മൈസൂരു : കാണികളെ ത്രസിപ്പിച്ച് മൈസൂരു ദസറയിൽ ആദ്യമായി കമ്പള. കൊട്ടാര നഗരിയിലെ സതഗള്ളിയിലുള്ള വി.ടി.യു. റീജണൽ സെന്ററിന് സമീപത്ത് ഒരുക്കിയ ട്രാക്കുകളിലാണ് ജേതാക്കളാകാൻ പോത്തുകൾ കുതിച്ചത്. 150 ജോഡി പോത്തുകളാണ് മത്സരത്തിൽ ആകെ മാറ്റുരയ്ക്കുന്നത്. ചരിത്രത്തിൽ ആദ്യമായാണ് ദസറയിൽ കമ്പളമത്സരം ഉൾപ്പെടുത്തുന്നത്. മന്ത്രി യതീന്ദ്ര സിദ്ധരാമയ്യ മത്സരം ഫ്ളാഗ് ഓഫ് ചെയ്തു.
ദസറ ആഘോഷങ്ങൾക്ക് തുല്യമായി കമ്പളയ്ക്ക് ആഗോളതലത്തിൽ അംഗീകാരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. തീരദേശമേഖലയിൽനിന്ന് 150 ജോഡി പോത്തുകൾ ദസറയിലെ ആദ്യ കമ്പള മത്സരത്തിനെത്തിയത് വലിയ കാര്യമാണ്. തീരദേശ മേഖലയിലെ പരമ്പരാഗത കായികവിനോദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ദസറയിൽ ഉൾപ്പെടുത്തുന്നതിലൂടെ ചെയ്തത് -മന്ത്രി പറഞ്ഞു. ദക്ഷിണ കന്നഡയിൽനിന്നാണ് മത്സരത്തിനായുള്ള പോത്തുകൾ എത്തിയത്.
ഓരോ ജോഡിക്കും ആറു മുതൽ പത്തുവരെ കെയർടേക്കർമാരുടെ സംഘവും രണ്ട് റൈഡർമാരുമുണ്ട്. വിജയ, ദശമി എന്ന് പേരിട്ടിരിക്കുന്ന ഇരട്ട ട്രാക്കുകളിലാണ് മത്സരം നടക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന മത്സരത്തിലാണ് ജേതാക്കളെ തിരഞ്ഞെടുക്കുക. വി.ഐ.പി.കൾ ഉൾപ്പെടെ ഏകദേശം 15,000 പേരെ ഉൾക്കൊള്ളുന്ന ഇരിപ്പിടമാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നത്. മത്സരം നടത്തുന്നതിനെതിരേ പരിസ്ഥിതിവാദികളും കർഷകരുമടക്കം തുടക്കംമുതലേ വ്യാപകമായി രംഗത്തെത്തിയിരുന്നു. എന്നാൽ, സർക്കാർ ഇതെല്ലാം അവഗണിച്ച് കമ്പള നടത്താൻ തീരുമാനിക്കുകയായിരുന്നു.
Published: 19 Oct 2026, 12:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented