കേരളശ്ശേരി : നിർമാണം തുടങ്ങി അഞ്ചു കൊല്ലമായിട്ടും പൂർത്തിയാവാതെ കള്ളപ്പാടി-കുണ്ടുവംപാടം-കടമ്പഴിപ്പുറം പി.എം.ജി.എസ്‌.വൈ. റോഡ്. കേരളശ്ശേരി ഭാഗത്ത് മെറ്റിലിങ് പൂർത്തിയായ 3.76 കിലോമീറ്റർ ദൂരം ടാറിങ് പൂർത്തിയാവാത്തതിനാൽ നാട്ടുകാരും വാഹനയാത്രക്കാരും വിഷമിക്കുകയാണ്.

To advertise here,

2021-ൽ തുടങ്ങിയ പ്രവൃത്തി വിവിധ സാങ്കേതിക കാരണങ്ങളാൽ അനന്തമായി നീളുകയായിരുന്നു. നിലവിൽ ടാറിന്റെ വിലയിൽ വന്ന വ്യത്യാസമാണ് അവസാന ഘട്ടം പണി പൂർത്തിയാവാൻ തടസ്സമായിരിക്കുന്നത്. 2021-ൽ 5.10 കോടി രൂപ അടങ്കലിൽ കരാർ ​െവച്ച് തുടങ്ങിയതാണ് ഏകദേശം എട്ടു കിലോമീറ്റർ വരുന്ന വടശ്ശേരി-കുണ്ടുവംപാടം-കടമ്പഴിപ്പുറം റോഡ്‌. കോങ്ങാട്-പത്തിരിപ്പാല റോഡിനെ കടമ്പഴിപ്പുറം, കോങ്ങാട് പഞ്ചായത്തുകളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. അതുവഴി ഒറ്റപ്പാലത്തേക്കുള്ള ദൂരവും കുറയും.

ഈ റോഡിന്റെ കോങ്ങാട്, കടമ്പഴിപ്പുറം പഞ്ചായത്തുകളിലെ കണ്ടുവംപാടംവരെയുള്ള പണി നേരത്തെ പൂർത്തിയായിരുന്നു. കേരളശ്ശേരി ഭാഗത്തെ 3.76 കിലോമീറ്റർ ദൂരം മാത്രമാണ് പൂർത്തിയാവാനുള്ളത്. കേരളശ്ശേരി ഭാഗത്ത് കുടിവെള്ള പൈപ്പിടൽ സംബന്ധിച്ച പ്രവൃത്തികൾ പൂർത്തീകരിക്കാൻ വൈകിയതാണ് റോഡ് പണി വൈകാൻ കാരണമായത്.

ഇതിനിടെ ആദ്യം പണി ഏറ്റെടുത്ത കരാറുകാരൻ പണി തീർക്കാതെ പോയി. തുടർന്ന് 2025 നവംബറിൽ പുതിയ കരാറുകാരൻ പ്രവൃത്തി ഏറ്റെടുത്തതിനുശേഷം ടാറിങ് മാത്രം പൂർത്തീകരിക്കാനിരിക്കുമ്പോഴാണ് ടാറിന്റെ വിലയിൽ വന്ന മാറ്റം പ്രവൃത്തി പൂർത്തീകരണത്തിന് തടസ്സമായത്.

ടാറിന്റെ അധിക വില അനുവദിച്ച് കിട്ടുന്നതിന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.വി. ഫെബിൻ റഹ്മാൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

വിഷയം ധനകാര്യ വകുപ്പിന്റെ പരിഗണയിലാണെന്നും ഒരാഴ്ചക്കുള്ളിൽ തീരുമാനമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും അസി. എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.