മുകളില്‍ മുരണ്ടുകൊണ്ടിരുന്ന ഫാനില്‍ നോക്കിക്കിടന്നുകൊണ്ട് തളര്‍ച്ച ബാധിച്ച ശബ്ദത്തില്‍ കെ.ജെ. ജോയ് പാടുന്നു: 'ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാശബ്ദത്തില്‍ സ്‌നേഹബന്ധം, ഈ സ്‌നേഹബന്ധം ഈ ലോക യാഥാര്‍ഥ്യമേ...'

To advertise here,

പല്ലവി പാടി നിര്‍ത്തിയ ശേഷം കിടക്കയില്‍നിന്ന് തല ചെരിച്ച് ഞങ്ങളെ നോക്കി അദ്ദേഹം. എന്നിട്ട് വിഷാദം കലര്‍ന്ന പുഞ്ചിരിയോടെ പറഞ്ഞു: 'നിങ്ങള്‍ ചോദിച്ചില്ലേ ആരെങ്കിലും കാണാന്‍ വരാറുണ്ടോ എന്ന്? അതിനുള്ള മറുപടിയാണിത്..'

ചിരിയുടെ അലയൊലികള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ പൊടുന്നനെ നേര്‍ത്ത വിഷാദം പടര്‍ന്ന പോലെ. 'അധികമാരും വരാറില്ല ഇവിടെ. സിനിമാക്കാര്‍ പ്രത്യേകിച്ചും. സുശീലാമ്മയും വാണി ജയറാമും ഇടക്ക് വിളിക്കും. അവര്‍ക്ക് കുറച്ചു നല്ല പാട്ടുകള്‍ കൊടുത്തിട്ടുണ്ടല്ലോ ഞാന്‍.' -- താളനിബദ്ധമായ ഈണങ്ങളാല്‍ മലയാള സിനിമയുടെ ഒരു കാലത്തെ യൗവനദീപ്തമാക്കിയ സംഗീത സംവിധായകന്‍ പറഞ്ഞു.

'മതി, അത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളൂ. മുന്നില്‍നിന്ന് ചിരിക്കുന്നവരുടെയും പിന്നില്‍നിന്ന് കുത്തുന്നവരുടെയും ലോകമാണ് സിനിമ. സലില്‍ ചൗധരി, എം.എസ്.വി. എന്നിവരെ പോലുള്ള നല്ല മനുഷ്യര്‍ വളരെ അപൂര്‍വം..'' തുറന്നിട്ട ജനാലയിലൂടെ, കല്‍പനാ ഹൗസിന്റെ വിശാലമായ മുറ്റത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മരങ്ങളെ നിര്‍വികാരനായി നോക്കിക്കിടന്നു ജോയ്.

ജോയിയുമായി ചെന്നൈയിലെ വസതിയില്‍ വെച്ചുള്ള അവസാന കൂടിക്കാഴ്ചയില്‍നിന്ന് ഇന്നും ഓര്‍മയില്‍ അവശേഷിക്കുന്ന ഹൃദയസ്പര്‍ശിയായ നിമിഷം. ടെലിവിഷന്‍ പരിപാടി ചിത്രീകരിക്കാന്‍ ചെന്നതാണ് ഞങ്ങള്‍. പൂര്‍ണമായും ശയ്യാവലംബിയായിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും അദ്ദേഹം. നാല് വര്‍ഷം മുന്‍പുണ്ടായ ഒരു പക്ഷാഘാതത്തിന്റെ തിക്തഫലം.

'ചന്ദനച്ചോല' (1975) യില്‍ യേശുദാസ് ഭാവാര്‍ദ്രമായി പാടിയ ഗാനത്തിന്റെ ആദ്യവരി വീണ്ടുമൊരിക്കല്‍ കൂടി പാടി ജോയ്; ഇത്തവണ കൈകള്‍ രണ്ടും ഉയര്‍ത്തിക്കൊണ്ട്. 'ഗസല്‍ പോലെ കംപോസ് ചെയ്യണം എന്നോര്‍ത്ത് ചെയ്ത പാട്ടാണ്. എഴുതി ട്യൂണ്‍ ചെയ്തതാണ് എന്നാണോര്‍മ. ഒരു പുതിയ എഴുത്തുകാരനായിരുന്നു ....' മുപ്പത്ത് രാമചന്ദ്രന്‍ എന്ന പേര് ഓര്‍മിപ്പിച്ചപ്പോള്‍ കിടന്നുകൊണ്ടുതന്നെ കൈകൂപ്പി ജോയ്. 'എത്ര അര്‍ഥവത്തായ വരികള്‍. ഇറ്റ്‌സ് എബൌട്ട് ലൈഫ്...' നിമിഷനേരത്തെ മൗനത്തിന് ശേഷം ഒരു ചോദ്യം കൂടി: 'പറയൂ, ചന്ദനച്ചോലയിലെ ഏത് പാട്ടാണ് മോശം ?'

ശരിയാണ്. പ്രണയവും പ്രേതവും അടിപിടിയും മെലോഡ്രാമയുമൊക്കെയുള്ള ഒരു സാധാരണ തട്ടുപൊളിപ്പന്‍ പടം. പക്ഷേ 'ചന്ദനച്ചോല'യിലെ പാട്ടുകള്‍ മിക്കതും സൂപ്പര്‍ ഹിറ്റായിരുന്നു. വിന്‍സന്റും സുധീറും വിധുബാലയും അഭിനയിച്ച ഈ ജേസിച്ചിത്രം ഇന്ന് ഓര്‍ക്കപ്പെടുന്നതുപോലും ആ പാട്ടുകളിലൂടെയല്ലേ ? ബിന്ദൂ നീ ആനന്ദ ബിന്ദുവോ ( സുശീല), ബിന്ദൂ നീയെന്‍ ജീവബിന്ദുവോ (സുശീല), മണിയാന്‍ചെട്ടിക്ക് മണി മിട്ടായി (യേശുദാസ്, സദന്‍), മുഖശ്രീ കുങ്കുമം ചാര്‍ത്തുമുഷസ്സേ (യേശുദാസ്), ലവ്ലി ഈവനിംഗ് (വാണിജയറാം)... ഗാനരചയിതാക്കളായി സാക്ഷാല്‍ വയലാറും ഡോ ബാലകൃഷ്ണനും പുതുമുഖങ്ങളായ കോന്നിയൂര്‍ ഭാസും മുപ്പത്ത് രാമചന്ദ്രനും. ഇക്കൂട്ടത്തില്‍ മുപ്പത്തിന്റെ ഗാനം എല്ലാം കൊണ്ടും വേറിട്ട് നിന്നു. വരികളുടെ ഭാവതീവ്രതക്ക് ഇണങ്ങുന്ന ഈണവും ആലാപനവും കൂടി ചേര്‍ന്നപ്പോള്‍ മറക്കാനാവാത്ത അനുഭവമായി മാറി ആ ഗാനം.

സിനിമക്ക് വേണ്ടി ആദ്യം പാട്ടെഴുതുകയായിരുന്നു പാലക്കാട് ജില്ലയിലെ ഏഴുവന്തല സ്വദേശിയായ മുപ്പത്ത് രാമചന്ദ്രന്‍. ചെറുപ്പം മുതലേയുണ്ട് സാഹിത്യത്തോടുള്ള പ്രണയം. ആദ്യ കവിത ജയകേരളത്തില്‍ അച്ചടിച്ചുവന്നത് തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ ഇന്റര്‍മീഡിയറ്റിന് പഠിക്കുമ്പോഴാണ്. സുദീര്‍ഘമായ ഒരു കാവ്യസപര്യയുടെ തുടക്കം. പേരൂര്‍ ഗാന്ധിസദനത്തില്‍ നിന്ന് ടി ടി സി പാസായി ഏഴുവന്തല നോര്‍ത്ത് യു പി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന ശേഷവും കവിതയോടുള്ള സ്‌നേഹം ഉപേക്ഷിച്ചില്ല രാമചന്ദ്രന്‍. ഒപ്പം ശാസ്ത്ര ലേഖനങ്ങളും എഴുതിക്കൊണ്ടിരുന്നു എന്നു മാത്രം.

പ്രാദേശിക കലാസമിതികളുടെ നാടകങ്ങള്‍ക്ക് വേണ്ടി പാട്ടുകള്‍ എഴുതുന്ന പതിവുണ്ടായിരുന്നു അന്ന്. അത്തരമൊരു നാടകം കാണാനിടവന്ന ഡോ. ബാലകൃഷ്ണനാണ് യുവകവിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു അദ്ദേഹത്തെ സിനിമയില്‍ പാട്ടെഴുതാന്‍ ക്ഷണിച്ചത്. 'പാട്ടിന്റെ സന്ദര്‍ഭം വിശദമായി രാമചന്ദ്രന് എഴുതിയയച്ചത് ഞാനാണ്,' -- ചന്ദനച്ചോലയുടെ സഹസംവിധായകരില്‍ ഒരാളായിരുന്ന സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ. 'അതിനിണങ്ങുന്ന ഗാനം അദ്ദേഹം എഴുതി അയച്ചുതന്നു. മദ്രാസിലായിരുന്നു കമ്പോസിംഗ്. വരികളില്‍ ചില്ലറ മാറ്റങ്ങള്‍ വേണ്ടിവന്നപ്പോള്‍ കവിയുടെ അസാന്നിധ്യത്തില്‍ ഡോക്ടര്‍ ബാലകൃഷ്ണന്‍ തന്നെ അത് നിര്‍വഹിക്കുകയായിരുന്നു.'

സാഹിത്യം കഴിഞ്ഞാല്‍ ശാസ്ത്രമായിരുന്നു മുപ്പത്ത് രാമചന്ദ്രന്റെ ഇഷ്ടവിഷയം. കുട്ടികള്‍ക്ക് വേണ്ടി നിരവധി ശാസ്ത്രസംബന്ധിയായ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് അദ്ദേഹം. സിനിമക്ക് വേണ്ടി രചിച്ച ആദ്യഗാനത്തില്‍ പോലുമുണ്ട് 'ശാസ്ത്ര സാന്നിധ്യം' എന്നത് ഇന്നോര്‍ക്കുമ്പോള്‍ കൗതുകമുള്ള കാര്യം.

'ഒരു ശാസ്ത്ര ഗ്രന്ഥവുമിന്നോളം കണ്ടില്ല

മനമെന്ന പ്രതിഭാസം സൂക്ഷ്മമായി

നാളുകള്‍ പൊഴിയും ആളുകള്‍ മറയും

തെറ്റുകള്‍ മണ്ണില്‍ മറഞ്ഞുപോകും...'

ശാസ്ത്രത്തിന് പോലും പിടിതരാത്ത ചില സത്യങ്ങളുണ്ട് ജീവിതത്തില്‍ എന്ന നിരീക്ഷണം പാട്ടിലൂടെ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. ആദ്യഗാനം സൂപ്പര്‍ഹിറ്റായെങ്കിലും പിന്നീടൊരു സിനിമക്ക് കൂടിയേ പാട്ടെഴുതിയുള്ളൂ രാമചന്ദ്രന്‍. ഡോ. ബാലകൃഷ്ണന്‍ തന്നെ സംവിധാനം നിര്‍വഹിച്ച 'മധുരം തിരുമധുരം' എന്ന സിനിമയില്‍ എ.ടി. ഉമ്മര്‍ ചിട്ടപ്പെടുത്തിയ ആ വിഷാദഗാനം പാടിയത് എസ്. ജാനകി.

'വേദന വിളിച്ചോതി വരും നിന്റെ കാമുകന്‍

ചേതന തിരിച്ചോതി വരില്ലവന്‍ വീണ്ടും

മനസ്സിലെ മോഹത്തിന്‍ കളിക്കൂട്ടുകാരന്‍..'

പുതുമുഖ ഗാനരചയിതാക്കള്‍ക്ക് കയറിച്ചെന്ന് എളുപ്പം ഇരിപ്പിടം ഉറപ്പിക്കാന്‍ കഴിയുന്ന മേഖലയല്ല അന്ന് സിനിമ. ഏതെങ്കിലും വ്യക്തിയുടേയോ ഗ്രൂപ്പിന്റേയോ ശക്തമായ പിന്തുണ വേണം. ഇല്ലെങ്കില്‍ അവസരം തേടിയലയാന്‍ തയ്യാറാവണം. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടക്ക് അതിനൊന്നും സമയമുണ്ടായിരുന്നില്ല രാമചന്ദ്രന്; താല്‍പര്യവും. പകരം അധ്യാപനത്തിലും പ്രഭാഷണ വേദികളിലും കൂടുതല്‍ സജീവമായി അദ്ദേഹം. 2008 ഒക്ടോബറിലായിരുന്നു രാമചന്ദ്രന്‍ മാഷിന്റെ അന്ത്യം. ദീര്‍ഘകാലം അസുഖബാധിതനായി കിടന്ന ശേഷം കെ.ജെ. ജോയ് ഓര്‍മയായത് 2024 ജനുവരിയിലും. എങ്കിലും അന്‍പത് വര്‍ഷം മുന്‍പ് ഇരുവരും ചേര്‍ന്നൊരുക്കിയ പാട്ട് ഇപ്പോഴും ആസ്വാദകമനസുകളില്‍ ജീവിച്ചിരിക്കുന്നു.

അല്‍പ്പം ലഹരി അകത്തുചെന്നാല്‍ സ്ഥിരമായി 'ഹൃദയം മറക്കുന്ന' ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്. നഷ്ടപ്രണയത്തിന്റെ ഓര്‍മയാണ് അവന് ആ ഗാനം. സ്‌കൂള്‍ കാലം മുതലുള്ള ഗാഢപ്രണയം നിര്‍ദയം ഉപേക്ഷിച്ച് ഒരു നാള്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി പതിനഞ്ചു വയസ്സിന് മൂത്ത ഗള്‍ഫുകാരനായ ബന്ധുവിനെ കെട്ടി സ്ഥലംവിട്ട മുന്‍ കാമുകിയെ കുറിച്ചാണ് ആ പാട്ടെന്ന് വിശ്വസിച്ചു അവന്‍. അത്തരം നിരാശാകാമുകര്‍ വേറെയുമുണ്ടാകും. സിനിമാഗാനങ്ങളെ ജീവിതവുമായി ചേര്‍ത്തുവെച്ചിരുന്നവരാണല്ലോ അന്നത്തെ തലമുറ.

ക്ഷീണിത ശബ്ദത്തില്‍ ജോയ് പാടിക്കൊണ്ടേയിരിക്കുന്നു ഓര്‍മകളില്‍: 'അനഘമാം രത്‌നമെന്നോര്‍ത്തു ഞാന്‍ ലാളിച്ചു, കനലെന്നറിഞ്ഞപ്പോള്‍ നൊന്തുപോയി, താളുകള്‍ മറിഞ്ഞു ജീവിതഗ്രന്ഥത്തില്‍ സൗഹൃദം പോറല്‍ വരുത്തിവെച്ചു....'