പാലക്കാട് : മലമ്പുഴ നൂറടി റോഡരികിൽ അനധികൃതമായി സ്ഥാപിച്ച കടകളും നിർമിതികളും നഗരസഭ പൊളിച്ചുനീക്കി. പെട്ടിക്കടകൾ, ബങ്കുകൾ, വണ്ടിയിലെ കച്ചവടങ്ങൾ, ഉപയോഗിക്കാതെ കിടന്നിരുന്ന കച്ചവട സാധനസമഗ്രികൾ ഉൾെപ്പടെ 18 എണ്ണമാണ് നഗരസഭയുടെ പ്രത്യേക സ്ക്വാഡെത്തി ക്രെയിനുപയോഗിച്ച് എടുത്തുമാറ്റിയത്.
വിവരമറിഞ്ഞെത്തിയ ആറ് കച്ചവടക്കാർ അവരുടെ വണ്ടികൾ സ്ഥലത്തുനിന്ന് എടുത്തുമാറ്റി. റോഡ് കൈയേറി പ്രവർത്തിച്ചിരുന്ന കടകൾക്കും സ്ഥാപനങ്ങൾക്കുമെതിരേ നഗരസഭ പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവഗണിച്ച സാഹചര്യത്തിലാണ് കർശന നടപടിയെന്ന് ചെയർമാൻ പി. സ്മിതേഷ് അറിയിച്ചു.
നഗരത്തിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് നിരവധി തവണ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. നൂറടി റോഡിന്റെ ഇരുവശത്തുമുള്ള താമസക്കാരും പൊതുജനങ്ങളും നിരന്തരമായി ഈ ആവശ്യമുന്നയിച്ച് നഗരസഭയ്ക്ക് പരാതിയും നൽകിയിരുന്നു.
കടകളിലെ തിരക്കും ബഹളവും അനധികൃത പാർക്കിങ്ങും മൂലം റോഡിൽ അപകടങ്ങളും ഗതാഗതം തടസ്സപ്പെടുന്ന സ്ഥിതയും ഉണ്ടാകാറുണ്ട്. ഭക്ഷണസാധനങ്ങൾ റോഡിൽതന്നെ വലിച്ചെറിയുന്നത് തെരുവുനായശല്യത്തിനും ഇടയാക്കിയിരുന്നു.
വാഹനങ്ങൾ അശാസ്ത്രീയമായി പാർക്ക് ചെയ്യുന്നത് മൂലം സ്വന്തം വാഹനം പുറത്തിറക്കാൻ കഴിയാത്ത സ്ഥിതിയുണ്ടെന്ന് റോഡരികിലെ വീടുകളിലുള്ളവരും പരാതി ഉന്നയിച്ചിരുന്നു.
അടുത്തിടെ ഒരു കുടുംബത്തിലെ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വാഹനം പുറത്തേക്കിറങ്ങാൻ കഴിയാതെ, ഏറെ ദൂരം ചെന്ന് ഓട്ടോറിക്ഷ സംഘടിപ്പിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പ്രദേശവാസികൾ പറയുന്നു.
വരും ദിവസങ്ങളിലും നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
നഗരസഭാ ഉദ്യോഗസ്ഥരായ എ. മോഹൻദാസ്, കെ.കെ. സുരേഷ് കുമാർ, എം.പി. രാജേഷ്, ഇ.വി. അനിൽകുമാർ, എസ്. സജേഷ് മോൻ, പി.ആർ. ദീപുമോൻ, പി. മോഹനൻ, കെ. ഹബീബ് എന്നിവരുടെ നേതൃത്വത്തിൽ ഡ്രൈവർമാർ ഉൾെപ്പടെ 18 ശുചീകരണ ജീവനക്കാരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.
Published: 25 Oct 2026, 03:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented