കോർപ്പറേറ്റ് മേഖലയിലെ വൻകിട വ്യവസായ കുടുംബങ്ങളിൽ സ്വത്ത് വിഭജനവും പിന്തുടർച്ചാവകാശ തർക്കങ്ങളും പലപ്പോഴും ചർച്ചയാകാറുണ്ട്. ടി.വി.എസ്. ഗ്രൂപ്പ് ചെയർമാനായിരുന്ന വേണു ശ്രീനിവാസന്റെ മകൾ ലക്ഷ്മി വേണു ഇപ്പോൾ നിയമപോരാട്ടവുമായി മുന്നോട്ടുപോകുകയാണ്. പിതാവിന്റെ സ്വത്തിൽ തനിക്ക് തുല്യാവകാശമുണ്ടെന്നാണ് ഇവരുടെ വാദം.

To advertise here,

1956-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമത്തിലെ (2005-ൽ ഭേദഗതി ചെയ്തത്) വ്യവസ്ഥകൾ പ്രകാരം, വേണു ശ്രീനിവാസന്റെ കൂട്ടുകുടുംബ സ്വത്തുക്കളുടെ തുല്യമായ പങ്കുവെപ്പാണ് ലക്ഷ്മി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രമുഖ കോർപ്പറേറ്റ് പിന്തുടർച്ചാവകാശികളിൽ ഒരാൾ നിലവിലുള്ള സ്വത്ത് വിഭജനത്തെ പരസ്യമായി ചോദ്യം ചെയ്യുന്നത് ബിസിനസ് ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

പൂർവിക സ്വത്തിൽ ലിംഗസമത്വം ഉറപ്പുനൽകുന്ന നിയമവ്യവസ്ഥയാണ് ലക്ഷ്മി വേണു പ്രധാനമായും ഉന്നയിക്കുന്നത്. കുടുംബസ്വത്തിൽ പെൺമക്കൾക്ക് ആൺമക്കളുടേതിനു തുല്യമായ അവകാശമുണ്ടെന്ന നിയമത്തിന്റെ പിൻബലത്തിലാണ് ഈ അവകാശവാദം.

തർക്കം ഇങ്ങനെ

വേണു ശ്രീനിവാസന്റെ കുടുംബസ്വത്തുക്കളും നിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്നത് ടി.വി.എസ്. ട്രസ്റ്റും അനുബന്ധ ഹോൾഡിങ് സ്ഥാപനങ്ങളുമാണ്. 2020-ലെ ടി.വി.എസ്. കുടുംബധാരണ പ്രകാരം വേണു ശ്രീനിവാസന് ലഭിച്ച സ്ഥാപനങ്ങളിലെ ഓഹരി പങ്കാളിത്തം ഇവയാണ്:

  • ടി.വി.എസ്. ഹോൾഡിങ്‌സ്
  • ടി.വി.എസ്. മോട്ടോർ കമ്പനി
  • ടി.വി.എസ്. ക്രെഡിറ്റ് സർവീസ്
  • സുന്ദരം-ക്ലേട്ടൺ

ഈ തർക്കം വ്യക്തിഗത സാമ്പത്തിക നിക്ഷേപങ്ങളിൽമാത്രം ഒതുങ്ങുന്നതല്ല. ഇന്ത്യയിലെ മുൻനിര ബിസിനസ് ഗ്രൂപ്പുകളുടെ പ്രധാന ഹോൾഡിങ് കമ്പനികളുടെ ഭരണപരമായ നിയന്ത്രണത്തെയാണ് ഇത് ബാധിക്കുന്നത്. നിഷ്‌ക്രിയ നിക്ഷേപം എന്ന നിലയിലല്ലാതെ, ടി.വി.എസ്. ട്രസ്റ്റ്, ടി.വി.എസ്. ഹോൾഡിങ്‌സ് തുടങ്ങിയവയിൽ നേരിട്ടുള്ള അവകാശം ഉന്നയിക്കുകയാണ് ലക്ഷ്മി. കമ്പനികളുടെ വോട്ടിങ് അവകാശങ്ങളിലും ഡയറക്ടർ ബോർഡ് തീരുമാനങ്ങളിലും കൃത്യമായ പങ്കാളിത്തം ഉറപ്പാക്കുക എന്ന തന്ത്രപരമായ ലക്ഷ്യമാണ് ഇതിനുപിന്നിൽ. കുടുംബനിയന്ത്രണത്തിലുള്ള പ്രൊമോട്ടർ ഗ്രൂപ്പുകളുടെ വോട്ടിങ് ബാലൻസിനെത്തന്നെ ഇത് സ്വാധീനിച്ചേക്കാം.

പുരുഷാധിപത്യപരമായ പരമ്പരാഗത ട്രസ്റ്റ് ഘടനകളിൽ ലിംഗസമത്വത്തിലധിഷ്ഠിതമായ കോർപ്പറേറ്റ് ഗവേണൻസ് ഉറപ്പാക്കുന്നതിൽ ഈ കേസ് പുതിയ കീഴ്വഴക്കം സൃഷ്ടിച്ചേക്കും.

കുടുംബാംഗങ്ങൾക്കിടയിലെ തർക്കം

ടി.വി.എസ്. ഗ്രൂപ്പിൽ മുൻപ് നടന്ന ധാരണയിൽ സ്വത്ത് കൃത്യമായി വിഭജിച്ചില്ലെന്ന വിലയിരുത്തലാണ് നിലവിലെ തർക്കത്തിലേക്ക് നയിച്ചത്.

2020-ൽ ടി.വി.എസ്. കുടുംബാംഗങ്ങൾക്കിടയിലുണ്ടായ ധാരണ വേണു ശ്രീനിവാസന്റെ കുടുംബത്തിനുള്ളിലെ സ്വത്തുക്കളുടെ നിയമപരമായ വിഭജനത്തിന് വഴിവെച്ചില്ലെന്ന് ലക്ഷ്മി വേണു വാദിക്കുന്നു. കുടുംബത്തിനുള്ളിൽ ഇത്തരമൊരു വിഭജനമോ ഒത്തുതീർപ്പോ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ഇവരുടെ നിലപാട്.

സഹോദരൻ സുദർശൻ വേണുവിന് അനുകൂലമായി ആനുപാതികമല്ലാത്ത രീതിയിൽ സ്വത്തുക്കൾ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണെന്നും ഇത് തന്റെ ന്യായമായ അവകാശങ്ങളെ നിഷേധിക്കുന്നതാണെന്നും ലക്ഷ്മി ആരോപിക്കുന്നു.

നിയമവഴികൾ തേടുമ്പോഴും, നീതിയുക്തവും സുതാര്യവുമായ പ്രക്രിയയിലൂടെ ഈ വിഷയം സൗഹാർദപരമായി പരിഹരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ലക്ഷ്മി വേണു പറഞ്ഞു. ഈ തർക്കത്തിൽ അമ്മ എടുത്ത നിലപാട് ലക്ഷ്മിയുടെ കേസിന് ശക്തിപകരുന്നുണ്ട്.

അമ്മ മല്ലിക ശ്രീനിവാസന്റെ പിന്തുണ

വൻകിട ബിസിനസ് കുടുംബങ്ങളിൽ ആൺ-പെൺ വ്യത്യാസമില്ലാതെ സ്വത്തവകാശം നൽകണമെന്ന മകളുടെ ആവശ്യത്തിന് അമ്മ പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത് അപൂർവമാണ്. പ്രമുഖ വ്യവസായി കൂടിയായ മല്ലിക ശ്രീനിവാസൻ മകളുടെ അവകാശവാദങ്ങളെ പിന്തുണച്ചുകൊണ്ട് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. തർക്കം സൗഹാർദപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ കാര്യമായ പുരോഗതി നേടിയിട്ടില്ലെന്നും അവർ പറഞ്ഞു.

രാജ്യത്തെ കോർപ്പറേറ്റ് മേഖലയിലെ ബിസിനസ് കുടുംബങ്ങളിൽ തുല്യാവകാശങ്ങൾക്കും ലിംഗസമത്വത്തിലധിഷ്ഠിതമായ ഭരണരീതികൾക്കും വരുംദിവസങ്ങളിൽ വലിയ വഴിത്തിരിവാകുന്ന ഒന്നാണ് ഈ നിയമപോരാട്ടം.

Also Read| സമാനതകളില്ലാത്ത പാരമ്പര്യം: കോർപ്പറേറ്റ് ലോകത്ത് മറ്റൊരു കുടുംബത്തർക്കത്തിന് ടി.വി.എസ്., നിയമപോരാട്ടത്തിന് വഴിമാറുമോ?