എടപ്പാൾ : എടപ്പാൾ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം അന്വേഷിക്കുന്നു. എടപ്പാൾ പഞ്ചായത്തിനു കീഴിലുള്ള എം.സി.എഫ്. കെട്ടിടം നേരത്തെ അനുയോജ്യമായി കണ്ടെത്തിയിരുന്നു. എന്നാൽ
ശുചിത്വമിഷൻ ഫണ്ടുപയോഗിച്ച കെട്ടിടം വിട്ടുകിട്ടാൻ കാലതാമസമുണ്ടാകുമെന്നതിനാലാണ് തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം വീണ്ടും സ്ഥലപരിശോധനയ്ക്കെത്തിയത്. തട്ടാൻപടിയിലെ വ്യക്തിയുടെ ഇരുനിലക്കെട്ടിടമാണ് ശനിയാഴ്ച പരിശോധിച്ചത്.
കെട്ടിടം അനുയോജ്യമാണെങ്കിലും സർക്കാർ നിബന്ധനകൾ പാലിച്ചു മാത്രമേ അന്തിമ തീരുമാനമാകുകയുള്ളൂ.
കെട്ടിടത്തിന്റെ ചിത്രങ്ങളും വീഡിയോയുമടക്കം വകുപ്പിന് കൈമാറി അംഗീകാരം കിട്ടിയാൽ നവംബർ ഒന്നിനെങ്കിലും സ്റ്റേഷൻ ആരംഭിക്കാനാണ് നീക്കം. നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യവും മാതൃഭൂമിയുടെ നിരന്തര ഇടപെടലും വി.എസ്. ജോയ് എം.എൽ.എ., ഡി.സി.സി. ജനറൽ സെക്രട്ടറി ഇ.പി. രാജീവ് എന്നിവരടക്കമുള്ളവരുടെ ഇടപെടലുംകൊണ്ടാണ് കഴിഞ്ഞ ബജറ്റിൽ എടപ്പാൾ പോലീസ് സ്റ്റേഷൻ പ്രഖ്യാപിച്ചത്.
മാതൃഭൂമി പ്രസിദ്ധീകരിച്ച പരമ്പര സഹിതം വി.എസ്. ജോയ് എം.എൽ.എ. ഇത്തവണ ബജറ്റ് പദ്ധതി രൂപവത്കരണ സമയത്ത് സർക്കാരിന് നിർദേശം സമർപ്പിക്കുകയും ചെയ്തിരുന്നു. ഒരുമാസത്തിനുള്ളിൽ പോലീസ് സ്റ്റേഷൻ യാഥാർഥ്യമാക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും നോട്ടിഫിക്കേഷനിലെ അപാകം തിരുത്താനും കെട്ടിടത്തിന്റെ അനുമതി സംബന്ധിച്ച അവ്യക്തതയുമാണ് ചെറിയ കാലതാമസത്തിന് കാരണമായത്. ഈ താമസമൊഴിവാക്കാനാണ് ഉദ്യോഗസ്ഥർ പുതിയ കെട്ടിടം കണ്ടെത്താൻ ശ്രമമാരംഭിച്ചിട്ടുള്ളത്.
നേരത്തെ തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം എടപ്പാളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി. സിന്ധു, അംഗങ്ങളായ മുഹമ്മദ് ലൈസ്, കെ.പി. അച്യുതൻ, യു.ഡി.എഫ്. നേതാക്കളായ ഇ.പി. രാജീവ്, സി. രവീന്ദ്രൻ, ഇ.പി. വേലായുധൻ, എസ്. സുധീർ, വി.കെ.എ. മജീദ്, ടി. ഹാരിസ്, സുഭാഷ് കുട്ടത്ത് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
സ്റ്റേഷൻപരിധി നിർണയം ആശ്വാസമാകും
ചങ്ങരംകുളം, പൊന്നാനി പോലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ പൂർണമായി പുതിയ സ്റ്റേഷന് കീഴിലുണ്ടാകും. പൊന്നാനി, കുറ്റിപ്പുറം പോലീസ് സ്റ്റേഷനുകൾക്ക് കീഴിലുള്ള കാലടി പഞ്ചായത്തിന്റെ ഭാഗങ്ങളുമുണ്ടാകും.
കാലങ്ങളായി വട്ടംകുളം പഞ്ചായത്തിലെ ചേകന്നൂർ, മൂതൂർ തുടങ്ങി 20-ഓളം കിലോമീറ്ററുകൾ ദൂരെയുള്ള പ്രദേശങ്ങൾ പൊന്നാനി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. ചേകന്നൂർ മൗലവി കേസ്, സുജാത വധക്കേസ് എന്നിവയെല്ലാം ഇത്രയും ദൂരെ നിന്നെത്തിയാണ് പോലീസ് അന്വേഷിച്ചത്. യഥാർഥത്തിൽ ചങ്ങരംകുളം പോലീസ് സ്റ്റേഷനിൽനിന്ന് ഇതിൽ കുറഞ്ഞ ദൂരത്തിലാണ് ഈ പ്രദേശങ്ങൾ സ്ഥിതിചെയ്തിരുന്നത്. അശാസ്ത്രീയമായ ഈ പരിധി നിർണയവും എടപ്പാൾ പോലെ പ്രധാനമായ ഒരു പട്ടണത്തിൽ പോലീസ് സ്റ്റേഷനില്ലാത്തതുമൂലം അനുഭവപ്പെട്ട പ്രയാസങ്ങളുമെല്ലാം പുതിയ സ്റ്റേഷൻ വരുന്നതോടെ ഇല്ലാതാവും.
പോലീസിനും ക്രമസമാധാനപാലനത്തിന് വലിയ ആശ്വാസമാകും ഇതോടെയുണ്ടാകുക.
Published: 27 Sept 2026, 03:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented