ഡിജിറ്റല്‍ സ്വര്‍ണ്ണത്തിലെ അപകടസാധ്യതകള്‍ കണക്കിലെടുത്ത് സെബിയുടെ നിയന്ത്രണത്തിലുള്ള നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താം.

Image: Freepik
ശമ്പളം കിട്ടിയാല്‍ രശ്മി ആദ്യം ചെയ്യുന്നത് ആപ്പുവഴി ഡിജിറ്റല്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുകയെന്നതാണ്. ഇപ്പോള്‍ നല്ലൊരു തുക ഇത്തരത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പ് തുടങ്ങിയതിനാല്‍ ഇപ്പോഴത്തെ വിലവര്‍ധനയില്‍ കാര്യമായ നേട്ടം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഈയിടെ ഡിജിറ്റല്‍ ഗോള്‍ഡുമായി ബന്ധപ്പെട്ട് സെബി നല്‍കിയ മുന്നറിയിപ്പുകള്‍ ആശങ്കക്ക് കാരണമായി.
സ്വര്‍ണം വാങ്ങാതെ നിക്ഷേപിക്കാനുള്ള സാധ്യത ഇടിഎഫും ഗോള്‍ഡ് ഫണ്ടുകളും മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇവയെല്ലാം വര്‍ഷങ്ങള്‍ക്കുമുമ്പേ നിക്ഷേപ ലോകത്തുള്ളവയാണ്. മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയുടെ നിയന്ത്രണത്തിലുള്ള ഈ പദ്ധതികള്‍ക്ക് ആഗോളതലത്തിലും ഇന്ത്യയിലും വ്യാപകമായ സ്വീകാര്യത ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പാണ് യുപിഐ സേവനം നല്‍കുന്ന വിവിധ ആപ്പുകളും മറ്റും ഡിജിറ്റല്‍ ഗോള്‍ഡിന്റെ വിതരണക്കാരായത്. ഇതില്‍ നിക്ഷേപിക്കുന്നവരാകട്ടെ ഭൂരിഭാഗവും ചെറുപ്പക്കാരുമാണ്.
നവംബര്‍ എട്ടിന് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഡിജിറ്റല്‍ ഗോള്‍ഡ് ഇടപാടുകള്‍ക്കെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്നറിയിപ്പ് നല്‍കിയത്.
മുന്നറിയിപ്പ് എന്തുകൊണ്ട്?
നിയന്ത്രണ പരിധിക്ക് പുറത്ത്: ഡിജിറ്റല്‍ ഗോള്‍ഡിനെ സെക്യൂരിറ്റികളായോ ഡെറിവേറ്റീവുകളായോ തരംതിരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവ സെബിയുടെ നിയന്ത്രണ പരിധിക്ക് പുറത്താണ്.
റിസ്‌ക്: വിതരണക്കാരോ പ്ലാറ്റ്‌ഫോമുകളോ സാമ്പത്തികമായി പ്രതിസന്ധിനേരിട്ടാല്‍ നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.
2021ലും സെബി സമാനമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. സെബിയുടെ നിയന്ത്രണത്തില്‍ സേവനങ്ങള്‍ നല്‍കിവരുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ഡിജിറ്റല്‍ ഗോള്‍ഡ് ശുപാര്‍ശ ചെയ്യുന്നതില്‍നിന്ന് വിലക്കിയിരുന്നു. എന്‍എസ്ഇയും ബിഎസ്ഇയും അംഗങ്ങളോട് ഡിജിറ്റല്‍ ഗോള്‍ഡില്‍ ഇടപാട് നടത്തുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഡിജിറ്റല്‍ ഗോള്‍ഡ്: കൂടുതല്‍ അറിയാം
സ്വര്‍ണം കട്ടിയായോ ആഭരണമായോ കോയിനായോ വാങ്ങാതെ ഇലക്ട്രോണിക് രൂപത്തില്‍ നിക്ഷേപിക്കാനും വില്‍ക്കാനും കൈവശം വെയ്ക്കാനും കഴിയുന്ന സംവിധാനമാണ് ഡിജിറ്റല്‍ ഗോള്‍ഡ്. 2012-13 സാമ്പത്തിക വര്‍ഷമാണ് ഇന്ത്യയില്‍ ആരംഭിച്ചത്.
പ്രവര്‍ത്തന രീതി:
- ഇറക്കുമതിക്കാര്‍ സ്വര്‍ണം വാങ്ങി സുരക്ഷിതമായ ലോക്കറുകളില്‍ സൂക്ഷിക്കുകയും ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകള്‍ പോലുള്ള ഇടനിലക്കാര്‍ ആപ്പിലൂടെ നിക്ഷേപകര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. സാധാരണയായി 24 കാരറ്റ് (99.9%) ശുദ്ധിയുള്ള സ്വര്‍ണമാണ് വില്‍ക്കുന്നത്.
- സംഭരണ ഫീസ്, പ്ലാറ്റ്‌ഫോം നിരക്ക് തുടങ്ങിയവ ഉള്‍പ്പെടുന്നതിനാല്‍ സ്വര്‍ണത്തിന്റെ യഥാര്‍ഥ വിലയേക്കാള്‍ കൂടുതലായിരിക്കും ഡിജിറ്റല്‍ ഗോള്‍ഡിന്റെ വില.
- സ്വിസ് ബ്രാന്‍ഡ് ആയ PAMP SAയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള MMTC ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം ഈ രംഗത്തെ വന്‍കിട സ്ഥാപനമാണ്. പേ ടിഎം, ഫോണ്‍പേ, ഗൂഗിള്‍ പേ, ഇന്‍ക്രെഡ് മണി തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ചിലി ജുവല്ലറികള്‍ വഴിയും ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങാന്‍ കഴിയും. ഇത് ആഭരണങ്ങളായോ നാണയങ്ങളായോ മാറ്റിയെടുക്കാനും കഴിയും.
ഈ വര്‍ഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ആസ്തികളിലൊന്നാണ് സ്വര്‍ണം. 60 ശതമാനത്തോളം വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. ഭൗമരാഷ്ട്രീയ അനിശ്ചിതത്വം, വ്യാപാര സംഘര്‍ഷം, കേന്ദ്ര ബാങ്കുകളുടെ വന്‍തോതിലുള്ള വാങ്ങിക്കൂട്ടല്‍ എന്നിവ സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിച്ചു. ആഗോള വിപണിയില്‍ ഒരു ഔണ്‍സിന് 4,300 ഡോളറിന് മുകളിലും, ഇന്ത്യയില്‍ 10 ഗ്രാമിന് 1,32,000 രൂപയ്ക്ക് മുകളിലും വിലയെത്തി. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് അനുസരിച്ച് 2024-ല്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താവ് ഇന്ത്യയാണ്.
സ്വര്‍ണ വിലയിലെ ഈ കുതിപ്പ് ഡിജിറ്റല്‍ ഗോള്‍ഡിന്റെ ആവശ്യകതയിലും വലിയ വര്‍ധനവുണ്ടാക്കി. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (NPCI) കണക്കുകള്‍ പ്രകാരം യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഗോള്‍ഡ് വാങ്ങലുകളില്‍ വന്‍ കുതിപ്പുണ്ടായി.
2025-ൽ യുപിഐ വഴിയുള്ള ഡിജിറ്റൽ ഗോൾഡ് നിക്ഷേപം
|
| Volume (Million) | Value (Rs Cr) |
| ജനുവരി | 50.93 | 761.6 |
| ഫെബ്രുവരി | 53.13 | 813.93 |
| മാർച്ച് | 64.96 | 866.43 |
| ഏപ്രിൽ | 68.4 | 978.24 |
| മെയ് | 79.43 | 983.24 |
| ജൂൺ | 85.46 | 948.05 |
| ജൂലൈ | 95.72 | 1,020.24 |
| ഓഗസ്റ്റ് | 99.77 | 1,183.73 |
| സെപ്റ്റംബർ | 103.19 | 1,410.18 |
ഉറവിടം: NPCI
ഡിജിറ്റല്‍ ഗോള്‍ഡ്: നേട്ടവും കോട്ടവും
സൗകര്യം: ഭൗതിക സ്വര്‍ണ്ണം വാങ്ങുന്നതിനും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.
ചെറിയ നിക്ഷേപം: പ്ലാറ്റ്ഫോമുകള്‍ അനുസരിച്ച് ഒരു രൂപ മുതല്‍ 10 രൂപ വരെ കുറഞ്ഞ തുകയ്ക്ക് നിക്ഷേപിക്കാനുള്ള അവസരം.
ലഭ്യത: സമയക്രമം ഇല്ലാതെ എപ്പോള്‍ വേണമെങ്കിലും വാങ്ങാനും വില്‍ക്കാനും സാധിക്കും.
ഫ്രാക്ഷണല്‍ ഓണര്‍ഷിപ്പ്: ചെറിയ അംശങ്ങളായി സ്വര്‍ണം വാങ്ങാനുള്ള അവസരം.
മാറ്റിയെടുക്കാനുള്ള സൗകര്യം: വാങ്ങിയ ഡിജിറ്റല്‍ സ്വര്‍ണം ആവശ്യാനുസരണം നാണയങ്ങള്‍, ബാറുകള്‍, ആഭരണങ്ങള്‍ എന്നിവയായി മാറ്റിയെടുക്കാന്‍ സാധിക്കും.
