നിലമ്പൂർ : മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന മലപ്പുറത്തിനോടുള്ള അവഗണനയ്ക്ക് അവസാനംകുറിക്കുന്ന വികസനം നടപ്പാക്കുമെന്ന് പൊതുമരാമത്തുമന്ത്രി പി.കെ. ബഷീർ. കഴിഞ്ഞ 10 വർഷം ഇടതു സർക്കാർ മലപ്പുറത്തെ എല്ലാ മേഖലയിലും അവഗണിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

To advertise here,

2019 ലെ പ്രളത്തിൽ തകർന്ന പാലത്തിനുപകരം പോത്തുകൽ പഞ്ചായത്തിലെ മുണ്ടേരി ഉൾവനത്തിലെ ആദിവാസി ഉന്നതികളെ പുറംലോകവുമായി ബന്ധിപ്പിക്കാൻ ചാലിയാർ പുഴയ്ക്ക് കുറുകേ ഇരുട്ടുകുത്തി കടവിൽ നിർമിച്ച പാലം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ 10 വർഷം കണ്ണൂർ ജില്ലയിൽ 4800 കോടി രൂപയുടെ വികസനമാണ് കിഫ്ബി വഴി നടപ്പാക്കിയത്. 16 എം.എൽ.എ.മാരുള്ള മലപ്പുറത്ത് 1089 കോടി മാത്രമാണ് ചെലവഴിച്ചത്. ഈ അവഗണനയെ മറികടക്കുന്ന വികസനം മലപ്പുറത്ത് യു.ഡി.എഫ്. സർക്കാർ കൊണ്ടുവരും.

പ്രളയത്തിൽ തകർന്ന വഴിക്കടവ് പഞ്ചായത്തിലെ പുന്നപ്പുഴയ്ക്ക് കുറുകേയുള്ള പുഞ്ചകൊല്ലി പാലത്തിന്റെ പണിയും വേഗത്തിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.

300 മീറ്റർ അനുബന്ധ റോഡ് അടക്കം 5.76 കോടി രൂപ ചെലവിട്ടാണ് ഇരുട്ടുകുത്തിയിലെ പാലം പണി പൂർത്തീകരിച്ചത്. ഉദ്ഘാടനംചെയ്ത ഇരുട്ടുകുത്തികടവ് പാലത്തിന് 100 മീറ്റർ നീളവും 4.65 മീറ്റർ വീതിയും അഞ്ചു സ്പാനുകളുമാണുള്ളത്.

ചടങ്ങിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. അധ്യക്ഷതവഹിച്ചു. പോത്തുകൽ പഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, പോത്തുകൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷറഫുന്നീസ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.ആർ. മാധവൻ, മഹമൂദ് തൃക്കുളം, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ.പി. സാദിഖലി, സിന്ധു അശോകൻ, കെ.എം. അബ്ദു കുന്നുമ്മൽ, പഞ്ചായത്തംഗങ്ങളായ അനിൽകുമാർ, സമീർബാബു, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികളായ പി. സഹീർ, എം.വി. വിബീഷ്, എൻ.ടി. ജയപ്രകാശ്, പൊതുമരാമത്ത് പാലങ്ങൾ ചീഫ് എൻജിനിയർ എം. അശോക് കുമാർ, സൂപ്രണ്ടിങ് എൻജിനിയർ ഇ.ജി. വിശ്വപ്രകാശ് എന്നിവർ പ്രസംഗിച്ചു.