ആഗോള വിപണികളിലെ അസ്ഥിരത കണക്കിലെടുത്ത് ഇത്തവണയും നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ. റിപ്പോ 5.25 ശതമാനത്തിൽ തുടരും. പശ്ചിമേഷ്യയിലെ സംഘർഷവും ക്രൂഡ് ഓയിൽ വിലയിലെ ചാഞ്ചാട്ടവും പരിഗണിച്ച് 'കാത്തിരുന്ന് കാണാം' എന്ന നയമാണ് റിസർവ് ബാങ്ക് സ്വീകരിച്ചിട്ടുള്ളത്.
നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് മുതിരാതെ വിപണിയിലെ സ്ഥിരത ഉറപ്പാക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ 'നിഷ്പക്ഷ' നയത്തിൽ മാറ്റംവരുത്തിയിട്ടുമില്ല.
തുടർച്ചയായി നാലാം തവണയാണ് റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ നിലനിർത്തുന്നത്. എണ്ണ വിലയിലെ ഏറ്റക്കുറച്ചിൽ, വിദേശ നിക്ഷേപ വരവ്, പണപ്പെരുപ്പം ഉയരാനുള്ള സാധ്യത എന്നിവയാണ് ആർബിഐ നേരിടുന്ന വെല്ലുവിളി.
വിദേശ നാണ്യ നിക്ഷേപത്തിൽ വർധനവുണ്ടായത് ആർബിഐക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ജൂലായ് 31 വരെയുള്ള കണക്കുപ്രകാരം 3.89 ലക്ഷം കോടി (41 ബില്യൺ ഡോളർ) രൂപയുടെ വിദേശ നിക്ഷേപമാണ് എത്തിയത്.
പ്രധാന നിരക്കുകൾ താഴെ നൽകുന്നു:
| നിരക്കുകൾ | നിലവാരം (%) |
|---|---|
| റിപ്പോ നിരക്ക് | 5.25% |
| സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (SDF) | 5.00% |
| മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (MSF) | 5.50% |
| ബാങ്ക് നിരക്ക് (Bank Rate) | 5.50% |
വളർച്ചാ പ്രവചനം
സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.6 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി ആർബിഐ ഉയർത്തിയിട്ടുണ്ട്. ഉത്പാദന മേഖലയിലെ കരുത്തുറ്റ പ്രകടനവും ഡിമാൻഡും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. പ്രത്യേകിച്ച്, ഉപഭോഗത്തിൽ പ്രകടമാകുന്ന വർധനവും ഉപഭോക്താക്കളുടെ ചെലവുകളിലെ ഉണർവും അനുകൂല ഘടകങ്ങളായി ആർബിഐ കാണുന്നു.
| പാദം | പരിഷ്കരിച്ച പ്രവചനം (%) | മുൻപത്തെ പ്രവചനം (%) |
|---|---|---|
| ഒന്നാം പാദം | 7.0% | 6.6% |
| രണ്ടാം പാദം | 6.4% | 6.3% |
| മൂന്നാം പാദം | 6.5% | 6.5% |
| നാലാം പാദം | 6.8% | 6.8% |
പണപ്പെരുപ്പ അനുമാനം
രാജ്യത്തെ ഉപഭോക്തൃ വില സൂചിക (CPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ പ്രവചനം 5.1 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ആർബിഐ താഴ്ത്തിയിട്ടുണ്ട്. അടിസ്ഥാന പണപ്പെരുപ്പം (Core Inflation) 4.3 ശതമാനമായി തുടരുമെന്നാണ് നിഗമനം. എങ്കിലും ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ പണപ്പെരുപ്പത്തെ ബാധിക്കുന്നുണ്ട്.
- Q1: 4.1% (നേരത്തെ 4.2%)
- Q2: 4.7% (നേരത്തെ 5.1%)
- Q3: 5.9% (മാറ്റമില്ല)
- Q4: 5.5% (നേരത്തെ 5.4% - നേരിയ വർധന)
Content Highlights: Repo rate maintained at 5.25% for the fourth consecutive time., RBI adopts a 'wait and watch' policy due to global instability and crude oil price fluctuations., Neutral monetary policy stance remains unchanged., Strong foreign exchange reserves of 3.89 lakh crore recorded as of July 31.
Published: 05 Aug 2026, 10:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented