``എന്റെ ഹൃദയം ഉച്ചത്തില്‍ മിടിക്കുന്നത് കേള്‍ക്കാം നിങ്ങള്‍ക്കാ പാട്ടില്‍'' -- സിനിമക്ക് വേണ്ടി ജീവിതത്തിലാദ്യമായി പാടി റെക്കോര്‍ഡ് ചെയ്ത ഗാനത്തെക്കുറിച്ച് കമല്‍ഹാസന്റെ ഓര്‍മ്മ. ``ഒന്നുകൂടി ശ്രദ്ധിച്ചാല്‍  ചെറിയൊരു വിറയലും കേട്ടെന്നിരിക്കും.''

എങ്ങനെ വിറയ്ക്കാതിരിക്കും? കര്‍ക്കശക്കാരനായ സാക്ഷാല്‍ ദേവരാജന്‍ മാഷാണ്  എ.വി.എം. സ്റ്റുഡിയോയുടെ കണ്‍സോളില്‍. ``കുട്ടിക്കാലം മുതലേ അറിയാം മാഷിനെ. എന്റെ നൃത്തഗുരുവായ തങ്കപ്പന്‍ മാസ്റ്ററുടെ അടുത്ത സുഹൃത്ത്. സംഗീതസാര്‍വഭൗമന്‍. ആദ്യം സിനിമയില്‍ പാടേണ്ടിവരിക അദ്ദേഹത്തിന് വേണ്ടിയാകും എന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. പക്ഷെ, നിയോഗം അതായിരുന്നു. ധൈര്യമായി പാടാന്‍ മാഷ് പ്രോത്സാഹനം തന്നെങ്കിലും മൈക്കിന് മുന്നില്‍ ചെന്ന് നിന്നപ്പോള്‍ ഒരു പേടി. മാഷ് തൊട്ടടുത്തുനിന്ന് കയ്യുയര്‍ത്തി പാട്ട് കണ്ടക്റ്റ് ചെയ്യാന്‍ കൂടി തുടങ്ങിയതോടെ ഉള്ള ധൈര്യവും ചോര്‍ന്നു.'' - കമല്‍ ചിരിക്കുന്നു. 

ഉലകനായകന്റെ അരങ്ങേറ്റഗാനം  ഏതെന്നുകൂടി അറിയുക: മുക്ത ശ്രീനിവാസന്‍ സംവിധാനം ചെയ്ത അന്തരംഗം (1975) എന്ന തമിഴ്  ചിത്രത്തിലെ   `ഞായിറ് ഒളി മഴൈയില്‍ തിങ്കള്‍ കുളിക്കവന്താന്‍.'' ദേവരാജ സംഗീതത്തില്‍ പുറത്തുവന്ന വ്യത്യസ്തമായ  തമിഴ് ഗാനങ്ങളില്‍ ഒന്ന്. 

കമല്‍ഹാസനിലെ പാട്ടുകാരനെ കണ്ടെത്തിയതെങ്ങനെ? നേരിട്ടു ചോദിച്ചിട്ടുണ്ട് ഒരിക്കല്‍ ദേവരാജന്‍ മാസ്റ്ററോട്.  ``ആ കണ്ടെത്തല്‍ നടത്തിയത് ഞാനല്ല. സംവിധായകന്‍ മുക്ത ശ്രീനിവാസനാണ്.''-  മാസ്റ്റര്‍ പറഞ്ഞു. `` ഷോട്ടുകള്‍ക്കിടെ സെറ്റിലിരുന്ന് മൂളിപ്പാട്ടുകള്‍ പാടിയിരുന്ന കമലിനെ ശ്രീനിവാസന്‍  ശ്രദ്ധിച്ചു. അടുത്ത് ചെന്ന് കാതോര്‍ത്തപ്പോള്‍  മനസ്സിലായി മൂളിപ്പാട്ട് ഒരു കീര്‍ത്തനമായിരുന്നു എന്ന്. പിന്നെ സംശയിച്ചില്ല ശ്രീനിവാസന്‍. നേരെ എന്റെയടുത്ത് വന്നു പറഞ്ഞു: കമലിനെ കൊണ്ട് ഈ പടത്തില്‍ ഒരു പാട്ട് പാടിക്കണമെന്നുണ്ട്. വിരോധമില്ലെന്ന് കരുതുന്നു.''

സന്തോഷമേ ഉണ്ടായിരുന്നുള്ളു ദേവരാജന്‍ മാസ്റ്റര്‍ക്ക്. കമലിന്റെ ഗുരുവായ തങ്കപ്പന്‍ മാസ്റ്ററുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു മാസ്റ്റര്‍. സിനിമയില്‍ വന്ന കാലം മുതല്‍ തങ്കപ്പന്‍ മാസ്റ്ററെ അറിയാം. ഒരുമിച്ചു താമസിച്ചിട്ടുപോലുമുണ്ട്. ശിഷ്യന്റെ പ്രതിഭയെ കുറിച്ച് വാചാലനാകാറുണ്ടായിരുന്നു ഗുരു. ഏതു മേഖലയിലും തിളങ്ങാന്‍ പോന്ന കലാകാരനാണ് കമല്‍ എന്ന് അന്നേ തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കമലിന്റെ ഉള്ളിലെ ഗായകനില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടായിരുന്നു ദേവരാജന്.

ആ വിശ്വാസം ഇല്ലാത്തത്  തനിക്ക് മാത്രമായിരുന്നു എന്ന് പറയും കമല്‍ഹാസന്‍. ``ഇന്നത്തെ പോലെ കട്ട് ആന്‍ഡ് പേസ്റ്റ് അല്ലെങ്കില്‍, പഞ്ചിംഗ് ഒന്നും ഉള്ള കാലമല്ല. ലൈവ് റെക്കോര്‍ഡിംഗ് ആണ്.  പ്രണയഗാനം ആണെങ്കിലും പ്രണയത്തേക്കാള്‍ ഭയം എന്ന വികാരമാണ് ഇന്ന് ആ പാട്ടില്‍ നിങ്ങള്‍ കേള്‍ക്കുക. ഉള്‍ക്കിടിലത്തോടെയാണ് അത് പാടിത്തീര്‍ത്തത്.'' പാട്ടിനെക്കുറിച്ചു മാസ്റ്റര്‍ അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും കൊള്ളാം എന്നൊരു ഭാവം ആ മുഖത്ത് നിന്നു വായിച്ചെടുത്തു താനെന്ന് കമല്‍.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായ ``അന്തരംഗ''ത്തില്‍ ഗേവാകളറില്‍ ചിത്രീകരിക്കപ്പെട്ട  ഗാനരംഗങ്ങളില്‍ ഒന്നായിരുന്നു `ഞായിറ് ഒളി മഴൈയില്‍''. സിനിമയില്‍ അത് പാടി അഭിനയിച്ചത് കമല്‍ തന്നെ. ഗാനരംഗത്ത് ഒപ്പം പ്രത്യക്ഷപ്പെട്ടത് അന്ന്  താരതമ്യേന തുടക്കക്കാരിയായിരുന്ന ദീപ. മലയാളികളുടെ ഉണ്ണിമേരി.

ഗായകനായ കമലിന്റെ ജൈത്രയാത്ര തുടങ്ങുന്നത് ആ പാട്ടില്‍നിന്നാണ്. ഇന്ന് കേള്‍ക്കുമ്പോള്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ആലാപനശൈലിയുമായി സാമ്യം തോന്നും കമലിന്റെ ആദ്യഗാനത്തിന്. ``ചിലപ്പോള്‍ ബാലുവിന്റെ സ്വാധീനം ഉണ്ടായിരുന്നിരിക്കാം. അന്ന് ശ്രദ്ധേയനായി വരുകയായിരുന്നല്ലോ അദ്ദേഹം.''- കമല്‍. നാലര പതിറ്റാണ്ടിനിടെ വേറെയും ഹിറ്റ് ഗാനങ്ങള്‍ പാടി അദ്ദേഹം. ഏറെയും പ്രിയ സുഹൃത്ത് ഇളയരാജക്ക് വേണ്ടി. നിനൈവോ ഒരു പാര്‍വൈ (സിഗപ്പു റോജാക്കള്‍), സുന്ദരി നീയും സുന്ദരന്‍ ഞാനും (മൈക്കിള്‍ മദന കാമരാജന്‍), കണ്മണി അന്‍പോട് (ഗുണാ), ഇഞ്ചി ഇടുപ്പഴകി (തേവര്‍ മകന്‍).. എല്ലാം മറക്കാനാവാത്ത പാട്ടുകള്‍.

എ.ആര്‍. റഹ്‌മാന് വേണ്ടി `തെനാലിയിലും വിദ്യാസാഗറിന്  വേണ്ടി അന്‍പേ  ശിവത്തിലും ശങ്കര്‍ എഹ്സാന്‍ ലോയ്ക്കു വേണ്ടി വിശ്വരൂപത്തിലും ജിബ്രാന് വേണ്ടി ഉത്തമവില്ലനിലും ഹിമേഷ് രേഷ്മയ്യക്ക് വേണ്ടി ദശാവതാരത്തിലും  മകള്‍ ശ്രുതിഹാസന് വേണ്ടി ഉന്നൈപ്പോല്‍ ഒരുവനിലും ഭരദ്വാജിന് വേണ്ടി വസൂല്‍ രാജ എം.ബി.ബി.എസ്സിലും പാടി അദ്ദേഹം. ``ഞാന്‍ ഒരു ഗായകനല്ല. ഗാനാഗ്രഹി മാത്രമാണ്.''- എന്നിട്ടും കമല്‍ പറയും.


 

Content highlights: Kamal Haasan song for Devarajan Master Andharangam Movie