എരമംഗലം : കോഴിക്കോട് തളി ക്ഷേത്രം ഉൾപ്പെടെ മലബാറിലെ പ്രമുഖ ക്ഷേത്രങ്ങളിലെ തന്ത്രിയായ എരമംഗലം പെരുമുടിശ്ശേരി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ 85-ാം പിറന്നാളാഘോഷം സംഗീതസമന്വയത്തിന്റെ വേദിയായി മാറി.
പ്രശസ്ത കഥകളിസംഗീതജ്ഞനും കർണാടകസംഗീതജ്ഞനുമായ നെടുമ്പള്ളി രാംമോഹനും സഹധർമിണി മീര രാംമോഹനും ചേർന്നാണ് വേറിട്ട സംഗീതക്കച്ചേരി അവതരിപ്പിച്ചത്.
കർണാടകസംഗീതത്തിന്റെയും കഥകളിസംഗീതത്തിന്റെയും അപൂർവവും ഹൃദ്യവുമായ സമന്വയമാണ് കച്ചേരിയിൽ ഒരുക്കിയത്. ഒരേ രാഗത്തിൽ അധിഷ്ഠിതമായി കർണാടകസംഗീതശൈലിയും കഥകളിപ്പദങ്ങളുടെ ഭാവസാന്ദ്രമായ ആലാപനവും കോർത്തിണക്കി അവതരിപ്പിച്ചപ്പോൾ ആസ്വാദകർക്ക് പുതിയൊരു അനുഭവമായി മാറി. കർണാടകസംഗീതത്തിലും കഥകളിസംഗീതത്തിലും പ്രാവീണ്യമുള്ള തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് സംഗീതക്കച്ചേരി ഒരുക്കിയത്.
കലാമണ്ഡലം ഹരിനാരായണന്റെ ചെണ്ടയും നാരായണപ്രകാശിന്റെ മൃദംഗവും നവീൻ വർമയുടെ വയലിനും സംഗീതക്കച്ചേരിക്ക് മാറ്റുകൂട്ടി.
ആത്മീയ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിൽനിന്നുള്ള പ്രമുഖരും നാട്ടുകാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും തന്ത്രിക്ക് പിറന്നാൾ ആശംസകൾ നേരാൻ പെരുമുടിശ്ശേരി ചേന്നാസ് മനയിൽ എത്തി.
കെ.പി. നൗഷാദ് അലി എം.എൽ.എ., മുൻ എം.എൽ.എ. പി. നന്ദകുമാർ, പി.ടി. അജയ് മോഹൻ, കോഴിക്കോട് സാമൂതിരി കുടുംബാംഗങ്ങൾ, മേൽശാന്തിമാർ, വിവിധ ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവരും നേരിട്ടത്തി തന്ത്രി ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന് ആശംസകൾ നേർന്നു.
Published: 28 Sept 2026, 02:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented