സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഏറെക്കാലത്തിനുശേഷം സ്വർണവില പവന് ഒരുലക്ഷം രൂപയ്ക്കു താഴെയെത്തി. ചൊവ്വാഴ്ച പവന് 560 രൂപ കുറഞ്ഞ് 99,760 രൂപയായി. തുടർച്ചയായ ദിവസങ്ങളിൽ വില കുറയുന്ന പ്രവണതയാണുള്ളത്. 12,470 രൂപയാണ് ഗ്രാമിന്. നവംബർ അഞ്ചിന് പവന്റെ വില 1,07,080 രൂപവരെ ഉയർന്നിരുന്നു. പിന്നീടാണ് താഴാൻ തുടങ്ങിയത്.

To advertise here,

ആഗോളവിപണിയിലെ ഇടിവാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. യു.എസ്. കേന്ദ്രബാങ്കായ ഫെഡ് റിസർവ് ഡിസംബറിൽ നിരക്ക് കൂട്ടിയേക്കുമെന്ന വിലയിരുത്തലാണ് സ്വർണത്തെ ബാധിച്ചത്. നിരക്കുവർധന പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ട്രഷറി ആദായവും കൂടി. ഇതോടെ ആഗോളവിപണിയിൽ ഒരു ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന് വില 3,859 ഡോളറിലേക്ക് താഴുകയും ചെയ്തു.

2026 ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് നിലവിൽ സംസ്ഥാനത്ത് സ്വർണവിലയിലെ ഏറ്റവും ഉയർന്ന നിരക്ക്. ഈ വിലയിൽനിന്ന് 31,400 രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്. ഇതിനുമുൻപ് മാർച്ച് 23-ന് പവൻവില ഒരുലക്ഷം രൂപയ്ക്കു താഴെപ്പോയിരുന്നു. അന്ന് 99,480 രൂപയിലേക്കാണ് വില ഇടിഞ്ഞത്. എന്നാൽ, അന്ന് വ്യാപാരം അവസാനിപ്പിക്കുന്നതിനുമുൻപ് വില 1,05,080 രൂപയിലേക്ക് തിരികെയെത്തുകയും ചെയ്തു. പിന്നീട് വില കയറിയിറങ്ങി നീങ്ങുകയായിരുന്നു.