കൊളപ്പുറം : എ.ആർ. നഗർ ഭരണസമിതിയുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്ന് ദേശീയപാതാ അധികൃതരും നിർമാണക്കമ്പനിയും ദേശീയപാതാ നിർമാണത്തിനുശേഷം എ.ആർ. നഗർ പഞ്ചായത്തിൽ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തുടങ്ങി.

To advertise here,

ഇതിന്റെ ഭാഗമായി കൊളപ്പുറം കവലയുടെ മധ്യഭാഗത്ത് സ്ഥാപിച്ചിരുന്ന വലിയ കോൺക്രീറ്റ് കട്ടകൾ പൂർണമായും മാറ്റി. ദേശീയപാതയുടെ പണി തുടങ്ങയതുമുതൽ ഗതാഗതനിയന്ത്രണത്തിനെന്ന പേരിൽ കൊളപ്പുറം കവലയിൽ തള്ളിയതായിരുന്നു ഡിവൈഡറിനായുള്ള വലിയ കോൺക്രീറ്റ് കട്ടകൾ. ഈ ഭാഗത്ത് പുനർനിർമാണം കഴിഞ്ഞ് ദേശീയപാത പൂർണമായും തുറന്നുകൊടുത്തിരുന്നു. എന്നിട്ടും മാറ്റാതിരുന്ന കട്ടകളാണ് മാറ്റിയത്.

അങ്ങാടിക്ക് നടുവിൽ രണ്ട് വരികളിലായാണ് ഇവ സ്ഥാപിച്ചിരുന്നത്. കവലയിലെത്തുന്ന വാഹനങ്ങൾക്കും കാൽനടക്കാരായ യാത്രക്കാരും ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാവുന്ന രീതിയിലായിരുന്നു ഇവ. പ്രദേശവാസികൾ ഇതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് മാതൃഭൂമി വാർത്തനൽകിയിരുന്നു. ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ.