അസാധ്യ നർമ്മബോധമുള്ള ദക്ഷിണാമൂർത്തി സ്വാമി അകലങ്ങളിലെങ്ങോയിരുന്നു മന്ദഹസിക്കുന്നുണ്ടാകും, ഉറപ്പ്. ലോകത്തോട് വിടവാങ്ങി ഏഴു വർഷങ്ങൾക്കു ശേഷം സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി കനിഞ്ഞുനൽകിയ ``പ്രത്യേക പരാമർശ''ത്തിലെ വിരോധാഭാസമോർത്ത്. മരണാനന്തര പുരസ്കാരങ്ങൾ സാധാരണമെങ്കിലും മരണാനന്തര പരാമർശങ്ങൾ അപൂർവമാണല്ലോ..

To advertise here,

എന്തായാലും ഇത്തവണത്തെ സംസ്ഥാന ബഹുമതികളിൽ എന്നെ ഏറ്റവും സന്തോഷിപ്പിച്ചവയിൽ ഒന്ന് ഏറെ വൈകി വന്ന ആ പരാമർശം തന്നെ. അങ്ങനെയെങ്കിലും സ്വാമി ഓർക്കപ്പെടുന്നു എന്ന അറിവ് ആഹ്ളാദകരമല്ലേ? ആറു പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ഒരൊറ്റ തവണയേ സ്വാമി മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ളു എന്നറിയുക -- 1971 ൽ വിലയ്ക്ക് വാങ്ങിയ വീണ, മുത്തശ്ശി, മറുനാട്ടിൽ ഒരു മലയാളി എന്നീ ചിത്രങ്ങൾക്ക്.

ഇത്തവണത്തെ പരാമർശം സേതു ഇയ്യാൽ സംവിധാനം ചെയ്ത ``ശ്യാമരാഗ''ത്തിലെ മനോഹരഗാനങ്ങളുടെ പേരിലാണ്. ദീർഘമായ ഇടവേളക്ക് ശേഷം സ്വാമി സംഗീതസംവിധാനം നിർവഹിച്ച ചിത്രങ്ങളിൽ ഒന്ന്.
തിരിച്ചുവരവിന് പിന്നിലെ അത്ഭുതകഥ ചെന്നൈയിലെ ഫ്ളാറ്റിലിരുന്ന് എട്ടു വർഷം മുൻപ് സ്വാമി ഓർത്തെടുത്തതിങ്ങനെ.. ``മൺവിളക്കുകൾ പൂത്ത കാലം'' എന്ന പുസ്തകത്തിൽ നിന്ന്...
---------------------
1987 ൽ ഇടനാഴിയിൽ ഒരു കാലൊച്ച എന്ന ചിത്രത്തിന് പാട്ടുകൾ ഒരുക്കിയ ശേഷം കാൽ നൂറ്റാണ്ടോളം സിനിമയിൽ നിന്ന് മാറി നിന്നു ദക്ഷിണാമൂർത്തി - സ്വയം തിരഞ്ഞെടുത്ത അജ്ഞാതവാസം. ``ഓ എൻ വി എഴുതിയ പോലെ അകലെ നിന്ന് ഒരു മധുരമാം കാലൊച്ച കേട്ടു തുടങ്ങിയിരുന്നു അപ്പോഴേക്കും. എല്ലാം നിർത്തേണ്ട സമയമായി എന്നാണ് അതെന്നോട് പറഞ്ഞത്. പിന്നീട് വന്ന ഓഫറുകൾ ഒന്നും സ്വീകരിച്ചില്ല.''
``പക്ഷെ 2008 ലെ ഒരുച്ചയ്ക്ക്, നാട്ടിൽ ഞാൻ താമസിച്ചിരുന്ന വീടിന്റെ ജനാലയിലൂടെ വെറുതെ പുറത്തേക്ക് നോക്കിയിരുന്നപ്പോൾ കാറ്റിലാടുന്ന മരങ്ങൾ എന്തോ പിറുപിറുക്കുന്നത് പോലെ. വെറും തോന്നലാകാം എന്നാണ് ആദ്യം കരുതിയത്. പക്ഷെ ഞാൻ മാത്രമല്ല എന്റെ ഭാര്യയും കേൾക്കുന്നുണ്ടായിരുന്നു ആ മർമ്മരങ്ങൾ.

``ശ്രദ്ധിച്ചു കേട്ട് നോക്കിയപ്പോൾ, ഞാൻ ചെയ്തുവെച്ച പാട്ടുകളുടെ ഈണങ്ങൾ എനിക്ക് മൂളിത്തരുകയാണ് അവ. അത് കഴിഞ്ഞു ഒരു ചോദ്യം കൂടി എന്റെ നേർക്ക് എറിഞ്ഞു ആ മരങ്ങൾ : വിശാലമായ ഈ ഭൂമിയിൽ കാറ്റിന്റെയും കിളികളുടെയും പുഴയുടെയും സംഗീതം ആസ്വദിച്ച് ഞങ്ങളൊക്കെ മതിമറക്കുമ്പോൾ, നീ ഫാനിന്റെ മൂളക്കവും എ.സി യുടെ മുരൾച്ചയുമൊക്കെ കേട്ട് ഒരു മുറിയുടെ ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടുന്നു. ഇതിനാണോ ഈശ്വരൻ നിന്നെ സൃഷ്ടിച്ചത് ?'' ആ ചോദ്യത്തിന് മുന്നിൽ ഉത്തരമില്ലാതെ പകച്ചുനിന്നു സംഗീത സവ്യസാചി.
സംഗീതസംവിധാനത്തിലേക്ക് തിരിച്ചുവരാനുള്ള തീരുമാനം എടുക്കുന്നത് അന്നാണ്. മിഴികൾ സാക്ഷി, ശ്യാമരാഗം... ഈ ചിത്രങ്ങളും അവയിലെ ഗാനങ്ങളുമൊക്കെ വഴിയേ സംഭവിച്ചു. ``മരങ്ങൾ പഴയപോലെ എന്നെ പരിഹസിക്കാറില്ല ഇപ്പോൾ . കാണുമ്പോഴെല്ലാം സ്നേഹം മാത്രം . ഇനിയും നല്ല പാട്ടുകൾ ചെയ്യണം എന്നൊരു ഉപദേശവും...''

വിധി, പക്ഷെ ആ ആഗ്രഹത്തിന് വിഘാതമായി. സ്വച്ഛശാന്തമായ ഒരു അരുവി പോലെ മരണതീരത്തേക്ക് ഒഴുകിപ്പോകുകയായിരുന്നു സ്വാമി-- സുഖകരമായ ഒരു ഉറക്കത്തിനിടെ. കാറ്റിലാടുന്ന മരങ്ങൾ ഇപ്പോഴും മൂളുന്നുണ്ടാകുമോ ആ ഈണങ്ങൾ?

Content Highlights : V Dakshinamoorthy Kerala state Film Awards Syamaragam