മൈസൂരു : ദസറയുടെ പ്രധാന ആകർഷണമായ വിജയദശമി ദിനത്തിൽ നടക്കുന്ന ജംബു സവാരിയിൽ ഇക്കുറി കേരളത്തിൽനിന്നുള്ള നിശ്ചലദൃശ്യവും. മറ്റ് അയൽ സംസ്ഥാനങ്ങളിലെ സംസ്കാരങ്ങളും പാരമ്പര്യങ്ങളുംകൂടി ഉൾപ്പെടുത്തിക്കൊണ്ട് ദസറ ഉത്സവത്തെ ഒരു അന്തർസംസ്ഥാന സാംസ്കാരികവേദിയാക്കി മാറ്റാൻ കർണാടക സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ അവസരം. കേരളം, തമിഴ്നാട്, തുളുനാട്, ടിബറ്റൻ സെറ്റിൽമെന്റുകൾ തുടങ്ങിയവ ഉൾപ്പെടുന്ന വിവിധ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഏഴ് പ്രത്യേക നിശ്ചലദൃശ്യങ്ങൾ ഘോഷയാത്രയിൽ പ്രദർശിപ്പിക്കും.

To advertise here,

 

കേരളത്തിന്റെ തനതായ സാംസ്കാരിക പൈതൃകം, കലാരൂപങ്ങൾ, പാരമ്പര്യം എന്നിവ മൈസൂരു ദസറയിലൂടെ ലക്ഷക്കണക്കിന് വരുന്ന സഞ്ചാരികൾക്കുമുന്നിൽ അവതരിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഇന്ത്യൻ ആർമി, നേവി, എയർഫോഴ്‌സ് എന്നിവയുടെ നിശ്ചലദൃശ്യവും കർണാടകയിലെ വിവിധജില്ലകളെ പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങളും സേനകളുടെ ബാന്റ്‌മേളവും ഘോഷയാത്രയുടെ ഭാഗമാകും.

കൂടാതെ കന്നഡ സിനിമാ താരങ്ങൾ, കർണാടകയിലെ പ്രശസ്ത കായികതാരങ്ങൾ എന്നിവർ തുറന്ന ബസിൽ ഘോഷയാത്രയെ അനുഗമിക്കും. കമ്പള, കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം തുടങ്ങിയ മാതൃകകൾ പ്രതിനിധീകരിക്കുന്ന നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയുടെ മാറ്റുകൂട്ടും.