ഒഴിഞ്ഞ മദ്യചഷകത്തിൽ കയ്യിലെ പേന കൊണ്ട്  താളമിട്ട് വിൻസന്റ് പാടുന്നു: ``കഴിഞ്ഞുപോയ കാലം കാറ്റിനക്കരെ, കൊഴിഞ്ഞുപോയ രാഗം കടലിനക്കരെ..''

ആദ്യമായി കേൾക്കുകയായിരുന്നു ആ പാട്ട്. സിനിമാഗാനമല്ല, തീർച്ച. റേഡിയോയിലും ആൽബത്തിലുമൊന്നും കേട്ട ഓർമ്മയുമില്ല. അത്രമേൽ അസാധാരണത്വമൊന്നും അവകാശപ്പെടാനില്ലെങ്കിലും, വിഷാദമധുരമായ ശബ്ദത്തിൽ അൽപ്പം ലഹരി കലർത്തി വിൻസന്റ്  പാടിക്കേൾക്കുമ്പോൾ മനസ്സിന്റെ ഏതൊക്കെയോ അജ്ഞാതമായ കോണുകളിൽ  അത് ചെന്ന് തൊടും പോലെ. പല്ലവിയിൽ നിന്ന് പാട്ട് ചരണത്തിലെത്തുന്നതോടെ ഗായകന്റെ ശബ്ദത്തിൽ ഒരു ഗദ്ഗദം വന്നു തടയുന്നു. പിന്നീടങ്ങോട്ട് കരച്ചിലിന്റെ അകമ്പടിയോടെയായി ആലാപനം. പാട്ടിന്റെ അവസാനമെത്തുമ്പോഴേക്കും കരഞ്ഞുതളർന്നു ബാറിലെ മേശമേൽ മുഖം പൊത്തി കിടന്നുപോയിരുന്നു വിൻസന്റ്.

ആ പാട്ടുമായുള്ള വൈകാരിക ബന്ധത്തെ കുറിച്ച്  വിൻസന്റ് പിറ്റേന്ന് പറഞ്ഞുകേട്ടപ്പോൾ  അത്ഭുതം തോന്നി. പ്രേമിച്ചു വിവാഹിതരായ ദമ്പതികളുടെ ഏക മകനാണ് അയാൾ. അപ്പച്ചനും അമ്മച്ചിയും സംഗീതപ്രേമികൾ. അപ്പച്ചൻ  വൈദ്യുതി വകുപ്പിൽ ലൈൻമാൻ ആയിരുന്നു. രണ്ടുവർഷം മുൻപൊരു നാൾ പോസ്റ്റിൽ നിന്ന് വീണു ശരീരം തളർന്നതോടെ  ശയ്യാവലംബിയായി  അദ്ദേഹം. മാനസികമായും ആകെ തളർന്ന അവസ്ഥ. ആരോടും മിണ്ടാട്ടമില്ല. ദിവസത്തിൽ ഒരിക്കലെങ്കിലും ഭാര്യയെ അടുത്തു വിളിച്ചിരുത്തി ``കഴിഞ്ഞുപോയ കാലം'' എന്ന പാട്ട് പാടിക്കും അദ്ദേഹം. കരയരുതേ എന്നെയോർത്ത് തേങ്ങരുതേ നീ എന്ന ഭാഗമെത്തുമ്പോൾ രണ്ടു പേരുടേയും കണ്ണ് നിറയും. ``കഴിഞ്ഞ ഒരു വർഷത്തോളമായി ഈ പാട്ട് ദിവസം തോറും കേട്ടുകൊണ്ടിരിക്കുകയാണ് ഞാൻ. ആദ്യമൊക്കെ മടുപ്പ് തോന്നിയെങ്കിലും ഇപ്പോൾ ആ പാട്ട് എന്റെയും ജീവിതത്തിന്റെ ഭാഗമായി. ഇന്നത് കേൾക്കുമ്പോൾ ഞാനും കരഞ്ഞുപോകും.'' - കോഴിക്കോട്ട് ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന വിൻസ്ന്റ് പറഞ്ഞു.കഴിഞ്ഞ കാൽനൂറ്റാണ്ടിനിടെ പിന്നെയും കണ്ടുമുട്ടിയിട്ടുണ്ട് ഇത്തരം നിരവധി വിൻസന്റുമാരെ. സർക്കാർ ജീവനക്കാരും പത്രപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും സാഹിത്യകാരന്മാരും തൊട്ട് മറവിരോഗവുമായി മല്ലിടുന്ന  വന്ദ്യ വയോധികർ വരെ  സ്വകാര്യ സദസ്സുകളിൽ  വികാരപരവശരായി ആ പാട്ട് പാടിക്കേട്ടിട്ടുമുണ്ട്. ചിലർക്കൊക്കെ  നഷ്ടപ്രണയത്തിന്റെ വിങ്ങലാണ് ആ ഗാനം. മറ്റു ചിലർക്ക് ഗൃഹാതുരത്വത്തിന്റെ മധുരാനുഭൂതിയും. പണ്ഡിതപാമര ഭേദമന്യേ മലയാളികളെ ആ പാട്ട് ഇത്രയേറെ വശീകരിക്കാൻ  കാരണം എന്താവാം? എന്നെങ്കിലും ആ പാട്ടിന്റെ സ്രഷ്ടാവിനെ കണ്ടുമുട്ടിയാൽ  ചോദിയ്ക്കാൻ കരുതിവെച്ച ചോദ്യം. ``സത്യം പറഞ്ഞാൽ എനിക്കും അറിയില്ല.'' -- വിനയത്തോടെ ഇ വി വത്സൻ മാഷ് പറയുന്നു. ``പത്തു നാൽപ്പത്തഞ്ചു വർഷം മുൻപ്  ഒരു പ്രാദേശിക സമിതിയുടെ നാടകത്തിനു വേണ്ടി  തിടുക്കത്തിൽ എഴുതി ചിട്ടപ്പെടുത്തിയ പാട്ടാണത്. അഗാധമായ അർത്ഥതലങ്ങളുള്ള  പാട്ട് എന്ന അവകാശവാദമൊന്നുമില്ല. ആ  നാടകത്തിന്റെ ആയുസ്സിനപ്പുറത്തേക്ക് അത് വളരുമെന്ന്  പ്രതീക്ഷിച്ചിട്ടുമില്ല. ഓരോ പാട്ടിനും ഓരോ നിയോഗമുണ്ട്. നമ്മൾ വളരെ സമയമെടുത്ത്  പ്രതീക്ഷയോടെ  ഉണ്ടാക്കുന്ന പാട്ടുകൾ ആളുകൾ സ്വീകരിക്കണമെന്നില്ല. വളരെ പെട്ടെന്ന് എഴുതിത്തീർക്കുന്നവ സ്വീകരിക്കപ്പെട്ടെന്നുമിരിക്കാം.''``പ്രതീക്ഷ'' എന്ന നാടകത്തിൽ ഒരു നിരാശാകാമുക കഥാപാത്രത്തിനു വേണ്ടി  വത്സൻ എഴുതി സ്വരപ്പെടുത്തിയ പാട്ടാണ് ``കഴിഞ്ഞുപോയ കാലം.'' പാട്ട് പൂർണ്ണ വാദ്യവിന്യാസത്തോടെ കാസറ്റിൽ റെക്കോർഡ് ചെയ്ത് പശ്ചാത്തലത്തിൽ കേൾപ്പിക്കുന്ന പതിവൊന്നും ഇല്ല അന്ന്. നാടകത്തിന്റെ പിന്നണിയിൽ ഇരുന്ന്  ലൈവ് ആയാണ് പാടുക.  വൽസന്റെ ഗാനം ആദ്യമായി പ്രേക്ഷകരെ തേടിയെത്തിയത്  വിനോദ് വടകര എന്ന ഗായകന്റെ ശബ്ദത്തിലായിരുന്നു.  അകമ്പടിക്ക് ഹാർമോണിയവും തബലയും  മാത്രം. ഒതയോത്ത് അമ്പലത്തിലെ വേദിയിലാണ് ``പ്രതീക്ഷ'യിലെ ആ പാട്ട് ആദ്യമായി അവതരിപ്പിച്ചത് എന്നോർക്കുന്നു  വിനോദ്. ``ആദ്യം പാടിയപ്പോൾ തന്നെ ജനങ്ങൾ അത് ശ്രദ്ധിച്ചതായി തോന്നി.  പിന്നീടങ്ങോട്ട് നിരവധി സ്റ്റേജുകളിൽ ഈ ഗാനം അവതരിപ്പിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പതുക്കെ പതുക്കെ അത് ജനങ്ങൾ ഏറ്റെടുത്തു എന്ന് വേണം പറയാൻ..'' - പ്രശസ്ത എഴുത്തുകാരൻ വി ആർ സുധീഷിന്റെ മൂത്ത ജ്യേഷ്ഠൻ കൂടിയായ വിനോദ് പറയുന്നു.

നിർഭാഗ്യവശാൽ പാട്ടിന്റെ യഥാർത്ഥ  സ്രഷ്ടാവ് ഇപ്പോഴും തിരശീലയ്ക്ക് പിന്നിൽ തന്നെ. ടെലിവിഷൻ പരിപാടികളിൽ, റേഡിയോയിൽ, സംഗീത വെബ് സൈറ്റുകളിൽ ``കഴിഞ്ഞുപോയ കാല''ത്തിന്റെ പിതൃത്വം പതിവായി കൈവിട്ടു പോകുന്നതിൽ ആദ്യമൊക്കെ സങ്കടം തോന്നിയിരുന്നു വത്സന്. പിന്നെ അതൊരു ശീലമായി. ``നമ്മൾ ഉണ്ടാക്കിയ ഒരു പാട്ട് ജനം ഇഷ്ടപ്പെടുന്നു എന്ന അറിവല്ലേ  ഏറ്റവും പ്രധാനം? '' -വത്സന്റെ ചോദ്യം. ഇന്നും സ്വന്തം സൃഷ്ടിയുടെ  ഒരു ആരാധകനെയെങ്കിലും കണ്ടുമുട്ടാത്ത ദിനങ്ങൾ അപൂർവമാണ് വത്സന്റെ ജീവിതത്തിൽ. യാത്രകൾക്കിടയിൽ തീർത്തും അവിചാരിതമായി പാട്ട് കാതിൽ വന്നുവീഴുമ്പോൾ സന്തോഷം തോന്നും.  ``അപരിചിതരായ എത്രയോ മനുഷ്യർ അവരുടെ ജീവിതത്തിൽ ആ പാട്ട് ചെലുത്തിയ സ്വാധീനത്തെ കുറിച്ച് വികാരവായ്പ്പോടെ  സംസാരിച്ചു കേട്ടിട്ടുണ്ട്.  ഫോണിലൂടെ കരഞ്ഞുകൊണ്ട് അത് പാടിത്തരുന്നവർ വേറെ. മിക്ക മനുഷ്യരുടെ  ജീവിതത്തിലും  ഒരു നഷ്ടപ്രണയം ഉണ്ടാകുമല്ലോ. അതുകൊണ്ടാവാം ആ ഗാനം ഇത്രയേറെ സ്വീകരിക്കപ്പെട്ടത്.'' 

``കഴിഞ്ഞുപോയ കാലം'' ഉൾപ്പെടെ വത്സൻ മാഷ് എഴുതിയ പാട്ടുകൾ കാസറ്റിൽ ഇടം നേടാൻ പിന്നെയും വേണ്ടിവന്നു കുറച്ചു കാലം കൂടി. കൗതുകമുള്ള മറ്റൊരോർമ്മ. ``വടകരയിൽ എയർകോൺസ് എന്നൊരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം ഉണ്ട് അന്ന്. അവിടെ ഒരു ഹാൾ വാടകക്കെടുത്തായിരുന്നു  റെക്കോർഡിംഗ്. ഗാനലേഖനം നിർവഹിച്ചത്  മൂടാടിയിലെ ഒരു ലൈറ്റ് ആൻഡ് സൗണ്ട് കടക്കാർ. ഇന്നത്തെ പോലെ സൗണ്ട് പ്രൂഫ് സംവിധാനമൊന്നും അന്നില്ല. ജനലും വാതിലുമൊക്കെ അടച്ചുപൂട്ടിയാലും പുറത്തെ പക്ഷികളുടെയും വാഹനങ്ങളുടെയും ഒക്കെ ശബ്ദങ്ങൾ അകത്തേക്ക് കയറിവരും. റെക്കോർഡിംഗ് സമയത്ത് കുറെ കുട്ടികളെ പുറത്തു നിർത്തേണ്ടിവന്നു  കാക്കകളെ അടിച്ചോടിക്കാൻ.'' ശ്രീലത എന്ന ഗായികയാണ്  ``കഴിഞ്ഞുപോയ കാലം'' ആദ്യം പാടി റെക്കോർഡ് ചെയ്തത്. പിന്നീട് നിരവധി പേരുടെ ശബ്ദത്തിൽ ഈ ഗാനം മലയാളികൾ കേട്ടു; ദലീമയുടെ ആലാപനമായിരുന്നു കൂടുതൽ പ്രശസ്തം. 

ഇതേ  താൽക്കാലിക സ്റ്റുഡിയോയിൽ വെച്ചാണ് വത്സൻ എഴുതി ഈണമിട്ട ``വിരഹഗാനങ്ങൾ'' എന്ന ആൽബം റെക്കോർഡ് ചെയ്യപ്പെട്ടതും. ശ്രീലതക്ക് പുറമെ  കണ്ണൂർ ചന്ദ്രശേഖരൻ, അജിതകുമാരി എന്നിവരായിരുന്നു ഗായകർ. കണ്ണാ വരം തരുമോ, മൊഴി ചൊല്ലി പിരിയുമ്പോൾ തുടങ്ങിയ പ്രശസ്ത ഗാനങ്ങൾ ഈ ആൽബത്തിലാണ്. ഒരു പക്ഷേ മലയാളത്തിൽ ആദ്യമായി ദൃശ്യവൽക്കരിക്കപ്പെട്ട ഗാനങ്ങളും ഇവയാകാം. വടകരയിലെ സ്റ്റാർനെറ്റ് എന്ന പ്രാദേശിക ചാനലിൽ വന്ന ദൃശ്യാവിഷ്കാരങ്ങൾ അന്നൊരു പുതുമയായിരുന്നു. വിരഹഗാനങ്ങൾ നന്നായി  വിറ്റുപോയെങ്കിലും വത്സന്റെ മാസ്റ്റർപീസ് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ --- 

1990 കളുടെ മധ്യത്തിൽ പുറത്തുവന്ന ``മധുമഴ.'  വിൽപ്പനയിൽ വടക്കൻ കേരളത്തിൽ തരംഗം തന്നെ സൃഷ്ടിച്ച ഈ സമാഹാരത്തിലാണ് അമ്മക്കുയിലേ ഒന്നു പാടൂ, ഈ മനോഹര ഭൂമിയിൽ, ഓടും വെണ്മേഘം  തുടങ്ങിയ ജനപ്രിയ ഗാനങ്ങൾ. കോഴിക്കോട്ടെ ശ്രുതി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യപ്പെട്ട ഈ ഗാനങ്ങൾക്ക്  ശബ്ദം പകർന്നത് സതീഷ് ബാബു, കണ്ണൂർ ചന്ദ്രശേഖരൻ, സിന്ധു പ്രേംകുമാർ, ദലീമ തുടങ്ങിയവർ. തലശ്ശേരിക്കാരൻ ഡൊമിനിക് മാർട്ടിൻ ആയിരുന്നു ഓർക്കസ്‌ട്രേഷൻ. `` ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. രാഗങ്ങളെക്കുറിച്ചൊന്നും വലിയ ജ്ഞാനവുമില്ല. എങ്കിലും എഴുതുമ്പോൾ വരികൾക്കൊപ്പം നമ്മളറിയാതെ അവയുടെ ഈണവും മനസ്സിൽ ഒഴുകിയെത്തും. അങ്ങനെ പിറന്ന ഈണങ്ങൾ അധികവും മോഹനം ആയിരുന്നു എന്നറിയുന്നത് പിന്നീടാണ്. ഒരു പക്ഷേ ആ രാഗത്തിൽ കേട്ട ദേവരാജൻ മാഷിന്റെയും ദക്ഷിണാമൂർത്തി സ്വാമിയുടെയും ബാബുരാജിൻെറയും രാഘവൻ മാഷിന്റെയുമൊക്കെ ഗാനങ്ങൾ  മനസ്സിന്റെ അടിത്തട്ടിൽ കിടക്കുന്നതുകൊണ്ടാവാം.'' -- മുപ്പത്തഞ്ചു വർഷം നീണ്ട അധ്യാപന ജീവിതത്തോട് വിടപറഞ്ഞു വടകരക്കടുത്ത് അറക്കിലാട്ടെ വീട്ടിൽ വിശ്രമിക്കുന്ന വത്സൻ മാഷ് പറയുന്നു. 

എഴുതിയ പാട്ടുകൾ പലതും ജനപ്രീതിയിൽ ചലച്ചിത്രഗാനങ്ങളെ നിഷ്പ്രഭമാക്കിയെങ്കിലും സിനിമാക്കാരൊന്നും  വത്സനെ തേടിവന്നിട്ടില്ല ഇതുവരെ. വത്സനാകട്ടെ അങ്ങോട്ട് അവസരം തേടി ചെന്നതുമില്ല. എങ്കിലും  പല സിനിമകളിലും വത്സന്റെ ``കഴിഞ്ഞുപോയ കാലം'' എന്ന പാട്ടിന്റെ പൊട്ടും പൊടിയും  നാം കേട്ടു; ഏറ്റവുമൊടുവിൽ ബാലചന്ദ്ര മേനോന്റെ ``ദേ ഇങ്ങോട്ട് നോക്കിയേ'' യിൽ വരെ. ആ സിനിമയിൽ ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും ജഗതിയുടെ കഥാപാത്രം തന്റെ പാട്ട് പാടിയിട്ടുണ്ടെന്ന്  വത്സൻ. `` വർഷങ്ങൾക്ക് മുൻപേ എവിടെയൊക്കെയോ വെച്ച്  കേട്ട് മനസ്സിൽ പതിഞ്ഞ പാട്ടാണത്. വരികളുടെയും ഈണത്തിന്റെയും ആർദ്രത തന്നെയാണ് സിനിമയിലെ ഒരു കഥാപാത്രത്തെ കൊണ്ട് അത് പാടിക്കാനുള്ള പ്രേരണ. ആ ഗാനത്തിന്റെ സ്രഷ്ടാവിനെ കുറിച്ച് വൈകിയാണെങ്കിലും അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.''-- ബാലചന്ദ്രമേനോൻ പറയുന്നു. ഇതേ ഗാനം അടുത്തിടെ ഗിരീഷ് പുത്തഞ്ചേരിയുടെ ഗാനസമാഹാരത്തിൽ പ്രസിദ്ധീകരിച്ചു കണ്ടപ്പോൾ യഥാർത്ഥ രചയിതാവിന് ചെറിയൊരു ദുഃഖം തോന്നിയത് സ്വാഭാവികം. പിന്നെ സ്വയം സമാധാനിച്ചു; തന്നെക്കാൾ പ്രശസ്തരായ കലാകാരന്മാർക്ക് പോലും സംഭവിച്ചിട്ടുള്ള ദുരന്തമാണല്ലോ ഇത്. 

ആറു പതിറ്റാണ്ടിനിടക്ക്  ആയിരത്തോളം ലളിതഗാനങ്ങൾ എഴുതിയിട്ടുള്ള വത്സന് സംഗീത ലോകത്തു നിന്ന് ലഭിച്ച അംഗീകാരങ്ങൾ അപൂർവം. പക്ഷേ പരാതിയൊന്നുമില്ല മാഷിന്. ``ആ പാട്ടുകൾ പലതും ആളുകൾ ഓർമ്മയിൽ സൂക്ഷിക്കുന്നു എന്നത് തന്നെ വലിയ കാര്യം. നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത വ്യക്തികളിൽ നിന്ന് നല്ല വാക്കുകൾ കേൾക്കാൻ ഇടവരുമ്പോഴാണ് ഏറ്റവും സന്തോഷം തോന്നുക.''  നവരാത്രിക്കാലത്ത്  വടകരയിലെ ഒരു ചടങ്ങിൽ സംഘാടകരുടെ നിർബന്ധത്തിന് വഴങ്ങി    ``കഴിഞ്ഞുപോയ കാല''  ത്തിന്റെ പല്ലവി മൂളിയതോർക്കുന്നു വത്സൻ. പാടി മൈക്കിന് മുന്നിൽ നിന്ന് തിരിച്ചു നടക്കുമ്പോൾ തൊട്ടടുത്ത് നിന്ന് ഒരു ശബ്ദം:  ``അസ്സലായി. ഞാൻ കേട്ടിട്ടുണ്ട് നിങ്ങളുടെ ഈ പാട്ട്..''  ഞെട്ടി തിരിഞ്ഞുനോക്കിയപ്പോൾ സാക്ഷാൽ ദക്ഷിണാമൂർത്തി സ്വാമി. വിശ്വസിക്കാനായില്ല എനിക്ക്. അതേ ചടങ്ങിൽ സ്വാമി എന്നെ ഹാരമണിയിച്ച് ആദരിക്കുക കൂടി ചെയ്തു. ഇന്നോർക്കുമ്പോൾ എല്ലാം ഒരു കിനാവ് പോലെ.''  കുറച്ചു കാലം മുൻപ് ബഹറിനിൽ ചെന്നപ്പോൾ  പ്രവാസികളിൽ നിന്ന് ലഭിച്ച സ്നേഹാദരങ്ങൾ മറ്റൊരു മറക്കാനാവാത്ത അനുഭവം. പലർക്കും ജീവിത പ്രാരബ്ധങ്ങൾ മറക്കാനുള്ള ഉപാധി കൂടിയായിരുന്നു എന്റെ പാട്ടുകൾ എന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നി. 
``ഇതൊക്കെയല്ലേ ഒരു പാവം പാട്ടെഴുത്തുകാരന്  കിട്ടാവുന്ന  ഏറ്റവും വലിയ അവാർഡുകൾ?'-- തെളിഞ്ഞ ചിരിയോടെ വത്സൻ മാഷ് ചോദിക്കുന്നു. 

രവി മേനോന്റെ പുസ്തകങ്ങൾ വാങ്ങാം

Content Highlights : Kazhinju Poya Kalam Kattinakkare Song EV Valsan