ന്യൂഡൽഹി: അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിട്ട് 40 ദിവസം പിന്നിട്ടിട്ടും പാർലമെന്റിന്റെ വർഷകാലസമ്മേളനം അവസാനിച്ചെന്ന ഔദ്യോഗികവിജ്ഞാപനം ഇറങ്ങിയില്ല. സമ്മേളനം അവസാനിപ്പിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഔദ്യോഗികവിജ്ഞാപനം ഇറങ്ങാൻ ഇത്രയും കാലതാമസംവരുന്നത് ഇതാദ്യമായിരിക്കും. വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ വൈകുന്നതിൽ പ്രതിപക്ഷംമാത്രമല്ല ബി.ജെ.പി എം.പി.മാരുൾപ്പെടെ ഭരണപക്ഷത്തെ പ്രമുഖരും തീർത്തും ഇരുട്ടിലാണ്. അത്യുന്നതഭരണ നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണിതെന്നാണ് അറിയുന്നത്.

To advertise here,

മണ്ഡലപുനഃസംഘടനയുമായി ബന്ധപ്പെട്ട വനിതാസംവരണഭേദഗതി ബിൽ പാസ്സാക്കാനുള്ള സർക്കാരിന്റെ നീക്കമാണ് ഇതിനുപിന്നിൽ. ഒക്ടോബർ അവസാനവാരം പ്രത്യേകസമ്മേളനം വിളിച്ചുചേർത്ത് ബിൽ പുതുക്കി അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നുവെന്നാണ് സൂചന.

ഏപ്രിലിൽ വേണ്ടത്ര പിന്തുണ ലഭിക്കാതെ ലോക്‌സഭയിൽ പരാജയപ്പെട്ട ഈ ബിൽ പാസാക്കിയെടുക്കാൻ വർഷകാല സമ്മേളനകാലംമുതൽ ഗൂഢനീക്കങ്ങളിലാണ് സർക്കാർ. ഭൂരിപക്ഷം ഉറപ്പാകുന്ന മുറയ്ക്ക് സമ്മേളനം വിളിച്ചുചേർക്കാനാണ് നീക്കം. ഡി.എം.കെ., എൻ.സി.പി. (ശരത് പവാർ ) തുടങ്ങിയ പാർട്ടികളുടെ പിന്തുണ ഉറപ്പാക്കാൻ തീവ്രശ്രമം തുടരുകയാണ്. ഇവരുടെ പിന്തുണയ്ക്കുപുറമേ, കുറച്ച് അംഗങ്ങളുടെ പിന്തുണകൂടി വേണം. പ്രതിപക്ഷത്ത് ഇന്ത്യാ ബ്ലോക്കിന് പുറത്തുള്ള ചില പ്രാദേശികപാർട്ടികളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലാണ് സർക്കാർ.

റെക്കോഡെന്ന് പി.ഡി.ടി. ആചാരി

40 ദിവസത്തിനുശേഷവും സഭാസമ്മേളനം അവസാനിച്ചതായി വിജ്ഞാപനംവരാത്തത് ഒരു പുതിയ റെക്കോഡാണെന്ന് ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി പറഞ്ഞു. 2015-ൽ സഭ പിരിഞ്ഞ വിജ്ഞാപനം 28 ദിവസത്തിനുശേഷം വന്നതാണ് അടുത്തകാലത്ത് ഏറെ വൈകിയ ഒരു സംഭവം. കേന്ദ്രമന്ത്രിസഭയുടെ ശുപാർശപ്രകാരം രാഷ്ട്രപതിയാണ് പാർലമെന്റ് സമ്മേളനം വിളിച്ചുചേർക്കുന്നതും അവസാനിപ്പിക്കുന്നതും.