കരിന്തളം : കോയിത്തട്ട കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിർമിക്കാൻ ഒരു മാസം മുൻപ് ലക്ഷങ്ങൾ ചെലവിട്ട് കൊരുപ്പുകട്ട പാകിയ പാർക്കിങ് സ്ഥലം പൊളിച്ചു മാറ്റിയതായി പരാതി. 2000 സ്ക്വയർമീറ്റർ സ്ഥലത്തെ കൊരുപ്പുകട്ടകളാണ് ഇതിനായി അടർത്തിമാറ്റുകയും നിരത്തിയ ജില്ലി കോരിനീക്കുകയും ചെയ്ത് പാർക്കിങ് കേന്ദ്രം പൊളിച്ചത്.

To advertise here,

ഇതേ പാർക്കിങ് സ്ഥലത്തിന് പിറകിലായി ആവശ്യത്തിലധികം സ്ഥലം ഉണ്ടായിട്ടും നിർമാണ ചെലവ് കൂടും എന്ന് പറഞ്ഞ് പാർക്കിങ് കേന്ദ്രം പൊളിച്ചതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.

കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം പരമാവധി പിന്നിലേക്ക് മാറ്റി നിർമിക്കണമെന്നും പാർക്കിങ് സൗകര്യം ഉടൻ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് തോമസ് കിനാനൂർ കരിന്തളം പഞ്ചായത്ത് സെക്രട്ടറി പ്രമീള ബോബിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

ഭാവിയിൽ ആശുപത്രി വികസനത്തിന് ഉപയോഗിക്കാവുന്ന സ്ഥലത്ത് ഒരു നിയന്ത്രണവുമില്ലാതെ കെട്ടിടം പണിയുന്നത് നിലവിലെ ആശുപത്രി കെട്ടിടത്തിനും പഞ്ചായത്ത് ഓഫിസിനും പിറകിലുള്ള വിശാലമായ സ്ഥലം മറ്റൊരാവശ്യത്തിനും ഉതകാതെ പാഴായി പോകുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.

പഞ്ചായത്ത് സ്ഥലം അടുക്കുംചിട്ടയോടും കൂടി ഉപയോഗിച്ചാൽ വരുംകാലങ്ങളിൽ ആശുപത്രി കെട്ടിടം വിപുലീകരിക്കാൻ സാധിക്കുമെന്നും ചൂണ്ടിക്കാട്ടി. പരിഹാരമില്ലെങ്കിൽ കളക്ടറെ സമീപിക്കാനും പ്രക്ഷോഭപരിപാടികൾക്ക് നേതൃത്വം നൽകാനും മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

 

പഞ്ചായത്തംഗം നൗഷാദ് കാളിയാനം, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് സി. വി. ബാലകൃഷ്ണൻ, ഷൈലജ കൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറി ബാലഗോപാലൻ കാളിയാനം, ബൂത്ത് പ്രസിഡന്റ് ഷെരീഫ് കാരാട്ട് എന്നിവരും നിവേദകസംഘത്തിലുണ്ടായി. പഞ്ചായത്ത് സെക്രട്ടറിയുമായുള്ള ചർച്ചയിലും സംബന്ധിച്ചു. ഉടൻ പരിഹാരമുണ്ടാക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകുകയും ചെയ്തു.