എടപ്പാൾ : നവീകരിക്കാൻ മൂന്നുകോടി രൂപ അനുവദിച്ച് മൂന്നുവർഷമായിട്ടും ജനങ്ങൾക്ക് ദുരിതയാത്ര സമ്മാനിച്ചുകിടന്ന ചേകന്നൂർ-വട്ടംകുളം റോഡ് ഒടുവിൽ നന്നാവുന്നു.

To advertise here,

റോഡിന്റെ നിർമാണത്തിനാവശ്യമായ സാധനങ്ങളെത്തിക്കാനും വശങ്ങൾ വൃത്തിയാക്കൽ ഉൾപ്പെടെയുള്ള ജോലികൾക്കും തുടക്കമിട്ടതോടെയാണ് ജനങ്ങളുടെ പ്രതീക്ഷയും കൂടിയത്.

വട്ടംകുളം പഞ്ചായത്തിലെ ഗ്രാമീണറോഡുകളിൽ ഏറെ പ്രധാനപ്പെട്ട ചേകന്നൂർ റോഡിന്റെ ദുരവസ്ഥ പലവട്ടം മാതൃഭൂമി ചൂണ്ടിക്കാട്ടിയിരുന്നു. പല സംഘടനകളും സമരം നടത്തുകയും ചെയ്തിരുന്നു.

ചേകന്നൂർ, മൂതൂർ, കവുപ്ര, ആനക്കര തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് പോകാനുള്ള സ്വകാര്യബസുകൾ സർവീസ് നടത്തുന്ന ഈ റോഡിൽ കുറച്ചുകാലമായി വാഹനങ്ങളുടെയും ജനങ്ങളുടെയും ദുരിതയാത്രയായിരുന്നു. തകർന്നടിഞ്ഞ് കുണ്ടുംകുഴിയും മെറ്റലും നിറഞ്ഞ് വലിയ വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിഞ്ഞിരുന്നില്ല.

വട്ടംകുളം, എടപ്പാൾ മേഖലകളിലുള്ളവർക്ക് ഈ പ്രദേശത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ക്ഷേത്രങ്ങളിലേക്കുമെല്ലാം പോകാനുള്ള മാർഗമാണിത്.

വട്ടംകുളം പഞ്ചായത്തിലേക്കും നൂറുകണക്കിന് കുട്ടികൾ പഠിക്കുന്ന വട്ടംകുളം സി.പി.എൻ.യു.പി. സ്കൂൾ, ജില്ലാതിർത്തിയിൽ നിരവധി വിദ്യാർഥികൾ പഠിക്കുന്ന ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഡയറ്റ് ലാബ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ഇതിലൂടെയാണ് പോകുന്നത്.

സംസ്ഥാന പാതയിൽ കണ്ടനകത്തുനിന്നും എളുപ്പത്തിൽ വട്ടംകുളത്തെത്താനും ഈ റോഡിലൂടെയാകും. ഈ റോഡിൽനിന്ന് തിരിഞ്ഞാണ് കാന്തള്ളൂർ വഴി പോട്ടൂരിലേക്കും മറ്റും പോകേണ്ടത്.

ബസില്ലാത്ത സമയങ്ങളിൽ വട്ടംകുളത്തുനിന്നും ഓട്ടോറിക്ഷ വിളിച്ചാണ് ജനങ്ങൾ വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നത്. കുറച്ചുകാലമായി ഓട്ടോറിക്ഷക്കാർക്കും ഇതിലൂടെയുള്ള യാത്ര സുഖകരമല്ലാത്തതിനാൽ പലരും വരാത്ത അവസ്ഥയായിരുന്നു.

കേന്ദ്ര ഫണ്ടുപയോഗിച്ച് ഏതാനും വർഷങ്ങൾക്ക് മുൻപ് പുതുക്കിപ്പണിത റോഡ് നവീകരിക്കാൻ കെ.ടി. ജലീൽ എം.എൽ.എ.യാണ് ഫണ്ടനുവദിച്ചത്.

റോഡിലെ ഗർത്തങ്ങളിൽ വീണ് ഇരുചക്രവാഹനങ്ങളുൾപ്പെടെയുള്ളവ അപകടത്തിൽപ്പെട്ട് പലർക്കും ഇതിനകംതന്നെ പരിക്കേറ്റു. റോഡിലെ 3.1 കിലോമീറ്റർ നവീകരിക്കാനാണ് മൂന്നുകോടി രൂപ അനുവദിച്ചത്.

കനത്തമഴയ്ക്ക് മുൻപ് പണി തീർക്കണം

റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ ജോലി നടക്കാനുള്ളതിനാലാണ് പണി വൈകുന്നതെന്നായിരുന്നു അധികാരികൾ പറഞ്ഞിരുന്ന ന്യായം. അതുകഴിഞ്ഞ് നന്നാക്കാനുള്ള തുക ബ്ലോക്ക് പഞ്ചായത്തിൽ അടച്ചിട്ട് മാസങ്ങളായെങ്കിലും ഇപ്പോഴാണ് റോഡ് പണിക്കുള്ള പ്രാരംഭപ്രവർത്തനങ്ങളാരംഭിച്ചത്. ഏതായാലും റോഡ് പണിക്കുള്ള ഒരുക്കങ്ങൾ തുടങ്ങിയതോടെ ജനങ്ങളെല്ലാം വലിയ പ്രതീക്ഷയിലാണ്. മഴ കൂടുതൽ ശക്തമാകും മുൻപ് പണി തീർക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.