കായലും കടലുമൊന്നും അതുവരെ കാണാന്‍ ഭാഗ്യമുണ്ടാകാത്ത ഒരു വയനാട്ടുകാരന്‍ കുട്ടിയുടെ മനസ്സില്‍ വാക്കുകള്‍ കൊണ്ട് ചേതോഹരമായ ചിത്രം വരച്ചിടുകയായിരുന്നു പൂവച്ചല്‍ ഖാദര്‍. 'കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍ സാഗരം ഉമ്മവെക്കുമ്പോള്‍..'

To advertise here,

കാലമേറെ കടന്നുപോയിട്ടും കായലും കടലുമൊക്കെ കണ്ടു പഴകിയിട്ടും ആ ഉമ്മവെക്കലിന്റെ മാധുര്യം ഇന്നും പഴയപടി. ഓരോ കേള്‍വിയിലും പുതുപുത്തന്‍ പ്രണയാനുഭൂതികള്‍ മനസ്സില്‍ നിറയ്ക്കുന്നു 'ഉത്സവ'ത്തിലെ ആ പ്രണയഗീതം, 'ആദ്യസമാഗമ ലജ്ജയില്‍ ആതിരാതാരകം കണ്ണടയ്ക്കുമ്പോള്‍, കായലഴിച്ചിട്ട വാര്‍മുടിപ്പീലിയില്‍ സാഗരം ഉമ്മവെക്കുമ്പോള്‍, സംഗീതമായ് പ്രേമസംഗീതമായ് നിന്റെ മോഹങ്ങള്‍ എന്നില്‍ നിറയ്ക്കൂ..'

പ്രണയികളുടെ ആദ്യസമാഗമത്തിന്റെ ഹര്‍ഷോന്മാദം മുഴുവനുണ്ടായിരുന്നു പൂവച്ചലിന്റെ വരികളിലും എ ടി ഉമ്മറിന്റെ ഈണത്തിലും. യേശുദാസ് ജാനകിമാരുടെ മത്സരിച്ചുള്ള ആലാപനം കൂടി ചേര്‍ന്നപ്പോള്‍ എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന ഒരു ഗാനമായി മാറി അത്. പ്രണയത്തെ പ്രകൃതിയുമായി വിളക്കിച്ചേര്‍ക്കുന്ന പൂവച്ചലിന്റെ രചന എത്ര ഹൃദ്യം

'നഗ്നാംഗിയാകുമീയാമ്പല്‍ മലരിനെ

നാണത്തില്‍ പൊതിയും നിലാവും

ഉന്മാദനര്‍ത്തനമാടും നിഴലുകള്‍

തമ്മില്‍ പുണരുമീ രാവും

നിന്നേയുമേന്നേയും ഒന്നാക്കി മാറ്റുമ്പോള്‍

സ്വര്‍ലോകമെന്തെന്നറിഞ്ഞു...'

അജ്ഞാതനായ ഏതോ തോണിക്കാരന്റെ ഹൃദയഗീതം പോലെ വിദൂരതയില്‍ നിന്ന് ഒഴുകിയെത്തിയ വിഷാദമധുരമായ ഹമ്മിംഗാണ് ആദ്യകേള്‍വിയില്‍ മനസ്സില്‍ പതിഞ്ഞത്; അര നൂറ്റാണ്ട് മുന്‍പ്. നിലാവലകളില്‍ മുങ്ങിനില്‍ക്കുന്ന കായലിന്റേയും കായല്‍പ്പരപ്പിലൂടെ ഒഴുകിനീങ്ങുന്ന തോണിയുടേയും തോണിയില്‍ മുഖാമുഖം നോക്കിയിരിക്കുന്ന പ്രണയികളുടേയുമൊക്കെ ദൃശ്യങ്ങള്‍ മനസ്സിലുണര്‍ത്തിയ വരികളും ഈണവും. പിന്നീട്, വര്‍ഷങ്ങള്‍ക്ക് ശേഷം ഗാനരംഗം ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ കണ്‍മുന്നില്‍ തെളിഞ്ഞത് കുട്ടിക്കാലത്തെ ആ സങ്കല്‍പചിത്രങ്ങള്‍ തന്നെയാണല്ലോ എന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ട്.

ശ്രീവിദ്യയും വിന്‍സെന്റുമാണ് കാമുകീകാമുകരായി രംഗത്ത്. 'ആദ്യത്തെ സംവിധാന സംരംഭത്തില്‍ നല്ല പാട്ടുകള്‍ വേണമെന്നും അവ കഥയോട് ചേര്‍ന്നുനില്‍ക്കുന്ന വിധം ചിത്രീകരിക്കണമെന്നും മോഹമുണ്ടായിരുന്നു. ബ്‌ളാക്ക് ആന്‍ഡ് വൈറ്റില്‍ ആ രംഗം ഒരു കവിതയാക്കി മാറ്റാന്‍ എന്നെ സഹായിച്ചത് ക്യാമറാമാന്‍ വിപിന്‍ദാസ് ആണ്. എന്റെ സിനിമകളിലെ എനിക്കേറ്റവും പ്രിയപ്പെട്ട പാട്ടുകളിലൊന്ന്.'ഉത്സവത്തിന്റെ സംവിധായകന്‍ ഐവിശശിയുടെ വാക്കുകള്‍.

കൊച്ചിയിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയില്‍ ഖാദര്‍ക്കയെ സഹയാത്രികനായി കിട്ടിയപ്പോള്‍ കൗമാരകുതൂഹലങ്ങളുമായി ചേര്‍ന്നുനിന്ന ആ ഗാനത്തെ കുറിച്ച് ചോദിക്കാതിരിക്കാനായില്ല. 'കായലും പുഴയുമൊക്കെ കുട്ടിക്കാലത്ത് ജീവിതത്തിന്റെ ഭാഗമായിരുന്നു.'കവി പറഞ്ഞു. 'പ്രണയത്തെക്കുറിച്ചെഴുതുമ്പോള്‍ സ്വാഭാവികമായിത്തന്നെ വരികളില്‍ വന്നുനിറയും അവ.' ശരിയാണ്. പൂവച്ചലിന്റെ ഏറ്റവും മികച്ച രചനകളിലെല്ലാമുണ്ട് ആ ജലമര്‍മ്മരം. സിനിമക്ക് വേണ്ടി ആദ്യമെഴുതിയ മുഴുനീള ഗാനമായ 'കാറ്റു വിതച്ചവനി'ലെ മഴവില്ലിനജ്ഞാതവാസം കഴിഞ്ഞു ഓര്‍മ്മയില്ലേ ? പുഴയുടെ കല്യാണമാണ് ആ പാട്ടിന്റെ പ്രമേയം തന്നെ. വരികളിലുടനീളമുണ്ട് പുഴയുടെ മൃദുമര്‍മ്മരം. ആദ്യ രാത്രിയില്‍ മതിലേഖ പുതിയൊരു പാല്‍ക്കിണ്ണം നല്‍കുന്നു, ആടയ്ക്കായ് പുഴ ഓളക്കൈ നീട്ടുന്നു...

തീര്‍ന്നില്ല പുഴയുടേയും കായലിന്റേയും കടലിന്റെയുമൊക്കെ സാന്നിധ്യമുള്ള പൂവച്ചല്‍ രചനകള്‍ വേറേയുമുണ്ട്: കായല്‍ക്കരയില്‍ തനിച്ചുവന്നത് കാണാന്‍, നിന്‍ വരവേല്‍പ്പിന് താലങ്ങളേന്തി താമരപ്പൊയ്കകള്‍ നീളേ (സ്വയംവരത്തിന് പന്തലൊരുക്കി), ചിത്തിരത്തോണിയില്‍ അക്കരെപ്പോകാന്‍ എത്തിടാമോ പെണ്ണേ, കരയുടെ നെഞ്ചില്‍ പടരും തിരയുടെ ഗാനം കേള്‍ക്കില്ലേ (ശരറാന്തല്‍ തിരി താണു), മുത്തുവിരിക്കും പുഴയുടെ തീരം (സിന്ദൂരസന്ധ്യക്ക് മൗനം), ഋതുമതിയായ് തെളിമാനം സുമവതിയായ് നദിയോരം, ആയിരം നാവാല്‍ പുഴയിലെ ഓളം പാടും കഥയിലലിഞ്ഞു (മൗനമേ നിറയും മൗനമേ), കായലിന്‍ പ്രഭാതഗീതങ്ങള്‍ കേള്‍ക്കുമീ തുഷാര മേഘങ്ങള്‍ (അനുരാഗിണീ ഇതായെന്‍), നദിയും കടലും ഒരു കുടുംബം (മലരും കിളിയും)....

'ആദ്യസമാഗമലജ്ജ' ആകാശവാണിയില്‍ ആദ്യം കേട്ടു കോരിത്തരിച്ച ബാല്യകാല സ്മരണ പങ്കുവച്ചപ്പോള്‍ കൗതുകമുള്ള ഒരു സ്വകാര്യ അനുഭവം ഓര്‍ത്തെടുത്തു പൂവച്ചല്‍: 'മുരുക്കുംപുഴയിലെ ഒരു സിനിമാക്കൊട്ടകയിലിരുന്നാണ് ആദ്യമായി ഉത്സവം സിനിമ കണ്ടത്. വിവാഹശേഷം ഭാര്യയോടൊപ്പം ആദ്യം കണ്ട പടം. മധുവിധുക്കാലമായതിനാല്‍ ഭര്‍ത്താവെഴുതിയ പാട്ടിന്റെ ചിത്രീകരണം കാണാന്‍ ഭാര്യക്ക് താല്‍പര്യമുണ്ടാകുമല്ലോ. കാത്തിരുന്നു കാത്തിരുന്ന് ഒടുവില്‍ ഈ പാട്ട് വന്നപ്പോള്‍ ഹാളിലെ സൗണ്ട് സിസ്റ്റം പിണങ്ങി. പാട്ടിനു പകരം ആകെയൊരു ചിലമ്പല്‍. അപശബ്ദം കേട്ട് ചിരിയടക്കാന്‍ പാടുപെടുന്ന ഭാര്യയുടെ ചിത്രമാണ് ആ ഗാനത്തിനൊപ്പം ഇന്നും മനസ്സില്‍ വന്നുനിറയുക.''

ഇറങ്ങിയ കാലത്ത് അത്ര വലിയ ഹിറ്റായി മാറിയ പാട്ടല്ല ആദ്യസമാഗമ ലജ്ജയില്‍. അതേ പടത്തിലെ 'സ്വയംവരത്തിന് പന്തലൊരുക്കി' എന്ന പാട്ടാണ് റേഡിയോയില്‍ അധികം കേട്ടിരുന്നത്. പില്‍ക്കാലത്ത് പലരും ആദ്യസമാഗമ ലജ്ജയെക്കുറിച്ച് ഗൃഹാതുരത്വത്തോടെ സംസാരിച്ചു കേട്ടപ്പോള്‍ സന്തോഷം തോന്നിയിട്ടുണെന്ന് പൂവച്ചല്‍. പലരുടേയും പ്രണയജീവിതത്തെ അഗാധമായി സ്വാധീനിച്ച പാട്ടാണത്രേ അത്.

'ഉത്സവ'ത്തിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയ എ ടി ഉമ്മറിനെ ഏറെക്കാലത്തിന് ശേഷമാണ് പൂവച്ചല്‍ ആദ്യമായി നേരില്‍ കണ്ടത്. പാട്ടുകള്‍ എഴുതിക്കൊടുത്ത് തിടുക്കത്തില്‍ നാട്ടിലേക്ക് തിരിച്ചു പോരുകയായിരുന്നു അദ്ദേഹം. പില്‍ക്കാലത്ത് ഉമ്മറുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ഗാനങ്ങള്‍ സൃഷ്ടിച്ചു പൂവച്ചല്‍; അധികവും പ്രണയഗാനങ്ങള്‍. എന്റെ ജന്മം നീയെടുത്തു (ഇതാ ഒരു ധിക്കാരി), ആഗ്രഹം ഒരേയൊരാഗ്രഹം (ആഗ്രഹം) എന്നിവ ഓര്‍മ്മവരുന്നു.

പൂവച്ചലും എടി ഉമ്മറും ഐവി ശശിയും വിപിന്‍ദാസും വിന്‍സന്റും ശ്രീവിദ്യയും എല്ലാം ഓര്‍മ്മയായി. സംഗീതമായ്, പ്രേമസംഗീതമായ് ഉള്ളില്‍ മോഹങ്ങള്‍ നിറച്ച ആ കാലത്തിന് മാത്രം മരണമില്ല.