
രണ്ടു വര്‍ഷമായി ജേക്കബ് തോമസ് മാസംതോറും 50,000 രൂപ എസ്.ഐ.പിയായി നിക്ഷേപിച്ചുവരുന്നു. ഇക്വറ്റി കാറ്റഗറിയില്‍ കൂടുതല്‍ നേട്ടം നല്‍കിയ മൂന്ന് ഫണ്ടുകളാണ് അതിനായി തിരഞ്ഞെടുത്തത്. എല്ലാം സ്‌മോള്‍ ക്യാപ് വിഭാഗത്തിലുള്ളവ. പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ നേട്ടക്കണക്കുകളാണ് അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്.
സ്വന്തമായി നിക്ഷേപം നടത്തുന്നവരില്‍ ഭൂരിഭാഗംപേര്‍ക്കും സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപമുണ്ടാകും. സമീപ വര്‍ഷങ്ങളിലെ മികച്ച റിട്ടേണാണ് സ്‌മോള്‍ ക്യാപ് ഫണ്ടുകളെ ജനകീയമാക്കിയത്. വന്‍തോതില്‍ നിക്ഷേപം കുമിഞ്ഞു കൂടിയതോടെ മൂന്നു വര്‍ഷത്തിനിടെ മാത്രം ഈ പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന അറ്റ ആസ്തി 40,000 കോടി രൂപയിലേറെയായി. മിഡ് ക്യാപ് ഫണ്ടുകളിലും ഈ കാലയളവില്‍ കാര്യമായ നിക്ഷേപമെത്തി. 36,700 കോടിയാണ് മിഡ് ക്യാപിലെ അറ്റ ആസ്തി.
ആദായം പരിശോധിക്കാം
പ്രകടനത്തില്‍ മുന്നിലുള്ള ഈ വിഭാഗത്തിലെ ഫണ്ട് മോഹിപ്പിക്കുന്ന ആദായമാണ് അഞ്ച് വര്‍ഷ കാലയളവില്‍ നല്‍കിയതെന്ന് കാണാം. 43 ശതമാനം. എട്ട് ഫണ്ടുകള്‍ 30 ശതമാനത്തിലേറെ റിട്ടേണും നല്‍കി. ഏഴ് വര്‍ഷ കാലയളവിലെ എസ്.ഐ.പി റിട്ടേണ്‍ പരിശോധിക്കുകയാണെങ്കില്‍ സ്മോള്‍ ക്യാപ് കാറ്റഗറിയില്‍ ശരാശരി ലഭിച്ച റിട്ടേണ്‍ 24 ശതമാനമാണ്. ഇ വിഭാഗം ഫണ്ടുകള്‍ അടിസ്ഥാനമാക്കിയിട്ടുള്ള സൂചികയിലെ നേട്ടം 20.14 ശതമാനവുമാണ്. ഈ വിഭാഗത്തിലെ ഉയര്‍ന്ന ആദായം നല്‍കിയ ഫണ്ടില്‍ പ്രതിമാസം 10,000 രൂപ വീതം ഏഴ് വര്‍ഷം നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ മൊത്തം മൂല്യം 26.06 ലക്ഷം രൂപയാകുമായിരുന്നു. നിക്ഷേപിച്ച തുകയാകട്ടെ 8.40 ലക്ഷവും.
വളര്‍ച്ചാ സാധ്യത
വിപണിയില്‍ ലിസ്റ്റ് ചെയ്ത ചെറുകിട കമ്പനികളാണ് സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. മികവു പുലര്‍ത്തുന്ന കമ്പനികള്‍ വൈകാതെ മിഡ്, ലാര്‍ജ് ക്യാപ് വിഭാഗത്തിലേക്ക് ചുവടുവെച്ചേക്കാം. പത്തു വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഈ ഗണത്തില്‍ നിരവധി കമ്പനികള്‍ ഉദാഹരിക്കാന്‍ കഴിയും. ടാറ്റ ഇലക്‌സി, മൈന്‍ഡ് ട്രീ, എസ്.ആര്‍.എഫ് എന്നിവ ഉദാഹരണം. 2012 ജൂലായില്‍ 675 കോടി രൂപ വിപണി മൂല്യമുണ്ടായിരുന്ന ടാറ്റ ഇലക്‌സിയുടെ ഇപ്പോഴത്തെ വിപണി മൂല്യം 44,811 കോടി രൂപയാണ്. 1,160 കോടി രൂപയായിരുന്ന എസ്.ആര്‍.എഫിന്റെ മൂല്യം 67,312 കോടിയും 2,573 കോടി രൂപയായിരുന്ന മൈന്‍ഡ്ട്രീയുടേത് 56,643 കോടിയുമായിരിക്കുന്നു.
ഈ കാലയളവില്‍ 15 ശതമാനത്തില്‍ താഴെ മാത്രം സ്‌മോള്‍ ക്യാപുകളാണ് മിഡ്, ലാര്‍ജ് ക്യാപ് വിഭാഗത്തിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുള്ളതെന്നും മനസിലാക്കണം. പത്തില്‍ കൂടുതല്‍ കമ്പനികള്‍ ലാര്‍ജ് ക്യാപിലേക്ക് എത്തിയിട്ടില്ല. 100ല്‍ കൂടുതല്‍ കമ്പനികള്‍ മിഡ് ക്യാപിലും നില്‍ക്കുന്നു. അതിനിടെ പല കമ്പനികളും പൂട്ടിപ്പോയിട്ടുമുണ്ട്.
എണ്ണത്തില്‍ മുന്നില്‍, പക്ഷേ..
ചെറു കമ്പനികള്‍ 4,500ല്‍ കൂടുതലാണെങ്കിലും നിക്ഷേപത്തിന് പരിഗണിക്കാവുന്നവ 250ഓളം മാത്രമാണ്. പുതിയതായി ലിസ്റ്റ് ചെയ്യുന്ന കമ്പനികളിലേറെയും സ്മോള്‍ ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളിലാണ് ഉള്‍പ്പെടുക. കമ്പനിയുടെ വളര്‍ച്ചാ ശേഷിയും സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പുമൊക്കെയാണ് ചെറുകിട കമ്പനികളെ ലാര്‍ജ് ക്യാപിലെത്തിക്കുന്നത്. ഈ സാധ്യത വിലയിരുത്തുകയെന്നതാണ് നിക്ഷേപകനെ സംബന്ധിച്ചെടുത്തോളം നിര്‍ണായകം. ദീര്‍ഘ വീക്ഷണത്തോടെയുള്ള ഗവേഷണവും അതില്‍നിന്നുള്ള ബോധ്യവും വേണമെന്ന് ചുരുക്കം.
നിക്ഷേപത്തിലെ റിസ്‌ക്
വിപണി കുതിക്കുമ്പോഴും തിരുത്തല്‍ നേരിടുമ്പോഴും കൂടുതല്‍ ചാഞ്ചാട്ടമുണ്ടാകുക സ്‌മോള്‍ ക്യാപ് ഓഹരികളിലാണ്. അതുകൊണ്ടുതന്നെ ദീര്‍ഘകാല വീക്ഷണവും കനത്ത തകര്‍ച്ചയെ നേരിടാനുള്ള മനസാന്നിധ്യവും സ്‌മോള്‍ ക്യാപ് നിക്ഷേപകര്‍ക്കുണ്ടായിരിക്കണം. ഫണ്ടുകള്‍ നല്‍കിയ നേട്ടംമാത്രം നോക്കി നിക്ഷേപം നടത്താതെ റിസ്‌ക് പ്രൊഫൈല്‍ വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കുക. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഉള്‍പ്പടെ താരത്യേന സ്ഥിരതയുള്ള വിഭഗങ്ങളില്‍ വകയിരുത്തിയശേഷം മാത്രം സ്‌മോള്‍ ക്യാപില്‍ നിക്ഷേപിക്കുന്നതാകും ഉചിതം. ജേക്കബ് തോമസിനപ്പോലെ നേട്ടംമാത്രം നോക്കി സ്‌മോള്‍ ക്യാപ് ഫണ്ടുകളില്‍ നിക്ഷേപമെല്ലാം ക്രമീകരിക്കരുത് അപകട സാധ്യത കൂട്ടും.
ഫണ്ടിന്റെ വലിപ്പം നിര്‍ണായകം
ചില മാര്‍ക്കറ്റ് സൈക്കിളുകളില്‍ ആദായത്തിലെ അഭൂതപൂര്‍വമായ വര്‍ധനകണ്ട് നിക്ഷേപകര്‍ കൂട്ടത്തോടെ സ്മോള്‍ ക്യാപ് ഫണ്ടുകളിലേക്കെത്തുന്നത് കാണാറുണ്ട്. അതോടെ ഈ വിഭാഗത്തിലെ ഫണ്ടുകളുടെ ആസ്തി വര്‍ധിക്കും. നിലവിലെ സ്ഥിതിയും അതിന് സമാനമാണ്. മികച്ച സ്മോള്‍ ക്യാപ് ഓഹരികള്‍ ഭാവിയില്‍ മിഡ് ക്യാപിലേയ്ക്കോ, ലാര്‍ജ് ക്യാപിലേയ്ക്കോ കൂടുമാറുക സ്വാഭവികം. അപ്പോള്‍ അവയിലെ നിക്ഷേപം പരിമിതപ്പെടുത്താന്‍ ഫണ്ട് മാനേജര്‍ നിര്‍ബന്ധിതമാകും. അതായത് മികച്ച ഓഹരിയാണെങ്കില്‍ പോലും അതിലെ നിക്ഷേപം പിന്‍വലിക്കേണ്ട സാഹചര്യവും ഉണ്ടാകുന്നു. പകരം മറ്റ് സ്മോള്‍ ക്യാപ് ഓഹരികളിലേയ്ക്ക് നിക്ഷേപം മാറ്റേണ്ടിയും വരുന്നു. പരമിതമായ സ്മോള്‍ ക്യാപുകളുടെ ലോകത്തേയ്ക്ക് വന്‍തുക നിക്ഷേപിക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം രൂപപ്പെടുന്നു.
ലാര്‍ജ്, മിഡ് ക്യാപ് വിഭാഗങ്ങളെ അപേക്ഷിച്ച് സ്‌മോള്‍ ക്യാപില്‍ മികച്ച ഓഹരികളുടെ എണ്ണം കുറവാണ്. അതുകൊണ്ടുതന്നെ നിക്ഷേപം വന്‍തോതില്‍ എത്തുമ്പോള്‍ ഫണ്ട് മാനേജര്‍മാര്‍ സമ്മര്‍ദത്തിലാകുന്നു. ഇതോടെ പുതിയ നിക്ഷേപം സ്വീകരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഫണ്ട് ഹൗസുകള്‍ നിര്‍ബന്ധിതമാകുകയുംചെയ്യുന്നു. നിപ്പോണ്‍ ഇന്ത്യ സ്‌മോള്‍ ക്യാപ്, ടാറ്റ, എസ്ബിഐ എന്നീ എഎംസികള്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകിള്‍ ഒറ്റത്തവണയായുള്ള നിക്ഷേപം നിര്‍ത്തിവെച്ചത് അതിന് ഉദാഹരണമാണ്. ഇവയില്‍ ചിലത് എസ്‌ഐപി നിക്ഷേപത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ നിക്ഷേപം വരികയും നല്ല സ്‌മോള്‍ ക്യാപ് ഓഹരികള്‍ ഉയര്‍ന്ന വിലയിലെത്തുകയും ചെയ്യുമ്പോള്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന പോര്‍ട്ട്‌ഫോളിയോയുടെ റിസ്‌ക് വര്‍ധിക്കും. പരിമിതമായ നിക്ഷേപ ചക്രവാളത്തില്‍നിന്നുകൊണ്ട് പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഫണ്ട് മാനേജര്‍മാര്‍ നേരിടേണ്ടിവരുന്നു. നിക്ഷേപം പരിമിതപ്പെടുത്തുകയോ അത്രതന്നെ മികച്ചതല്ലാത്ത ഓഹരികളില്‍ നിക്ഷേപം നടത്തേണ്ടിവരികയോ ചെയ്യേണ്ട സാഹചര്യവും അപ്പോഴുണ്ടാകും. ഇമാമി, ചോളമണ്ഡലം ഫിനാന്‍ഷ്യല്‍, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, പിവിആര്‍ ഇനോക്‌സ് തുടങ്ങിയ ഓഹരികളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയതായി കാണാം. മിക്കവാറും സ്‌മോള്‍ ക്യാപ് ഫണ്ടുകളുടെ നിക്ഷേപവും ഈ ഓഹരികളിലാണെന്ന് കാണാം. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ് ഓഹരികള്‍ കൂടുതലുള്ളതിനാല്‍ ആ വിഭാഗങ്ങളിലെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ ഈ പ്രതിസന്ധി നേരിടുന്നില്ല.
പണമാക്കാനും പ്രയാസം
സ്മോള്‍ ക്യാപ് ഓഹരികളിലെ നിക്ഷേപം പിന്‍വലിക്കാനും കഴിയാതെ വന്നേക്കാം. ഇടപാടുകളുടെ എണ്ണം കുറയുമ്പോഴാണ് ലിക്വിഡിറ്റി പ്രതിസന്ധി ഉണ്ടാകുന്നത്. അതായത് വലിയ ആസ്തിയുള്ള ഫണ്ടുകള്‍ക്ക് അഞ്ചു ശതമാനത്തിലധികം ഒരേ ഓഹരിയില്‍തന്നെ നിക്ഷേപിക്കുന്നത് സാധ്യമാകില്ല. അതുപോലതന്നെ വന്‍തോതില്‍ ഓഹരികള്‍ ഒരേസമയം വില്‍ക്കാനും കഴിയില്ല. ഒരു ചെറുകിട കമ്പനിയില്‍ 25-50 കോടി രൂപ നിക്ഷേപിക്കുന്നതുതന്നെ വലിയൊരു തുകയായിമാറുന്നു.
നേട്ടത്തെ ബാധിക്കും
ഫണ്ട് വലുതായിക്കഴിഞ്ഞാല്‍ പിന്നീട് മികച്ച നേട്ടം നിക്ഷേപകന് നല്‍കാന്‍ ഫണ്ട് മാനേജര്‍ക്ക് ഏറെ പണിപ്പെടേണ്ടിവരും. താരതമ്യേന മികച്ച സ്മോള്‍ ക്യാപുകള്‍ കണ്ടെത്തി നിക്ഷേപിക്കുകയെന്നത് എളുപ്പമല്ലാത്ത ജോലിയാണ്. സ്മോള്‍ ക്യാപ് ഫണ്ടിന്റെ മൊത്തം ആസ്തിയില്‍ വര്‍ധനവുണ്ടായാല്‍ പ്രകടനത്തെ ബാധിക്കുമെന്ന് പറയുന്നത് അതുകൊണ്ടാണ്. അതായത് മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ആസ്തിവര്‍ധിക്കും, മറിച്ചായാല്‍ ഫണ്ടിന്റെ പ്രകടനം മോശമാണെന്ന വിലയിരുത്തലും ഉണ്ടാകുമെന്ന് ചുരുക്കം.
ഉയര്‍ന്ന റിസ്‌കും റിവാഡും
സ്മോള്‍ ക്യാപ് ഓഹരികള്‍ക്ക് ഉയര്‍ന്ന റിസ്‌ക് ഉണ്ട്. അതോടൊപ്പം വന്‍ നേട്ട സാധ്യതയും. വന്‍കിട കമ്പനികളിലാണ് നിക്ഷേപമെങ്കില്‍ അത്രയൊന്നും ആലോചിക്കാനില്ല, ഭാവിയിലും സ്ഥിരതയുള്ള നേട്ടം കമ്പനിയില്‍നിന്ന് പ്രതീക്ഷിക്കാം. റിസ്‌ക് ഇല്ലെന്നല്ല, താരതമ്യേന കുറഞ്ഞ റിസ്‌കുമാത്രമായിരിക്കും ഇത്തരം ഓഹരികളിലെ നിക്ഷേപത്തിന് ഉണ്ടാകുക. ദീര്‍ഘകാലയളവില്‍ തരക്കേടില്ലാത്ത നേട്ടം ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍നിന്ന് പ്രതീക്ഷിക്കാം. അതേസമയം, വളര്‍ന്നുകൊണ്ടിരിക്കുന്ന കമ്പനികളിലെ നിക്ഷേപം സ്മോള്‍ ക്യാപ് ഫണ്ടുകളില്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കാന്‍ സഹായിക്കുകയുംചെയ്യും. സ്ഥിരതയാര്‍ന്ന നേട്ടം നല്‍കാന്‍ ഈ വിഭാഗത്തിലെ കമ്പനികള്‍ക്ക് കഴിഞ്ഞെന്നുവരില്ല, അതുകൊണ്ടാണ് ലാര്‍ജ് ക്യാപ് ഫണ്ടുകളെ അപേക്ഷിച്ച് റിസ്‌ക് കൂടുതലാണെന്ന് പറയുന്നത്.
ഇനി ജേക്കബ് തോമസിലേക്ക് വരാം. ആദായംമാത്രം പരിശോധിച്ച് നിക്ഷേപം നടത്തുംമുമ്പ് സാമ്പത്തിക ലക്ഷ്യങ്ങള്‍ തിരിച്ചറിയുക. അതിന് അനുയോജ്യമായ രീതിയില്‍ നിക്ഷേപം ആസൂത്രണം ചെയ്യാം. ചുരുങ്ങിയത് 7-10 വര്‍ഷക്കാലം നിക്ഷേപം നിലനിര്‍ത്താന്‍ കഴിയുമെങ്കില്‍മാത്രം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി നിശ്ചിത അനുപാതം സ്‌മോള്‍ ക്യാപില്‍ വകയിരുത്താം. റിസ്‌ക് എടുക്കാനുള്ള കഴിവിന്റെ അടിസ്ഥാനത്തിലാകണം അനുപാതം നിശ്ചയിക്കേണ്ടത്.
feedback to:
antonycdavis@gmail.com
Content Highlights: Up to 40 percent return: Investment potential can be assessed
Published: 07 Sept 2023, 10:23 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented