തിരുനാവായ : കേരളകുംഭമേളയെന്ന തരത്തിൽ ശ്രദ്ധനേടിയ തിരുനാവായ മഹാമാഘമഹോത്സവം സന്ന്യാസിസമൂഹമായ ജൂനാ അഖാഡയുടെ നേതൃത്വത്തിൽ 2027-ൽ കൂടുതൽ വിപുലമായി നടത്തുമെന്ന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. തിരുനാവായ നാവാമുകുന്ദക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

കഴിഞ്ഞവർഷം 19 ദിവസങ്ങളിലായി നടന്ന മേള ഇത്തവണ ജനുവരി 15 മുതൽ മാർച്ച് ആറുവരെ 51 ദിവസങ്ങളിലായാണു നടക്കുക. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, വിവിധ പരമ്പരകളിലെ സന്ന്യാസിമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിപുലമായി നടത്താനാണ് ശ്രമം. സംഘാടകസമിതി രൂപവത്കരണം നവംബർ ഏഴിന് തിരുനാവായയിൽ നടക്കുമെന്നും ആനന്ദവനം പറഞ്ഞു.

കഴിഞ്ഞ മഹാമാഘത്തിന്റെ നടത്തിപ്പിൽ സാമ്പത്തിക ക്രമക്കേടുനടന്നെന്ന തരത്തിൽ കേരളസന്ന്യാസിമാരുടെ സംഘടനയായ മാർഗദർശകമണ്ഡലത്തിന്റെ അധ്യക്ഷൻ സ്വാമി ചിദാനന്ദപുരി ഉന്നയിച്ച ആരോപണങ്ങൾക്കും ആനന്ദവനം മറുപടിനൽകി.

‘ആരോപണം ഉന്നയിക്കുക സാമാന്യമായി സന്ന്യാസിക്കു ചേർന്ന പണിയല്ല. ആരോപണങ്ങൾക്ക് തെളിവിന്റെ അടിസ്ഥാനമുണ്ടാകണം. അക്കൗണ്ടുകളെ സംബന്ധിച്ചാണെങ്കിൽ പ്രാദേശിക സംഘാടകസമിതിയുടെ കൈയിൽ രേഖകളുണ്ടാവും. സർക്കാർ ഏതന്വേഷണവും നടത്തട്ടെ. അഖാഡയ്ക്ക് കൃത്യമായ ഓഡിറ്റിങ് ഉണ്ട്. ബാധ്യതകൾ തീർക്കാൻ സ്പോൺസർഷിപ്പിലൂടെയും മറ്റും ശ്രമിക്കുന്നു -ആനന്ദവനം പറഞ്ഞു.

‘മാർഗദർശകമണ്ഡലം വിശ്വഹിന്ദുപരിഷത്തിന്റെ ഉപദേശകസമിതി’

മാർഗദർശകമണ്ഡലം 28 ദിവസങ്ങളിലായി തിരുനാവായയിൽ മഹാമാഘം നടത്താൻ തീരുമാനിച്ചതിനെപ്പറ്റിയുള്ള ചോദ്യത്തിന് ‘മാർഗദർശകമണ്ഡലം എല്ലാ പരമ്പരകളെയും ഉൾക്കൊള്ളുന്നില്ല. അത് വിശ്വഹിന്ദുപരിഷത്തിന്റെ ഉപദേശകസമിതിയാണ്’, എന്നായിരുന്നു മറുപടി.

അഖാഡകൾ കുംഭമേള നടത്തിപരിചയമുള്ളവരാണ്. ഇത്രയുംകാലം ഇതിവിടെ ഉണ്ടായിരുന്നല്ലോ. വിജയിച്ചപ്പോൾ മാത്രമാണ് മാർഗദർശകമണ്ഡലം ഇതേറ്റെടുക്കാൻ വന്നത് -അദ്ദേഹം പറഞ്ഞു.

‘സർക്കാർ പിന്തുണ പ്രതീക്ഷിക്കുന്നു’

പ്രയാഗ് രാജ്, നാസിക് കുംഭമേളകളെപ്പോലെ തിരുനാവായയിലും സർക്കാർ മേൽനോട്ടത്തിലാകണം മേളയുടെ നടത്തിപ്പ്. അതിനുള്ള സ്ഥിരംസംവിധാനം വേണം. ഇത്തവണ സർക്കാർ പിന്തുണ ഉണ്ടാവുമെന്നാണു പ്രതീക്ഷ. നിളയിലെ രണ്ടുകരയിലുള്ള എം.എൽ.എ.മാരും സഹകരിക്കുന്നുണ്ട് -ആനന്ദവനം പറഞ്ഞു.

സ്വാമി ആനന്ദവനം ഭാരതിക്ക് തിരുനാവായയിൽ സ്വീകരണം

തിരുനാവായ : 2027 മഹാമാഘത്തിനുമുന്നോടിയായി തിരുനാവായയിലെത്തിയ ജൂനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിക്ക് നാവാമുകുന്ദക്ഷേത്രപരിസരത്ത് സ്വീകരണം നൽകി.

ഗാന്ധിസ്തൂപത്തിനുസമീപത്തുനടന്ന ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ. പൂമാലയിട്ട് സ്വാമിയെ എതിരേറ്റു. പൂർണകുംഭത്തോടെയും വാദ്യഘോഷങ്ങളോടെയും ആനന്ദവനത്തെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. തുടർന്ന് ക്ഷേത്രദർശനം നടത്തി.

മൗനയോഗി സ്വാമി ഹരിനാരായണൻ, മലയരാജാവ് കെ.പി. ഗോപാലകൃഷ്ണൻ, കൊല്ലം ശക്തികുളങ്ങര സ്വരൂപാനന്ദ ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദഗിരി, താന്ത്രികാചാര്യൻ മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരിപ്പാട്, സാമൂതിരി കോവിലകം പ്രതിനിധി കോട്ടയ്ക്കൽ കിഴക്കേ കോവിലകത്തുനിന്നുള്ള കെ.സി. ദിലീപ് രാജ, വിനയകുമാർ അങ്ങാടിപ്പുറം, മഹാമാഘസംഘാടകസമിതി ചീഫ് കോഡിനേറ്റർ കെ. കേശവദാസ്, ഇസ്‌കോൺ തിരുനാവായ ഘടകത്തിലെ രഘുരാമനാരായണദാസ്, അയുത ചണ്ഡികാമഹായാഗസമിതി പ്രതിനിധികൾ തുടങ്ങിയവർ ചേർന്നാണ് ആനന്ദവനത്തെ സ്വീകരിച്ചത്.