എടപ്പാൾ : രണ്ടു വർഷത്തോളമായി ഗതാഗതക്കുരുക്കുമൂലം പ്രയാസപ്പെടുന്ന നടുവട്ടത്തെ ഗതാഗതക്കുരുക്കഴിക്കാൻ പദ്ധതി പ്രാവർത്തികമാകുന്നു.
കുരുക്കഴിക്കാനും ടൗണിന്റെ സമഗ്ര വികസനത്തിന് വഴിതെളിക്കാനുമുള്ള പദ്ധതിയുടെ മുന്നോടിയായി സർവേ നടപടിയാരംഭിച്ചു. മാസാവസാനത്തോടെ സർവേ നടപടികൾ പൂർത്തീകരിച്ച് ഡിസൈനിങ് വിഭാഗത്തിന് നൽകും.
പൊതുമരാമത്ത് നിരത്ത് വിഭാഗം ടൗൺ നവീകരണത്തിന് പുതിയ പദ്ധതി തയ്യാറാക്കിയതിന്റെ നടത്തിപ്പിനായി പൊന്നാനി സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ ആവശ്യപ്പെട്ട പ്രകാരമാണ് താലൂക്ക് സർവേയർ വി. പ്രവീണിന്റെ നേതൃത്വത്തിൽ സർവേക്ക് തുടക്കം കുറിച്ചത്.
പെട്രോൾ പമ്പ് മുതൽ താഹ മസ്ജിദ് വരെയുള്ള ഭാഗങ്ങളിലെയും നെല്ലിശ്ശേരി, പൂക്കറത്തറ ഭാഗങ്ങളിലേക്ക് പോകുന്ന റോഡുകളിലെയും അതിർത്തിയാണ് നിർണയിക്കുന്നത്.
ശനിയാഴ്ച മുതൽ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് സർവേ പൂർത്തീകരിക്കും.
പലപ്പോഴും വലിയ തിരക്കനുഭവപ്പെടുന്ന ഇവിടെ രണ്ടുവരിപ്പാത നിർമിച്ച് ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനാവുമെന്നാണ് പ്രതീക്ഷ.
പൊതുമരാമത്ത് വകുപ്പിന്റെ ഡിസൈൻ വിഭാഗത്തിന് റോഡിന്റെ കൃത്യമായ വീതിയും അതിർത്തിയും അറിയുന്നതിനും റോഡിലേക്കുള്ള കൈയേറ്റം നിർണയിച്ച് സ്ഥലം ഏറ്റെടുക്കുന്നതിനും വേണ്ടിയാണ് സർവേ.
ശേഷിക്കുന്ന സ്ഥലം പൂർണമായി ഉപയോഗപ്രദമാക്കിയാണ് സമഗ്ര വികസന പദ്ധതി നടപ്പാക്കുക.
തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ എടപ്പാൾ ടൗൺ കഴിഞ്ഞ് ഒരു കിലോമീറ്റർ അകലെയുള്ള ടൗണാണ് നടുവട്ടം.
കഴിഞ്ഞ കുറച്ചുകാലമായി ഇവിടെ നിരന്തരമുണ്ടാകുന്ന ഗതാഗതക്കുരുക്ക് സംബന്ധിച്ച് മാതൃഭൂമി നൽകിയ വാർത്തയാണ് പ്രശ്നത്തിന്റെ ഗൗരവം അധികൃതരുടെ ശ്രദ്ധയിലെത്തിച്ചത്.തുടർന്ന് വിഷയമേറ്റെടുത്ത പഞ്ചായത്തും അന്നത്തെ എം.എൽ.എ. കെ.ടി. ജലീലുമെല്ലാം ചേർന്ന് നാലു കോടിയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചില്ല.
വട്ടംകുളം പഞ്ചായത്ത് സൗന്ദര്യവത്കരണപ്രവൃത്തിക്ക് തുടക്കം കുറിക്കുകയും ഈ വർഷവും ഫണ്ട് വകയിരുത്തുകയും ചെയ്തു.
പിന്നീട് ജില്ലാ വികസനസമിതി അംഗം ഇബ്രാഹിം മൂതൂർ വിഷയം ഡി.ഡി.സി.യിൽ ഉന്നയിക്കുകയും ചെയ്തിരുന്നുപൊന്നാനി പൊതുമരാമത്ത് എൻജിനീയർ ഷാജി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കഴുങ്ങിൽ മജീദ്, അംഗം ഇ.പി. കുട്ടൻ, ജില്ലാ വികസനസമിതിയംഗം ഇബ്രാഹിം മൂതൂർ, സി.പി. മുഹമ്മദലി, ടി.സി. ഇബ്രാഹിം, നാസർ കോലക്കാട്, പി.വി. സുലൈമാൻ, യു.വി. കുഞ്ഞുമരക്കാർ, മുസ്തഫ കോലക്കാട് എന്നിവർ സർവേസംഘത്തിനാവശ്യമായ സൗകര്യങ്ങൾ നൽകി.
Published: 24 Oct 2026, 01:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented