വെളിച്ചമസ്തമിച്ചു. ഇനി ഇരുട്ടാണ്. അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന കൂരിരുട്ട്. ജീവിതം കൈവിട്ടുപോകുമെന്ന് തോന്നുന്ന ആ ഘട്ടത്തിൽ ആരെയാണ് നമ്മൾ ആശ്രയിക്കുക? ആരാണ് നമുക്ക് തണലേകുക? ആരും എന്നാണുത്തരം. അതൊരു വ്യക്തിയാകാം. അല്ലെങ്കിൽ ഹൃദയം തൊടുന്ന പുഞ്ചിരിയാകാം. ആശ്വാസം പകരുന്ന വാക്കാകാം. സ്പർശമാകാം. സ്‌നേഹമുള്ള എന്തുമാകാം. പോലീസുദ്യോഗസ്ഥനായ എന്റെ സുഹൃത്ത് ആശ്രയിച്ചത് ഒരു പാട്ടിനെയാണ്. സ്‌നേഹം തുളുമ്പുന്ന, പ്രതീക്ഷാനിർഭരമായ പാട്ട്.

To advertise here,

'ഏക് ദിൻ ബിക് ജായേഗാ മാട്ടി കേ മോൽജഗ് മേ രഹ് ജായേംഗേ പ്യാരേ തെരെ ബോൽദൂജേ കേ ഹോടോം കോ ദേക്കർ അപ്‌നേ ഗീത്കോയീ നിശാനി ഛോഡ് ഫിർ ദുനിയാ സേ ഡോൽ'

രൺധീർ കപൂർ സംവിധാനം ചെയ്ത 'ധരം കരം' (1975) എന്ന ചിത്രത്തിൽ മജ്രൂഹ് സുൽത്താൻപുരി എഴുതി രാഹുൽ ദേവ് ബർമന്റെ ഈണത്തിൽ മുകേഷ് പാടി അനശ്വരമാക്കിയ ഗാനം. രാജ് കപൂർ എന്ന മഹാനടന്റെ, ചലച്ചിത്രകാരന്റെ ഹൃദയഗീതം. 'ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലെല്ലാം ആ പാട്ട് ക്ഷണിക്കാതെ തന്നെ വന്ന് ആശ്ലേഷിക്കാറുണ്ട്; അടുത്ത സുഹൃത്തിന് പോലും നല്കാൻ കഴിയുന്നതിനേക്കാൾ പ്രതീക്ഷയും ആത്മവിശ്വാസവും ധൈര്യവും പകർന്നുകൊണ്ട്.' വായനക്കാരനായി സ്വയം പരിചയപ്പെടുത്തി ഒരു രാത്രി ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയ സംഗീതപ്രേമിയായ സുഹൃത്തിന്റെ വാക്കുകൾ.

അച്ചടക്കനടപടിയ്ക്ക് ഇരയായി ജോലി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച ഒരു ഘട്ടമുണ്ടായിരുന്നു അയാളുടെ ജീവിതത്തിൽ. സ്വന്തം കുടുംബം പോലും കൈവിട്ടുകളയുമെന്ന് തോന്നിയ ഘട്ടം. ആത്മഹത്യയല്ലാതെ മറ്റൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല മുന്നിൽ. കയ്യിലൊരു പിസ്റ്റളുമായി മരിക്കാനുള്ള മുഹൂർത്തം നിശ്ചയിച്ച് എല്ലാ വെളിച്ചവും അണച്ച് ഒരു ഹോട്ടൽ മുറിയിൽ കാത്തിരുന്ന ആ രാത്രിയിൽ എങ്ങുനിന്നോ വന്ന് ആശ്വസിപ്പിക്കുകയായിരുന്നുവത്രേ മുകേഷ്. 'ഉള്ളിലെ ലഹരിയുടെ സ്വാധീനം കൊണ്ടാണോ എന്നറിയില്ല, ആ വരികൾ എന്നെ ശരിക്കും കരയിച്ചു. അതുവരെ കേട്ടപ്പോഴും ഏറ്റുപാടിയപ്പോഴുമൊന്നും തോന്നാത്ത അർത്ഥങ്ങൾ ആ പാട്ടിനുണ്ടെന്ന് തിരിച്ചറിഞ്ഞത് അന്നാണ്. ലോകത്ത് നമ്മൾ ഒറ്റക്കല്ല എന്നൊരു തോന്നൽ. ദൈവമാണ് അന്ന് ആ പാട്ടായി അവതരിച്ചതെന്ന് തോന്നാറുണ്ട്. പിന്നീടൊരിക്കലും ആത്മഹത്യാചിന്ത അലട്ടിയിട്ടില്ല. മദ്യപിച്ചിട്ടുമില്ല....'

അത്ഭുതം തോന്നിയില്ല. വേദസൂക്തങ്ങളെക്കാൾ, ആഴമുള്ള അർത്ഥതലങ്ങളുള്ള കവിതകളേക്കാൾ സാധാരണ മനുഷ്യന്റെ ജീവിതത്തെ തീവ്രമായി സ്വാധീനിയ്ക്കാൻ പാവമൊരു സിനിമാപ്പാട്ടിന് ചിലപ്പോൾ കഴിഞ്ഞേക്കുമെന്ന സത്യം വൈയക്തികമായ ഒരുപാട് അനുഭവങ്ങൾ പറഞ്ഞുതന്നിട്ടുള്ളതു കൊണ്ടാവാം.

ഭൗതിക ജീവിതത്തിന്റെ നിരർത്ഥകതയെക്കുറിച്ചാണ് മജ്രൂഹ് സുൽത്താൻപുരിയുടെ വരികൾ. തുച്ഛമായ വിലയ്ക്ക് ഒരിക്കൽ വിൽക്കപ്പെടേണ്ടവരാണ് നമ്മളെല്ലാം. എല്ലാ ഭൗതികമോഹങ്ങൾക്കും മരണത്തോടെ തിരശ്ശീല വീഴുന്നു. യാത്ര പറഞ്ഞ് പിരിഞ്ഞുകഴിഞ്ഞാൽ പിന്നെ ഈ ഭൂമിയിൽ അവശേഷിക്കുക നമ്മുടെ വാക്കുകൾ മാത്രം. അന്യരുടെ ചുണ്ടുകൾ ആ വാക്കുകൾ ഏറ്റുപാടട്ടെ. അവർക്ക് പാടാൻ വേണ്ടിയാവട്ടെ നമ്മുടെ പാട്ടുകൾ. നമ്മുടേതായ എന്തെങ്കിലുമൊരു മുദ്ര ഇവിടെ അവശേഷിപ്പിച്ച ശേഷം വേണം ലോകത്തോട് വിടപറയാൻ എന്ന് സൂചിപ്പിക്കുകയാണ് മജ്രൂഹ്.

തീർന്നില്ല. ചരണത്തിലുമുണ്ട് ശുഭാപ്തിവിശ്വാസത്തിന്റെ തിളക്കം. ദൗർഭാഗ്യങ്ങൾ നിറഞ്ഞതാണ് ജീവിതം. പ്രതിബന്ധങ്ങളും ഏറെയുണ്ടാകും. എങ്കിലും എന്നെങ്കിലുമൊരിക്കൽ ഭാഗ്യം നിങ്ങളെ തേടിവരും. നഷ്ടപ്പെട്ടുപോയ സുഹൃത്തിനെ വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കും. അകൽച്ചകളും വേർപിരിയലുകളും നിമിഷങ്ങളോളമേ നീണ്ടുനിൽക്കൂ എന്നറിയുക. ഒഴുകുന്ന നദിക്ക് എന്നെങ്കിലുമൊരിക്കൽ സമുദ്രത്തിൽ ചെന്ന് ചേരാതെ പറ്റില്ലല്ലോ. നിങ്ങളും ഒരു നദിയാകൂ, ഈ ലോകത്തോട് വിടപറയും മുൻപ്. രണ്ടാമത്തെ ചരണത്തിലെ 'ഭോർ ഹോനേവാലി ഹേ അബ് രെയ്നാ ഹേ തോഡി' (പുലരി പിറക്കാറായി, രാവിനി കുറച്ചു മാത്രം) എന്ന വരിയിലും കവി കുറിച്ചിടുന്നുണ്ട് നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശ.

‘ധരം കരം' എന്ന സിനിമയിലെ കഥാമുഹൂർത്തത്തിനപ്പുറത്തേക്ക് വളർന്ന് ശുഭാപ്തിവിശ്വാസത്തിന്റെ പര്യായമായി മാറിയ ഈ ഗാനം യഥാർത്ഥത്തിൽ ചലച്ചിത്രഗാനമായി എഴുതപ്പെട്ടതല്ല എന്നാണ് ചരിത്രം. അതിനുപിന്നിലൊരു കഥയുണ്ട്. കമ്യൂണിസ്റ്റ് ആശയങ്ങളുടെ ഉറച്ച അനുയാത്രികനായിരുന്ന കാലത്ത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചെഴുതിയ കവിതയുടെ പേരിൽ സർക്കാരിന്റെ നോട്ടപ്പുള്ളിയാകുന്നു മജ്രൂഹ്. നെഹ്റുവിനെ ഹിറ്റ്‌ലറോട് ഉപമിച്ചും കോമൺവെൽത്തിന്റെ അടിമയായി ചിത്രീകരിച്ചും (യേ ഭി കോയി ഹിറ്റ്‌ലർ കാ ഹേ ചേലാ, മാർ ലേ സാഥി ജാനേ നാ പായേ, കോമൺവെൽത്ത് കാ ദാസ് ഹേ നെഹ്റു .....) എഴുതിയ ആ കവിത മുംബൈയിലെ ഒരു തൊഴിലാളി സമ്മേളന വേദിയിൽ വികാരനിർഭരമായി ആലപിക്കുക കൂടി ചെയ്തു കവി. രാജ്യം സ്വതന്ത്രമായി രണ്ടു വർഷം പിന്നിട്ടിരുന്നതേയുള്ളൂ അപ്പോൾ.

'ദേശദ്രോഹി'യായ കവിയെ പിടിച്ച് അകത്തിടാൻ ഉത്തരവിറങ്ങിയെങ്കിലും അത് നടപ്പാകും മുൻപ് ഒളിവിൽ പോയി മജ്രൂഹ്. എന്നാൽ അധികകാലം മുഖ്യധാരയിൽ നിന്ന് അകന്നുനിൽക്കാൻ കഴിഞ്ഞില്ല അദ്ദേഹത്തിന്. രണ്ടു വർഷം കഴിഞ്ഞ് സ്വമേധയാ ഒളിവുജീവിതം അവസാനിപ്പിച്ച് പുറത്തുവന്ന കവിയെ പുരോഗമനവാദികളായ സാഹിത്യകാരന്മാരുടെ ഒരു പ്രതിഷേധയോഗവേദിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുന്നു. തുടർന്ന് മുംബൈയിലെ ആർതർ റോഡ് ജയിലിൽ ഒരു വർഷത്തോളം നീണ്ട തടവുജീവിതം. നടൻ ബൽരാജ് സാഹ്നി ഉൾപ്പെടെ പല സമാന ചിന്താഗതിക്കാരും ഉണ്ടായിരുന്നു അവിടെ സഹവാസികളായി.

ജയിലിൽ മജ്റൂഹിനെ കാണാനെത്തിയവരിൽ രാജ് കപൂറുമുണ്ടായിരുന്നു. പ്രിയസുഹൃത്തിന് സഹായവാഗ്ദാനവുമായാണ് രാജ് വന്നത്. പണം ആവശ്യമുള്ള ഘട്ടമായിരുന്നതിനാൽ മജ്രൂഹ് വാഗ്ദാനം നിരസിച്ചില്ല. പകരം ഒരു ഉപാധി മാത്രം മുന്നോട്ടുവെച്ചു. ''സൗജന്യങ്ങൾ ഒന്നും വേണ്ട. ഞാൻ എഴുതിത്തരുന്ന കവിതക്കുള്ള പ്രതിഫലമായിട്ടേ എനിക്ക് പണം വേണ്ടൂ.'' രാജിന് സമ്മതം. അങ്ങിനെ ജയിലിരുന്ന് എഴുതിക്കൊടുത്തതാണ് 'ഏക് ദിൻ ബിക് ജായേഗാ' എന്ന ഗാനം. പിൽക്കാലത്ത് താൻ നിർമ്മിച്ച 'ധരം കര'മിലെ ഒരു കഥാസന്ദർഭത്തിന് മജ്രൂഹിന്റെ പഴയ രചന ഇണങ്ങുമെന്ന് കണ്ടപ്പോൾ സിനിമയിൽ അതുപയോഗിക്കാൻ മടിച്ചില്ല രാജ്. ആർഡി ബർമ്മൻ ലളിതസുന്ദരമായി അത് ചിട്ടപ്പെടുത്തുകയും ചെയ്തു. പടത്തിലെ മറ്റു പാട്ടുകൾ എഴുതിയതും മജ്രൂഹ് തന്നെ.

അര നൂറ്റാണ്ടിനിപ്പുറം 'ധരം കരം' ഓർക്കപ്പെടുന്നത് പോലും ഈ ഒരൊറ്റ പാട്ടിന്റെ പേരിലായിരിക്കും. മികച്ച ഗാനരചയിതാവിനുള്ള ഫിലിം ഫെയർ അവാർഡിന് ഈ പാട്ടിന്റെ പേരിൽ മജ്രൂഹ് നാമനിർദ്ദേശം ചെയ്യപ്പെട്ടെങ്കിലും വിജയിയായത് 'കഭീ കഭീ മേരെ ദിൽ മേ'യിലൂടെ സാഹിർ ലുധിയാൻവി.

രാജ് കപൂറിന് വേണ്ടി മുകേഷ് പാടിയ അവസാന ഗാനങ്ങളിൽ ഒന്നായിരുന്നു 'ഏക് ദിൻ ബിക് ജായേഗാ.' ധരം കരം പുറത്തിറങ്ങി മാസങ്ങൾക്കകം മുകേഷ് ഓർമ്മയായി; ഒരുപാട് ഓർമ്മകൾ ഭൂമിയിൽ അവശേഷിപ്പിച്ച്.