മുംബൈ: കഴിഞ്ഞ രണ്ട് വര്‍ഷത്തെയും പോലെ ഇത്തവണത്തെ മുഹൂര്‍ത്ത വ്യാപാരത്തിലും ഓഹരി സൂചികകള്‍ മുന്നേറ്റം കുറിച്ചു. സെന്‍സെക്‌സ് 355 പോയന്റ് ഉയര്‍ന്ന് 65,258ലും നിഫ്റ്റി 100 പോയന്റ് നേട്ടത്തില്‍ 19,525ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

To advertise here,

വിപണി മികച്ച നേട്ടമുണ്ടാക്കിയതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തില്‍ രണ്ട് ലക്ഷം കോടിയിലേറെ വര്‍ധനവുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 322.52 ലക്ഷം കോടിയായി. വ്യാപാത്തിന്റെ ഓരോ സെക്കന്‍ഡിലും നിക്ഷേപകരുടെ സമ്പത്തില്‍ ശരാശരി 62 കോടി രൂപയുടെ നേട്ടമുണ്ടായി.

ഇന്‍ഫോസിസ്, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി. എല്ലാ സെക്ടറല്‍ സൂചികളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്‌മോള്‍ ക്യാപ് ഓഹരികളില്‍ കുതിപ്പ് തുടരുന്നു. സൂചിക ഒരു ശതമാനത്തിലേറെ ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. 

പ്രീ ഓപ്പണിങ് സെഷനില്‍ സെന്‍സെക്‌സ് 600 പോയന്റ് വരെ ഉയര്‍ന്നിരുന്നു. ദീപാവലിയോടനുബന്ധിച്ച്  ഞായറാഴ്ച വൈകീട്ട് ആറു മുതല്‍ 7.15വരെയായിരുന്നു പ്രത്യേക വ്യാപാരം.