പട്ടാമ്പി : പട്ടാമ്പിയിൽ സ്വകാര്യ കോളേജിന്റെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഒ.ജെ. ജനീഷിനെതിരേ ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റിയുടെ കരിങ്കൊടി പ്രതിഷേധം. പട്ടാമ്പിയിലെ സ്വകാര്യ കോളേജിലെ ബിരുദദാന ചടങ്ങിന് പോകുംവഴി തിങ്കളാഴ്ച വൈകീട്ട് നാലോടെ മേലേ പട്ടാമ്പിയിലായിരുന്നു പ്രതിഷേധം. മന്ത്രി വരുന്നതറിഞ്ഞ് വിവിധയിടങ്ങളിൽ തമ്പടിച്ച പ്രവർത്തകർ

To advertise here,

മന്ത്രിയുടെ കാറിനുമുൻപിലേക്ക് ഓടിയെത്തുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി മന്ത്രിയുടെ വാഹനത്തിനുമുൻപിൽ പ്രവർത്തകർ നിലയുറപ്പിച്ചു. ഇതോടെ, സുരക്ഷാവാഹനങ്ങളടക്കം നിർത്തി. ഒപ്പമുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്ന പോലീസും ഓടിയെത്തി പ്രവർത്തകരെ പിടിച്ചുമാറ്റുകയായിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരേ യൂത്ത് കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിനെതിരായാണ് പട്ടാമ്പിയിൽ കരിങ്കൊടി കാണിച്ചത്.

പ്രവർത്തകരെ പട്ടാമ്പി പോലീസ് അറസ്റ്റുചെയ്തുനീക്കി. ബി.ജെ.പി. മണ്ഡലം പ്രസിഡന്റുമാരായ വി.സി. സന്തോഷ്, പി.കെ. രാജകുമാർ, പ്രവർത്തകരായ സി. അനിൽകുമാർ, പി. ജയശങ്കർ, എ. സുരേഷ്, പി. പ്രമോദ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിഷേധവുമായെത്തിയത്.