വളാഞ്ചേരി : മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന യാത്രാമാർഗമായ തിരുവേഗപ്പുറ പാലത്തിൽ വീണ്ടും അപകടം പതിയിരിക്കുന്നതായി യാത്രക്കാർ.

To advertise here,

മലപ്പുറം ജില്ലാ അതിർത്തിയായ കൊടുമുടിയിൽനിന്ന് പാലം തുടങ്ങുന്നതിനടുത്താണ് റോഡിൽ കോൺക്രീറ്റും ടാറിങ്ങും ഇളകിയ നിലയിലുള്ളത്.

പാലത്തിന്റെ സുരക്ഷാഭിത്തിയോട്‌ ചേർന്ന ചെറിയ നടപ്പാത വരെ ഈ തകരാറുകൾ നീണ്ടുകിടക്കുന്നുണ്ട്.

ഇരുചക്രവാഹനമുൾപ്പെടെയുള്ളവ ഇവിടെയെത്തുമ്പോൾ റോഡിൽ ശബ്ദവും കല്ലും മെറ്റലുമുൾപ്പെടെ ഇളകുന്ന അവസ്ഥയുമാണിവിടെ.

പാലത്തിലെ തകരാർ അധികൃതരെത്തി അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ മാസങ്ങളോളം വീണ്ടും പാലം അടച്ചിടേണ്ട അവസ്ഥയുണ്ടാകാനിടയുണ്ടെന്ന് ഇതുവഴി സ്ഥിരമായി യാത്രചെയ്യുന്നവർ പറയുന്നു.

2026 ജനുവരി ഒന്നിനാണ് പാലത്തിലുണ്ടായ വിള്ളൽ പരിഹരിക്കുന്നതിന് അവസാനമായി പാലം അടച്ചത്. ഒരു മാസത്തേക്കായിരുന്നു യാത്രാനിരോധനം. ഇതേത്തുടർന്ന് പാലക്കാട് ജില്ലയിലേക്ക് വളാഞ്ചേരി ഭാഗത്തുനിന്നുള്ളവർ പോയിരുന്നത് പൂക്കാട്ടിരി കൊളത്തൂർ, പുലാമന്തോൾ വഴിയായിരുന്നു.

വളാഞ്ചേരിയിലേക്കുള്ളവർ തിരിച്ചും ഇതുവഴിയാണ് വന്നത്. ഇത് യാത്രക്കാരെ വലിയരീതിയിൽ പ്രയാസത്തിലാക്കിയിരുന്നു.

ദേശീയപാത 66 പ്രവർത്തനക്ഷമമായതോടെ കോയമ്പത്തൂർ, പാലക്കാട് ഭാഗങ്ങളിൽനിന്നുള്ള കൂറ്റൻലോറികളും ട്രെയിലറുകളുമുൾപ്പെടെയുള്ള നിരവധി വാഹനങ്ങളാണ് കോഴിക്കോട് ഭാഗത്തേക്ക് വളാഞ്ചേരിയിലൂടെ കടന്നുപോകുന്നത്. ഈ വാഹനങ്ങളെല്ലാം വരുന്നത് ‘ആരോഗ്യം ക്ഷയിച്ചുവരുന്ന’ തിരുവേഗപ്പുറ പാലത്തിലൂടെയാണ്.

ഇത് പാലത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുമോ എന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.