ന്യൂയോർക്ക്: ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ വീഴുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കമ്മ്യൂണിസം ഒരിക്കലും അമേരിക്കയിലേക്ക് വരില്ല, പക്ഷേ സ്വാതന്ത്ര്യം ക്യൂബയിലേക്ക് വരും.

To advertise here,

ക്യൂബയിലെ ഭരണമാറ്റം തന്റെ സർക്കാരും ലക്ഷ്യമിടുന്നുണ്ടെന്ന് ട്രംപ് യുഎൻ പൊതുസഭയിൽ സംസാരിക്കുന്നതിനിടെ പറഞ്ഞു. ലോകനേതാക്കൾക്ക് മുന്നിലെ ട്രംപിന്റെ പരാമർശത്തിന് പിന്നാലെ ക്യൂബൻ പ്രതിനിധി സംഘം പ്രസംഗം സമ്മേളന ഹാളിൽ നിന്ന് പുറത്തുപോയി.

'ക്യൂബയിലെ അടിസ്ഥാനപരമായ മാറ്റമാണ് എന്റെ ഭരണകൂടവും ലക്ഷ്യമിടുന്നത്. അവിടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം വലിയ സമ്മർദ്ദത്തിലാണ്, അവർ ഇതുവരെ അനുഭവിച്ചിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ സമ്മർദ്ദം. അതൊരു പൂർണ്ണമായും പരാജയപ്പെട്ട രാജ്യമാണ്. മുൻപെങ്ങുമില്ലാത്തവിധം അത് വീഴും.'ട്രംപ് പറഞ്ഞു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ക്യൂബയുമായുള്ള ആഴത്തിലുള്ള ചർച്ചകളിലാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപിന്റെ പ്രസംഗത്തിനിടെ ക്യൂബൻ വിദേശകാര്യ മന്ത്രി ബ്രൂണോ റോഡ്രിഗസ് പത്തിൽലയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സദസ്സിൽ നിന്ന് ഇറങ്ങിപ്പോയി. തൊട്ടുമുൻപ് ഇറാനെ ഇല്ലാതാക്കുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെ ഇറാൻ പ്രതിനിധി സംഘവും സദസ്സിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

കഴിഞ്ഞ 60 വർഷത്തിലേറെയായി അമേരിക്ക ക്യൂബയ്ക്കെതിരെ വ്യാപാര ഉപരോധം തുടരുന്നുണ്ട്. ജനുവരിയിൽ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കാൻ സൈന്യത്തെ ഉപയോഗിച്ചതിന് ശേഷം കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള ക്യൂബയ്ക്കമേൽ ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കി വരികയാണ്.

ക്യൂബയെ പരാജയപ്പെട്ട രാജ്യമായി ട്രംപ് മുൻപും വിശേഷിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ അമേരിക്കയ്ക്ക് ക്യൂബയ്ക്കായി ചില നല്ല പദ്ധതികളുണ്ടെന്നും ആ രാജ്യത്തിന്റെ കാര്യം നോക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്യൂബൻ-അമേരിക്കക്കാരുടെ ശക്തമായ പിന്തുണ ട്രംപിനുണ്ട്. ഇവർ പതിറ്റാണ്ടുകളായി യു.എസ്. പിന്തുണയോടെയുള്ള ഭരണമാറ്റത്തിനായി വാദിക്കുന്നവരാണ്.