കോട്ടങ്ങള്‍
നിയന്ത്രണത്തിന്റെ അഭാവം: സെബിയുടെയോ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ മേല്‍നോട്ടമില്ല. റെഗുലേറ്ററി സംവിധാനത്തിന്റെ പുറത്താണ് ഇടപാടുകള്‍ നടക്കുന്നത്.
നിക്ഷേപക സുരക്ഷ: നിക്ഷേപ പ്ലാറ്റ്ഫോം തകര്‍ന്നാല്‍ നിയമപരമായ പരിരക്ഷ ലഭിക്കാന്‍ സാധ്യത കുറവാണ്.
കൗണ്ടര്‍പാര്‍ട്ടി റിസ്‌ക്: MMTC-PAMP പോലുള്ള പ്രമുഖര്‍ ഡിജിറ്റല്‍ ഗോള്‍ഡിന് തുല്യമായ ഭൗതിക സ്വര്‍ണ്ണം സൂക്ഷിക്കുന്നുണ്ടെങ്കിലും ചെറിയ പ്ലാറ്റ്ഫോമുകളുടെ കാര്യത്തില്‍ ഇക്കാര്യത്തില്‍ ഉറപ്പില്ല.
വിലയിലെ വ്യത്യാസം: വ്യത്യസ്ത പേരുകളില്‍ പ്ലാറ്റ്‌ഫോമുകള്‍ ചാര്‍ജ് ഈടാക്കുന്നതിനാല്‍ യഥാര്‍ഥ വിലയുമായി 2-3% വരെ വ്യത്യാസം ഉണ്ടാകും. ഇതിന് പുറമെ സ്വര്‍ണം വാങ്ങുന്നതിനുള്ള 3% ജിഎസ്ടിയും നല്‍കണം.
മറ്റ് നിക്ഷേപ സാധ്യതകള്‍:
ഡിജിറ്റല്‍ സ്വര്‍ണ്ണത്തിലെ അപകടസാധ്യതകള്‍ കണക്കിലെടുത്ത് സെബി നിയന്ത്രിത മാര്‍ഗ്ഗങ്ങളിലൂടെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താം.
ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (Gold ETFs): മ്യൂച്വല്‍ ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന ഇവ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ട്രേഡ് ചെയ്യുന്നവയാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കു പ്രകാരം 2025 ഒക്ടോബറില്‍ ഇന്ത്യന്‍ ഗോള്‍ഡ് ഇടിഎഫുകളിലേക്ക് 850 മില്യണ്‍ ഡോളറിന്റെ അറ്റ നിക്ഷേപമാണെത്തിയത്. ആഗോളതലത്തില്‍ മൂന്നാമത്തെ ഉയര്‍ന്ന നിരക്കാണിത്. ഈ വര്‍ഷം ഇതുവരെ ഏകദേശം മുന്ന് ബില്യണ്‍ ഡോളറിന്റെ റെക്കോഡ് നിക്ഷേപമാണ് രാജ്യത്തെ ഗോള്‍ഡ് ഇടിഎഫുകളില്‍ ഉണ്ടായത്. നിലവില്‍ 11.3 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. ഗോള്‍ഡ് ഇടിഎഫുകളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ഫണ്ടുകള്‍ വഴിയും നിക്ഷേപം നടത്താം.
ഇലക്ട്രോണിക് ഗോള്‍ഡ് റെസീറ്റുകള്‍ (EGRs): സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ട്രേഡ് ചെയ്യാവുന്നതും സെബിയുടെ നിയന്ത്രണത്തിലുള്ളതുമായ മറ്റൊരു നിക്ഷേപ മാര്‍ഗ്ഗമാണിത്.
എക്സ്ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവ് കോണ്‍ട്രാക്റ്റുകള്‍: സെബി നിയന്ത്രിത എക്സ്ചേഞ്ചുകളിലൂടെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാനുള്ള മറ്റൊരു സാധ്യതയാണിത്.
സ്വര്‍ണ വിലയിലുണ്ടായ കുതിപ്പിനെ തുടര്‍ന്ന് ഡിജിറ്റല്‍ ഗോള്‍ഡിന്റെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ടെങ്കിലും വിവേകപൂര്‍ണമായ നിക്ഷേപം ഭാവിയിലെ നഷ്ടസാധ്യത കുറയ്ക്കാന്‍ ഉപകരിക്കും.
Content Highlights: Is digital gold safe? SEBI issues a warning. Explore risks and secure investment alternatives like Gold ETFs & EGRs.
Published: 10 Nov 2025, 12:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented