ഇന്ത്യൻ വ്യാവസായികചരിത്രത്തിൽ സമാനതകളില്ലാത്ത പാരമ്പര്യവും പ്രതാപവുമുള്ള ടി.വി.എസ്. സാമ്രാജ്യത്തിന്റെ അമരത്ത് കുടുംബ യുദ്ധം മുറുകുന്നു. ദശാബ്ദങ്ങളുടെ പാരമ്പര്യവും കോടികളുടെ വിപണിമൂല്യവുമുള്ള വ്യവസായ കുടുംബത്തിനുള്ളിൽ, ആസ്തികളുടെയും സാമ്പത്തിക ഉടമസ്ഥതയുടെയും വിഭജനത്തെച്ചൊല്ലി രണ്ട് ചേരികൾ രൂപപ്പെട്ടിരിക്കുന്നു. അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായ നിയമ-കോർപ്പറേറ്റ് യുദ്ധത്തിലേക്ക് വഴിമാറിയതോടെ ഇരുവശത്തുമായി നിലയുറപ്പിച്ചിരിക്കുന്നത് കുടുംബത്തിലെ സ്വാധീനമുള്ള നാല് വ്യക്തിത്വങ്ങളാണ്.

To advertise here,

ഒരു വശത്ത് ടി.വി.എസ്. ഗ്രൂപ്പിന്റെ അമരക്കാരനായ വേണു ശ്രീനിവാസനും അദ്ദേഹത്തിന്റെ മകൻ സുദർശൻ വേണുവുമാണ്. മറുവശത്ത് വേണു ശ്രീനിവാസന്റെ ഭാര്യയും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മല്ലിക ശ്രീനിവാസനും മകൾ ലക്ഷ്മി വേണുവുമാണ്. ടി.വി.എസ്. മോട്ടോർ, ടി.വി.എസ്. ഹോൾഡിങ്സ്, സുന്ദരം ക്ലേട്ടൺ ലിമിറ്റഡ്, ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെന്റ് ലിമിറ്റഡ് എന്നീ വമ്പൻ സ്ഥാപനങ്ങളുടെ നിയന്ത്രണവും ഭരണനേതൃത്വവും ഈ നാലുപേരുടെ കൈകളിലാണ്.

മല്ലികയും ലക്ഷ്മിയും പുറപ്പെടുവിച്ച സംയുക്തപ്രസ്താവനയാണ് തർക്കത്തിന്റെ വ്യാപ്തി പുറംലോകത്തെത്തിച്ചത്. കുടുംബസ്വത്തുക്കളുടെ ഭാഗംവെപ്പിൽ കൃത്യമായ ധാരണയിലെത്തിയിട്ടില്ലെന്നും എല്ലാവരുടെയും സാമ്പത്തികതാത്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ സുതാര്യമായി സ്വത്തുവിഭജനം വേണമെന്നുമാണ് മല്ലികയും ലക്ഷ്മിയും പരസ്യമായി ആവശ്യപ്പെട്ടത്. ആരോപണങ്ങളോട് പ്രതികരിക്കാതെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കുമുന്നിൽ വേണു ശ്രീനിവാസനും സുദർശൻ വേണുവും തന്ത്രപരമായ മൗനം തുടരുകയാണ്. മുൻകാല ധാരണകൾക്കോ കരാറുകൾക്കോ തടയാൻ കഴിയാത്തവിധം സങ്കീർണ്ണമായ പുതിയ അധ്യായത്തിലേക്കാണ് ഈ ബിസിനസ് കുടുംബത്തിന്റെ തർക്കം ഇപ്പോഴെത്തിയിരിക്കുന്നത്.

കരാറിന്റെ മറവിലെ യാഥാർഥ്യം

കോർപ്പറേറ്റ് ഭരണരേഖകളും കുടുംബ ധാരണാപത്രങ്ങളും പലപ്പോഴും തർക്കവിഷയങ്ങളാകാറുണ്ട്, പ്രത്യേകിച്ച് സ്ഥാപനങ്ങളുടെ വിപണിമൂല്യവും വ്യാവസായികലക്ഷ്യങ്ങളും വ്യത്യസ്ത ദിശകളിൽ വളരുമ്പോൾ. ടി.വി.എസ്. കുടുംബത്തിലും സംഭവിച്ചത് മറ്റൊന്നുമല്ല. കരാറുകളുടെ വ്യാഖ്യാനത്തെച്ചൊല്ലി ഇരുപക്ഷവും വ്യത്യസ്തമായ നിലപാടുകളാണെടുത്തിട്ടുള്ളത്.

വേണു ശ്രീനിവാസൻ കുടുംബത്തിലെ നിലവിലെ തർക്കങ്ങൾ മനസ്സിലാക്കാൻ രണ്ട് ഘട്ടങ്ങൾ കൃത്യമായി വേർതിരിച്ചു കാണേണ്ടതുണ്ട്. ആദ്യത്തേത്, 2020-ൽ വിശാലമായ ടി.വി.എസ്. കുടുംബത്തിലെ എല്ലാ പങ്കാളികളെയും ഉൾപ്പെടുത്തി കൊണ്ടുവന്ന സാമ്രാജ്യവിഭജനമാണ്. രണ്ടാമത്തേത്, ഈ വിഭജനത്തിനുശേഷം വേണു ശ്രീനിവാസന്റെ കുടുംബത്തിലെ നാല് അംഗങ്ങൾ (വേണു, മല്ലിക, സുദർശൻ, ലക്ഷ്മി) മാത്രം ഉൾപ്പെട്ട് 2024 മാർച്ച് 21-ന് പ്രാബല്യത്തിൽ വന്ന പ്രത്യേക ധാരണാപത്രമാണ്.

2024 മാർച്ച് 21-ലെ ധാരണാപത്രപ്രകാരം ബ്രാൻഡ് ഉപയോഗവും ഭരണപരമായ ചുമതലകളും മാത്രമാണ് നിർവചിച്ചതെന്നും സാമ്പത്തികആസ്തികളുടെ വിഭജനമല്ലെന്നും മല്ലികയും ലക്ഷ്മിയും വ്യക്തമാക്കുന്നു. ബ്രാൻഡ് അവകാശങ്ങൾ, ട്രേഡ്മാർക്ക് ഉപയോഗം, മാനേജ്മെന്റ് ചുമതലകൾ, മത്സരവിരുദ്ധ വ്യവസ്ഥകൾ എന്നിവ മാത്രമാണ് 2024-ലെ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. ആസ്തികളുടെ വിഭജനമോ, സുതാര്യമായ മൂല്യനിർണ്ണയമോ ഇതിന്റെ ഭാഗമായി നടന്നിട്ടില്ല. അതിനാൽ കുടുംബത്തിലെ എല്ലാ സ്വത്തുക്കളും ഒരാളുടെ മാത്രം ഉടമസ്ഥതയിലാണെന്നും അത് ഏകപക്ഷീയമായി വിതരണം ചെയ്യാമെന്നുമുള്ള വാദം അംഗീകരിക്കാനാവില്ലെന്ന് അവർ വാദിക്കുന്നു.

നിയമപരമായ ധാരണ

(MoU Provisions –

March 2024)

പരിഹരിക്കപ്പെടാത്ത

വിഷയങ്ങൾ 

ബ്രാൻഡ് അവകാശങ്ങൾ:

ബ്രാൻഡ് നാമവും

ട്രേഡ്മാർക്കുകളും

ഉപയോഗിക്കുന്നതിനുള്ള

വ്യവസ്ഥകൾ.

TVS Motor / SCL

ഓഹരികളുടെ

സുതാര്യമായ

മൂല്യനിർണയം:

വിപണിമൂല്യത്തിലെ

വർധനവിന്റെ

അടിസ്ഥാനത്തിൽ

ആസ്തികളുടെ മൂല്യം

നിർണയിച്ചിട്ടില്ല.

 

മാനേജ്മെന്റ് ചുമതലകൾ:

ഗ്രൂപ്പ് കമ്പനികൾ നടത്തുന്നതിനുള്ള നേതൃത്വപരമായ

ചുമതലകളുടെ

വീതംവെപ്പ്.

സാമ്പത്തിക ഉടമസ്ഥത:

കമ്പനികളിലെ

അവകാശങ്ങളുടെയും

ഓഹരി ഉടമസ്ഥതയുടെയും

വിഭജനം.

മത്സരവിരുദ്ധ വ്യവസ്ഥകൾ:

കുടുംബാംഗങ്ങൾ

തമ്മിലുള്ള ബിസിനസ്

മത്സരങ്ങൾ

ഒഴിവാക്കാനുള്ള

നോൺ-കംപീറ്റ്

കരാറുകൾ.

അന്തിമ കരാർ:

കുടുംബാംഗങ്ങൾ

തമ്മിൽ സാമ്പത്തിക

താല്പര്യങ്ങൾ തുല്യമായി

വീതിക്കുന്ന അന്തിമ

തീരുമാനത്തിൽ

എത്തിയിട്ടില്ല.

