തിരൂർ : മാതൃകാപ്രവർത്തനങ്ങൾ നടത്തിയ ബസ്, ഓട്ടോ തൊഴിലാളികളെ തിരൂർ പോലീസ് ആദരിച്ചു. കേസന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും സഹായിച്ചതിനായിരുന്നു ആദരം.

To advertise here,

മാതൃകാപരമായ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന പോലീസുദ്യോഗസ്ഥരേയും പൊതുജനങ്ങളേയും എല്ലാ മാസത്തെയും നാലാമത്തെ ശനിയാഴ്ചകളിൽ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബസ്, ഓട്ടോ തൊഴിലാളികളെയും ആദരിച്ചത്.

എ.ഡി.ജി.പി.യുടെ നിർദേശപ്രകാരമാണിത്.

 

തിരൂർ പടിഞ്ഞാറെക്കരയിൽ ഭാര്യയെ കൊന്ന് രക്ഷപ്പെടുകയായിരുന്ന പ്രതിയെ ബസിൽവെച്ച് തിരിച്ചറിഞ്ഞ് പോലീസിനെ വിവരം അറിയിച്ച തിരൂർ-പുറത്തൂർ റൂട്ടിലോടുന്ന ബിസ്‌മില്ല ബസിലെ ഡ്രൈവറായ കാമിൽ, കണ്ടക്ടറായ ഷഫീഖ്, മറ്റു ജീവനക്കാരായ സൽമാൻ, ഷിബിലി എന്നിവർ അനുമോദനം ഏറ്റുവാങ്ങി. കൂടാതെ തിരൂർ ടൗണിൽനിന്നും നാലുകിലോ കഞ്ചാവ് പിടികൂടുന്നതിന് വിവരം നൽകിയ ബസ്‌സ്റ്റാൻഡിന് സമീപത്തെ ഓട്ടോഡ്രൈവറായ വി.പി. മുഹമ്മദ് ജുറൈജ് എന്നിവരെയാണ് തിരൂർ ഡിവൈ.എസ്.പി. ഓഫീസിൽവെച്ച് ഡിവൈ.എസ്.പി. എ.എം. സിദ്ദീഖ് പൊന്നാട ചാർത്തിയും ഉപഹാരങ്ങൾ നൽകിയും ആദരിച്ചത്.

ചടങ്ങിൽ തിരൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ജലീൽ കറുത്തേടത്ത് അധ്യക്ഷതവഹിച്ചു.

ജനമൈത്രി പോലീസ് കോഡിനേറ്ററായ സബ് ഇൻസ്‌പെക്ടർ നസീർ തിരൂർക്കാട്, സബ് ഇൻസ്‌പെക്ടർമാരായ ശ്രീഹരി, മണികണ്ഠൻ, എസ്.സി.പി.ഒ.മാരായ ബിജോ വർഗീസ്, ഇന്ദ്രജിത്ത്, രാഗേഷ് എന്നിവർ സംസാരിച്ചു.