പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് ഉദ്യോഗസ്ഥനരെ ഏഴുമണിക്കൂർ ഉപരോധിച്ചു

To advertise here,

തുവ്വൂർ : അപകടഭീഷണിയിലുള്ള സ്കൂളിന്റെ ചുറ്റുമതിൽ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ തുവ്വൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ ഉദ്യോഗസ്ഥരെയും പഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീനയെയും ഏഴുമണിക്കൂർ ഉപരോധിച്ചു. മഴയിൽ മതിലിന്റെ ഒരുഭാഗം സംരക്ഷണഭിത്തിയുൾപ്പെടെ തകർന്നിരിക്കുകയാണ്. ശേഷിക്കുന്നഭാഗങ്ങളും അപകടഭീഷണിയിലാണെന്നും സമീപത്തെ വീടുകൾക്കും പൊതുവഴിയിലൂടെ സഞ്ചരിക്കുന്നവർക്കും ഇത് അപകടസാധ്യതയുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. രാവിലെ പത്തരയ്ക്ക് തുടങ്ങിയ ഉപരോധം എ.ഡി.എം. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയ്ക്കുശേഷം വൈകീട്ട് അഞ്ചിനാണ് അവസാനിച്ചത്.

അങ്ങാടിയിലെ കളിസ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്മെന്റും ഗ്രാമപ്പഞ്ചായത്തും തമ്മിൽ തർക്കവും നിയമപോരാട്ടവും നിലനിൽക്കുന്നുണ്ട്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാസങ്ങൾക്കുമുൻപാണ് സ്കൂൾ മാനേജ്മെന്റ് ചുറ്റുമതിൽ നിർമിച്ചത്. നിർമാണഘട്ടത്തിൽത്തന്നെ മതിലിന്റെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി നാട്ടുകാർ എതിർപ്പറിയിച്ചിരുന്നു. മതിൽ തകർന്നതിനുശേഷം ബുധനാഴ്ച പഞ്ചായത്തധികൃതർ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. തുടർനടപടികളുണ്ടാകാത്തതിനാലാണ് നാട്ടുകാർ പഞ്ചായത്ത് ഓഫീസിലെത്തി പ്രതിഷേധിച്ചത്. മതിൽ പൊളിച്ചുനീക്കണമെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും അടിയന്തരമായി അത്തരമൊരു ഉത്തരവിറക്കാൻ കഴിയില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി രാജീവ്, അസിസ്റ്റന്റ് എൻജിനിയർ ആർ. ആര്യ, വില്ലേജ് ഓഫീസർ നാസർ എന്നിവർ അറിയിച്ചു. ഇതോടെയാണ് ഉദ്യോഗസ്ഥരെയും പഞ്ചായത്ത് പ്രസിഡന്റിനെയും നാട്ടുകാർ ഉപരോധിച്ചത്. എ.ഡി.എം. പി.ഒ. സാദിഖ്, തഹസിൽദാർ എം.പി. സിന്ധു, പാണ്ടിക്കാട് സർക്കിൾ ഇൻസ്‌പെക്ടർ സി.കെ. നാസർ എന്നിവരുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയ്ക്കുശേഷം ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.

മതിൽ തകരാൻ സാധ്യതയുണ്ടെന്നും ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറുമെന്നും തുടർനടപടികൾ കളക്ടർ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് മതിൽ ഉടൻ പൊളിച്ചുനീക്കണമെന്ന് നാട്ടുകാരും പഞ്ചായത്ത് പ്രസിഡന്റ് സി.ടി. ജസീനയും ആവശ്യപ്പെട്ടു. പൊതുവഴിയിലേക്ക് മണ്ണിടിഞ്ഞ് മൂന്നു കുടുംബങ്ങളുടെ സഞ്ചാരം തടസ്സപ്പെട്ടതിനാൽ അടിയന്തരപരിഹാരം വേണമെന്ന് സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് പട്ടണം, വാർഡംഗം പുക്കുന്നൻ മാനു എന്നിവരും ആവശ്യപ്പെട്ടു. കളത്തിൽ കുഞ്ഞാപ്പു ഹാജി, പി.എ. മജീദ്, മൃദുല ഭാനു, കൊപ്പത്ത് ഷെരീഫ്, ഷാജഹാൻ, ജഷീൽ ബാബു, പി. സലാഹുദ്ദീൻ തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വംനൽകി.

അടിയന്തര ഇടപെടലുമായി റവന്യൂമന്ത്രി

തുവ്വൂർ : അപകടാവസ്ഥയിൽ നിൽക്കുന്ന സ്കൂൾ മതിൽ പൊളിച്ചുനീക്കാൻ മന്ത്രി എ.പി. അനിൽകുമാറിന്റെ അടിയന്തര ഇടപെടൽ. മതിൽ ഉയർത്തുന്ന സുരക്ഷാഭീഷണി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടൻ നടപടി സ്വീകരിക്കാൻ മന്ത്രി ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.

അപകടഭീഷണി ഉയർത്തുന്ന മതിൽ പൊളിച്ചുനീക്കാൻ മാനേജ്‌മെന്റിന് ഞായറാഴ്‌ചതന്നെ നോട്ടീസ് നൽകുമെന്ന് കളക്ടർ അറിയിച്ചതായി മന്ത്രി പറഞ്ഞു. പ്രദേശവാസികളുടെയും ഇതുവഴി സഞ്ചരിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള നടപടിയിൽ വീഴ്ച ഉണ്ടാകില്ലെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പുനൽകി.