കുതിപ്പും അധികാരത്തർക്കങ്ങളും

കുടുംബ ബിസിനസുകളിലെ വിവിധ സ്ഥാപനങ്ങൾ വ്യത്യസ്ത രീതിയിൽ വളരുമ്പോൾ സാമ്പത്തികപങ്കാളിത്തം വീതിക്കുന്നതിൽ വെല്ലുവിളികൾ സ്വാഭാവികം. ഒരു ബിസിനസ് വൻതോതിൽ വളരുമ്പോൾ അത് സാമ്പത്തികസമവാക്യങ്ങൾ തെറ്റിക്കും. സുന്ദരം ക്ലേട്ടൺ ലിമിറ്റഡിലെ (SCL) ഭരണസമിതി നിയമനങ്ങളെയും കോർപ്പറേറ്റ് ഭരണനടപടികളെയും ചൊല്ലി ഉയർന്ന ബോർഡ്റൂം തർക്കങ്ങൾക്ക് തൊട്ടുപിന്നാലെയാണ് കുടുംബത്തിലെ തർക്കം പുറത്തുവന്നത്. ലക്ഷ്മി വേണു ആദ്യം ജോയിന്റ് മാനേജിങ് ഡയറക്ടറായും പിന്നീട് മാനേജിങ് ഡയറക്ടറായും എസ്.സി.എലിന്റെ ഭരണം നിർവഹിച്ചുവരികയായിരുന്നു. മറുഭാഗത്ത്, സുദർശൻ വേണുവിന്റെ നേതൃത്വത്തിൽ ടി.വി.എസ്. മോട്ടോർ കമ്പനി കൈവരിച്ച നേട്ടമാണ് കുടുംബത്തിലെ തർക്കം രൂക്ഷമാക്കിയത്. ടി.വി.എസ്. മോട്ടോറിന്റെ ചെയർമാനായും എം.ഡി.യായും പ്രവർത്തിക്കുന്നതിനൊപ്പം സുദർശൻ വേണു ടി.വി.എസ്. ഹോൾഡിങ്സിന്റെ എം.ഡി. പദവിയും വഹിക്കുന്നുണ്ട്.

ടി.വി.എസ്. മോട്ടോറിന്റെ വിപണിമൂല്യത്തിലുണ്ടായ വളർച്ചയും എസ്.സി.എലിന്റെ ഭരണപരമായ പുനഃസംഘടനകളും തമ്മിലുള്ള വൈരുധ്യമാണ് തർക്കത്തിന്റെ കേന്ദ്രബിന്ദു. ഒരു സ്ഥാപനത്തെ നയിക്കാനുള്ള മാനേജ്മെന്റ് ചുമതലയോ ഔദ്യോഗിക പദവികളോ നൽകുന്നത് സാമ്പത്തികഉടമസ്ഥതയ്ക്ക് പകരമാകില്ലെന്ന് മല്ലികയും ലക്ഷ്മിയും ചൂണ്ടിക്കാണിക്കുന്നു. ബിസിനസ് നടത്തുന്നതിനായി നൽകുന്ന സ്ഥാനമാനങ്ങൾക്കും സേവനങ്ങൾക്കും അനുയോജ്യമായ പ്രതിഫലം നൽകുന്നുണ്ട്, എന്നാൽ അത് ആസ്തികളുടെ സാമ്പത്തിക അവകാശത്തിന് പകരമാവില്ല. അതിനാൽ, ഒരു സ്ഥാപനം നയിക്കുന്നു എന്നതുകൊണ്ടുമാത്രം അതിന്റെ ആസ്തി മുഴുവൻ തനിക്കുള്ളതാണെന്ന രീതിയിൽ ഏകപക്ഷീയമായി തീരുമാനമെടുക്കാൻ ഒരാൾക്ക് അവകാശമില്ലെന്ന് അവർ വാദിക്കുന്നു.

ടി.വി.എസ്. ഗ്രൂപ്പിന്റെ ആസ്തികളെക്കുറിച്ചുള്ള തർക്കങ്ങൾക്കിടയിലാണ്, തികച്ചും വ്യത്യസ്തമായ പാരമ്പര്യമുള്ള മറ്റ് ബിസിനസ് സ്ഥാപനങ്ങളെ ഇതിലേക്ക് വലിച്ചിഴക്കുന്നതിനെതിരെ പ്രതിരോധമുണ്ടായത്.

ടേഫ് എന്ന പ്രതിരോധം

വിവിധ കുടുംബഗ്രൂപ്പുകൾ ഉൾപ്പെടുന്ന വൻകിട ബിസിനസുകളിൽ ഓരോ സ്ഥാപനത്തിന്റെയും കോർപ്പറേറ്റ് അതിരുകളും വംശപരമ്പരയും വേർതിരിച്ചുകാണേണ്ടതുണ്ട്. ട്രാക്ടേഴ്സ് ആൻഡ് ഫാം എക്വിപ്മെന്റ് ലിമിറ്റഡിനെ (TAFE) വേണു ശ്രീനിവാസൻ കുടുംബത്തിന്റെ വിഭജനത്തിലേക്ക് കൂട്ടിക്കലർത്തുന്നതിനെ മല്ലിക ശ്രീനിവാസനും ലക്ഷ്മി വേണുവും എതിർക്കുന്നു. ടേഫ് വേണു ശ്രീനിവാസൻ കുടുംബത്തിന്റെ സാമ്പത്തികവിഭജനത്തിന്റെ ഭാഗമല്ല. മല്ലിക ശ്രീനിവാസന്റെ മുത്തച്ഛനായ എസ്. അനന്തരാമകൃഷ്ണൻ സ്ഥാപിച്ച 'അമൽഗമേഷൻസ് ഗ്രൂപ്പിന്റെ' ഭാഗമാണ്. അമൽഗമേഷൻസ് ഗ്രൂപ്പിലെ പ്രധാന ഓഹരിഉടമയായ മല്ലിക ശ്രീനിവാസൻ ടേഫിന്റെ ചെയർപേഴ്സണും എം.ഡി.യുമായി തുടരുമ്പോൾ, ലക്ഷ്മി വേണു 2025 മാർച്ച് മുതൽ കമ്പനിയുടെ വൈസ് ചെയർപേഴ്സണായി പ്രവർത്തിക്കുന്നു. അതിനാൽ, ടേഫിലെ മല്ലികയുടെ ദീർഘകാല പങ്കാളിത്തത്തെയും പരമ്പരാഗത പദവിയെയും വേണു ശ്രീനിവാസൻ കുടുംബത്തിലെ സാമ്പത്തികസമവാക്യമായി ചിത്രീകരിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അവർ വ്യക്തമാക്കുന്നു.

തീർപ്പിലെത്താൻ സുതാര്യമായ മൂല്യനിർണ്ണയവും പരസ്പരസമ്മതവും ആവശ്യമാണെന്ന് മല്ലികയും ലക്ഷ്മിയും വാദിക്കുന്നു. വെറുമൊരു മാനേജ്മെന്റ് പദവിയോ പ്രതിഫലമോ നൽകി യഥാർത്ഥ സാമ്പത്തികഉടമസ്ഥത ഇല്ലാതാക്കാൻ കഴിയില്ലെന്നതാണ് അവരുടെ നിലപാട്. ഇതിനോടൊന്നും പ്രതികരിക്കാതെ വേണു ശ്രീനിവാസനും സുദർശൻ വേണുവും ഇപ്പോഴും നിശബ്ദത പാലിക്കുകയാണ്.

മല്ലിക ശ്രീനിവാസന്റെയും ലക്ഷ്മി വേണുവിന്റെയും ആവശ്യങ്ങൾ:

തുല്യമായ വിഭജനം: കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും നിയമാനുസൃതമായ സാമ്പത്തികതാത്പര്യങ്ങൾ സംരക്ഷിക്കുന്ന നീതിപൂർവ്വമായ ഭാഗംവെപ്പ്.

സുതാര്യമായ മൂല്യനിർണയം: ടി.വി.എസ്. മോട്ടോർ, എസ്.സി.എൽ. എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ വിപണിമൂല്യം നിഷ്പക്ഷവും സുതാര്യവുമായ പ്രക്രിയയിലൂടെ നിർണയിക്കുക.

പരസ്പരസമ്മതം: ഏകപക്ഷീയമായ തീരുമാനങ്ങൾക്ക് പകരം തുറന്ന ചർച്ചകളിലൂടെയും പരസ്പരസമ്മതത്തിലൂടെയും മാത്രം അന്തിമ വിഭജനക്കരാറിലെത്തുക.

രാജ്യത്തെ കോർപ്പറേറ്റ് ലോകം കണ്ട കുടുംബ ഇതിഹാസം നിർണായക ഘട്ടത്തിലാണ്. വ്യവസായലോകത്ത് വൻ ആധിപത്യമുള്ള ടി.വി.എസ്. സാമ്രാജ്യത്തിൽ സുതാര്യവും നീതിപൂർവ്വവുമായ സ്വത്ത് വിഭജനം സാധ്യമാകുമോ? അകത്തളങ്ങളിലെ തർക്കങ്ങൾ സങ്കീർണമായ നിയമപോരാട്ടങ്ങൾക്ക് വഴിമാറുമോ? ബിസിനസ് ലോകം ഉറ്റുനോക്കുന്നത് അതാണ്.