ്നത്തിനുശേഷം വന്ന ഒരു ചോദ്യമാണ്. തകഴി ചെമ്മീൻ എഴുതിയ വർഷമാണ് തോട്ടപ്പിള്ളി സ്പിൽവേ നിർമ്മിച്ചത്. അതുവരെ കുട്ടനാട്ടിലെ ജലവും കടലും തമ്മിൽ ചേരാതെ കിടക്കുകയായിരുന്നു. തോട്ടപ്പിള്ളി പൊഴി വന്നപ്പോൾ കുട്ടനാട്ടിലെ വെള്ളം കടലുമായി ചേർന്നു. ഇപ്പോൾ എട്ടൊമ്പതു വർഷം കഴിഞ്ഞിരിക്കുന്നു. വള്ളത്തിന്റെ അറ്റം സ്വപ്നത്തിൽ വയലാറിനു മുകളിലൂടെ കടന്നുപോയ ഒരു ദൃശ്യം മനസ്സിൽനിന്ന് മായുന്നില്ല. പഞ്ചാരമണലിനും ബലികുടീരത്തിനും മുകളിലൂടെ സഞ്ചരിച്ച ആ തോണിയുടെ ഗന്ധം പണ്ട് മയക്കോവ്സ്കിയുടെ കവിതകൾ വായിച്ച കാലത്ത് പരിചയപ്പെട്ടതാണ്. ജീവിതത്തിന്റെ പ്രഹേളികകൾക്കും കാമനകൾക്കും മുന്നിലൂടെ കടന്നുപോകുന്ന തോണി.
പെട്ടെന്നാണ് ഇന്നലെപ്പറഞ്ഞ ഈണങ്ങൾ കെട്ടിമറിയാൻ തുടങ്ങിയത്. സലിൽ ദായുടെ വിരലുകൾ തിരകളിൽ നീന്തുന്ന മീൻതോണികളാകുന്നു. അർത്തുങ്കലും പുറക്കാട്ടും വലപ്പാട്ടും നടന്നതാണ്. രാമവർമ്മ ഓർത്തു. ഈണങ്ങളുടെ ചേരുവകൾ നിറഞ്ഞ വാക്കുകൾ, പദാവലികൾ, സംസാരഭാഷകൾ, തെറിവിളികൾ, കൂവലുകൾ, വായിട്ടലയ്ക്കലുകൾ ഇതൊക്കെയും കേൾക്കണമായിരുന്നു സലിൽ ദായ്ക്ക്. ഇതൊക്കെയും വേണമായിരുന്നു സലിൽ ദായ്ക്ക്. അതിനിടയ്ക്ക് രൂപപ്പെടുന്ന ചെറുചെറു തുരുത്തുകൾ പോലെയാണ് ചെറിയ നിശ്ശബ്ദതകൾ എന്ന് സലീൽ ദാ പറഞ്ഞു. അതിനിടയിൽ കാണുന്ന വിടവിനു ഭംഗിയുണ്ട് എന്നും പറഞ്ഞു. വയലാറുപോലെ. കുടുങ്ങിക്കിടക്കുന്ന കായലിന്റെ തീരത്ത് അള്ളിപ്പിടിച്ചുകിടക്കുന്ന ഒരു ഗ്രാമം.
'അങ്ങനെയൊന്നും പറയരുത്,' രാമവർമ്മ സലിൽ ദായോടു പറഞ്ഞു.
'അതെന്താ?'
'അങ്ങനെയൊക്കെ പറഞ്ഞാൽ എനിക്കെന്റെ അമ്മയെ ഓർമ്മവരും. ഈ ഭൂമിയും രക്തം കലർന്ന മണ്ണും അമ്മയും എനിക്കൊന്നുതന്നെയാണ്.'
'എങ്കിൽ ഈ ഈണങ്ങളുടെ കൂടെ വരൂ. ഒരു പാട്ട് താ, ഒരു പാട്ടിലേക്കെത്തുന്ന വരി താ.'
അങ്ങനെയാണ് ഇന്നലെ അതിന്റെ ആദ്യ പല്ലവി എഴുതിക്കൊടുത്തത്.
പെണ്ണാളേ പെണ്ണാളേ
കരിമീൻ കണ്ണാളേ... കണ്ണാളേ ...
ആദ്യ പല്ലവി എന്നൊന്നും പറയാൻ പറ്റില്ല. പല്ലവിയും അനുപല്ലവിയും ചരണവും എന്നുള്ള ക്രമങ്ങളെയൊക്കെ തകർക്കുകയാണ് ഈ ഈണങ്ങളിൽ സലിൽ ദാ. കടലോരത്തേക്കെത്തിയ ഒരാവേശത്തിമിർപ്പ് രണ്ടുപേർക്കുമുണ്ടായിരുന്നു. രാമവർമ്മ ഓർത്തു.
ഇപ്പോൾ രണ്ടു വരിയെഴുതിയ കടലാസ് വീണ്ടും മറിച്ചുനോക്കി. ലെറ്റർ പാഡിനുള്ളിൽ കുറേ കടലാസുകളിൽ വിവിധ ഈണങ്ങളിൽനിന്നു വന്ന വരികൾ എഴുതിയിരിക്കുന്നു.
'കന്നിത്താമരപ്പൂമോളേ' എന്നെഴുതിയിരിക്കുന്നു.
'മാനത്തു പറക്കണ ചെമ്പരുന്തേ' എന്നെഴുതിയിരിക്കുന്നു.
'അർത്തുങ്കൽ പള്ളിയിലെ പെരുന്നാളു വന്നല്ലോ' എന്ന് എഴുതിയിരിക്കുന്നു.
'ഒരു നല്ല കോളു താ കടലമ്മേ' എന്നെഴുതിയിരിക്കുന്നു.
'നിന്നാണേ എന്നാണേ കണവൻ അല്ലേലിക്കര കാണൂല' എന്നെഴുതിയിരിക്കുന്നു.
'അരയത്തിപ്പെണ്ണ് പിഴച്ചുപോയി' എന്ന് എഴുതിയിരിക്കുന്നു.
ആ വരികളൊക്കെയും ഒറ്റമാത്രയിൽ രാമവർമ്മ മറിച്ചുനോക്കി. പാട്ടും ഈണവും കടലോരസംസ്കൃതിയും തമ്മിൽ പുരളണം. അങ്ങനെ കെട്ടിമറിഞ്ഞ ഒരു ജീവിതത്തെ നിർമ്മിച്ചെടുക്കുന്നപോലെ ഈ പാട്ടിനെ കടലാസിൽനിന്ന് വേർപെടുത്തിയെടുക്കണം.
പല്ലവിയും അനുപല്ലവിയും ചരണവും അതിനിടയ്ക്ക് ആഖ്യാനവും പുരാവൃത്തവും കൂടിക്കെട്ടിമറിയണം.
'നമുക്കൊന്നിച്ച് ഒന്നുകൂടി കടലോരത്തുകൂടി നടക്കണം,' ഈ പാട്ടിന്റെ സംഘർഷങ്ങളിൽ എവിടെയോവെച്ച് സലിൽ ദായോടു പറഞ്ഞു. ഇന്നലെയായിരുന്നു പറഞ്ഞത്.
പെണ്ണാൾ, കരിമീൻ കണ്ണാൾ എന്നീ വാക്കുകൾ വരുന്നത് സംഘകാലതമിഴകത്തിനും മുമ്പാണ്. സൈന്ധവകാലവ്യാപനത്തിനും മുമ്പുണ്ടായിരുന്ന ഒരു കാലത്തിന്റെ പഴക്കം അതിനകത്തുണ്ട്. തിരുനല്ലൂർ കരുണാകരൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഓർമ്മ വരുന്നുണ്ട്. 'മീൻകണ്ണുപോലെയുള്ളവൾ,' 'മീൻ അടയാളമുള്ളവൾ' എന്നിങ്ങനെയുള്ള വാക്കുകളുടെയും അതിനു പിന്നിലുള്ള ആശയത്തിന്റെയും പുരാതനതയെക്കുറിച്ചു പറയുന്നുണ്ട്. പുരാതനമായ ഒരു കടലോരബാന്ധവം ഈ കരയുടെ അരികുകളിൽ പണ്ടുമുതലേ വീണുകിടക്കുന്നു.
'ഇവിടെയൊക്കെ ഏറ്റവും പഴക്കമുള്ള ഒരു മനുഷ്യജീവിതത്തിന്റെ പുരാവസ്തുപരമായ തെളിവാണ് ചെമ്മീനിൽനിന്നു കണ്ടെത്താനാവുന്നത്,' രാമവർമ്മ പറഞ്ഞു.
സലിൽ ദാ അതു കേട്ട് ഒന്നു മൂളി.
'പുരാതനമായ മത്സ്യങ്ങളുടെ എല്ലുകൾ പുരാവസ്തുപരമായി ആയിരത്താണ്ടു വർഷങ്ങൾക്കുശേഷം ലഭിക്കുന്നപോലെ പുരാതനമായ മനുഷ്യജീവിതത്തിന്റെ അസ്ഥികൾ ഈ പാട്ടിൽനിന്നു ലഭിക്കണം.'
'അതെ.'
'ഈ മനുഷ്യരുടെ ജീവിതത്തിന്റെ അടുക്കുകളിൽനിന്ന്, പ്രണയത്തിൽനിന്ന്, ശരിതെറ്റുകളിൽനിന്ന്, ശരീരം എന്ന ജാലവലയുടെ കടുംകെട്ടുകളിൽനിന്ന്, ചുഴിമലരിയിൽനിന്ന്, ഒടുക്കം അതിന്റെ പ്രശാന്തതയിൽനിന്ന്.'
'അതെ, ആ പ്രശാന്തതയിൽനിന്നാണ് നമുക്കാരംഭിക്കേണ്ടത്.'
'പാടൂ.'
'പെണ്ണാളേ പെണ്ണാളേ ...'
'അരയത്തിപ്പെണ്ണ് പിഴച്ചുപോയാൽ' എന്ന പുരാവൃത്തം നമ്മുടെ അന്വേഷണത്തിന്റെ ഒരു പ്രവേശകം മാത്രമാണ്. മനുഷ്യൻ കാർഷികവൃത്തിയാരംഭിക്കുന്നതിനുംമുമ്പ് കടലോരജീവിതം ഉണ്ടായിട്ടുണ്ടാവണം. കാർഷികജീവിതത്തിൽ മണ്ണും പെണ്ണും സംരക്ഷിച്ചു നിർത്തേണ്ടതാണ് എന്ന വസ്തുത തെളിഞ്ഞുകിടപ്പുണ്ട്. അവിടംമുതലായിരിക്കുമോ നമ്മൾ സ്ത്രീയെ സംരക്ഷിച്ചുതുടങ്ങിയത് എന്നൊരന്വേഷണവും ഇതിനോടൊപ്പം ചേർക്കാം. അങ്ങനെയൊക്കെ വരുമ്പോൾ ചാരിത്ര്യം എന്നതുതന്നെ ചരിത്രമായി മാറുന്നു. സ്ത്രീയിൽനിന്ന് വിടുതലില്ലാതെകിടക്കുന്ന പുരുഷകേന്ദ്രീകൃതമായ ജീവിതലോകബോധങ്ങളൊക്കെയും ഈ പുരാവൃത്തത്തെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട്. കടലിനുള്ളിലെ മുത്തും പവിഴവും തിരയുന്നതിന്റെ പുരാതനത്വം ആദിരതികാമനകളുടെ ഉദ്ഭവകേന്ദ്രത്തിൽനിന്നാണ് ഉറവെടുക്കുന്നത്. മുത്ത് കടലാഴങ്ങളുള്ള, അഗാധതകളുള്ള സ്ത്രീഹൃദയത്തിൽ നിപതിക്കുന്ന കണ്ണീർമഴത്തുള്ളിയുടെ സംയോഗത്തിൽനിന്നാണ് ഉണരുന്നത്. അത് വീണ്ടും വീണ്ടും ഉള്ള ആഗ്രഹങ്ങളിൽനിന്നാണ് ഉടലെടുക്കുന്നത്. അഭിവാഞ്ഛയെന്നോ ജീവിതാസക്തിയെന്നോ പറയാം.
'മറ്റൊന്ന്, ഇതൊരു സംഘഗാനമാണ്. നമ്മുടെ സംഗീതപാരമ്പര്യങ്ങളിൽ ഗോത്രപരതയിൽ ഈ സംഘസ്വഭാവം ഉണ്ട്. കൂട്ടായി ചേർന്ന് പിടിച്ച മീൻപോലെ കൂട്ടായി ചേർന്നു ഭക്ഷിച്ച അതിന്റെ മാംസംപോലെ നമ്മുടെ ജനിതകത്തിൽ ഈ സംഘകാലപാരമ്പര്യം നിലനിൽക്കുന്നുണ്ട്.'
സലിൽ ദാ അങ്ങനെ പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓർമ്മ വന്നത്.
'അതിലൊരു പങ്കിടലിന്റെ സ്വഭാവമില്ലേ? ഒരു സോഷ്യലിസ്റ്റ് കോൺസെപ്റ്റ്. ഭാഷയും സംഗീതവും സമൂഹത്തിൽനിന്നാണ് വരുന്നത്. അതവിടെവെച്ചുതന്നെ രൂപം മാറുന്നു,' രാമവർമ്മ പറഞ്ഞു.
'അതെ, ഒരുപക്ഷേ, ഈ രൂപാന്തരണങ്ങൾക്കുശേഷവും അതിന്റെ ആത്മാവ് അവിടെത്തന്നെ കാണും. സംഗീതത്തിൽ ആത്മാവിനെ നമുക്ക് പെട്ടെന്നു തൊടാൻ സാധിക്കും, അലിഞ്ഞുചേരാൻ സാധിക്കും; ഭാഷകളുടെ ബന്ധനങ്ങളിലാതെതന്നെ. ഭാഷയിലൂടെ തുടങ്ങി ഭാഷയ്ക്ക് അതീതമായി സഞ്ചരിക്കാൻ അതിനാകുന്നു; കടൽ ഒരനുഭൂതിയാകുന്നപോലെ. കേരളീയ കടലോരജീവിതം, ജീവിതബന്ധങ്ങൾ, അവയുടെ സങ്കീർണ്ണതകൾ ഇവയൊക്കെ അനുഭവപ്പെടുത്തുമ്പോൾ നമ്മൾ വിജയിക്കുന്നു' എന്നു പറഞ്ഞുകൊണ്ട് സലിൽ ദാ ഹാർമോണിയത്തിന്റെ കട്ടകളിലൂടെ സഞ്ചരിച്ചു. സംഘകാലത്തെക്കാളും പുരാതനമായ ഒരു കടലോരസംസ്കൃതിയുടെ ചുഴിമലരികൾ ഹാർമോണിയത്തിലേക്കു കടന്നുവന്നു. ബംഗാളിന്റെ സംഗീതപാരമ്പര്യവും ചെറുപ്പത്തിൽ അച്ഛനോടൊപ്പം അസാമിൽ താമസിച്ചുകൊണ്ടിരുന്ന കാലത്ത് സ്വാധീനിച്ച സലിൽ ദായുടെ നാടോടിയായ അലഞ്ഞുതിരിഞ്ഞ സംഗീതവും കൂടിച്ചേർന്നുണ്ടായ ഒരു മിശ്രിതമാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. ഒരു എഴുത്തുകാരനും ചെറുകഥാകൃത്തുമാണ് സലിൽ ദാ. ജീവിതങ്ങളെക്കുറിച്ചു പറയും. മനുഷ്യജീവിതാവസ്ഥകളെക്കുറിച്ച് ഉള്ളിൽ തട്ടുന്നവിധം സംസാരിക്കും. അതും സംഗീതംതന്നെ എന്ന് രാമവർമ്മയ്ക്കു തോന്നി.
നേരം വെളുത്തുവന്നു. കരിമീൻ, കണ്ണ്, ആൾ എന്നീ വാക്കുകൾ ആ പ്രഭാതത്തിൽ മൂന്നു വാക്കുകളായി കടലാസിൽ കിടക്കുന്നു. കുറിയമുട്ടം കായലിലേക്ക് തിരിയുന്ന ചെറിയൊരു തോട് രാഘവപ്പറമ്പിന്റെ പടിഞ്ഞാറുവശത്തുകൂടി ഒഴുകുന്നുണ്ട്. വെയിൽ വരുമ്പോൾ അതിന്റെ കൺവെട്ടങ്ങൾ രാത്രിയുടെ കറുത്ത കുത്തുകൾ എടുത്തോടുന്നതുപോലെയുണ്ട്.
വാതിൽ തുറന്നു. ആരാണ് തുറന്നതെന്നു നോക്കിയപ്പോൾ കാര്യാട്ടാണ്. ഇന്നലെ സലിൽ ദായ്ക്കൊപ്പം ഇരുന്നപ്പോൾ കാര്യാട്ട് ഉണ്ടായിരുന്നില്ല.
'നമുക്കെല്ലാവർക്കും ഒന്നുകൂടി വലപ്പാട്ട് പോകണം,' രാമു കാര്യാട്ട് പറഞ്ഞു, 'സലിൽ ദായ്ക്കും നിർബ്ബന്ധമാണ് എന്നു പറഞ്ഞു. ഇപ്പോൾത്തന്നെ ഇറങ്ങണം. ബാക്കി കാര്യങ്ങൾ അവിടെ ചെന്നിട്ടു പറയാം.'
കാറിലിരുന്നപ്പോൾ കടലിൽനിന്നു വരുന്ന തണുത്ത കാറ്റ് എല്ലാവരെയും തഴുകിപ്പോയി. സത്യന്റെയും ഷീലയുടെയും ഡേറ്റുകൾ, ഷെഡ്യൂളുകൾ, ഔട്ട്ഡോർ ഷൂട്ടിങ്ങിന്റെ സാങ്കേതികതകൾ എന്നിവയൊക്കെയായിരുന്നു സംസാരം. തകഴിയുടെ കഥയെക്കുറിച്ചും കാര്യാട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു.
എന്നാൽ അതിലൊന്നും കാര്യമായി ശ്രദ്ധിക്കാതെ രണ്ടുപേർ ഇരിക്കുകയാണ്. രാമവർമ്മയും സലിൽ ദായും. ഇടയ്ക്ക് കാറ് നിർത്തിയപ്പോൾ രണ്ടുപേരും പുറത്തിറങ്ങി.
'വലപ്പാട്ടിനു പകരം വേറൊരു ലൊക്കേഷൻ ആലോചിക്കുകയാണോ?' രാമവർമ്മ ചോദിച്ചു.
'ഏയ്, അങ്ങനെയൊരു ആലോചനയേയില്ല. വലപ്പാട് എന്നത് നേരത്തേതന്നെ തീരുമാനിച്ചതാണ്. ബാബു ലൊക്കേഷൻ പുറക്കാടു തന്നെയാക്കാം എന്നു പറഞ്ഞിരുന്നു. പിന്നീട് എറണാകുളത്തേക്ക് കൊണ്ടുപോകാനും ഒരുങ്ങിയതാണ്. അതിനായി ഞങ്ങൾ എറണാകുളത്തുനിന്ന് ബോട്ടിൽ കുറേയേറെ കറങ്ങിനടന്നതാണ്. ഒരു സ്ഥലത്തു ചെന്നപ്പോൾ 'പിഴല' എന്ന പേരിലുള്ള ഒരു സ്ഥലവും കണ്ടതാണ്. അരയത്തിപ്പെണ്ണ് പിഴച്ചുപോയി എന്നതുമായി ബന്ധപ്പെട്ട മിത്തുകൾ അവിടെയുണ്ടോ എന്ന് പരതിനോക്കി.'
രാമവർമ്മയുടെ ഉള്ളിൽ വല്ലാത്തൊരാത്മസംഘർഷം കടന്നുകൂടി. സലിൽ ദായോടൊപ്പം കുറച്ചു നേരം ശാന്തനായി ഇരുന്നു. ഒരു സിഗററ്റ് കത്തിച്ചു.
'നാലു വ്യത്യസ്ത ഈണങ്ങളുടെ അടുക്കുകളാണ് ഇതിൽ. ഇന്നലെ നമ്മൾ തുടങ്ങിയ പല്ലവിതന്നെ വിവിധ രീതിയിൽ ആവർത്തിച്ചുവരുന്നുണ്ട്. അനുപല്ലവിയും ചരണവും അടുക്കു തെറ്റി നിരത്തിവെച്ചിരിക്കുകയാണ്. നേരത്തേ പറഞ്ഞ ഈ നാല് ഈണങ്ങൾ ഉണ്ടല്ലോ, അത് പത്തുപതിനൊന്നിടങ്ങളിൽ ക്രമരഹിതമായി കടത്തിവെക്കണം.'
സലിൽദാ പറയുകയാണ്, 'വലപ്പാട് എത്തിയില്ല. എങ്കിലും കടലിന്റെ മണം വരുന്നു. കടലോരമനുഷ്യരുടെ സംസാരങ്ങൾ അവർക്കിടയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.
'ഒന്നാമത്തെ ഈണം 'പെണ്ണാളേ പെണ്ണാളേ' എന്നത്. രണ്ടാമത്തേത് 'കന്നിത്താമരപ്പൂമോളേ' എന്നത്. മൂന്നാമത്തേത് 'മാനത്തു പറക്കണ ചെമ്പരുന്തേ' എന്നത്. നാലാമത്തേത് 'പണ്ടൊരു മുക്കുവൻ മുത്തിനു പോയി' എന്നത്.'
'ഇത്ര വ്യത്യസ്തമായ ഈണഘടനകളെ ഒരു പാട്ടിലേക്ക് സന്നിവേശിപ്പിക്കുന്നത് ആദ്യമാണ്,' രാമവർമ്മ പറഞ്ഞു, 'വളരെ സങ്കീർണ്ണത നിറഞ്ഞ ഒരു രൂപപ്പെടലാണിത്. പാടിയ നാല് ഈണങ്ങളും നാടോടിയാണ്. കടൽത്തിരമാലകളുടെയും കടലോരമനുഷ്യരുടെയും ഭാഷണങ്ങൾ കൂട്ടിമുട്ടുന്നപോലെയുണ്ട്.'
സലിൽ ദായും രാമവർമ്മയും വഴിയോരത്തെ ഒരു ചായക്കടയുടെ മുന്നിൽ ഇരിക്കുകയാണ്. കടലോരഭൂമിയുടെ പഞ്ചാരമണലിൽ രാമവർമ്മ വലിച്ചുകളഞ്ഞ സിഗററ്റുകുറ്റികൾ എരിഞ്ഞു നീറിയമർന്നുകിടന്നു.
രാമവർമ്മ നോക്കി. ഇനി നാല് സിഗററ്റുകൂടി. ചാർമിനാറിന്റെ പായ്ക്കറ്റ് പോക്കറ്റിൽ തിരുകി എണീറ്റു.
***
കേരളത്തിൽനിന്ന് കടൽ കടന്നുപോകുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ ചരിത്രം നമുക്കൊരു പാഠമാണ്. ലോകോത്തരവിപണികളിൽ ഏലവും കുരുമുളകും നമ്മളെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് മൂവായിരം വർഷങ്ങൾക്കപ്പുറം പഴക്കമുള്ള സുദീർഘമായ പുരാതനപ്രൗഢി ഇവയ്ക്കുണ്ട്. പ്രകൃതിദത്തമായ ഈ വിഭവങ്ങളല്ലാതെ നമ്മുടെ കലയും സാഹിത്യവും സിനിമയും ഒന്നും ദേശീയനിലവാരത്തിലേക്കുപോലും അടയാളപ്പെടുത്തിയില്ല. ഇന്ത്യയിലെ ഏതൊരു ഭാഷയിലും പുറത്തിറങ്ങുന്ന സിനിമകളുടെ കൂട്ടത്തിൽ കേരളത്തിൽനിന്നിറങ്ങുന്ന സിനിമകളും ശ്രദ്ധിക്കപ്പെടണം. ലോകോത്തരവേദികളിൽ നമ്മുടെ കലാവിഷ്കാരങ്ങൾ അംഗീകരിക്കപ്പെടണം.
മദ്രാസിൽ വുഡ്ലാൻഡ് ഹോട്ടലിൽ രാമു കാര്യാട്ടുമൊന്നിച്ച് ഇരിക്കുകയായിരുന്നു രാമവർമ്മ. കൂടെ കണ്മണി ബാബുവും ഉണ്ട്. ഷൂട്ടിങ്ങിന്റെ ആഴ്ചകൾ നീണ്ട ഷെഡ്യൂളുകൾ, വർക്കുകൾക്കുശേഷം എഡിറ്റിങ്ങും ഡബ്ബിങ്ങും ടൈറ്റിൽ വർക്കും കഴിഞ്ഞ് അഭ്രപാളിയിലേക്കു പടരാനായി കാത്തുനിൽക്കുകയാണ് ചെമ്മീൻ. വലപ്പാട്ടെ കടപ്പുറത്തെ ഷൂട്ടിങ് മുതൽ ശരിക്ക് ഊണും ഉറക്കവും കിട്ടിയിട്ടില്ല. അലഞ്ഞ ശരീരവും മനസ്സും ഒന്ന് തണുപ്പിക്കാനായി വയലാറിനൊപ്പം ഇരുന്നതാണ് രാമു കാര്യാട്ട്. കണ്മണി ബാബുവിന് നഗരത്തിലെ ആ രാത്രിയെ മുഴുവൻ വിലയ്ക്കു വാങ്ങാം എന്ന മട്ടിലാണിരുപ്പ്.
മുന്നിൽ ട്രിപ്പിൾ ഫൈവിന്റെ പാക്കറ്റുകൾ കുടഞ്ഞിട്ടിരിക്കുന്നു. അതിലെ ഒരു പാക്കറ്റെടുത്ത് കവർ പൊട്ടിച്ച് ആദ്യത്തെ സിഗററ്റ് ചുണ്ടോടടുപ്പിച്ചു രാമവർമ്മ.
'നമുക്ക് ഈ ചെമ്മീൻ കേരളത്തിൽ ഇന്നേവരെ ആരും റിലീസ് ചെയ്യാത്ത രീതിയിൽ വിപുലമായിത്തന്നെ ചെയ്യണം. ദേശീയ അവാർഡിലേക്ക് എൻട്രി കൊടുക്കണം,' രാമു കാര്യാട്ടു പറഞ്ഞു, 'പക്ഷേ, അവിടെയൊക്കെ ഒരു നോർത്ത് ഇന്ത്യൻ ലോബിയുണ്ട്. അവരെയൊന്നും നമുക്ക് മറികടക്കാൻ പറ്റില്ല.'
'വഴിയുണ്ട്,' രാമവർമ്മ ട്രിപ്പിൾ ഫൈവിന്റെ ചുരുളുകൾ അന്തരീക്ഷത്തിലേക്ക് അയച്ചുകൊണ്ട് പറഞ്ഞു, 'നമുക്ക് ഉത്തരേന്ത്യൻ ലോബിയുടെ രാഷ്ട്രീയ സ്വാധീനവും പണം ധൂർത്തടിച്ചുകൊണ്ടുള്ള സ്വാധീനങ്ങളും ഒന്നും വേണ്ട. അതിനായി ഡൽഹിയിൽ പോയി കൃഷ്ണമേനോനെ ഒന്നു കാണണം. അത് കഴിഞ്ഞ് വിജ്ഞാനഭവനിൽ ഒരു റിവ്യൂ വെക്കണം. ഡൽഹിയിലെ എല്ലാ ബുദ്ധിജീവികളെയും ആശാന്മാരെയും വിളിക്കണം. കൃഷ്ണമേനോൻ മുഖാന്തരം പണ്ഡിറ്റ്ജിയെ പ്രത്യേകിച്ചും വിളിക്കണം.'
സിഗററ്റ് പകുതിയോളം പിന്നിട്ടു. അത് ആഷ്ട്രേയിൽ ഞെരടിക്കളഞ്ഞു.
'കൃഷ്ണമേനോനെ എങ്ങനെ ബന്ധപ്പെടും?' കാര്യാട്ട് ചോദിച്ചു.
'അദ്ദേഹത്തെ പരിചയമുള്ള ഒരു ഡൽഹി ലേഖകനെ എനിക്കറിയാം. ഞാൻ ബന്ധപ്പെടുത്തിത്തരാം.'
Published: 27 Oct 2026, 02:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented