സുരേഷ് കുമാറിന്റെ ഓഹരിയിലെ നിക്ഷേപമൂല്യം 10 ലക്ഷം രൂപയിലേറെയായി. അഞ്ച് ലക്ഷം രൂപയാണ് അദ്ദേഹം ഘട്ടംഘട്ടമായി നിക്ഷേപിച്ചത്. നാല് വര്‍ഷമായി അദ്ദേഹം ഓഹരിയില്‍ നിക്ഷേപിച്ചുവരുന്നു. മാര്‍ച്ച് 31ന് മുമ്പ് ഓഹരികള്‍ വിറ്റ് ലാഭമെടുത്താല്‍ ആദായ നികുതി ലാഭിക്കാമെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. സുരേഷ് കുമാറിനെപ്പോലെ നിരവധി പേര്‍ ഇതിനകം ഓഹരിയില്‍ നിക്ഷേപിച്ച് നല്ലൊരു തുക സമാഹരിച്ചിട്ടുണ്ട്. ദീര്‍ഘകാലം ലക്ഷ്യമിട്ടുള്ള നിക്ഷേപമായതിനാല്‍ വര്‍ഷങ്ങളായി നിക്ഷേപം തിരികെയെടുക്കാതെ മുന്നോട്ടുപോകുകയാണ് അവരില്‍ പലരും. ഓഹരിയിലെയോ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടിലെയോ നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന ഒരു ലക്ഷം രൂപവരെയുള്ള ലാഭത്തിന് ഓരോ സാമ്പത്തിക വര്‍ഷവും നികുതി നല്‍കേണ്ടതില്ലെന്ന് അറിയാമെങ്കിലും ഫലപ്രദമായി എപ്രകാരം അത് പ്രയോജനപ്പെടുത്താമെന്ന് അറിയാത്തവരാണേറെയും. 12 മാസമോ അതില്‍ കൂടുതല്‍ കാലമോ കൈവശംവെച്ചശേഷം വിറ്റ് ലാഭമെടുക്കുമ്പോഴാണ് നികുതി ആനുകൂല്യത്തിന് അര്‍ഹത. 

To advertise here,

അതത് സാമ്പത്തിക വര്‍ഷം തന്നെ ഓഹരി വിറ്റ് ലാഭമെടുത്താല്‍ മാത്രമെ ഈ ആനുകൂല്യം ലഭിക്കൂ. അടുത്തവര്‍ഷത്തോടൊപ്പം കൂട്ടിച്ചേര്‍ത്ത് ഈ ആനൂകൂല്യം അവകാശപ്പെടാന്‍ കഴിയില്ല.

ദീര്‍ഘകാല ലക്ഷ്യത്തിനായി നിക്ഷേപിക്കുന്നവര്‍ ഓരോ സാമ്പത്തിക വര്‍ഷവും ഓഹരി വിറ്റ് തിരികെ വാങ്ങി മുന്നോട്ടുപോയാല്‍ മാത്രമെ ഈ ആനുകൂല്യം സ്വന്തമാക്കാനാകൂ. ഇപ്രകാരം ചെയ്യാതിരുന്നാല്‍ ഏറെക്കാലും കഴിയുമ്പോഴുണ്ടാകുന്ന നേട്ടത്തില്‍നിന്ന് ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ലാഭത്തിന് നികുതി നല്‍കേണ്ട സാഹചര്യമുണ്ടാകുകയും ചെയ്യും. 

നികുതി കണക്കാക്കുന്നത് ഇപ്രകാരം
വില്‍ക്കുന്ന വിലയും വാങ്ങുന്നതിന് ചെലവായ തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കിയാണ് മൂലധന നേട്ട നികുതി കണക്കാക്കുന്നത്. 2018 ജനുവരി 31ന് മുമ്പാണ് ഓഹരി വാങ്ങിയിട്ടുള്ളതെങ്കില്‍ 2018 ജനുവരി 31ലെ ഓഹരിയുടെ വിലയാണ് ഇതിനായി പരിഗണിക്കുക. 

ഉദാഹണത്തിന്, 2016 ജനുവരിയില്‍ 600 രൂപയ്ക്ക് വാങ്ങിയ ഓഹരിയുടെ വില 2018 ജനുവരി 31ന് 1000 രൂപയായെന്ന് കരുതുക. ആ വിലയാണ് നേട്ടം കണക്കാക്കാനായി പരിഗണിക്കുക. അതുപ്രകാരം 2024 ജനുവരി 31ന് 2,000 രൂപയ്ക്ക് ഓഹരി വില്‍ക്കുകയാണെങ്കില്‍ താഴെ പറയുന്ന രീതിയിലാണ് മൂലധന നേട്ടം കണക്കാക്കേണ്ടത്. 

  • 2018 ജനുവരി 31ലെ ഓഹരി വില: 1000 രൂപ
  • അന്നത്തെ നിക്ഷേപ മൂല്യം: 100X 1000=100000 രൂപ
  • 2024 ജനുവരി 31ലെ ഓഹരി വില: 2,000 രൂപ
  • അതുപ്രകാരം നിക്ഷേപ മൂല്യം: 2,00000 രൂപ
  • മൂലധന നേട്ടം കണക്കാക്കുന്നത് ഇങ്ങനെ:
  • 2,00000-1,00000= 1,00000 രൂപ. 

ഓഹരി വിറ്റവകയിലെ മൂലധന നേട്ടം മൊത്തം വരുമാനത്തോടൊപ്പം ചേര്‍ത്തല്ല മൊത്തം നികുതി കണക്കാക്കുന്നത്. വകുപ്പ് 112 എ പ്രകാരം ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള നേട്ടത്തിന് 10 ശതമാനം നികുതിയാണ് ബാധകമാകുക. 

ഒരു കമ്പനിയുടെ 100 ഓഹരികള്‍ 2020 ജനുവരിയില്‍ ഓഹരിയൊന്നിന് 1000 രൂപ നിരക്കില്‍ വാങ്ങിയെന്നിരിക്കട്ടെ. 2024 ഫെബ്രുവരി 12ന് ഓഹരി വില 2,000 രൂപയിലെത്തിയെന്ന് കരുതുക. ഈ വിലയില്‍ വിറ്റാല്‍ ഇപ്രകാരമാണ് മൂലധന നേട്ട നികുതി കണക്കാക്കുക. 2000*100-1000*100=100000 രൂപ. ദീര്‍ഘകാല മൂലധന നേട്ടം ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ അല്ലാത്തതിനാല്‍ അദ്ദേഹം ആദായ നികുതി അടയ്‌ക്കേണ്ടതില്ല.

ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപം നടത്തുന്നവര്‍ക്ക് വിറ്റ ഓഹരികള്‍ തിരികെവാങ്ങി പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കുകയും ചെയ്യാം. അങ്ങനെ ചെയ്താല്‍ രണ്ട് ലക്ഷം രൂപയും നികുതിയില്ലാതെ മൂലധനമായി മാറും.

അടുത്തവര്‍ഷം ഈ രണ്ടു ലക്ഷത്തിന്മേലുള്ള മൂലധന നേട്ടത്തിനാകും നികുതി ബാധകമാകുക. ഇത്തരത്തില്‍ വര്‍ഷാവര്‍ഷം ആവര്‍ത്തിച്ചാല്‍ നികുതിയിനത്തില്‍ വന്‍തുക ലാഭിക്കാന്‍ കഴിയും. വന്‍കിട കമ്പനികളിലെ മികച്ച ഓഹരികളിലും നല്ല റിട്ടേണ്‍ നല്‍കിക്കൊണ്ടിരിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളിലും ഈ തന്ത്രം പ്രയോഗിക്കാം. പ്രകടനം വിലയിരുത്തി മ്യൂച്വല്‍ ഫണ്ടോ ഓഹരിയോ മാറ്റിപ്പിടിക്കാനും ഈ സാധ്യത പ്രയോജനപ്പെടുത്താം. 

വില്‍ക്കുമ്പോഴുള്ള അധിക ബാധ്യത
ഓഹരി വില്‍ക്കുമ്പോള്‍ ബ്രോക്കര്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, എസ്ടിടി തുടങ്ങിയ ഇനങ്ങളില്‍ അധിക ബാധ്യതയുണ്ടാകും. ഓഹരി ഇടപാടിന് ഫീസ് ഈടാക്കാത്ത ബ്രോക്കര്‍മാര്‍ വഴിയാണ് നിക്ഷേപമെങ്കില്‍ ഈയിനത്തില്‍ കാര്യമായ ബാധ്യയുണ്ടാവില്ല.

ദീര്‍ഘകാല നിക്ഷേപം പിന്‍വലിച്ച് വീടുവാങ്ങുകയാണെങ്കില്‍ വകുപ്പ് 54 എഫ് പ്രകാരം മൂലധന നേട്ടനികുതി ബാധകമാകുകയുമില്ല. ഒരു വീടുള്ളവര്‍ക്ക് മറ്റൊരു വീട് വാങ്ങുന്നതിനും ഈ അനുകൂല്യം പ്രയോജനപ്പെടുത്താം.  

ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍
അസ്ഥിരത: ഓഹരി വില്‍ക്കുകയും തിരികെ വാങ്ങുകയും ചെയ്യുമ്പോള്‍ വിലയില്‍ വ്യതിയാനമുണ്ടായേക്കാം. ഓഹരി വില കൂടുകയോ കുറയുകയോ ചെയ്‌തേക്കാമെന്ന് ചുരുക്കം. കൂടിയ വിലയ്ക്ക് വാങ്ങാന്‍ നിര്‍ബന്ധിതമായാല്‍ നേട്ടത്തില്‍ കുറവുണ്ടാകും. മറിച്ചാണെങ്കില്‍ കൂടുതല്‍ ലാഭവും. 

നികുതിയിലെ വ്യത്യാസം: ഓഹരി കൈവശം വെയ്ക്കുന്ന തിയതിയില്‍ വ്യത്യാസം വരുന്നതോടെ അടുത്ത ദീര്‍ഘകാല മൂലധന നേട്ടത്തിനായി 12 മാസം കാത്തിരിക്കേണ്ടിവരുമെന്നകാര്യം മറക്കരുത്. അതായത് ഒരു വര്‍ഷത്തിന് മുമ്പായി ഓഹരി വില്‍ക്കുകയാണെങ്കില്‍ ഹ്രസ്വകാല മൂലധന നേട്ട നികുതിയായ 15 ശതമാനമാണ് ബാധകമാകുക. ഇളവുകള്‍ ലഭിക്കുകയില്ല. 

നികുതി റിബേറ്റ് ബാധകമാവില്ല: വ്യക്തികള്‍ക്ക് അവരുടെ മൊത്തം വരുമാനം അഞ്ച് ലക്ഷമോ ഏഴ് ലക്ഷമോ ആണെങ്കില്‍ വകുപ്പ് 87എ പ്രകാരം നികുതിയിളവിന് അര്‍ഹതയുണ്ട്. എന്നാല്‍, ദീര്‍ഘകാല മൂലധന നേട്ടത്തിന്മേല്‍ ഈ റിബേറ്റ് ലഭിക്കില്ല. മൊത്തം വരുമാനത്തോടൊപ്പം ചേരുമ്പോള്‍ കൂടുതല്‍ നികുതി നല്‍കേണ്ടിവന്നേക്കാം. ഇക്കാര്യങ്ങള്‍ കൃത്യതയോടെ മനസിലാക്കി നികുതി ഇളവ് നേടാന്‍ പദ്ധതി തയ്യാറാക്കുക. 

Feedback to:
antonycdavis@gmail.com