ഇറാനുമായുള്ള യുദ്ധത്തിൽ ട്രംപ് അപ്രതീക്ഷിതമായി നയംമാറ്റം പ്രഖ്യാപിക്കും മുമ്പ് ആഗോള വിപണികളിൽ വൻതോതിൽ ഇടപാടുകൾ നടന്നതായി റിപ്പോർട്ട്. ട്രംപിന്റെ പ്രഖ്യാപനത്തിന് 15 മിനിറ്റ് മുൻപ് നടന്ന ഇടപാടുകളിലൂടെ 840 കോടി രൂപ (100 മില്യൺ ഡോളർ) ലാഭമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ. എണ്ണ വിലയിലെ ഇടിവും ഓഹരി വിപണിയിലെ കുതിപ്പും മുൻകൂട്ടികണ്ടുള്ള ഈ നീക്കം ഇൻസൈഡർ ട്രേഡിങ് ആണെന്ന ആരോപണം ശക്തമായിട്ടുണ്ട്.

To advertise here,

വിപണിയിലെ അസ്വാഭാവിക നീക്കം

2026 മാർച്ച് 24 രാവിലെ 6:50 (ന്യൂയോർക്ക് സമയം):

സാധാരണഗതിയിൽ വ്യാപാരം കുറഞ്ഞ സമയമായിരുന്നിട്ടും എസ് ആൻഡ് പി 500 ഫ്യൂച്ചറുകളിലും എണ്ണ വിപണിയിലും വൻതോതിൽ ഇടപാടുകൾ അതിവേഗം നടന്നു.

രാവിലെ 7:05 (ന്യൂയോർക്ക് സമയം): ഇറാനിലെ ഊർജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവെക്കുകയാണെന്ന് ട്രംപ് 'ട്രൂത്ത് സോഷ്യൽ' വഴി പ്രഖ്യാപിച്ചു.

വൻ ഇടപാടുകളാണ് ഇതിനിടയിൽ നടന്നത്.

അൺയൂഷ്വൽ വെയിൽസ്' (Unusual Whales) എന്ന ട്രേഡിംഗ് പ്ലാറ്റ്ഫോം നൽകുന്ന വിവരങ്ങൾ പ്രകാരം ആസൂത്രിതമായ രണ്ട് പ്രധാന നീക്കങ്ങളാണ് വിപണിയിൽ നടന്നത്:

 

നിക്ഷേപം

തുക 

വിപണിയിലെ മാറ്റം

S&P 500 ഫ്യൂച്ചറുകൾ

12,600 കോടി രൂപ ($1.5 Billion)

വിപണി ഉയരുമെന്ന പ്രതീക്ഷയിൽ വാങ്ങിക്കൂട്ടി.

എണ്ണ ഫ്യൂച്ചറുകൾ

1,615 കോടി രൂപ ($192 Million)

എണ്ണവില കുറയുമെന്ന് പ്രതീക്ഷിച്ച് വിറ്റഴിച്ചു.

കൂടാതെ, വെറും ഒരു മിനിറ്റിനുള്ളിൽ 4,870 കോടി രൂപയുടെ (580 മില്യൺ ഡോളർ) ബ്രെന്റ്, വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് കരാറുകൾ കൈമാറ്റം ചെയ്യപ്പെട്ടു. ആ സമയത്തെ സാധാരണ വ്യാപാരത്തേക്കാൾ നാലിരട്ടി മുതൽ ആറിരട്ടി വരെ കൂടുതലായിരുന്നു ഇത്.

നേടിയത് വൻ ലാഭം

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ വിപണിയിൽ ഉണ്ടായ മാറ്റം നിക്ഷേപകർക്ക് വൻ ലാഭം നൽകി:

എണ്ണവിലയിലെ ഇടിവ്: ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 109 ഡോളറിൽ നിന്ന് 92 ഡോളറായി ഇടിഞ്ഞു. വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് വില ഏകദേശം 6 ശതമാനം കുറഞ്ഞ് 88.70 ഡോളറിലെത്തി.

ഓഹരി വിപണിയിലെ കുതിപ്പ്: വിപണി തുറക്കുന്നതിന് മുമ്പ് തന്നെ S&P 500 ഫ്യൂച്ചറുകൾ 2.5 ശതമാനത്തിലധികം ഉയർന്നു.

നേട്ടം: എണ്ണവിലയിലെ മാറ്റത്തിലൂടെ മാത്രം 20 മിനിറ്റിനുള്ളിൽ 840 കോടി രൂപ ലാഭമുണ്ടാക്കിയതായാണ് കണക്കാക്കുന്നത്. ഓഹരി വിപണിയിലെ ലാഭം കൂടി കണക്കിലെടുക്കുമ്പോൾ ഇത് ഇതിലും വളരെ കൂടുതലായിരിക്കും.

വിദഗ്ധ നീരീക്ഷണം

വിപണിയിലെ ഈ നീക്കം അത്യന്തം അസ്വാഭാവികമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു:

25 വർഷത്തെ വിപണി നിരീക്ഷണത്തിനിടയിൽ ഇത്തരമൊരു പാറ്റേൺ ആദ്യമായാണ് കാണുന്നതെന്ന് ഹെഡ്ജ് ഫണ്ട് മാനേജരായ മാറ്റ് വില്യം പറയുന്നു. വലിയ സാമ്പത്തിക ഡാറ്റകളോ പ്രഖ്യാപനങ്ങളോ ഇല്ലാത്ത തിങ്കളാഴ്ച രാവിലെ ഇത്രയും വലിയൊരു തുക നിക്ഷേപിക്കണമെങ്കിൽ കൃത്യമായ വിവരം ലഭിച്ചിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

മുൻകാല അനുഭവങ്ങൾ:

അമേരിക്കൻ സർക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ വൻതോതിലുള്ള വ്യാപാരങ്ങൾ നടക്കുന്നത് ആദ്യമല്ല. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിന് തൊട്ടുമുമ്പ് നടന്ന സമാനമായ നീക്കം ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

വൈറ്റ് ഹൗസിന്റെ നിലപാട്

വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി ആരോപണം നിഷേധിച്ചു. ഇൻസൈഡർ വിവരം വഴി ഏതെങ്കിലും ഉദ്യോഗസ്ഥർ ലാഭമുണ്ടാക്കുന്നത് ട്രംപ് ഭരണകൂടം സഹിക്കില്ലെന്നും തെളിവുകളില്ലാത്ത ഇത്തരം റിപ്പോർട്ടുകൾ നിരുത്തരവാദപരമാണെന്നും അദ്ദേഹം ആരോപിച്ചു.

യാതൊരുവിധ പൊതു അറിയിപ്പുകളും ഇല്ലാത്തപ്പോൾ 14,000 കോടി രൂപയിലധികം വിപണിയിൽ നിക്ഷേപിച്ചത് യാദൃശ്ചികമല്ലെന്ന് വിപണി വിദഗ്ധർ പറയുന്നു. ഔദ്യോഗിക നയങ്ങൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് അവ ചോരുന്നുണ്ടോ എന്ന ഗൗരവകരമായ ചോദ്യമാണ് ഈ സംഭവം ഉയർത്തുന്നത്. യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷൻ (SEC) ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.