പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ

To advertise here,

തിരൂർ : സെൻട്രൽ ജങ്ഷനിൽ തെരുവോരത്തെ പെട്ടിക്കടകൾ പൊളിച്ചുമാറ്റാൻ നഗരസഭാ ഉദ്യോഗസ്ഥരെത്തി. രണ്ടു പെട്ടിക്കടകൾ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ഭാഗികമായി പൊളിച്ചുതുടങ്ങിയപ്പോൾ പ്രതിഷേധവുമായി

സി.പി.എം. പ്രവർത്തകരെത്തി. നഗരസഭാ ഉദ്യോഗസ്ഥരെ ഇവർ തടഞ്ഞു. വെള്ളിയാഴ്‌ച രാവിലെയാണ് നഗരസഭ, റവന്യൂ, ആരോഗ്യവകുപ്പ്‌ ഉദ്യോസ്ഥർ നാലു പെട്ടിക്കടകൾ പൊളിച്ചുമാറ്റിത്തുടങ്ങിയത്. തുടർന്നാണ് നഗരസഭയിലെ പ്രതിപക്ഷനേതാവും സി.പി.എം. ജില്ലാകമ്മിറ്റി അംഗവുമായ ഗഫൂർ പി. ലില്ലീസ്, ജില്ലാകമ്മിറ്റി അംഗം അഡ്വ. പി. ഹംസക്കുട്ടി എന്നിവരുടെ നേതൃത്വത്തിലെത്തിയ സി.പി.എം പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞത്.

പ്രതിഷേധക്കാർ പെട്ടിക്കടകൾക്കു മുൻപിൽ കുത്തിയിരിക്കുകയുംചെയ്തു. പോലീസ്‌ ഉദ്യോഗസ്ഥർ ആദ്യം സ്ഥലത്തുണ്ടായിരുന്നെങ്കിലും പൊളിക്കാൻ തുടങ്ങിയതോടെ തിരിച്ചുപോയി. തൊട്ടടുത്ത നിമിഷം സി.പി.എം. നേതാക്കളെത്തി പൊളിക്കൽ തടയുകയായിരുന്നു. വർഷങ്ങളായി നശിപ്പിക്കാതെ കടയിൽ സൂക്ഷിച്ചുവെച്ച കടലാസ് മാലിന്യങ്ങൾ നഗരസഭാ ഉദ്യോഗസ്ഥർ പുറത്തേക്ക് വലിച്ചിട്ടു. നഗരസഭാ ഉദ്യോഗസ്ഥരും സി.പി.എം. പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ പോലീസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസെത്തി പ്രതിഷേധക്കാരുമായും നഗരസഭാ ഉദ്യോഗസ്ഥരുമായും സംസാരിച്ച് നടപടി താത്കാലികമായി നിർത്തിവെക്കാൻ നിർദേശിച്ചു. ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും ഒഴിപ്പിക്കൽ ഉത്തരവുമായി വന്നാൽ കടകൾ പൊളിക്കാൻ സംരക്ഷണം തരാമെന്ന് പോലീസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത് നഗരസഭാ ഉദ്യോഗസ്ഥർക്ക് ഉറപ്പുനൽകിയതോടെ പൊളിക്കൽ താത്കാലികമായി നിർത്തിവെച്ചു. കടയിൽനിന്നു പിടിച്ചെടുത്ത പഴവർഗങ്ങൾ നഗരസഭാ ഉദ്യോഗസ്ഥർ നഗരസഭാ ഓഫീസ് കവാടത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.

പെട്ടിക്കടകൾ പൊളിച്ചുമാറ്റും -നഗരസഭാധ്യക്ഷൻ

തിരൂർ : സെൻട്രൽ ജങ്ഷനിൽ ഗതാഗതതടസ്സം മാറ്റാനും മാലിന്യപ്രശ്നങ്ങൾ പരിഹരിക്കാനുമാണ് പെട്ടിക്കടകൾ പൊളിച്ചുമാറ്റുന്നത്.

സി.പി.എം. പ്രവർത്തകർ ഗുണ്ടാരീതിയിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്. ഈ കടകൾ യാതൊരു രേഖകളുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. അനധികൃത കടകൾ പൂർണമായും പൊളിച്ചുമാറ്റും. ഒരിടത്തും ഭരണമില്ലാതായതോടെ സി.പി.എം. അനാവശ്യ സമരവുമായാണ് വന്നിരിക്കുന്നതെന്നും ഇബ്രാഹിം ഹാജി പറഞ്ഞു. വാർത്താസമ്മേളനത്തിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ യാസർ പൊട്ടച്ചോല, ടി.ഇ. ബാബു, അൻവർ പാറയിൽ എന്നിവരും പങ്കെടുത്തു.

കടകൾ പൊളിക്കാൻ അനുവദിക്കില്ല -സി.പി.എം.

തിരൂർ : സെൻട്രൽ ജങ്ഷനിലെ പെട്ടിക്കടകൾ യാതൊരു മുന്നറിയിപ്പും നൽകാതെ പൊളിച്ചുമാറ്റാനുള്ള നഗരസഭയുടെ ശ്രമം ധിക്കാരപരമാണ്. പൊളിക്കാൻ വന്നാൽ ഇനിയും തടയും. തൊഴിൽചെയ്ത് ഉപജീവനം കഴിക്കുന്നവരോടുള്ള വെല്ലുവിളിയാണിത്.

ഇതിനെതിരേ അവസാനശ്വാസംവരെ പോരാടും. ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും സി.പി.എം. നേതാക്കളായ അഡ്വ. ഗഫൂർ പി. ലില്ലീസ്, അഡ്വ. പി. ഹംസക്കുട്ടി എന്നിവർ പറഞ്ഞു.