രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി. ഡോളറിനെതിരെ 83.27 നിലവാരത്തിലായിരുന്നു തിങ്കളാഴ്ചയിലെ ക്ലോസിങ്. ഡോളര്‍ വിറ്റഴിച്ചിട്ടും രൂപയുടെ മൂല്യമിടിവ് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്കിന് കഴിഞ്ഞില്ല. 

To advertise here,

യുഎസ് ഡോളറിന്റെ ഡിമാന്റില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായതാണ് രൂപയുടെ മൂല്യതകര്‍ച്ചക്ക് പ്രധാനകാരണം. കയറ്റുമതിയേക്കാള്‍ രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നതിനാലാണ് ഡോളര്‍ ഡിമാന്റ് കൂടുന്നത്. 

തുടര്‍ച്ചയായി നിരക്ക് കൂട്ടുന്നതിനാല്‍ യുഎസിലെ കടപ്പത്ര ആദായം വര്‍ധിക്കുന്നതും മറ്റൊരു കാരണമാണ്. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ യുഎസില്‍ നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്നതിനാല്‍ രാജ്യത്തുനിന്ന് വന്‍തോതില്‍ മൂലധനം പുറത്തേക്കൊഴുകുന്നു. അടിക്കടി നിരക്ക് കൂട്ടുന്നതിനാല്‍ വികസ്വര വിപണികളിലെ നിക്ഷേപം പിന്‍വലിച്ച് യുഎസ് കടപ്പത്രങ്ങളില്‍ നിക്ഷേപിക്കാനാണ് നിലവിലെ സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ക്ക് താല്‍പര്യം. 

എങ്ങനെ ബാധിക്കും? 

ഇറക്കുമതി
രൂപയുടെ മൂല്യമിടിവ് ആദ്യം ബാധിക്കുക ഇറക്കുമതിക്കാരെയാണ്. ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ രൂപമുടക്കേണ്ടതായിവരും. അതോടെ ഉത്പന്ന വിലകളില്‍ വര്‍ധനവുണ്ടാകും. അസംസ്‌കൃത എണ്ണക്കുപുറമെ, മൊബൈല്‍ ഫോണ്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, കാറ് എന്നിവയുടെ വിലയെയാകും പ്രധാനമായും ബാധിക്കുക.

വിദേശ വിദ്യാഭ്യാസം
യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് വിദേശ വിദ്യാഭ്യാസം ചെലവേറിയതാക്കും. നിരവിധി രക്ഷിതാക്കള്‍ കുട്ടികളെ ബിരുദ-ബിരുദാന്തര കോഴ്‌സുകള്‍ക്കായി വിദേശത്തേക്ക് അയയ്ക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. വിദേശ സ്ഥാപനങ്ങള്‍ ഫീസായി ഈടാക്കുന്ന ഓരോ ഡോളറിനും കൂടുതല്‍ രൂപ മുടക്കേണ്ടിവരും. താമസ ചെലവ് കൂടും. റിപ്പോ നിരക്ക് ഉയര്‍ന്ന നിലയിലായതിനാല്‍ വിദ്യാഭ്യാസ വായ്പാ പലിശയിലും ഒരു വര്‍ഷത്തിനിടെ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 

വിദേശ യാത്ര
കോവിഡിന് ശേഷം ജോലിക്കും വിനോദത്തിനുമായുള്ള വിദേശ യാത്രകള്‍ കൂടിയിട്ടുണ്ട്. രൂപയുടെ മൂല്യമിടിയുന്നതിനാല്‍ യാത്ര, താമസം, ഭക്ഷണം എന്നിവക്കായി കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും. 

ആസൂത്രണം പ്രധാനം
രൂപയുടെ മൂല്യമിടിവ് നേട്ടമാക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗം വിദേശ നിക്ഷേപമാണ്. കമ്പനികളുടെ മികവില്‍ ഓഹരി വില കുതിക്കുന്നതോടൊപ്പം വിനിമയ മൂല്യത്തിലെ വ്യതിയാനം നേട്ടമാക്കാനും ഈ സാധ്യത പ്രയോജനപ്പെടുത്താം. 

എന്തുകൊണ്ട് വിദേശ നിക്ഷേപം?
വിദേശ കറന്‍സി ഇടപാടുകള്‍ പണ്ടൊക്കെ അതിസമ്പന്നര്‍ക്കോ പ്രവാസികള്‍ക്കോ പറഞ്ഞിട്ടുള്ളകാര്യമായിരുന്നു. രാജ്യത്തെ ഇടത്തരം കുടുംബങ്ങള്‍പോലും രൂപയുടെ മൂല്യമിടിവിനെ ആശങ്കയോടെ കാണുന്ന സ്ഥിതിയാണിപ്പോള്‍. കാരണം, ഇങ്ങ് കേരളത്തില്‍പോലും കുട്ടികളും രക്ഷിതാക്കളും വിദേശ വിദ്യാഭ്യാസമാണ് സ്വപ്‌നം കാണുന്നത്. ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ വിദേശത്തേക്കൊരു വിനോദയാത്ര തരപ്പെടുത്തന്‍ ആലോചിക്കുന്നു. വിദേശ നഗരങ്ങളിലെ റിയല്‍ എസ്‌റ്റേറ്റില്‍ നിക്ഷേപിക്കാന്‍ അവസരം നോക്കിയിരിക്കുന്നു. 

എങ്ങനെ നിക്ഷേപിക്കും?
അഞ്ചുവര്‍ഷം മുമ്പുവരെ വിദേശ ഓഹരികളില്‍ നിക്ഷേപിക്കാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഇന്ന് അതല്ല സ്ഥിതി. ഓഹരി ബ്രോക്കര്‍മാരും മ്യൂച്വല്‍ ഫണ്ടുകളും നിക്ഷേപകന് വ്യത്യസ്ത വഴികള്‍ തുറന്നുനല്‍കിയിട്ടുണ്ട്. ഓഹരിയില്‍ നേരിട്ട് നിക്ഷേപിക്കാന്‍ കഴിയാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടിന്റെ വഴിതേടാം. ട്രേഡിങ് അക്കൗണ്ടുള്ളവര്‍ക്ക് ഇടിഎഫ് വഴിയും അതില്ലാത്തവര്‍ക്ക് മ്യൂച്വല്‍ ഫണ്ടിലൂടെയും നിക്ഷേപം നടത്താം. 

ആഗോള ഓഹരികളിലോ അന്താരാഷ്ട്ര ഫണ്ടിലോ നിക്ഷേപം നടത്തുമ്പോള്‍ രൂപയിലെ നിക്ഷേപം ഡോളറിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. അതോടെ നിക്ഷേപം ഡോളറിലാകുന്നു. പിന്നീട് പിന്‍വലിക്കുമ്പോള്‍ ഡോളറിലെ നിക്ഷേപം രൂപയിലേക്ക് മാറുകയും ചെയ്യുന്നു. കാലം പിന്നിടുംതോറും രൂപയുടെ മൂല്യമിടിയുന്നതിനാല്‍ ഉയര്‍ന്ന തുകയാകും അതിലൂടെ ലഭിക്കുക.  

വിദേശ വിദ്യാഭ്യാസം, ഫോറിന്‍ ട്രിപ്പ് എന്നിവക്കായുള്ള ആസൂത്രണത്തിലാണ് ശ്രദ്ധിക്കേണ്ടത്. വിദേശ ലക്ഷ്യങ്ങള്‍ക്കുള്ള തുക എത്രയാണോ അതിനനുസരിച്ചാകണം നിക്ഷേപം ആസൂത്രണം ചെയ്യേണ്ടത്. മൊത്തം നിക്ഷേപത്തിന്റെ 20 ശതമനം ഈ ലക്ഷ്യങ്ങള്‍ക്കാണെങ്കില്‍ അത്രയും വിഹിതം വിദേശ നിക്ഷേപങ്ങള്‍ക്കായി നീക്കിവെക്കാം. ഏഴ് മുതല്‍ പത്ത് വര്‍ഷംവരെ കാലയളവ് മുന്നില്‍ കണ്ട് നിക്ഷേപം നടത്തണമെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക.