എടവണ്ണ : ഒതായി-അരീക്കോട് പാതയിൽ നിയമങ്ങൾ പാലിക്കാതെ ടിപ്പർലോറികൾ മരണപ്പാച്ചിൽ നടത്തുന്നതായി പരാതികൾ. അരീക്കോട് ഭാഗത്തുനിന്ന് നിലമ്പൂർ ഭാഗത്തേക്ക് പോകുന്ന ടിപ്പർ ലോറികൾക്കെതിരേയാണ് പരാതികൾ. കരിങ്കല്ലുകൾ ഉൾപ്പെടെയുള്ളവ സുരക്ഷിതമല്ലാത്ത വിധമാണ് മിക്ക വണ്ടികളിലും കൊണ്ടുപോകുന്നത്.
റോഡിലേക്ക് തെറിച്ചുവീഴാവുന്ന രീതിയിൽ കരിങ്കല്ലുമായി തിരക്കേറിയ പാതയിലൂടെ ചീറിപ്പായുന്നു. കുണ്ടുതോടിലെ ക്രഷർ യൂണിറ്റിലേക്കുള്ള വാഹനങ്ങളാണ് അപകടം വിളിച്ചോതുന്നതെന്നും അധികൃതർ ഇവിടെ യാതൊരു പരിശോധനയും നടത്തുന്നില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ പാതയോരത്ത് ക്രഷർ യൂണിറ്റിന് സമീപം പൊടിശല്യവും രൂക്ഷമാണ്. ക്രഷറിലേക്കുള്ള വഴിയിൽനിന്നും സമീപസ്ഥലത്തുനിന്നും മണ്ണ് വൻതോതിൽ പ്രധാന പാതയിലേക്കിറങ്ങുന്നതാണ് പൊടിശല്യം രൂക്ഷമാകാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സമീപസ്ഥലത്ത് ഈയിടെ കുന്നിടിച്ചു വൻതോതിൽ മണ്ണുനീക്കിയിരുന്നു. ക്രഷറിലേക്കുള്ള വഴിയിൽ ഉടനീളം പാറപ്പൊടിയാണ്. പൊടിശല്യം രൂക്ഷമായതോടെ ഇരുചക്രവാഹന യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അഴുക്കുചാലിലും മണ്ണുനിറഞ്ഞത് പ്രതിസന്ധി കൂട്ടുന്നു. മഴപെയ്താൽ ഇവിടെ വൻതോതിൽ വെള്ളക്കെട്ടും രൂപപ്പെടാറുണ്ട്. പോലീസും മോട്ടോർ വാഹന വകുപ്പും ലീഗൽ മെട്രോളജി വിഭാഗവും ആരോഗ്യവകുപ്പും ചേർന്ന് നിരന്തരപരിശോധനകൾ നടത്തി നിയമലംഘനങ്ങൾ തടയണമെന്നാണ് ആവശ്യം. പഞ്ചായത്തധികൃതരും ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Published: 28 Sept 2026, 02:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented