
തകർന്ന തന്ത്രികളിലുമുണരാം സ്‌നേഹരാഗങ്ങൾ. ശിഷ്യനായ എസ്.പി. വെങ്കടേഷിനെ കുറിച്ചുള്ള ശ്യാമിന്റെ ഓർമ്മകളെല്ലാം ചെന്നുനിൽക്കുക അദ്ദേഹത്തിന്റെ പിതാവിലാണ്, തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കേറിയ മാൻഡലിൻ വാദകനായിരുന്ന പഴനിയിൽ.
ശ്യാം എന്ന സാം ജോസഫിന്റെ സിനിമാ ജീവിതത്തോളം തന്നെ പഴക്കമുണ്ട് പഴനിയുമായുള്ള ബന്ധത്തിന്. 'ആർ.കെ. ശേഖറിന്റെ നിർദ്ദേശപ്രകാരം ധൻരാജ് മാസ്റ്ററിൽനിന്ന് പാശ്ചാത്യശൈലിയിൽ വയലിൻ അഭ്യസിച്ചു തുടങ്ങിയ കാലം.'ശ്യാമിന്റെ ഓർമ്മ; 'സിനിമയൊന്നും അന്ന് എന്റെ സങ്കൽപ്പങ്ങളിൽ പോലുമില്ല. പള്ളിയിലെ ക്വയറിൽ പങ്കെടുത്ത പരിചയമേയുള്ളൂ. ആയിടക്കൊരിക്കൽ ഒരു നാടകത്തിന്റെ ഓർക്കസ്ട്രയിൽ വായിക്കാൻ ശേഖറിന്റെ ക്ഷണം ലഭിക്കുന്നു. പഞ്ചാബി അസോസിയേഷന്റെ നാടകമാണ്. പേര് കൽ കി ബാത്ത്. സംഗീത സംവിധാനം എം.ബി. ശ്രീനിവാസന്റെ വക. പിന്നണിയിൽ എം.ബി.എസ്. പാടും. ശേഖർ ഹാർമോണിയം വായിക്കും. മാൻഡലിനിൽ അകമ്പടി സേവിക്കാൻ പഴനിയും ഒപ്പം വയലിനിസ്റ്റായി പതിനഞ്ചുവയസ്സുകാരനായ ഞാനും. ബ്രോഡ്‌വേയിലെ അണ്ണാമലൈ ഹാളിൽവെച്ചുള്ള ആ നാടക റിഹേഴ്സലിനിടക്കാണ് ആദ്യമായി പഴനിയെ കാണുന്നത്.'
റിഹേഴ്സലിനിടെ ഒരു 'അത്യാഹിത'മുണ്ടായി. ശ്യാമിന്റെ ജീവിതഗതി തന്നെ മാറ്റിമറിച്ച ഒന്ന്. 'മാൻഡലിൻ സ്റ്റൂളിൽവെച്ച് ചായ കുടിക്കാനായി പുറത്തുപോയതായിരുന്നു പഴനി. ജിജ്ഞാസ സഹിക്കാനാവാതെ ഞാൻ അതെടുത്ത് ഒന്ന് പരിശോധിച്ചുനോക്കി. പരിശോധനക്കിടയിൽ കഷ്ടകാലത്തിന് മാൻഡലിന്റെ കമ്പി പൊട്ടി. ശരിക്കും പേടിച്ചു വിറച്ചുപോയ സന്ദർഭം. ഇനിയെങ്ങനെ പഴനിയെ അഭിമുഖീകരിക്കും? ഭാഗ്യവശാൽ പ്രതീക്ഷിച്ചപോലെ പൊട്ടിത്തെറിച്ചില്ല അദ്ദേഹം. പകരം പുറത്ത് തലോടി സമാധാനിപ്പിച്ചു. കരച്ചിലിന്റെ വക്കിലെത്തിയിരുന്നു അപ്പോൾ ഞാൻ. പിറ്റേന്ന് തന്നെ പോണ്ടി ബസാറിലെ സൗത്ത് ഇന്ത്യൻ മ്യൂസിക്കൽ എംപോറിയം എന്ന കടയിൽ ചെന്ന് പുതിയൊരു മാൻഡലിൻ പണം കൊടുത്ത് വാങ്ങി പഴനിയെ ഏൽപ്പിച്ചു. ആ പ്രശ്‌നം അവിടെ അവസാനിക്കുകയും ചെയ്തു.'
അതിനകം ശ്യാമിലെ പ്രതിഭാശാലിയായ 'കുട്ടി വയലിനിസ്റ്റ്' പഴനിയുടെ മനം കവർന്നിരുന്നു. 'എന്നോട് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു പഴനി സാറിന്. സിനിമയുടെ റെക്കോർഡിംഗുകൾക്ക് വയലിൻ വായിച്ചുകൂടേ എന്ന് ആദ്യം ചോദിച്ചത് അദ്ദേഹമാണ്. എനിക്കും താൽപ്പര്യം തോന്നി. താംബരത്ത് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ഇന്റർമീഡിയറ്റിന് പഠിക്കുകയാണ് അന്ന് ഞാൻ. വീട്ടിൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ അമ്മ എതിർത്തു. സിനിമയുമായി ഏതെങ്കിലും തരത്തിൽ ഞാൻ ബന്ധപ്പെടുന്നതിൽ അച്ഛന് താല്പര്യമേ ഉണ്ടായിരുന്നില്ല. അച്ഛനെ സങ്കടപ്പെടുത്തേണ്ട എന്നായിരുന്നു അമ്മയുടെ നിലപാട്. എനിക്കാണെങ്കിൽ സിനിമ എന്ന പ്രലോഭനം അവഗണിക്കാനും വയ്യ. വല്ലാത്തൊരു പ്രതിസന്ധിഘട്ടമായിരുന്നു അത്.'
ഒടുവിൽ ഉള്ളിലെ സിനിമാഭ്രമം തന്നെ വിജയിക്കുന്നു. കൃത്യം ഏഴു മണിക്കുള്ളിൽ പണി തീർത്ത് വീട്ടിൽ തിരിച്ചെത്തിക്കൊള്ളണം എന്ന വ്യവസ്ഥയിൽ പുതിയ ദൗത്യം ഏറ്റെടുക്കാൻ മകന് അനുമതി നൽകുന്നു മാതാപിതാക്കൾ. പഴനിയുടെ ശുപാർശയിൽ സി എൻ പാണ്ഡുരംഗൻ എന്ന സംഗീത സംവിധായകന്റെ റെക്കോർഡിംഗിലാണ് ആദ്യമായി വയലിൻ വായിച്ചത്. നന്ദി പ്രകടിപ്പിക്കാൻ ദക്ഷിണയുമായി പഴനി സാറിന്റെ വീട്ടിൽ ചെന്ന ശ്യാമിനെ അദ്ദേഹം തന്നെ സ്‌നേഹപൂർവ്വം പിന്തിരിപ്പിച്ചു. ഒരു വെറ്റിലയും അടക്കയും മതി എന്നായിരുന്നു പഴനിയുടെ നിലപാട്. ഗുരുവിനെ പ്രണമിച്ചുകൊണ്ട് അങ്ങനെ ശ്യാം തന്റെ സുദീർഘമായ സിനിമാജീവിതത്തിന് തുടക്കം കുറിക്കുന്നു.
'തുടക്കത്തിൽ രണ്ടാം നിരക്കാരനായിരുന്നു ഞാൻ. പിന്നെ ഒന്നാം നിരയിലെത്തി. സോളോയിസ്റ്റുമായി. എസ്.എം. സുബ്ബയ്യ നായിഡു, വിശ്വനാഥൻ,രാമമൂർത്തി, രാജേശ്വരറാവു, ചലപതിറാവു, പെണ്ഡ്യാല നാഗേശ്വരറാവു, സത്യം, രാജൻ നാഗേന്ദ്ര, ടി.ജി. ലിംഗപ്പ, ബാബുരാജ്, ദേവരാജൻ, ദക്ഷിണാമൂർത്തി, രാഘവൻ, സലിൽ ചൗധരി തുടങ്ങി അന്നത്തെ പ്രമുഖരുടെയെല്ലാം റെക്കോർഡിംഗുകളിൽ സഹകരിച്ചിട്ടുണ്ട്. എല്ലാറ്റിനും തുടക്കമിട്ടത് പഴനി എന്ന നല്ല മനുഷ്യനാണെന്ന് നന്ദിയോടെ ഓർക്കുന്നു.'
പഴനിയുടെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം വെങ്കടേഷിനെ കാണാം. തീരെ ചെറിയ കുട്ടിയാണെങ്കിലും അന്നേ സംഗീതത്തിൽ അതീവതല്പരനായിരുന്നു വെങ്കടേഷെന്ന് ശ്യാം. തരം കിട്ടുമ്പോഴെല്ലാം മാൻഡലിനും വയലിനും എടുത്തു പരിശോധിക്കുന്നത് കാണാം. പത്ത് വയസ്സ് തികയും മുൻപ് തന്നെ അച്ഛനിൽ നിന്ന് മാൻഡലിൻ അഭ്യസിച്ചു വെങ്കടേഷ്. പിതാവിനൊപ്പം റെക്കോർഡിംഗുകൾക്ക് വായിച്ചു തുടങ്ങുകയും ചെയ്തു. ആയിടക്കാണ് സംഗീത സംവിധാനത്തിൽ സഹകരിക്കാനുള്ള താൽപ്പര്യം വെങ്കടേഷ് ശ്യാമുമായി പങ്കുവെച്ചത്. 'വെങ്കടേഷിന്റെ കഴിവുകൾ നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നതിനാൽ എനിക്ക് രണ്ടു വട്ടം ആലോചിക്കേണ്ടി വന്നില്ല. എനിക്കൊപ്പം ഓർക്കസ്ട്ര അറേഞ്ച്‌മെന്റിലും മറ്റും അയാൾ സഹകരിച്ചു തുടങ്ങുന്നത് അതോടെയാണ്. എന്തും വിശ്വസിച്ചേൽപ്പിക്കാവുന്ന അസിസ്റ്റന്റ് ആയിരുന്നു വെങ്കടേഷ്. സർഗാത്മകമായി ചിന്തിക്കുന്ന ഒരു കമ്പോസർ കൂടി അയാൾക്കുള്ളിൽ ഉണ്ടെന്ന് അന്നേ തോന്നിയിരുന്നു.'
പിതാവിന്റെ മരണവാർത്തയറിഞ്ഞു പെട്ടെന്ന് വീട്ടിലേക്ക് തിരിക്കേണ്ട ഘട്ടം വന്നപ്പോഴാണ് ആദ്യമായി റീറെക്കോർഡിംഗിന്റെ സ്വതന്ത്ര ചുമതല വെങ്കടേഷിനെ ഏൽപ്പിക്കാൻ ശ്യാം നിർബന്ധിതനായത്. ഐ വി ശശിയുടെ ഏതോ പടമായിരുന്നു അതെന്നാണ് ഓർമ്മ. ഗുരുവിന്റെ അഭാവം സംഗീതസൃഷ്ടിയെ ഒരു തരത്തിലും ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചു ശിഷ്യൻ. പിന്നീട് 'നിറക്കൂട്ട്' (1985) എന്ന പടത്തിന്റെ സംഗീത സംവിധാന ജോലിക്കിടെ പെട്ടെന്ന് അമേരിക്കയിലേക്ക് പോകേണ്ടി വന്നപ്പോഴും പശ്ചാത്തല സംഗീതത്തിന്റെ ചുമതല വെങ്കടേഷിനെ ഏൽപ്പിക്കാൻ മടിച്ചില്ല ശ്യാം.
അതു കഴിഞ്ഞായിരുന്നു 'ശ്യാമ.' രഘുകുമാറാണ് പടത്തിന്റെ സംഗീത സംവിധായകൻ. പശ്ചാത്തല സംഗീതത്തിന്റെ ചുമതല ശ്യാമിനും. ഒരേ സമയം പത്തും പതിനഞ്ചും പടം ചെയ്ത് ശ്യാം തിരക്കിന്റെ മൂർധന്യത്തിൽ നിൽക്കുന്ന സമയം. തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനെ റീ റെക്കോർഡിംഗിന്റെ മേൽനോട്ടം ഏൽപ്പിച്ച് പടത്തിന്റെ എഡിറ്റിങ് ജോലികളിൽ മുഴുകിയിരിക്കുകയാണ് സംവിധായകൻ ജോഷി. ഇടക്കൊരിക്കൽ ശ്യാം ഡെന്നിസിനോട് ചോദിച്ചു: 'കുറച്ചു ജോലി കൂടി ബാക്കിയുണ്ട്. എന്റെ അസിസ്റ്റന്റിനെ അയക്കട്ടെ? മിടുക്കനാണ്.' പറയുന്നത് ശ്യാം ആയതിനാൽ ഡെന്നിസിന് പൂർണ്ണ സമ്മതം. വെങ്കിടേഷ് ആയിരുന്നു ആ മിടുക്കൻ. ശ്യാമയിലെ വെങ്കടേഷിന്റെ 'പ്രകടന'ത്തിൽ ആകൃഷ്ടനായാണ് താൻ കഥയും തിരക്കഥയുമെഴുതിയ 'രാജാവിന്റെ മകനി'ൽ സ്വതന്ത്ര സംഗീത സംവിധായകനായി വെങ്കടേഷിനെ ശുപാർശ ചെയ്യാൻ ഡെന്നിസ് തീരുമാനിച്ചത്. മലയാള സിനിമയിലെ എസ് പി വെങ്കടേഷ് യുഗത്തിന് തുടക്കം കുറിച്ച തീരുമാനം.
തുടർന്നുള്ള വെങ്കടേഷിന്റെ വളർച്ച വിസ്മയത്തോടെ, അതിലേറെ ആഹ്‌ളാദത്തോടേ കണ്ടുനിന്നവരിൽ താനുമുണ്ടായിരുന്നുവെന്ന് ശ്യാം. 'ജന്മനാ പ്രതിഭാശാലിയായിരുന്നു വെങ്കടേഷ്. ശരിക്കും അച്ഛന്റെ മകൻ തന്നെ. പ്രശസ്തനായിട്ടും എപ്പോൾ കണ്ടാലും വിനയപൂർവം അടുത്തുവന്നു സംസാരിക്കുമായിരുന്നു. അപ്പോഴെല്ലാം ഓർമ്മവരുക പഴനിയെയാണ്. എന്റെ സംഗീത ജീവിതം രൂപപ്പെടുത്തിയതിൽ നിർണ്ണായക പങ്കു വഹിച്ച ആളാണല്ലോ. പഴനി ആദ്യം വിടപറഞ്ഞു. ഇപ്പോഴിതാ അച്ഛന് പിറകെ മകനും യാത്രയായിരിക്കുന്നു. ഓർമ്മകൾക്ക് മാത്രം മരണമില്ല...'
ശ്യാമിന്റെ വാക്കുകൾ ഇടക്കുവെച്ച് മുറിയുന്നു. മാഞ്ഞുപോയ ഏതോ കാലത്തേക്ക് മനസ്സുകൊണ്ട് തിരികെ നടക്കുകയായിരുന്നിരിക്കാം അദ്ദേഹം.
Content Highlights: Renowned musician Shyam fondly recalls his early days, his mentor Pazhani, and the rise of SP Venkatesh. A journey through Malayalam cinema`s musical landscape.
Published: 16 Feb 2026, 11:00 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented