ഉമ്പായി വിടപറഞ്ഞിട്ട് രണ്ടു വർഷം
----------------------------------------------
കൊച്ചിയിലെ ബോൾഗാട്ടി പാലസിന് മുന്നിലുള്ള പുൽത്തകിടിയിൽ ഇരുന്ന് ഹാർമോണിയം മീട്ടി പാടുന്ന ഉമ്പായിയുടെ സൗമ്യവും ദീപ്തവുമായ രൂപമാണ് ഓർമ്മയിൽ. കണ്ണുകൾ ചിമ്മി, അദൃശ്യയായ ഏതോ പ്രണയിനിയോടെന്നോണം ഉമ്പായി മന്ത്രിക്കുന്നു: ``ആംസൂ ഭരി ഹേ യെ ജീവൻ കി രാഹേ കോയി ഉൻസെ കെഹ്ദേ ഹമേ ഭൂൽ ജായെ..''

To advertise here,

ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ വീണുകിട്ടിയ അപൂർവ നിമിഷങ്ങൾ. ``പർവരിഷ്'' (1958) എന്ന ചിത്രത്തിൽ ദത്താറാം വാഡ്ക്കറുടെ സംഗീതത്തിൽ മുകേഷ് വിഷാദമധുരമായി ആലപിച്ച ആ ഗാനം അത്രയും ഭാവതീവ്രമായി മറ്റാരും പേടിക്കേട്ടിട്ടില്ല അതുവരെ. പാട്ടു പാടിത്തീർന്നിട്ടും ആത്മവിസ്മൃതിയിൽ മുഴുകിയെന്നപോലെ ഹാർമോണിയത്തിൽ നിന്ന് കൈയെടുക്കാതെ കണ്ണടച്ചിരുന്നു ഉമ്പായി. നിശബ്ദമായ ഇടവേള. മൗനത്തിനൊടുവിൽ കയ്യിലെ തൂവാല കൊണ്ട് കണ്ണിലെ നനവ് ഒപ്പിയെടുത്ത ശേഷം ശേഷം ഉമ്പായി പറഞ്ഞു: ``ക്ഷമിക്കണം. കരഞ്ഞുകൊണ്ടല്ലാതെ ഈ പാട്ട് പാടി മുഴുമിക്കാനായിട്ടില്ല എനിക്ക്. ഇതാ ഈ നിമിഷം വരെ.''

ആദ്യമായി ആ ഗാനം കാതിൽ ഒഴുകിയെത്തിയത് ചെറുപ്പത്തിലാണ്. ജീവിതം ലഹരിമയമായിരുന്ന നാളുകളിൽ. അസ്വസ്ഥമായ മനസ്സുമായി ഒരു ഗുരുവിനെ, വഴികാട്ടിയെ തേടി ഭ്രാന്തനെപ്പോലെ അലഞ്ഞിട്ടുണ്ട് അക്കാലത്ത് പി എ ഇബ്രാഹിം എന്ന ഉമ്പായി. ഒടുവിൽ ഗുരു വന്നു; മനുഷ്യരൂപത്തിലല്ല എന്ന് മാത്രം.. ``മനസ്സ് കൈവിട്ടുപോകുമായിരുന്ന ആ നാളുകളിൽ ആത്മഹത്യാമുനമ്പിൽ നിന്ന് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ആ പാട്ടാണ്. അതുകൊണ്ടുതന്നെ ആ പാട്ടാണ് എന്റെ ആദ്യഗുരു.'' -- ഉമ്പായിയുടെ വാക്കുകൾ. നിയോഗം പോലെ ഒരു രാത്രി നിനച്ചിരിക്കാതെ കാതിൽ വന്നു പതിക്കുകയായിരുന്നു ``ആംസൂ ഭരി ഹേ ''. മട്ടാഞ്ചേരിയിലെ ഏതോ കടയിലെ ഗ്രാമഫോണിൽ നിന്നാവണം. അന്നറിയില്ല ആ വരികളുടെ അർഥം. അറിഞ്ഞതും അവയിലെ കാമുകന്റെ ഹൃദയവേദന ഉൾക്കൊണ്ടതും വർഷങ്ങൾക്കു ശേഷമാണ്. ``തീരാവേദനയും കണ്ണീരും നിറഞ്ഞതാണ് എന്റെ ജീവിതപ്പാത, ആരെങ്കിലും അവളോട് പറഞ്ഞേക്കൂ എന്നെ മറന്നുകളയാൻ... വിഷാദകാമുകന്റെ ആത്മഗീതം. വിതുമ്പിക്കൊണ്ടാവണം മുകേഷ് അത് പാടിയത്. തീവ്രവിഷാദത്തിന്റെ പ്രതീകമായ ആ ഗാനം പക്ഷേ എന്റെ ജീവിതത്തിൽ സന്തോഷമേ കൊണ്ടുവന്നിട്ടുള്ളൂ.'' - ഉമ്പായി.

സഹോദരതുല്യനായിരുന്ന മെഹബൂബ് ഭായിയുടെ ഉപദേശപ്രകാരം തബല പഠിക്കാൻ മുംബൈയിലേക്ക് വണ്ടി കയറുമ്പോഴും ആ പാട്ടായിരുന്നു ഉമ്പായിക്ക് കൂട്ട്. അവിടെ ഒരു ദർഗയിൽ വെച്ച് യാദൃച്ഛികമായി പരിചയപ്പെട്ട ഉസ്താദ് മുജാവർ അലി ഖാനിൽ ഉമ്പായി തന്റെ സംഗീത ഗുരുവിനെ കണ്ടെത്തുന്നു. ``നീണ്ട വിരലുകളായിരുന്നു എന്റേത്. തബലയാണ് ആ വിരലുകൾക്ക് എളുപ്പം വഴങ്ങുക എന്ന് തോന്നിയിരിക്കണം മെഹബൂബ് ഭായിക്ക്. മുംബൈയിൽ ചെന്ന് തബലയിൽ ഒരു ഗുരുവിനെ കണ്ടെത്താൻ ഭായി എന്നെ നിർബന്ധിച്ചതും അതുകൊണ്ടാവാം. ഖാൻ സാബിൽ നിന്ന് പരിശീലനം നേടിയത് തബലയിലാണ്. പക്ഷേ ഒരു നാൾ ഉസ്താദിന്റെ വസതിയുടെ മുകൾനിലയിൽ ഇരിക്കുമ്പോൾ വെറുതെ ഒരു തോന്നൽ. ``ആംസൂ ഭരി ഹേ'' പാടിയാലോ? ഒറ്റയ്ക്കല്ലേ. ആരെ പേടിക്കാൻ? സ്വയം മറന്നു തന്നെ പാടി. പാടിത്തീർന്നപ്പോൾ പതിവുപോലെ വിതുമ്പിപ്പോയിരുന്നു. കാൽപ്പെരുമാറ്റം കേട്ട് കണ്ണ് തുറന്നപ്പോൾ മുന്നിൽ ഉസ്താദ്ജി. ഞെട്ടിപ്പോയി. മുഖത്ത് പതിവുള്ള ചിരിയില്ല. കോപമാണ്. എന്റെ മുന്നിൽ നിന്ന് തബല നീക്കി വെച്ച ശേഷം അദ്ദേഹം പറഞ്ഞു: ``ഇബ്രാഹിം, ഇനി ഇതു വേണ്ട. നിനക്ക് പറഞ്ഞിട്ടുള്ളത് പാട്ടാണ്. താഴെ ചെന്ന് ഹാർമോണിയം എടുത്തുകൊണ്ടുവരൂ....''

അതായിരുന്നു വാഴിത്തരിവ്. മദ്യവും മയക്കുമരുന്നും കൂലിത്തല്ലും കള്ളക്കടത്തും ദാരിദ്ര്യവും എല്ലാം ചേർന്ന് വേട്ടയാടിയ കൗമാര യൗവനങ്ങളിൽ നിന്ന് ഉമ്പായി എന്ന മട്ടാഞ്ചേരിക്കാരൻ മോചിതനാകുന്നതും ഉള്ളിൽ ഉറങ്ങിക്കിടന്ന പാട്ടുകാരനെ ശരിക്കും തിരിച്ചറിയുന്നതും അന്നാണ്. പക്ഷേ ``ആംസൂ ഭരി ഹേ''യുടെ ഇന്ദ്രജാലം അവസാനിച്ചിരുന്നില്ല ഉമ്പായിയുടെ ജീവിതത്തിൽ. ഒരു രാത്രി മുഴുവൻ തന്നെ വിളിച്ചിരുത്തി ആ ഗാനം മതിവരുവോളം പാടിച്ചുകേട്ട ജോൺ അബ്രഹാമിനെ എങ്ങനെ മറക്കാൻ? ഓരോ തവണയും പാടി നിർത്തിയാൽ ഓടിയെത്തി കവിളിൽ ഉമ്മവെക്കും ജോൺ. വീണ്ടും പാടാൻ ആജ്ഞാപിക്കും.

ആ ഗാനത്തിന്റെ വരികളുടെ അർഥം മനസ്സിലാക്കിയപ്പോൾ അതെഴുതിയ ഹസ്രത് ജയ്പുരിയെ എന്നെങ്കിലും നേരിൽ കാണണമെന്ന് മോഹിച്ചു തുടങ്ങുന്നു. അങ്ങനെയാണ് സുഹൃത്തിന്റെ സഹായത്തോടെ മുംബൈയിലെ കവിയുടെ വീട് തേടിച്ചെന്നത്. അത്ഭുതമായിരുന്നു ആദ്യം ഹസ്രത് സാഹിബിന്. വഴിതെറ്റി വന്ന ഏതോ അവധൂതനെപ്പോലെ മുഷിഞ്ഞ വേഷമണിഞ്ഞു മുന്നിൽ വന്നു നിന്ന യുവാവിന്റെ ഉറക്കച്ചടവുള്ള കണ്ണുകളിൽ നോക്കി രാജ്കപൂറിന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരൻ ചോദിച്ചു: `` പാട്ടുകാരനെയും സംഗീത സംവിധായകനെയുമല്ലാതെ കവിയെ തേടിവരുന്ന ആരാധകനോ? അതും കേരളത്തിൽ നിന്ന്. വിശ്വസിക്കാനാകുന്നില്ല. എന്റെ ഏതു പാട്ടറിയാം നിങ്ങൾക്ക്? ''

പരിഹാസത്തിന്റെ നേർത്ത ധ്വനിയുണ്ടായിരുന്നില്ലേ ആ ചോദ്യത്തിൽ? ``ചിലപ്പോൾ എന്റെ അന്നത്തെ രൂപം കണ്ട് ഹസ്രത് സാബ് തെറ്റിദ്ധരിച്ചിരിക്കാം. കാവ്യാസ്വാദകന് വേണ്ട രൂപത്തെ കുറിച്ചു നമുക്ക് ചില ധാരണകളൊക്കെ ഉണ്ടല്ലോ. ആ മുൻവിധികൾക്കൊന്നും വഴങ്ങിയിരുന്നില്ല അന്നത്തെ എന്റെ രൂപം.'' -- ഉമ്പായി. ഇനിയാണ് പരീക്ഷണഘട്ടം. വിശാലമായ സ്വീകരണമുറിയുടെ മൂലയിൽ പുതച്ചുമൂടി ഇരുന്ന ഹാർമോണിയം സന്ദർശകന്റെ മുന്നിലേക്ക് നീക്കിവെച്ചു കൊടുക്കാനുള്ള സൗമനസ്യം കാണിക്കുന്നു ഹസ്രത് ജയപുരി. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഹാർമോണിയത്തിന്റെ കട്ടകളിലൂടെ മൃദുവായി വിരലോടിച്ചുകൊണ്ട് ഉമ്പായി പാടിത്തുടങ്ങുന്നു ``ആംസൂ ഭരി ഹേ യെ ജീവൻ കി രാഹേ...'' യമൻ കല്യാണിന്റെ രാഗപഥങ്ങളിലൂടെ ഒരു കണ്ണീരരുവി പോലെ ഒഴുകിപ്പോകുന്ന ഗാനം. പാട്ടു പാടിക്കഴിഞ്ഞു പ്രതീക്ഷയോടെ ആതിഥേയന്റെ മുഖത്ത് നോക്കിയപ്പോൾ തലകുനിച്ചിരിക്കുന്നു ഹസ്രത്. കണ്ണീരടക്കാൻ പാടുപെടുകയാണദ്ദേഹം. ``എന്റെ ആലാപനമാവില്ല അദ്ദേഹത്തെ വികാരാധീനാക്കിയത്. ആ പാട്ട് പിറന്നുവീണ നിമിഷങ്ങളുടെ ഓർമകളാവണം. പലരുടെയും മുഖങ്ങൾ അദ്ദേഹത്തിന്റെ മനസ്സിൽ തെളിഞ്ഞിരിക്കാം അപ്പോൾ. ദത്താറാമിന്റെ, മുകേഷിന്റെ, സർവോപരി രാജ് കപൂറിന്റെ..''

എഴുന്നേറ്റു വന്ന് സ്നേഹത്തോടെ തന്നെ ആശ്ലേഷിച്ച കവിയോട് ഉമ്പായി പറഞ്ഞു: ``എന്നെ വിശ്വാസമായില്ലേ? ഇനി എനിക്ക് ചിട്ടപ്പെടുത്തി പാടാൻ കുറച്ച് ഗസലുകൾ തരാൻ കനിവുണ്ടാവണം.'' കാവ്യഭംഗിയും അർത്ഥദീപ്തിയും ഒത്തിണങ്ങിയ ഗസലുകളുടെ ഒരു പുസ്തകം മലയാളി ചെറുപ്പക്കാരനെ വിശ്വസിച്ചേൽപ്പിക്കുന്നു ഹസ്രത് ജയ്പുരി. ``ആദാബ്'' എന്ന ആൽബത്തിന്റെ പിറവി അവിടെ നിന്നാണ്. അതായിരുന്നു തുടക്കം. തൊട്ടുപിന്നാലെ സുഹൃത്തായ വേണു വി ദേശത്തിന്റെ വരികളിൽ നിന്ന് `പ്രണാമം' എന്ന ആദ്യ മലയാള ഗസൽ കാസറ്റ്. മലയാളിയുടെ പ്രിയപ്പെട്ട ഗസൽ ഗായകനായി വളരുകയായിരുന്നു ഉമ്പായി.

കാതിൽ വീണ്ടും അതേ ശബ്ദം. ഹാർമോണിയത്തിൽ വിരലുകളോടിച്ചു പാടുകയാണ് ഉമ്പായി: ``ആംസൂ ഭരി ഹേ യെ ജീവൻ കി രാഹേ കോയി ഉൻസെ കെഹ്ദേ ഹമേ ഭൂൽ ജായെ..'' നനവാർന്ന കണ്ണുകളിൽ ഒരു പുഞ്ചിരിയുടെ തിളക്കം. സ്നേഹഗീതങ്ങളുടെ ഈ പാട്ടുകാരനെ നാം എങ്ങനെ മറക്കാൻ?

-- രവി,മേനോൻ (പാട്ടുചെമ്പകം പൂത്തുലയുമ്പോൾ)

Content Highlights :Umbayee death Anniversary Ravi Menon Paattuvazhiyorathu