കുറഞ്ഞ ശമ്പളത്തിൽ ജോലി തുടങ്ങി ചുരുങ്ങിയ കാലം കൊണ്ട് കോടികളുടെ സമ്പാദ്യമുണ്ടാക്കുക എന്നത് പലരുടെയും സ്വപ്നമാണ്. ഭൂരിഭാഗം പേർക്കും ഇതൊരു വിദൂര സ്വപ്നമായി അവശേഷിക്കുമ്പോൾ കൃത്യമായ സാമ്പത്തിക അച്ചടക്കത്തിലൂടെ അത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് പുണെയിലെ 32-കാരനായ സുധീർ ദന്ദോതിയ.

To advertise here,

2017-ൽ 4.5 ലക്ഷം രൂപ വാർഷിക ശമ്പളത്തിൽ ജോലി ആരംഭിച്ച സുധീർ, ഒൻപത് വർഷം കൊണ്ട് ഒമ്പത് കോടി രൂപയുടെ ആസ്തിയാണ് കെട്ടിപ്പടുത്തത്. ഇതിന് പിന്നിൽ ഭാഗ്യമല്ല, കൃത്യമായ ആസൂത്രണവും അച്ചടക്കവുമാണെന്ന് ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതരുന്നു.

പാഠം ഒന്ന്:
വരുമാനം കൂടുമ്പോഴും ജീവിതച്ചെലവ് നിയന്ത്രിക്കുക

സുധീറിന്റെ ശമ്പളം ഒൻപത് വർഷത്തിനിടെ 4.5 ലക്ഷത്തിൽ നിന്ന് 52 ലക്ഷം രൂപയായാണ് വർധിച്ചത്. അതായത് ഏകദേശം 11.6 മടങ്ങ്. 2017ൽ 4.5 ലക്ഷമായിരുന്ന വരുമാനം 2020ൽ 18 ലക്ഷമായും 2022ൽ 40 ലക്ഷമായും നിലവിൽ 52 ലക്ഷവുമായും ഉയർന്നു. സാധാരണഗതിയിൽ വരുമാനം കൂടുമ്പോൾ ആളുകൾ ആഡംബര കാറുകൾ വാങ്ങാനും ജീവിതശൈലി മാറ്റാനുമാണ് ശ്രമിക്കാറുള്ളത്. എന്നാൽ നാല് വർഷമായി മാസച്ചെലവ് സുധീർ രണ്ടു ലക്ഷം രൂപയിൽ ഒതുക്കി. വരുമാനം കൂടിയതുകൊണ്ട് മാത്രം ജീവിതനിലവാരം ഉടനെ ഉയർത്തേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ ചിന്താഗതിയാണ് ഈ വിജയത്തിന്റെ ഒന്നാമത്തെ പാഠം.

പാഠം രണ്ട്:
നിക്ഷേപവും വായ്പാ തിരിച്ചടവും

ശമ്പളം കിട്ടിയാൽ ഉടൻ തന്നെ നിക്ഷേപത്തിനും വായ്പാ തിരിച്ചടവിനുമുള്ള തുക മാറ്റിവെക്കും. മാസവും 1.5 ലക്ഷം രൂപ മ്യൂച്വൽ ഫണ്ട് എസ്‌ഐപികളിലേക്കും 1.61 ലക്ഷം ഭവന വായ്പാ തിരിച്ചടവിലേക്കുമായി അദ്ദേഹം മാറ്റുന്നു. ഇത്രയും വലിയ തുക മാറ്റി വെക്കുക എന്നത് തുടക്കത്തിൽ അത്ര എളുപ്പമായിരുന്നില്ല. എങ്കിലും ആ മടുപ്പിന് കീഴടങ്ങാതെ പുലർത്തിയ സ്ഥിരതയാണ് അദ്ദേഹത്തിന്റെ വിജയം മുന്നോട്ടുവെക്കുന്ന രണ്ടമത്തെ പാഠം.

പാഠം മൂന്ന്:
വ്യത്യസ്ത ഫണ്ടുകൾ

ഈ കാലയളവിൽ മികച്ച പല ഫണ്ടുകളും പുറകോട്ടുപോയി. പിന്നിലായിരുന്നുവ മുന്നിലുമെത്തി. മികച്ച പ്രകടനം നടത്തുന്ന ഫണ്ടുകൾക്ക് പുറകെ പോകാതെ നിക്ഷേപ തുകയ്ക്കാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. നിലവിൽ ഫ്‌ളക്‌സി ക്യാപ്, ലാർജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോൾ ക്യാപ്, കോണ്ട്ര, ഇൻഫ്രസ്ട്രക്ചർ, ഇൻഡക്‌സ് എന്നിങ്ങനെ 11 വ്യത്യസ്ത മ്യൂച്വൽ ഫണ്ട് സ്‌കീമുകളിലായി നിക്ഷേപം തുടരുന്നു. 2020-ലെയും 2022-ലെയും വിപണി തകർച്ചകളിൽ പോലും അദ്ദേഹം നിക്ഷേപം പിൻവലിച്ചില്ല.

പാഠം നാല്
വൈവിധ്യവത്കരണം

ആസ്തി

തുക

റിയൽ എസ്റ്റേറ്റ്

(പുണെയിലെ ഫ്ലാറ്റ് -

നിലവിലെ മൂല്യം)

4.5 - 4.7

കോടി രൂപ

മ്യൂച്വൽ ഫണ്ടുകൾ

2.56

കോടി രൂപ

സ്വർണം

(SGB, ഫിസിക്കൽ)

64

ലക്ഷം രൂപ

ബാങ്ക് നിക്ഷേപം

57

ലക്ഷം രൂപ

ഇപിഎഫ്,

പിപിഎഫ്‌

24

ലക്ഷം രൂപ

ഓഹരികൾ

23

ലക്ഷം രൂപ

ശ്രദ്ധിക്കുക: 2021-ൽ 2.5 കോടി രൂപയ്ക്ക് വാങ്ങിയ ഫ്‌ളാറ്റാണ് ഇന്ന് 4.7 കോടി രൂപയായി വളർന്നത്. ഇതിനായി 50 ലക്ഷം രൂപ ഡൗൺ പേയ്മെന്റ് നൽകാൻ മാതാപിതാക്കളുടെ സഹായം ലഭിച്ചിരുന്നു എന്ന കാര്യവും സുധീർ മറച്ചുവെക്കുന്നില്ല. ഹോം ലോൺ ബാധ്യത കുറച്ചു കഴിഞ്ഞാൽ അദ്ദേഹത്തിന്റെ അറ്റ ആസ്തി ഏഴ് കോടി രൂപയാണ്.

പാഠം അഞ്ച്
ലക്ഷ്യങ്ങൾ

40 വയസ്സാകുമ്പോഴേക്കും 20-25 കോടി രൂപയുടെ സമ്പാദ്യം കെട്ടിപ്പടുത്ത് ജോലി വിടുക എന്നതാണ് സുധീറിന്റെ ലക്ഷ്യം. പ്രതിമാസം 1.5 ലക്ഷം രൂപയുടെ എസ്‌ഐപി നിക്ഷേപം തുടരുന്നതിലൂടെ (12 ശതമാനം ആദായം കണക്കാക്കുമ്പോൾ) 13 കോടി രൂപയാകും. ഇപിഎഫ് വിഹിതം മാത്രം ഒരു കോടി രൂപ കടക്കുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. പുണെയിലെ വസ്തുവിന്റെ മൂല്യം 10 കോടിയാകുമെന്നും കരുതുന്നു. ഇക്കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ ഈ കണക്കുകൂട്ടൽ. ഐടി മേഖലയിൽ തന്നെ ജോലി ചെയ്യുന്ന ഭാര്യയുടെ സാമ്പത്തിക പിന്തുണയും പങ്കാളിത്തവും നിക്ഷേപ യാത്രയിൽ സുധീറിന് കരുത്തായി കൂടെയുണ്ട്.

നിക്ഷേപത്തിൽ വിപണിയെക്കാൾ പ്രധാനം അച്ചടക്കമാണെന്നാണ് സുധീറിന്റെ ജീവിതം പഠിപ്പിക്കുന്നത്. അദ്ദേഹം പിന്തുടർന്ന വിജയമന്ത്രം നിക്ഷേപകർക്ക് പ്രചോദനമാണ്. 'ധാരാളം സമ്പാദിക്കുക, ദീർഘകാലം കൈവശം വെക്കുക, പരിഭ്രാന്തരാകാതിരിക്കുക'