ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ജിറാം ഘാട്ടിയിൽ 29 പേരുടെ മരണത്തിനിടയാക്കിയ മാവോവാദി ആക്രമണത്തിലെ 10 പ്രതികൾക്ക് വധശിക്ഷ. ജഗ്ദൽപൂരിലെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) പ്രത്യേക കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ ഇല്ലാതാക്കിയ വൻ മാവോവാദി ആക്രമണം നടന്ന് 13 വർഷത്തിനുശേഷമാണ് വിധിവരുന്നത്.

To advertise here,

നേരത്തെ, എൻ.ഐ.എ പ്രത്യേക കോടതി സ്പെഷ്യൽ ജഡ്ജ് അഭയ് സിങ് രജ്പുത് രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള 10 പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും (ഐ.പി.സി.) യു.എ.പി.എയിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. ഐ.പി.സി. 120-ബി (ഗൂഢാലോചന), 302 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരമാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്.

കേസിൽ 101 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും നിരവധി രേഖകൾ പരിശോധിക്കുകയും ചെയ്തു. പ്രതികൾക്കെതിരായ 24 കുറ്റങ്ങളിൽ ഏഴെണ്ണത്തിലാണ് കോടതി വധശിക്ഷ വിധിച്ചത്. വിചാരണയ്ക്കിടെ ഒരു പ്രതി മരണപ്പെട്ടിരുന്നു. കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ മറ്റ് 28 പേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ ഉത്തരവിന് ശേഷം മാത്രമേ ശിക്ഷ നടപ്പാക്കുകയുള്ളൂവെന്നും അതുവരെ പ്രതികൾ സെൻട്രൽ ജയിലിൽ തുടരുമെന്നും കോടതി വ്യക്തമാക്കി.

2013 മേയ് 25-നാണ് കേസിനാസ്പദമായ സംഭവം. പരിവർത്തൻ റാലിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന കോൺഗ്രസ് നേതാക്കളുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദികൾ ആക്രമണം നടത്തുകയായിരുന്നു. ബസ്തർ ജില്ലയിലെ ദർഭ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജിറാം ഘാട്ടിയിലെ ദേശീയപാതയിൽ വെച്ചായിരുന്നു ആക്രമണം.

അന്നത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നന്ദ് കുമാർ പട്ടേൽ, അദ്ദേഹത്തിന്റെ മകൻ ദിനേശ്, നിയമസഭയിലെ മുൻ പ്രതിപക്ഷ നേതാവ് മഹേന്ദ്ര കർമ്മ, മുൻ കേന്ദ്രമന്ത്രി വിദ്യാ ചരൺ ശുക്ല, മുൻ എം.എൽ.എ ഉദയ് മുദ് ലിയാർ എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും നിരവധി സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടു.